ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 March 2017

ക്ഷത്രിയനായ ഏകലവ്യന്‍ എങ്ങനെ ശൂദ്രനാകും?

ക്ഷത്രിയനായ ഏകലവ്യന്‍ എങ്ങനെ ശൂദ്രനാകും?

“ശൂദ്രനായ ഏകലവ്യന്‍റെ പെരുവിരല്‍ ബ്രാഹ്മണനായ ദ്രോണാചാര്യര്‍ മുറിച്ചെടുത്തു. ശൂദ്രന്‍ പഠിക്കാന്‍ പാടില്ല എന്ന ബ്രാഹ്മണമേല്‍ക്കോയ്മയുടെ ഉത്തമോദാഹരണം”! ഈ കള്ളം എത്രനാള്‍ പാടിക്കൊണ്ടിരിക്കും ഹിന്ദുക്കള്‍ ? “മനുഷ്യരില്‍ ശ്രേഷ്ഠനായ ദ്രോണരെ” എത്രനാള്‍ ക്രൂശില്‍ തറച്ചുകൊണ്ടേയിരിക്കും? വേദം പടച്ച വ്യാസന്‍റെ വാക്കുകളെ എത്രനാള്‍ ഹൈന്ദവര്‍ ധിക്കരിച്ചു കൊണ്ടേയിരിക്കും? നിഷാദനും മുന്‍പിന്‍വിചാരമില്ലാതെ കൊലചെയ്യുന്നവനും തെറ്റ് ആവര്‍ത്തിക്കരുതെന്ന ഗുരുവാക്ക് ധിക്കരിച്ചവനുമായ ഏകലവ്യനെ എവിടെയെല്ലാം നമ്മള്‍ പ്രതിഷ്ഠിച്ചു പൂജിക്കും…?

എങ്ങനെയൊക്കെയാണു കള്ളം പ്രചരിപ്പിക്കുന്നതെന്നു നോക്കുക. നമ്മെ അടിക്കാന്‍ നമ്മള്‍ തന്നെ വടി കൊണ്ടുപോയി എല്ലാ ഹിന്ദുവിരുദ്ധര്‍ക്കും കൊടുക്കുന്നു. ഏകലവ്യന്‍ ശൂദ്രനല്ല, ക്ഷത്രിയനാണ്, ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹോദരനാണ്, ധനുര്‍വിദ്യ അഭ്യസിക്കാന്‍ അനര്‍ഹനാണ് എന്നതാണ് ആദ്യം പറയാനുള്ളത്. നിഷാദനായ ഹിരണ്യധനുസ് രാജാവ് എടുത്തുവളര്‍ത്തിയ ഏകലവ്യന്‍ ക്രൂരതയുടെ പര്യായമായിരുന്നു. ഹിരണ്യകശിപു, ജരാസന്ധന്‍, ശിശുപാലന്‍, കംസന്‍… ഇവരുടെയെല്ലാം വംശം തന്നെയാണ് ഏകലവ്യന്‍റെയും വംശം. ജന്തുഹിംസയാണു കുലവൃത്തി. സഹാനുഭൂതിയില്ലാത്ത ക്രൂരതയാണ് മുഖമുദ്ര. പഠനശേഷം, ഒരു നായയുടെ വായില്‍ ഏഴമ്പുകള്‍ എയ്തുതറച്ചതു തന്നെയാണ് അതിനുദാഹരണം..!

“ശൂദ്രനായ ആദിവാസി യുവാവിനെ അസ്ത്രവിദ്യ പഠിച്ചതിന്‍റെ പേരില്‍ ബ്രാഹ്മണനായ ദ്രോണര്‍ പിന്തുടര്‍ന്നെത്തി വിരല്‍ മുറിച്ചുവാങ്ങി” എന്ന കള്ളക്കഥ എത്രയോ നാളുകളായി ഹൈന്ദവസമൂഹത്തെ വേട്ടയാടുന്നു! ചാതുര്‍വര്‍ണ്യത്തിന്‍റെ ഭീകരാവസ്ഥ എത്ര ഭംഗിയായി ഈ ഒരുദാഹരണത്തിലൂടെ വിമര്‍ശകര്‍ വര്‍ണിക്കുന്നു!! ഹൈന്ദവര്‍, ആചാര്യര്‍, വേദങ്ങള്‍ എത്രത്തോളം കുഴപ്പമാണ് എന്നു മിഷണറിമാരും ദളിത്- ന്യൂനപക്ഷവാദികളും പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു.
വേദവ്യാസനെ, ദ്രോണാചാര്യരെ ആരുമറിയുന്നില്ല. എല്ലാവര്‍ക്കും ഏകലവ്യനെന്ന ക്രൂരകാട്ടാളനെ നന്നായറിയാം എന്നതാണു വിചിത്രം! അയാള്‍ ദ്രോണരുടെ ശിഷ്യനാണെന്നത്രെ എല്ലാവര്‍ക്കും ധാരണ..! അയാള്‍ ജിജ്ഞാസുവും പഠിക്കാനാഗ്രഹമുള്ളവനുമായ പാവം ദളിത വനവാസി ബാലന്‍ എന്നത്രെ എല്ലാവരുടെയും അറിവ്..! അയാളെ വിദ്യാപരിസരത്തുപോലുമടുപ്പിക്കാതെ ആട്ടിയോടിച്ചവനാണ് ദ്രോണാചാര്യര്‍ എന്നത്രെ നമ്മുടെ കണ്ടെത്തല്‍..! അയാള്‍ പരസഹായമില്ലാതെ സ്വയം അഭ്യസിച്ച വിദ്യകള്‍ കണ്ട് അമ്പരന്ന ദ്രോണര്‍ ഗുരുദക്ഷിണയായി പെരുവിരല്‍ ചോദിച്ചു. ഗുരുഭക്തനായ ഏകലവ്യന്‍ അതു മുറിച്ചുനല്‍കി. പെരുവിരലില്ലെങ്കില്‍ പിന്നെ ധനുര്‍വിദ്യകൊണ്ട് എന്തുപയോഗം! ക്രൂരനായ ദ്രോണര്‍, ബ്രാഹ്മണധാര്‍ഷ്ഠ്യത്തിന്‍റെ പ്രതീകം… വേദങ്ങളുടെ ദലിത് വിരുദ്ധമുഖം..!
സത്യമാരറിയുന്നു, ആരന്വേഷിക്കുന്നു? വ്യാസന്‍ എന്തെഴുതിയെന്നോ എന്തിനെഴുതിയെന്നോ ആലോചിക്കാതെ ആരൊക്കെയോ മഹാഭാരതത്തെ വിമര്‍ശിച്ചപ്പോള്‍, ഒപ്പം നിന്നു കൈയടിക്കുന്നു. അവരുടെ പേരല്ലോ ഹിന്ദുക്കള്‍..!

ഹസ്തിനാപുരിയുടെ സര്‍വസൈന്യാധിപന്‍റെ മുന്നില്‍ ചെന്ന് തനിക്കും ധനുര്‍വിദ്യ പഠിപ്പിച്ചുതരണം എന്നാണ് ഏകലവ്യന്‍ ആവശ്യപ്പെട്ടത്. (ദ്രോണരെ അനായാസം നേരില്‍ക്കാണാന്‍ ഒരു നിഷാദബാലനു കഴിഞ്ഞു എന്നതുതന്നെ അന്നത്തെ സാമൂഹ്യനീതിയുടെ മഹത്വം വ്യക്തമാക്കുന്നു). രാജാക്കന്മാരും രാജകുമാരന്മാരും മാത്രം അറിയേണ്ട, അവശ്യം പഠിച്ചിരിക്കേണ്ട ധനുര്‍വിദ്യ പുറത്തൊരാള്‍ക്കു പഠിപ്പിച്ചുകൊടുക്കാന്‍ മാത്രം ബുദ്ധിഹീനനോ ദ്രോണാചാര്യര്‍ ? അതും ദ്വിപദാംവരഃ ( ഇരുകാലികളില്‍ ശ്രേഷ്ഠന്‍ ) എന്നു വ്യാസന്‍ വിശേഷിപ്പിച്ച മഹാമനുഷ്യന്‍.!
പറ്റില്ല എന്നു ദ്രോണാചാര്യര്‍ പറഞ്ഞു.

അതിനു രണ്ടുകാരണങ്ങള്‍ : 1. ഏകലവ്യന്‍ ജന്തുഹിംസക്കാരുടെ വംശത്തില്‍പ്പെട്ടവനാണ്. വിനോദത്തിനുള്ള, ജീവോപായത്തിനുള്ള ഹിംസയല്ല. ക്രൂരതയുടെ പര്യായമായ, കണ്ടാലുടന്‍ കൊലചെയ്യുന്ന മാനസികാവസ്ഥയുള്ള ക്രോധവംശീയന്‍. അവനെ പഠിപ്പിക്കാനാവില്ല.

