ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2017

കൃഷ്ണന്‍ ഒരു കള്ളന്‍ ആണോ ?

കൃഷ്ണന്‍ ഒരു കള്ളന്‍ ആണോ ?

"കള്ള കൃഷ്ണന്‍" എന്ന പ്രയോഗം സുപരിചിതം ആണല്ലോ. എന്ത് കൊണ്ടു കൃഷ്ണന്‍ കള്ളന്‍ ആയി ?

സര്‍വലോക പരിപാലക മൂര്‍ത്തി ആയ മഹാവിഷ്ണുവിന്‍റെ ഒരേ ഒരു പൂര്‍ണ അവതാരം ആണ് കൃഷ്ണാവതാരം. "കൃഷ്ണേന ഭഗവാന്‍ സ്വയം" എന്നാണു ഭാഗവത വാക്യം. 

ഭാഗവതം വായിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലാവും. ഭഗവാന്‍ തന്‍റെ അവതാരത്തില്‍ ഒരേ ഒരു വസ്തു മാത്രമെ മോഷ്ടിച്ചിട്ടുള്ളൂ അതാണ്‌ നവനീതം, അതായത് "വെണ്ണ". എന്ത് കൊണ്ടു ഭഗവാന് വെണ്ണയോട് ഇത്ര പ്രിയം എന്ന് അധികം ആരും ചിന്തിച്ചിട്ടുണ്ടാവില്ല . 

ക്ഷീരപൂരിതം ആണ് മനുഷ്യ ശരീരം. അമ്മയുടെ മുലപ്പാല്‍ ആണ് ഓരോ കുഞ്ഞിന്‍റെയും ശരീര വളര്‍ച്ചയ്ക്ക് അടിസ്ഥാനം. മഹാവിഷ്ണു ക്ഷീര സാഗരത്തില്‍ ശയിക്കുന്നതിനു പിന്നില്‍ ഉള്ള ശാസ്ത്രീയ തത്വവും ഇതു തന്നെ. അങ്ങനെ ഉള്ള ശരീരത്തെ വെറുതേ വച്ചിരുന്നാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ബാഹ്യ മായയാല്‍ അത് കേടുവന്നു പോകും. എന്നാല്‍ അതില്‍ ഒരു തുള്ളി ഭക്തി രസം ആകുന്ന മോര് ചേര്‍ത്താല്‍ അത് ആത്മജ്ഞാന സുഖത്തിനാല്‍ കട്ട പിടിക്കുന്നു. അതിനെ അങ്ങനെ തന്നെ വയ്ക്കാതെ നിരന്തര സാധന (പ്രാര്‍ത്ഥന ) ആകുന്ന കടക്കോല്‍ കൊണ്ട് കടഞ്ഞാല്‍ അതില്‍ നിന്നു ആത്മാവ് ആകുന്ന വെണ്ണ പുറത്തു വരുന്നു.

ഇത്രയും ചെയ്‌താല്‍ ഭഗവാന്‍ വേറെ ആരുടെയും അനുവാദം കാത്തു നില്‍കാതെ അത് വന്നു എടുത്ത്  തന്നില്‍ ലയിപ്പിക്കും. അതിനാലാണ് ഭഗവാന്‍ വെണ്ണക്കള്ളന്‍ ആയത്‌. 
ഇനി നമുക്കു ഒരു സംശയം തോന്നാം, ഭഗവാന്‍റെ സ്വന്തം സ്വരൂപം ആണ് ഏവരുടെയും ആത്മാവ്, അത് മോഷ്ടിക്കേണ്ട കാര്യം ഇല്ല എങ്കിലും മോഷണം എന്നതിന്‍റെ തത്വം എന്ത് ? 

നമുക്കു ഒരു കല്യാണ വീട്ടിലേയ്ക്ക്‌ കടന്നു ചെല്ലാം. കല്യാണത്തിനു ആഭരണം എടുക്കാന്‍ ചുമതല ഉള്ള ഒരു പറ്റം സ്ത്രീജനങ്ങള്‍ പുതിയ ഫാഷനില്‍ കുറെ സ്വര്‍ണ ആഭരണങ്ങള്‍ വാങ്ങുന്നു. കല്യാണ തലേന്ന് നാട്ടുകാരുടെ മുന്‍പില്‍ പുതിയ ഫാഷന്‍ മാത്രം കാണിക്കുന്നു. വീട്ടിലെ ആരെങ്കിലും പഴയ ആഭരണങ്ങളെ ക്കുറിച്ച് ചോദിച്ചാല്‍ "അതൊക്കെ പഴയത് ആയില്ലേ .. അതൊക്കെ കാണിക്കാന്‍ കൊള്ളുമോ" എന്നൊക്കെ ചോദിക്കുന്നു.

എന്നാല്‍ അന്ന് രാത്രി അവിടെ ഒരു "കള്ളന്‍" കയറി എന്ന് വയ്ക്കുക . അവന് അത് പുതിയത് എന്നോ പഴയത് എന്നോ ? നിറം മങ്ങിയത് എന്നോ ? ഡിസൈന്‍ കൊള്ളില്ല എന്നോ ? വല്ലതും പറഞ്ഞു സ്വര്‍ണ്ണം വേണ്ട എന്ന് വയ്ക്കുമോ ? സ്വര്‍ണം ആണോ എന്ന് മാത്രം നോക്കി അതിന്‍റെ പുറം മോടി നോക്കാതെ അവന്‍ അത് മോഷ്ടിക്കുന്നു.

അത് പോലെ തന്നെ .. ഓരോ ഭക്തന്റെയും ആത്മാവ് ആകുന്ന നവനീതം അവന്റെ ശരീരത്തിന്‍റെ പുറംമോടിയോ, ധനമോ, ജാതിയോ, വര്‍ണ്ണമോ നോക്കാതെ മോഷ്ടിക്കുന്ന ജഗദീശ്വരനും ഭാഗവത സ്വരൂപിയും ആയ ഭഗവാനേ അങ്ങേക്ക് പ്രണാമം 

No comments:

Post a Comment