🔱 ക്ഷേത്രസങ്കല്പത്തിന് ആധാരം
ഭാഗം 13
🔱 പ്രായശ്ചിത്തങ്ങൾ
ക്ഷേത്രത്തിലെ അശുദ്ധികൾക്ക് പ്രായശ്ചിത്തം വേണമെന്ന് പറഞ്ഞുവല്ലോ! അതിന് വിധിക്കപ്പെട്ട കർമ്മങ്ങളാണ് കലശങ്ങൾ എന്ന സാങ്കേതിക സംജ്ഞ കൊണ്ട് അറിയപ്പെടുന്ന കർമ്മങ്ങൾ
🔱 1 ദ്രവ്യകലശം
സാധാരണ ഗതിയിൽ ദുർന്നിമിത്തവും അശുദ്ധിയും ഇല്ലെങ്കിലും ദ്രവ്യകലശം നടത്താം. ഇതിൽ സാധാരണ സംഭവിക്കാൻ സാദ്ധ്യതയുള്ള ദോഷങ്ങൾക്കെല്ലാം പ്രായശ്ചിത്തങ്ങൾ ചെയ്ത ശേഷം അതാത് ദേവന്മാർക്ക് വിധിക്കപ്പെട്ടിട്ടുള്ള അനേകം ദ്രവ്യങ്ങൾ നിറച്ച നിശ്ചിത എണ്ണം കലശ കുംഭങ്ങളിൽ ഋക് മന്ത്രങ്ങളും അധിദേവാതാ മന്ത്രങ്ങളും ചേർത്ത് പൂജിച്ച് അഭിഷേകം ചെയ്യുന്നു. ദ്രവ്യങ്ങൾ പൂജിച്ച് അഭിഷേകം ചെയ്യുന്നത് ചൈതന്യ വർദ്ധനവിന് ഉത്തമമായി വിധിക്കപ്പെട്ടിരിക്കുന്നു.
🔱 2 അഷ്ടബന്ധകലശം
ക്ഷേത്രത്തിൽ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പീഠവും യഥാക്രമം പുരുഷനേയും പ്രകൃതിയേയും പ്രതിനിധാനം ചെയ്യുന്നു. പ്രകൃതിയുടേയും പുരുഷന്റേയും സമ്യക്കായസംയോജനത്തിലൂടെയാണ് ക്ഷേത്രത്തിലെ ചൈതന്യം സമ്പൂർണ്ണമാകുന്നത്. ഈ സംയോജനത്തിന് ഉപയോഗിക്കുന്ന ദൈവീക മാദ്ധ്യമമാണ് അഷ്ടബന്ധം. എട്ട് പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ചേർത്ത് ഇടിച്ച് തയ്യാറാക്കുന്ന ഒരു ബന്ധന പദാർത്ഥം അഥവാ പശ ആണിത് നവ ശക്തികൾ എന്നറിയപ്പെടുന്ന ഒമ്പത് ദിവ്യ ചൈതന്യങ്ങളുടെ ഇരിപ്പിടമാണ് അഷ്ട ബന്ധം. ബിംബവും പീഠവും ചേരുന്ന സ്ഥലത്ത് നവശക്തികളെ പ്രത്യേകം ആവാഹിച്ച് സകളീകരിച്ചതും നവശക്തിഹോമസംപാദം സ്പർശിച്ചതും ആയ അഷ്ടബന്ധം മന്ത്രപുരസ്സരം ഇട്ട് ഉറപ്പിക്കുന്നു. പ്രത്യേക കലശാഭിഷേകവും ചെയ്യുന്നു.
ക്ഷേത്രത്തിൽ പ്രതിഷ്ഠാ സമയത്ത് ആദ്യം ഇടുന്ന അഷ്ട ബന്ധം കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് അടർന്ന് പോയേക്കാം അങ്ങിനെ സംഭവിച്ചാൽ പീഠവും ബിംബവും തമ്മിലുള്ള ദൈവീക ബന്ധം ഇല്ലാതാകും. അങ്ങിനെ ക്ഷേത്ര ചൈതന്യത്തിന് ഹാനിയും സംഭവിക്കും. അപ്പോൾ എത്രയും പെട്ടെന്ന് അത് ശരിയാക്കാൻ അഷ്ട ബന്ധ കലശം അനിവാര്യമാണ്.
🔱 3. നവീകരണകലശം
കലശങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് നവീകരണ കലശമാകുന്നു. ദേവന്റെ പ്രാസാദം അഥവാ ശ്രീകോവിൽ ജീർണ്ണമാവുകയോ ബിംബത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ കേട് തീർക്കുകയോലമാറ്റി സ്ഥാപിക്കുകയോ ചെയ്യണം. ഇതോടൊപ്പം ചെയ്യേണ്ട നിരവധി ക്രിയകളുടെ മൊത്തം പേരാണ് നവീകരണം. ബിംബത്തിൽ കുടി കൊള്ളുന്ന ചൈതന്യത്തെ അനുജ്ഞയോട് കൂടി ഒരു കലശത്തിലേക്ക് ഉദ്വസിക്കുകയും പിന്നീട് പുതിയ ബിംബം പ്രതിഷ്ഠിച്ച് അതിലേക്ക് തന്നെ സമ്മേളിപ്പിക്കുകയും ആണ് ഇവിടെ ചെയ്യുന്നത്. ആദ്യത്തെ നാലു ദിവസം മററു പ്രായശ്ചിത്തക്രിയകളാണ്. പിന്നെയുള്ള നാലു ദിവസം നവീകരണ സംബന്ധമായ വിശേഷക്രിയകളാണ്. തുടർന്ന് നാലു ദിവസം ചൈതന്യം പുഷ്ടിപ്പെടുത്തുന്ന ക്രിയകളാണ് നടക്കുന്നത്. നല്ല ഏകാഗ്രതയും മനോ ദാർഡ്യവും ഇച്ഛാശക്തിയും ആവശ്യമായ ഈ കർമ്മങ്ങൾ ഒരു തന്ത്രിയുടെ പ്രവൃത്തികളിൽ വെച്ചേറ്റവും ഗൗരവമുള്ളതും പിഴ പറ്റിയാൽ അയാളുടെ കുടുംബത്തിന് കൂടി ദോഷഫലം ചെയ്യുന്നതുമാണ്.
No comments:
Post a Comment