2. ഇത്തരമൊരാളെ ഒപ്പം കൂട്ടാന്‍ മറ്റു ശിഷ്യര്‍ സമ്മതിച്ചില്ല.
അയാള്‍ കാട്ടിലെത്തി ദ്രോണരുടേതെന്നവകാശപ്പെടുന്ന ഒരു പ്രതിമ സ്ഥാപിച്ചു. ഒളിച്ചിരുന്നു കണ്ടുപഠിച്ചതൊക്കെ ആവേശത്തോടെ പരിശീലിച്ചു. അത്യാവശ്യം കൈവഴക്കം നേടി. അഹങ്കരിച്ച് കാട്ടിലലഞ്ഞു. അതിനിടെയാണു കൗരവരും പാണ്ഡവരും നായാട്ടിനു കാട്ടിലെത്തിയത്. അവരുടെ നായാട്ടുനായ വായില്‍ ഏഴമ്പുകളുമായി മോങ്ങിക്കൊണ്ടു വരുന്നതാണു പിന്നീടവര്‍ കാണുന്നത്. അമ്പെയ്തവനോടു ചോദിച്ചപ്പോള്‍, ഞാന്‍ ഏകലവ്യന്‍, ദ്രോണാചാര്യരുടെ ശിഷ്യന്‍ എന്നാണു മറുപടി കിട്ടിയത്. ദ്രോണരുടെയടുക്കല്‍ പരാതിയെത്തി. “നിന്നെക്കാള്‍ വലിയ ധനുര്‍ധരനില്ല” എന്നു ദ്രോണര്‍ അര്‍ജുനന് സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നു. “എന്നിട്ടോ, അങ്ങേയ്ക്ക് ഞങ്ങളറിയാതെ എങ്ങനെ ഇങ്ങെനെയൊരു ശിഷ്യന്‍ ” എന്നായി അര്‍ജുനന്‍. ദ്രോണര്‍ അര്‍ജുനനെയും കൂട്ടി കാട്ടിലെത്തി. ഏകലവ്യനെ കണ്ടെത്തി.

നീയാരെന്ന് ചോദ്യം. ഞാന്‍ അവിടുത്തെ ശിഷ്യന്‍ ഏകലവ്യന്‍ എന്നു മറുപടി..! എങ്കില്‍ ഇന്നോളം ഗുരുദക്ഷിണ നല്‍കിയിട്ടില്ലല്ലോ എന്നായി ദ്രോണര്‍. എന്താണു വേണ്ടതെന്നു ചോദിച്ചോളൂ, അവിടുത്തേക്കു തരാനാവാത്തതായി ഒന്നും എന്റെ കൈയിലില്ല എന്നായി ഏകലവ്യന്‍. വലതുകൈയിലെ പെരുവിരല്‍ മുറിച്ചു തരണം എന്നായി ദ്രോണാചാര്യര്‍. വിസമ്മതം കൂടാതെ ഏകലവ്യന്‍ അതു ചെയ്തു. ഇതിലെവിടെയാണ് ദലിത് വിരുദ്ധത എന്നാണ് ഹിന്ദുക്കള്‍ മനസിലാക്കേണ്ടത്. പക്ഷേ ആര്‍ക്കുണ്ടു നേരം..?
ദലിതനല്ലാത്ത ഒരാളെ ദലിതനാക്കുക. അവനെ പിന്നീടു ബ്രാഹ്മണമേല്‍ക്കോയ്മയുടെ രക്തസാക്ഷിയാക്കുക. ഇതാണു തന്ത്രപരമായി നടന്നുവരുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെന്‍റെ അച്ഛന്‍ വസുദേവരുടെ സഹോദരന്‍ ദേവശ്രവന്‍റെ മകനാണ് ശത്രുഘ്‌നന്‍ എന്ന ഏകലവ്യന്‍. അതായത് കൃഷ്ണന്‍റെ സഹോദരന്‍. അതായത്, യദുവംശത്തില്‍ പിറന്നവന്‍. യാദവന്മാരോ, ഭ്രഷ്ടരായ ക്ഷത്രിയരും.! ഉപേക്ഷിക്കപ്പെട്ട ശത്രുഘ്‌നന്‍ എന്ന ബാലനെ ഹിരണ്യധനുസ് എന്ന നിഷാദരാജാവ് ഏകലവ്യന്‍ എന്നു പേരിട്ട് എടുത്തുവളര്‍ത്തി.

