കയ്യൂർ തേവർമല ശങ്കരനാരായണ ക്ഷേത്രം
സ്ത്രീകൾക്ക് ഒരിക്കലും പ്രവേശനമില്ലാത്ത ഒരു കേരളത്തിലെ ക്ഷേത്രം
കോട്ടയം ജില്ലയിൽ പാലാ നഗരത്തിൽ നിന്നും 10 കിലോ മീറ്റർ കിഴക്കു മാറി സ്ഥതിചെയ്യുന്ന മലകളും പാറക്കെട്ടും നിറഞ്ഞ ഒരു പ്രദേശമാണ് കയ്യൂർ . കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്ന കുളപ്പുറത്ത് ഭീമന്റെ കഥയിലൂടെ പ്രസിദ്ധമായ സ്ഥലമാണിത് . കൂടുതൽ പേരും കേട്ടിരിക്കാൻ വഴി ഇല്ലാത്ത ഒരു ക്ഷേത്രം ആണ് ഇത് . എന്നാൽ ഈ ക്ഷേത്രത്തിന്റെ അവകാശികളായ കുളപ്പുറത്ത് കുടുംബവും അവരുടെ ഉടസ്ഥതയിൽ ഉണ്ടായിരുന്ന ഒരാനയും പ്രസിദ്ധമാണ്. വിശ്വാസികൾക്ക് ആശ്രയ കേന്ദ്രമായ ഭഗവൽ ചൈതന്യം കുടികൊള്ളുന്ന , ശ്രീകോവിലോ , ചുറ്റമ്പലമോ ഇല്ലാത്ത,, യാതൊരു പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനവും ഇല്ലാത്ത , നിത്യപൂജ ഇല്ലാത്ത ഒരു ദൈവ സന്നിധിആണ് തേവർമല ക്ഷേത്രം .വളരെ പഴയ കുറെ നായർ തറവാടുകൾ ഇവിടെ ഉണ്ട്. അതിൽ പ്രബലമായ 3 തറവാടുകൾ ആണ് കുളപ്പുറത്ത്, മച്ചുകാട്ട്, ചൂരമല എന്നീ വീടുകൾ.ഇവരുടെ ഊരാൺമയിലാണ് ഈ ക്ഷേത്രം. പാറകളും മരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ ഒരു വലിയ മല മുകളിലാണ് ഈ ക്ഷേത്രം. പാറക്കെട്ടുകളുടെ ഒരുവശത്തായി ഒരു ഗുഹയുടെ മുഖപ്പും കാണാം ഈ ഗുഹ ചെന്നവസാനിക്കുന്നത് ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണെന്ന് വിശ്വസിക്കുന്നു.ക്ഷേത്രം എന്നു പറഞ്ഞാൽ ഇവിടെ കെട്ടിടം ആയി ഒരു തിടപ്പള്ളി മാത്രമേ ഉള്ളു.അതും ഈ അടുത്ത കാലത്ത് പണി നടത്തിയതാണ്. ഒരു പാറയിൽ സ്ഥാപിച്ചിരിക്കുന്ന ശിലാരൂപത്തിൽ ആണ് ശങ്കരനാരായണ സങ്കൽപ്പത്തിൽ പൂജിക്കുന്നതും പ്രാർത്ഥിക്കുന്നതും. ആ മലമുകളിൽ ഒരിക്കലും വറ്റാത്ത ഒരു ചെറിയ കുളവും ഉണ്ട്. കൂടാതെ ഈ ക്ഷേത്രത്തിനു പുറകിലെ മലഞ്ചെരുവിൽ ഉദയംകാണാഓലി എന്ന പേരിൽ ഒരു ചെറിയ നീരുറവയും ഉണ്ട്.. ഈ മലയുടെ നിഴൽ കാരണം ഈ ഓലിയിൽ ഒരിക്കലും ഉദയരശ്മി അടിക്കില്ലത്രേ.ഭഗവാനെ അഭിഷേകം ചെയ്യുന്ന ഇളനീരിന്റെയും മറ്റും അംശം അഭിഷേകശേഷം കുറച്ചു കഴിഞ്ഞാൽ ഈ ഓലിയിലും നമുക്ക് കാണാൻ പറ്റുന്നതാണ്. ഒന്നിൽ കൂടുതൽ ഐതിഹ്യങ്ങൾ ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വരുന്നുണ്ട്
ഒരു ഐതിഹ്യം ഇതാണ് വനവാസക്കാലത്ത് പാണ്ഡവർ സഞ്ചരിച്ചിരുന്ന വന പ്രദേശം ആയിരുന്നു ഇവിടമാകെ.( ഇതിന് തെളിവാണ് ഇവിടെ നിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള, പാണ്ഡവർ പ്രതിഷ്ഠിച്ച പ്രശസ്തമായ ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം) ഈ ഭാഗത്തുള്ള മലയിൽ അവർ താമസിച്ചു വരുന്ന സമയത്ത് അവർ ഈ കുന്നിൻ നിറുകയിൽ ഒരു സ്വയംഭൂ ശില കാണുകയും
ശങ്കരനാരായണ സാമീപ്യം അനുഭവപ്പെടുകയും അവർ ശങ്കരനാരായണ സങ്കൽപ്പത്തിൽ പൂജിക്കുകയും ഉണ്ടായി.
