ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 March 2017

അഷ്ടബന്ധം

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

ചേരുവകൾ

അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്.

വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്.
കടുക്ക
ചെഞ്ചല്യം
കോലരക്ക്
കോഴിപ്പരൽ
പേരാറ്റുമണൽ
വലിയ നെല്ലിക്ക
എള്ളെണ്ണ

പദത്തിന്റെ ആന്തരികാർത്ഥം

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു.

നിർമ്മാണ രീതി

വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമ്മിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമ്മാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതം നിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം എള്ളെണ്ണ ചെർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

അഷ്ടബന്ധകലശം

ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠാസന്ദർഭങ്ങളിൽ പ്രകൃതി പുരുഷഭാവേന പീഠബിംബങ്ങളെ യോജിപ്പിക്കുന്നതിന് ഉപയോഗിച്ച 'അഷ്ടബന്ധം' ജീർണമാകുന്ന ഘട്ടങ്ങളിൽ പീഠബിംബങ്ങളുടെ ബന്ധം പുനഃസ്ഥാപിച്ച് ദേവചൈതന്യം വർധിപ്പിക്കുന്നതിനുവേണ്ടി നിർവഹിക്കപ്പെടുന്ന താന്ത്രിക ക്രിയകൾക്കെല്ലാംകൂടിയുള്ള പേര്. ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ: ശംഖുപൊടി ആറുഭാഗം, കോലരക്ക് നാലുഭാഗം, കടുക്ക രണ്ടുഭാഗം, ചെഞ്ചല്യം ഒരുഭാഗം, കോഴിപ്പരൽ ഒരുഭാഗം, പേരാറ്റുമണൽ ഒരുഭാഗം, പഞ്ഞി ഒരുഭാഗം, നെല്ലിക്ക രണ്ടുഭാഗം.

പഞ്ഞി ഒഴികെയുള്ള അഷ്ടബന്ധദ്രവ്യങ്ങൾ ഇടിച്ച് ശീലപ്പൊടിയാക്കി എള്ളെണ്ണയിൽ കുഴച്ച് കരിങ്കല്ലിൽവച്ച് ഭാരമേറിയ കൊട്ടുവടികൊണ്ട് മർദിച്ചാണ് ഈ കൂട്ടു തയ്യാറാക്കുന്നത്. ഇടിയുടെ ചൂടുകൊണ്ട് മരുന്നുകൾ എല്ലാം അയഞ്ഞ് യോജിച്ചുകഴിഞ്ഞാൽ അതു തണുക്കാൻ വയ്ക്കുന്നു. ശരിയായി തണുത്ത മരുന്ന് വീണ്ടും ഇടിക്കുന്നു. ഈ പ്രിക്രിയ 30-40 ദിവസങ്ങൾ ആർത്തിച്ചു കഴിയുമ്പോഴാണ് ശരിയായ അഷ്ടബന്ധക്കൂട്ടു ലഭിക്കുന്നത്. ഒരുവിധത്തിലുള്ള കാലപരിഗണനകളും കൂടാതെ ഉത്തരായന ദക്ഷിണായന ഭേദമോ ശുക്ളകൃഷ്ണപക്ഷഭേദമോ നോക്കാതെ അഷ്ടബന്ധം നഷ്ടപ്പെട്ടാൽ ഉടൻതന്നെ പുതിയതായി അതു സ്ഥാപിക്കണമെന്നത് നിർബന്ധമാണ്. അങ്ങനെ ചെയ്യാതിരുന്നാൽ ദേവചൈതന്യം നഷ്ടപ്പെട്ടുപോകുമെന്നു വിശ്വസിക്കപ്പെടുന്നു. പ്രകൃതി പുരുഷഭാവനയിലുള്ള പീഠബിംബങ്ങളുടെ ബന്ധം വിടുന്നതിനാലും അഭിഷേകജലം, നിർമാല്യവസ്തുക്കൾ എന്നിവ നാളത്തിൽ കിടന്നു ദുഷിച്ച് കൃമികീടങ്ങൾ ഉണ്ടായി ബിംബത്തിൽ സ്പർശിക്കുമെന്നതിനാലും പ്രതിഷ്ഠയ്ക്ക് ചൈതന്യക്ഷയം ഉണ്ടാകുമെന്നു തന്ത്രശാസ്ത്രം പറയുന്നു.

അഷ്ടബന്ധകലശം സംബന്ധിച്ച് ദേവപ്രതിഷ്ഠയ്ക്കുള്ളതുപോലെതന്നെ താന്ത്രിക ക്രിയകളുമുണ്ട്. ക്ഷേത്രത്തിന്റെ പുഷ്ടിക്കും വിഭവസമാഹരണശേഷിക്കും അനുസരിച്ച് (നിമിത്തവിത്താന്യുപപത്തിഭേദൈഃ) മൂന്നു മുതൽ പതിനൊന്നുദിവസംവരെ നീണ്ടുനില്ക്കുന്ന താന്ത്രിക ക്രിയകൾ അഷ്ടബന്ധകലശത്തോടനുബന്ധിച്ച് അനുഷ്ഠിക്കപ്പെട്ടുവരുന്നു. ഈ ക്രിയകളിലെ സുപ്രധാനഘട്ടമായ അഷ്ടബന്ധം ചാർത്തുന്ന സന്ദർഭത്തിൽ ദേവദർശനം ചെയ്യുന്നത് ഇഷ്ടഫലപ്രാപ്തിക്കു പര്യാപ്തമാണെന്ന് ആസ്തികന്മാർ വിശ്വസിക്കുന്നു.

No comments:

Post a Comment