ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 February 2018

ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞുകൊടുത്ത അത്ഭുതകരമായ രഹസ്യങ്ങൾ

ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞുകൊടുത്ത അത്ഭുതകരമായ രഹസ്യങ്ങൾ

ശിവന്‍ പല അവസരങ്ങളിലായി പാര്‍വ്വതീദേവിക്ക് പല പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. ശിവന്‍റെ അനുശാസനങ്ങള്‍ സാധാരണ മനുഷ്യജീവിതത്തിലും കുടുംബത്തിലും വിവാഹജീവിതത്തിലുമെല്ലാം വളരെ വിലയേറിയ ഉപദേശങ്ങളാണ്. ശിവന്‍ പാര്‍വ്വതിയോട് പങ്കുവെച്ച വിലയേറിയ രഹസ്യങ്ങള്‍ ഏതൊരു മനുഷ്യനും ആവശ്യവും, തെറ്റാതെ പിന്‍തുടരേണ്ടതുമായവയാണ്. എന്തൊക്കെയാണ് ആ 5 രഹസ്യങ്ങള്‍? നമുക്ക് നോക്കാം. ആരാണ് ശിവന്‍? ശിവനില്‍ നിന്നാണ് എല്ലാ സൃഷ്ടികളും ഉണ്ടായിരിക്കുന്നത്. എല്ലാം തിരിച്ച് പോകുന്നതും ശിവനിലേക്ക് തന്നെയാണ്. ശിവന് അസ്ഥിത്വമില്ല. ശിവന്‍ വെളിച്ചമല്ല, ഇരുട്ടാണ്‌. ഒരേസമയം രൂപിയും അരൂപിയുമാണ്. സകലചരാചരങ്ങളെയും ആവാഹിച്ച മനുഷ്യരൂപമാണ്‌ ശിവന്‍. ശക്തിയുടെ കരുത്തിന്‍റെ ഉറവിടം.. ശിവന്‍ ഒരേസമയം ശക്തിയുടെ ഒരു ഭാഗവുമാണ് ശക്തിയുമാണ്. ആരാണ് പാര്‍വ്വതി? പാര്‍വ്വതി ശക്തിയാണ്. ജീവദായിനിയാണ്. പാര്‍വ്വതീദേവിയില്ലെങ്കില്‍ ലോകം തന്നെ ഇല്ല. ശിവനിലെ ഇരുട്ടിന് വെളിച്ചവും അനന്തതയ്ക്ക് അതിരും നല്‍കുന്ന, ശിവന്‍റെ കരുത്തിന്‍റെ ഉറവിടം. ശിവന്‍ സത്വമാണെങ്കില്‍ ശക്തി രാജസ്സാണ്. ശിവന്‍റെ ആലസ്യം അകറ്റി ഉത്തേജനം നല്‍കുന്നവള്‍, ശിവന് പൂര്‍ണ്ണതയേകുന്നവള്‍, ശക്തി.. അവള്‍ ഒരേസമയം ശിവന്‍റെ ഒരു ഭാഗവുമാണ് ശിവനുമാണ്! ശിവനും പാര്‍വ്വതിയും ശിവന്‍ പരമപുരുഷനും പാര്‍വ്വതി പരമസ്ത്രീയുമാകുന്നു. ശിവനില്ലെങ്കില്‍ പാര്‍വ്വതിയും പാര്‍വ്വതി ഇല്ലെങ്കില്‍ ശിവനും ജീവനറ്റ വെറും ശവത്തിന് സമമാകുന്നു. ശിവന്‍റെ ആദ്യഭാര്യയായ സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. എന്നാല്‍ സതിക്ക് ഇല്ലാതിരുന്ന ഗുണങ്ങളും കൂടി ചേര്‍ന്ന് ജന്മം കൊണ്ടതാണ് പാര്‍വ്വതി. ശിവന്‍റെ ശക്തിയാണ് പാര്‍വ്വതി. അവര്‍ ഒന്നാണ്. ശിവനാണ് ശക്തി.. ശക്തിയാണ് ശിവന്‍. ശിവപാര്‍വ്വതി വിവാഹം ശിവപുരാണം അനുസരിച്ച് സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. മഹാരാജാവ് ഹിമവാനും റാണി മൈനയ്ക്കും ജനിച്ച പാര്‍വ്വതി കുട്ടിയായിരിക്കുമ്പോള്‍ തന്നെ ശിവന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവളായിരുന്നു. അവളുടെ ജനനസമയത്ത് മഹര്‍ഷി നാരദന്‍ പ്രവചിച്ചത്, എന്തൊക്കെ സംഭവിച്ചാലും ശരി, ഇവള്‍ ശിവനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നാണ്. അവള്‍ വളര്‍ന്നപ്പോള്‍, അവളുടെ ശിവനോടുള്ള പ്രേമം അതിരുകളില്ലാതെ വളര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട തപസ്സും പ്രയാസങ്ങളും കടന്ന് അവസാനം ശിവനും പാര്‍വ്വതിയും തങ്ങളുടെ ദൈവീക വിവാഹത്തിനായി ഒരുമിച്ചു. ഏറ്റവും വലിയ ധര്‍മ്മവും ഏറ്റവും വലിയ തെറ്റും ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും വലിയ ധര്‍മ്മവും ഏറ്റവും വലിയ തെറ്റും ഏതൊക്കെയെന്ന് പാര്‍വ്വതീദേവി ശിവനോട് ചോദിച്ചു. ശിവന്‍ ഒരു സംസ്കൃത ശ്ലോകത്തിലൂടെയാണ് അതിന് ഉത്തരം നല്‍കിയത്. ആദരണീയനും സത്യസന്ധനുമാകുക എന്നതാണ് ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ധര്‍മ്മവും ശ്രേഷ്ഠതയും. എന്നാല്‍ ഏറ്റവും വലിയ തെറ്റ് അല്ലെങ്കില്‍ പാപം എന്നത് അസത്യം പറയുകയും അതിന് കൂട്ടുനില്‍ക്കുകയും ചെയ്യുക എന്നതാണ്. സത്യസന്ധവും ശരിയുമായിട്ടുള്ള കാര്യങ്ങളില്‍ മാത്രമേ ഒരു മനുഷ്യന്‍ ഇടപെടാന്‍ പാടുകയുള്ളൂ. അല്ലാതെ, അധാര്‍മ്മിക പ്രവര്‍ത്തികളില്‍ ഒരിക്കലും ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ തന്നെ സാക്ഷിയാകുക ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട സദ്ഗുണങ്ങളില്‍ രണ്ടാമത്തേത് എന്തെന്നാല്‍, ഒരാള്‍ ശ്രദ്ധയോടെ പിന്‍തുടരേണ്ട ഒരു കാര്യമാണ് സ്വയം വിലയിരുത്തുക എന്നത്. സ്വന്തം പ്രവര്‍ത്തികളെ കുറിച്ച് പരിശോധിക്കുകയും അവയുടെ ദൃക്സാക്ഷിയുമാകുക. ഇത് ഹീനവും സദാചാരവിരുദ്ധവുമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും. ഈ മൂന്ന് കാര്യങ്ങളില്‍ ഒരിക്കലും നിങ്ങള്‍ ഉള്‍പ്പെടരുത് ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞത് പ്രകാരം, മനുഷ്യര്‍ ഒരിക്കലും വാക്കുകളിലൂടെയോ, പ്രവര്‍ത്തികളിലൂടെയോ, ചിന്തകളിലൂടെയോ മറ്റുള്ളവരെ നോവിക്കുകയോ പാപം ചെയ്യുകയോ അരുത്. താന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന സത്യം മനസ്സിലാക്കണം. അതിനാല്‍, തന്‍റെ ജീവിതത്തെയും ചെയ്യുന്ന കര്‍മ്മങ്ങളെയും കുറിച്ച് നാം എപ്പോഴും ബോധവാന്മാരായിരിക്കണം. ഒരേയൊരു വിജയമന്ത്രമേയുള്ളൂ ബന്ധങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. അതിരുകവിഞ്ഞ ബന്ധങ്ങളും സ്നേഹപ്രകടനങ്ങളും നിഷ്ക്രിയതയിലേക്ക് നയിക്കുന്നു. അത് വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു. നിങ്ങള്‍ അമിതമായ അടുപ്പങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നുമെല്ലാം വിട്ടുനില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിത വിജയത്തെ തടുത്ത് നിര്‍ത്തുവാന്‍ ഒന്നിനും സാധിക്കുകയില്ല. ശിവ വചനം അനുസരിച്ച് എല്ലാത്തില്‍ നിന്നും വേര്‍പ്പെട്ടു നില്‍ക്കുവാനായിട്ടുള്ള ഒരേയൊരു വഴി എന്നത് നിങ്ങളുടെ മനസ്സിനെ അതിനായി പ്രാപ്തമാക്കുക എന്നതാണ്. മനുഷ്യജീവിതം എന്നത് നശ്വരമാണെന്ന സത്യം മനസ്സിലാക്കുക. ഒരു അത്ഭുതകരമായ കാര്യം മൃഗതൃഷ്ണ അഥവാ വികാരപ്രലോഭനങ്ങള്‍ ആണ് എല്ലാ ബുദ്ധിമുട്ടുകള്‍ക്കും കാരണം എന്നാണ് ശിവന്‍ പാര്‍വ്വതിയോട് പറഞ്ഞിട്ടുള്ളത്. ഒന്നില്‍ നിന്ന് മറ്റൊന്നിന്‍റെ പുറകെ ആര്‍ത്തിയോടെ ഓടുന്ന മനുഷ്യന്‍ അതിന് പകരം ധ്യാനം ശീലിച്ച് ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് മോക്ഷപ്രാപ്തിക്കായി പ്രയത്നിക്കുകയാണ് വേണ്ടത്.

No comments:

Post a Comment