കൂടാതെ മറ്റൊരു കഥ പാഞ്ചാലിക്ക് ഭഗവാൻ പ്രത്യക്ഷനായി അക്ഷയ പാത്രം നലകിയ സ്ഥലം ആയതു കൊണ്ട് വിഷ്ണു സാന്നിധ്യം ഉണ്ടായെന്നാണ്. അവിടെ ശൈവ സാന്നിധ്യം ഉണ്ടായതിനെക്കുറിച്ചു അതി വിചിത്രമായ ഒരു കഥയും ഉണ്ട് .. അത് ഇങ്ങനെയാണ്.
ഇപ്പോൾ ഉള്ള മലയുടെ എതിർവശത്തെ മലയിൽ ഭഗവാൻ പരമേശ്വരൻ ധ്യാനത്തിൽ ഇരുന്നിരുന്നു.ഒരിക്കൽ ആ മലഞ്ചെരുവിൽ താമസിച്ചു വന്നിരുന്ന ഒരു പുലയ സ്ത്രീ പ്രസവ വേദനയാൽ അതികലശലായി നിലവിളിക്കുകയും ഇത് കേട്ട് സഹിക്കാനാവാതെ ധ്യാനഭംഗം വന്ന മഹാദേവൻ ആ മലയിൽ നിന്നും ഓടി വൈഷ്ണവ സാന്നിധ്യമുള്ള മലയിലേക്കു കയറി പോവുകയും, സ്ത്രീ നിമിത്തം തനിക്കു ധ്യാനഭംഗം വന്നതിനാൽ മേലാൽ സ്ത്രീ വർഗ്ഗത്തിൽ പെട്ട ഒരാളും ഈ മലയിൽ കയറരുത് എന്നും, കയറിയാൽ അവർ ശിലയായി പോകട്ടെ എന്നും അരുളിചെയ്ത ഈ മലയിൽ കുടികൊണ്ടു. അതിനു ശേഷംഈ മലയിലേക്ക് ഇന്നുവരെ സ്ത്രീകൾ ആരും പ്രവേശിച്ചിട്ടില്ല. ശങ്കരനാരായണ പ്രതിഷ്ഠ കൂടാതെ ഈ സ്വയംഭൂ വിഗ്രഹം ഇരിക്കുന്ന തറയിൽ പഞ്ചപാണ്ഡവ സങ്കല്പത്തിൽ 5 ശിലാരൂപങ്ങളും ഉണ്ട്.. ആ തറയിൽ നിന്നും അല്പം മാറി അയ്യപ്പൻറെ ഒരു പ്രതിഷ്ഠയും ഉണ്ട്, ക്ഷേത്രത്തി നടുത്തുള്ള ഗുഹയിൽ സന്യാസിമാർ തപസ്സു ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നു. ചൂരമല കുടുംബത്തിലെ അടിയാളന്മാരായിരുന്ന ചെറുമരിൽ ഒരാൾ ഒരിക്കൽ ഒരു കാട്ടു പന്നിയുടെ പിറകെ പോയി ഈ ഗുഹക്കുള്ളിൽ കയറുകയും കുറെ മുൻപോട്ടു പോയപ്പോൾ അതീവ തേജസ്സുള്ള ചില സന്യാസിമാരെ കാണുകയും ചെയ്തു. അവർ ഇയാൾക്ക് ഒരു വെള്ളിത്തളികയും, വലംപിരി ശംഖും മറ്റും നൽകുകയും തങ്ങളെ കണ്ട കാര്യം ആരോടും പറയരുതെന്നും അറിയിച്ചു. പേടിച്ചു പോയ ചെറുമൻ ചൂരമല വീട്ടിൽ എത്തി കാരണവരോട് ഈ കഥ പറയുകയും രക്തം ശർദ്ദിച്ചു മരണപ്പെടുകയും ഉണ്ടായി. ആ ഗുഹ തേടി പിന്നാലെ ചെന്നവർ കണ്ടത് ഒരു ശില വന്നു ഗുഹ കവാടം അടഞ്ഞു പോയതാണ്. എല്ലാ മലയാള മാസത്തേയും സംക്രമത്തിനു മാത്രമേ ഇവിടെ പൂജകൾ ഉള്ളു. അതായതു ഒരു വര്ഷം ആകെ 12 ദിവസം മാത്രം. തന്ത്രി മുഖ്യൻ ആയ ഭദ്രകാളി മറ്റപ്പള്ളി ആണ് തന്ത്രം. കലശ പൂജകൾ പോലെ വിശേഷ അവസരത്തിൽ ആണ് തന്ത്രി പൂജ. എല്ലാ മാസവും ഉള്ള പൂജ അടുത്ത് തന്നെയുള്ള ഏതെങ്കിലും നമ്പൂതിരിമാർ ചെയ്യുന്നു. ഒരിക്കൽ ഊരാഴ്മക്കാർ കൂടി ഇവിടെ ക്ഷേത്രം പണിയുവാൻ ദേവപ്രശ്നം നടത്തുകയും എന്നാൽ തനിക്കു മഴയും വെയിലും കൊണ്ട് ഇരിക്കാനാണ് ഇഷ്ടമെന്നും ശ്രീകോവിൽ വേണ്ട എന്നുമുള്ള ദേവഹിതമാണ് ഉണ്ടായത് . ഇനി ക്ഷേത്രം വേണമെന്ന് നിർബന്ധമാണെങ്കിൽ ഒരു സൂര്യാസ്തമയത്തിനു ശേഷം പണിതുടങ്ങി അടുത്ത സൂര്യോദയത്തിനു മുമ്പേ കലശം കഴിക്കാൻ പറ്റണമെന്നും കണ്ടു . അത് മനുഷ്യസാദ്ധ്യം അല്ലല്ലോ. ആയതിനാൽ ഇപ്പോളും ആ കുന്നിൻ മുകളിൽ കാറ്റും മഴയും ഏറ്റാണ് തേവരുടെ ഇരുപ്പ്. എല്ലാ സംക്രമ ദിവസവും രാവിലെ ഗണപതി ഹോമം നടത്തുന്നു., അർച്ചനകൾ നടത്തുന്നു. ഇവിടുത്തെ മറ്റൊരു പ്രധാന വഴിപാട് ചദുശ്ശതം പായസ നിവേദ്യം ആണ്.. ചദുശ്ശതം പായസം എന്നാൽ എല്ലാ വകകളും 101 പ്രകാരമുള്ള (101 നാഴി അരി, 101 നാളികേരം , 101 തുടം നെയ്യ്, 101 കിലോ ശർക്കര എന്നിവ കൊണ്ടുള്ള) പായസം ആണ്. കാര്യസിദ്ധിക്കായി ഒരുപാട് പേർ ഈ വഴിപാടുകൾ നടത്തുന്നുണ്ട്. പിന്നെ ആറുനാഴി പായസം, കടും പായസം എന്നിവയും ഉണ്ട്. ഒരു ദിവസത്തെ പൂജ നടത്തുന്നതും വിശേഷമാണ്.. ഈ പൂജ 2021 വരെ ബുക്ക് ചെയ്ത് വച്ചിരിക്കുന്നതാണ്. വിവാഹ ശേഷം വര്ഷങ്ങളോളം കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ ആശ്രിതവത്സലനായ ഭഗവാനെ മനമുരുകി പ്രാര്ഥിച്ചതിന്റെ ഫലമായി കുട്ടികൾ ഉണ്ടാവുകയും അവരുടെ അന്നപ്രാശം ആദ്യം ഇവിടെ വച്ച് നടത്തുകയും ചെയ്യുന്നുണ്ട്. ആൺകുട്ടികളെ മാത്രമേ മലമുകളിൽ കൊണ്ടുപോയി ചോറ് കൊടുക്കൂ. പെൺകുട്ടികൾ ആണെങ്കിൽ കുടുംബത്തിലെ ഏതെങ്കിലും പുരുഷന്മാർ വന്നു വഴിപാടുകൾ നടത്തി അന്നം കൊണ്ടുപോയി സ്വഭവനത്തിൽ വച്ച് കൊടുക്കാറാണ് പതിവ് . കൈകുഞ്ഞുങ്ങളും ആയി വരുന്ന സ്ത്രീകൾക്ക് മലയുടെ താഴെ വരെ വന്നു നിൽക്കാനേ സാധിക്കു. കൂടാതെ ഇവിടെ വച്ച് ചോറ് കൊടുക്കുന്ന ആൺ കുട്ടികൾക്കു ചെവിയിൽ ശങ്കരനാരായണൻ എന്ന് പേരും വിളിക്കണം. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നും ഒരുപാട് പേര് കുട്ടികളെയും ആയി ഇവിടെ എത്തി ചോറൂണ് നടത്താറുണ്ട്. കുളിച്ചു ഈറനായിട്ടോ അല്ലെങ്കിൽ കോടി വസ്ത്രം ധരിച്ചോ മാത്രമാണ് കൂടുതൽ പേരും ഇവിടെ എത്താറുള്ളത്. ഊരാഴ്മ കുടുംബക്കാർ ഓരോ വർഷവും മാറി മാറി ക്ഷേത്രഭരണം നടത്തുന്നു.. തേവർക്കുള്ള പൂജ ചിലവുകളിലേക്കായി 12 ഏക്കർ സ്ഥലം കാരണവന്മാർ മാറ്റിയിട്ടിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ കീഴിൽ വേറെയും ചില ചെറിയ ക്ഷേത്രങ്ങൾ ഉണ്ട്..
