ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 March 2017

ഹൈന്ദവഗ്രന്ഥങ്ങൾ

ഹൈന്ദവഗ്രന്ഥങ്ങൾ

ഹൈന്ദവസാഹിത്യം, അതായത് ഹിന്ദുമത പാരമ്പര്യത്തിൽ അധിഷ്ഠിതമായ സാഹിത്യം പ്രധാനമായും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതത്തിലാണ്.

🔱 വർഗീകരണം

ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.

🔱 ശ്രുതി

ശ്രുതി എന്നാൽ എന്താണോ കേട്ടത് അത് എന്ന് അർത്ഥം. ഋഷിമാരിൽനിന്ന് നേരിട്ട് കേട്ട് വളരെ നിഷ്കർഷയോടെ പഠിച്ച് ഉച്ചാരണത്തിൽപ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയാണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനിൽക്കുന്നത്.

🔱 സ്മൃതി

സ്മൃതി എന്നാൽ എന്താണോ സ്മരിച്ചത് അത്. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് എന്നതിനാൽ സ്മൃതികൾ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്‌. ഇവ ശ്രുതികളെപോലെ ആധികാരികങ്ങൾ അല്ല. സ്മൃതികളിലുള്ള കാര്യങ്ങളെക്കുറിച്ച് തർക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്. ഉത്തര-വേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.

🔱 വേദങ്ങൾ

ഏറ്റവും പഴയതും ഹൈന്ദവദർശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. ക്രി.മു. 2500-1000 ങ്ങളിൽ പല മഹാഋഷികളാൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനൻ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താൽ അദ്ദേഹം വേദവ്യാസൻ എന്നറിയപ്പെടുന്നു. 

ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദ സരസ്വതിയുടെ വിശകലനത്തിൽ വേദങ്ങൾ അനാദിയാണ്. അവ ഉണ്ടായത്‌ ഓരോ സൃഷ്ടിയുടെയും തുടക്കത്തിലാണ്. ഇപ്പോഴത്തെ സൃഷ്ടി തുടങ്ങിയിട്ട്  (1.972 ബില്ല്യൺ) വർഷങ്ങളായി, ജ്യോതിഷഗണിതാനുസാരണം (കടപ്പാട് – ആർഷനാദം മാസിക, 2013 നവംബർ ലക്കം). അതുകൊണ്ട് വേദങ്ങൾക്കും ഇത്രയും പഴക്കമുണ്ട്.

നാലായിരം വർഷങ്ങൾക്കു ശേഷം (മഹർഷി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തിൽ അനാദികാലം മുതൽ) ഇന്നും വേദങ്ങൾ അതേപടി നിലനിൽക്കുന്നു. വേദമന്ത്രങ്ങൾ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാർഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു. ക്ഷേത്രങ്ങളിൽ പൂജയ്ക്കും, വീടുകളിലും മറ്റു സ്ഥലങ്ങളിലും, ഷോഡശസംസ്കാരങ്ങളിലും വിശേഷാവസരങ്ങളിലും വിവാഹാവസരങ്ങളിലും (പ്രത്യേകിച്ച് ബ്രാഹ്മണരുടെയും ആര്യസാമാജികളുടേയും) വേദമന്ത്രങ്ങൾ എല്ലാക്കാലവും ഉപയോഗിക്കുന്നു. വീടുകളിൽ സന്ധ്യാപ്രാർത്ഥനകളിൽ ഇവ ഉണ്ടാകാറുണ്ട്. സന്ധ്യാവന്ദനത്തിനു വേദമന്ത്രങ്ങളാണ് ഉപയോഗിക്കുക. ചരിത്രാതീതകാലം മുതൽ ഇന്നുവരെയും വേദങ്ങൾ ഭാരതീയരുടെ ജീവിതത്തിന്റെ ഭാഗമാണ്.

വേദങ്ങൾ നാലുണ്ട്. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം.

1. ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്

സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ്  'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്.

'അഗ്നിമീളേ പുരോഹിതം'
എന്നാരംഭിക്കുന്ന ഋഗ്വേദം
'യഥ വഹ്സുസഹാസതി'
എന്ന് അവസാനിക്കുന്നു.

വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്.

ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.

2. യജുർവേദം യജ്ഞങ്ങളുടെ നിർവഹണത്തിനുള്ള നിർദ്ദേശങ്ങളാണ്.

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

3. സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തിൽനിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനു വേണ്ടിയുള്ള ക്രമത്തിൽ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.

യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്. അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

4. അഥർവവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങൾക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങൾ അടങ്ങിയതാണ്.

അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.

മഹർഷി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തിൽ ഋഗ്വേദം സ്തുതിയേയും യജുർവേദം പ്രാർത്ഥനയേയും സാമവേദം ഉപാസനയേയും അഥർവവേദം സംരക്ഷണത്തേയും ആണ് മുഖ്യമായി പ്രതിനിധീകരിക്കുന്നത്. സർവ്വശക്തനായ ജഗദീശ്വരനോടുള്ള അപേക്ഷകളും വിധിനിഷേധങ്ങളും എല്ലാത്തരത്തിലുള്ള അറിവുകളും ബീജരൂപത്തിൽ വേദങ്ങളിലുണ്ട്. ഋഗ്വേദത്തിലെ മന്ത്രങ്ങൾ അതുപോലെയോ ചെറിയ മാറ്റത്തോടെയോ അതിൽത്തന്നെ ആവർത്തിക്കുകയോ മറ്റു വേദങ്ങളിലോ ഉണ്ട്. സാന്ദർഭികമായ അർത്ഥഭേദങ്ങൾ ഇവയ്ക്ക്‌ ഉണ്ട്.

വിദ് എന്നാൽ അറിയുക എന്നാണത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം.

🔱 വേദശാഖകൾ

കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീതയിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു.

ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്. വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ.

“വേദാ‍നാം സാംവേദോസ്മി ”
എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.

“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല. സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം, അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു.

ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു.  നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു.  ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.

🔱 വേദവിഭാഗങ്ങൾ

നാലുവേദങ്ങൾക്കും നാലുവിഭാഗങ്ങൾ വീതം ഉണ്ട്.

മന്ത്രങ്ങളുടെ ,സംഹിത വേദം എന്ന് വെറുതെപറഞ്ഞാൽ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.

ബ്രാഹ്മണങ്ങൾ - വേദസംഹിതകളുടെ നിയമങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുന്നു.

ആരണ്യകങ്ങൾ - ബ്രാഹ്മണങ്ങളുടെ അവസാനഭാഗം

ഉപനിഷദ്  -  വേദാന്തദർശനങ്ങൾ

1 comment:

  1. ആത്മാന്വേഷണത്തിനു പകരം ഭൗതിക സുഖഭോഗങ്ങൾക്കു അടിമപ്പെട്ടു ജീവിക്കുർനവർക്കു ഒരിക്കലും ജീവിത ലക്ഷ്യമായ ശാന്തി കിട്ടുകയില്ല (ഭഗവാൻ രമണ മഹർഷി)

    ReplyDelete