രാജകുമാരന്മാര്‍ മാത്രം പഠിക്കേണ്ട യുദ്ധതന്ത്രങ്ങള്‍ തനിക്കും പഠിക്കണമെന്ന ആവശ്യവുമായി സര്‍വസൈന്യാധിപന്‍റെ മുന്നിലെത്തിയ അവിവേകിയായ ഏകലവ്യനെ ജയിലിലടയ്ക്കാതെ തിരിച്ചയച്ച ദ്രോണരുടെ നടപടിയിലെവിടെയാണ് തെറ്റ്? ശിഷ്യനാക്കാനാവില്ല എന്നു പറഞ്ഞിട്ടും വ്യാജമായി ശിഷ്യനെന്ന് അവകാശപ്പെട്ടതെങ്ങനെ ന്യായീകരിക്കും? തപാലിലൂടെ യുദ്ധതന്ത്രം പഠിച്ചവന്‍, താന്‍ രാജ്യത്തെ ആര്‍മി ചീഫിന്‍റെ നേര്‍ശിഷ്യനാണ് എന്നവകാശപ്പെട്ട് ഊരുചുറ്റിയാലെങ്ങനെയിരിക്കും? ഇതൊക്കെയല്ലേ സത്യത്തില്‍ ഏകലവ്യന്‍ ചെയ്തത്..?

നിഷാദനായ ഏകലവ്യന് ദ്രോണാചാര്യരെ നേരില്‍ക്കാണാനായത് അന്നത്തെ സാമൂഹ്യസ്ഥിതിയുടെ നേര്‍ചിത്രം. ബ്രാഹ്മണനായ ദ്രോണര്‍ ജീവിച്ചത് എത്ര ലളിതമായും സുതാര്യമായും തുറന്നിട്ട വാതിലുകളുമായും ആയിരുന്നു എന്നതിനു വേറെ തെളിവു വേണ്ട. തല ചോദിക്കേണ്ടിടത്ത് വിരല്‍ മാത്രം ചോദിച്ചത് ദ്രോണരുടെ മഹത്വം. ശപിച്ചില്ല എന്നത് അതിനേക്കാള്‍ മഹത്വം. തല ചോദിക്കുന്നില്ല എന്നു കണ്ടതോടെ വിരല്‍ കൊടുത്ത് ഏകലവ്യന്‍ ജീവന്‍ രക്ഷിച്ചെടുത്തു എന്നത് അതിലേറെ ശ്രദ്ധേയം.

(വിവരങ്ങള്‍ക്ക് കടപ്പാട്: “മഹാഭാരതദര്‍ശനം പുനര്‍വായന” – പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ )

ഇതോടൊപ്പം ഇതും കൂടി ഓര്‍ക്കുക:  അസുരനായത് കൊണ്ട് മാത്രം മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടു താഴ്ത്തി ബ്രാഹ്മണ മേല്‍ക്കോയ്മ കാണിച്ചു എന്ന് ആക്ഷേപിക്കുന്നവര്‍....

എന്ത് കൊണ്ട് കാണുന്നില്ല, ഈ അസുരനായ മഹാബലിയുടെ മുത്തച്ഛനായ പ്രഹ്ലാദനെ രക്ഷിക്കുവാന്‍ വേണ്ടി മാത്രം മഹാവിഷ്ണു ഒരു അവതാരം എടുത്തു എന്നുള്ളത് ? കുറഞ്ഞ പക്ഷം വിശ്വാസികള്‍ ആയ ഹിന്ദുക്കള്‍ എങ്കിലും എന്ത് കൊണ്ട്  അസുരനെ ചവിട്ടിതാഴ്ത്തിയ കഥ പറഞ്ഞു ആക്ഷേപിക്കുന്നവരെ പ്രഹ്ലാദ കഥ ഒര്മിപ്പിക്കുന്നില്ല?

പുനര്‍വായന പലയിടത്തും ആവശ്യം ആയി വരുന്നു.

No comments:

Post a Comment