1.അപ്പൂപ്പൻ പോറ്റി ( കുളപ്പുറത്ത് ഭീമൻ എന്ന കാരണവർ ) .2. ചെമ്പനാനിക്കൽ കാവ് 3. അന്തിമഹാകാളൻ കാവ്.കേരളത്തിലെ പഴയ തറവാടുകളിൽ പേരുകൊണ്ടും സമ്പത്തുകൊണ്ടും പ്രഭുത്വം കൊണ്ടും പ്രഗത്ഭമായ നായർ തറവാടുകളിൽ ഒന്നാണ് ഇത്. മീനച്ചിൽ താലൂക്ക് NSS യൂണിയന്റെ സ്ഥാപകരിൽ ഒരാളായിരുന്നു കുളപ്പുറത്ത് നീലകണ്ഠപിള്ള എന്ന വ്യക്തി.ഈ കുടുംബം മരുമക്കത്തായ വ്യവസ്ഥിതി പിൻതുടർന്നു വരുന്നു.
ഇപ്പോൾ ഈ കുടുംബം വക മേൽപ്പറഞ്ഞ ക്ഷേത്രങ്ങളും ഭീമന്റെ കാലത്ത് പണി തീർത്ത തറവാട് വീട് ഉൾപ്പെടെ ഉള്ള വസ്തുവകകളും മരുമക്കത്തായ രീതിയിൽ ഭരണം നടത്തുന്ന ഒരു ട്രസ്റ്റിന്റെ കീഴിലാണ്. മുൻകാലങ്ങളിൽ കേരളത്തിലെ ആനകളുടെ പ്രഗദ്ഭ്യം തെളിയിച്ചിരുന്നത് കോട്ടയം ജില്ലയിലെ കിടങ്ങൂർ ക്ഷേത്രത്തിലെ തിടമ്പ് / കോലം ആറാട്ടിന് എഴുന്നള്ളിക്കുന്ന ആന ഏതെന്നു നോക്കിയായിരുന്നു. കാരണം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറ്റവും ഭാരമുള്ള കോലവും തിടമ്പും കിടങ്ങൂർ ക്ഷേത്രത്തിലെ ആയിരുന്നു. ഈ ക്ഷേത്രത്തിലെ ആറാട്ടിന് സ്ഥിരം തിടമ്പ് ഏറ്റിയിരുന്നത് കുളപ്പുറത്ത് കൊമ്പൻ എന്ന ആന ആയിരുന്നു. കേരളത്തിൽ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായം നിലവിൽ വന്നപ്പോൾ എല്ലാ തറവാടുകളം ചെയ്ത പോലെ ഈ തറവാടും സ്വത്ത് വീതം വച്ചു. മക്കളും അനന്തിരവരും തമ്മിൽ ആനയുടെ പേരിൽ വഴക്ക് ഉണ്ടാവാതിരിക്കാൻ ബുദ്ധിമാനും കർക്കശ്യക്കാരനുമായ കാരണവർ ടി ആനയെ തിരുവമ്പാടി ദേവസ്വത്തിന് വിറ്റു. (സിനിമാ താരം ജയറാമിന്റെ ഈ അടുത്ത് പ്രസിദ്ധികരിച്ച ആനക്കഥകളിൽ ഈ വിവരം എഴുതിയിട്ടുണ്ട്). ആ ആനയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കുത്തേറ്റ് ചെരിഞ്ഞ സാക്ഷാൽ തിരുവമ്പാടി ചന്ദ്രശേഖരൻ.
No comments:
Post a Comment