ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 September 2018

ശൗചം എന്നാല്‍ എന്ത്?

ശൗചം എന്നാല്‍ എന്ത്?

ശുദ്ധീകരണക്രിയയാണ് ശൗചം, ശൗചം രണ്ട് തരമാണ്. ബാഹ്യശൗചം, ആന്തരികശൗചം
ബാഹ്യശൗചം : വിസര്‍ജ്ജനം, ദന്തശുദ്ധി, കുളി (സ്നാനം) ആന്തരികശൗചം കൊണ്ടുദ്ദേശിക്കുന്നത് മനഃശുദ്ധിയാണ്.
മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞാല്‍ ശൗചം പാലിക്കണം. മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ മണ്ണുതൊട്ട് കടവിറങ്ങണം എന്നാണ് വിധി. മൂത്രവിസര്‍ജ്ജനം കഴിഞ്ഞാലും കടവിറങ്ങണം (ശൗചം ചെയ്യണം) പിന്നീട് ദന്തശുദ്ധി വരുത്തികുലുക്കുഴിയണം.
പഴയകാലത്ത് മലമൂത്രവിസര്‍ജ്ജനം ഇന്നഭാഗത്തേ ആകാവൂ എന്ന് വിധിയുണ്ടായിരുന്നു. ഇന്ന് ആ വിധിക്കു പ്രാമാണ്യമില്ല. എന്തെന്നാല്‍ ഇന്ന് തുറസ്സായ സ്ഥലത്തല്ല വിസര്‍ജ്ജനം. കക്കൂസ്സുകള്‍ അതിനുപയോഗിക്കുന്നു ഇന്ന് ശാസ്ത്രവശവും പ്രമാണവുമൊന്നും ആരും അംഗീകരിക്കുന്നില്ല. ഇന്ന് ഈ പരിഷ്കൃതയുഗത്തില്‍ കക്കൂസും കുളിമുറിയും കിടപ്പുമുറിയോടുചേര്‍ത്തും പരിഷ്കൃത രീതിയിലാക്കിയിരിക്കുകയാണ്.

ദന്തശുദ്ധി എങ്ങനെ? എന്തിന്
➖➖➖➖➖➖➖➖➖
പണ്ടൊരു ചൊല്ലുണ്ട്-
പല്ലുനന്നെങ്കില്‍ പാതി നന്ന്
മുഖംനന്നെങ്കില്‍ മുഴുവന്‍ നന്ന്, എന്ന്,
പല്ലിന് ശരീരത്തില്‍ നല്ലൊരു സ്ഥാനമാണ്. സംസാരിക്കുന്നതിനും, ആഹാരം കഴിക്കുന്നതിനും പല്ലുകൂടിയേ തീരൂ. അപ്പോള്‍ പല്ലു കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്. രാത്രിമുഴുവന്‍ ഉറങ്ങുമ്പോള്‍ വായില്‍ അടിഞ്ഞു കൂടുന്ന ദുര്‍ഗ്ഗന്ധവും അണുക്കളും നശിപ്പിക്കുന്നതിന് പല്ലുതേയ്ക്കണം. പഴയകാലത്ത് പല്ലുതേയ്ക്കുന്നതിന് ഉമിക്കരി, പല്‍പ്പൊടി, ഉപ്പും കുരുമുളകും കൂടി പൊടിച്ചത്, വേപ്പിന്‍ കമ്പ് തുടങ്ങിയവയാണ് ഉപയോഗിച്ചിരുന്നത്. കുടില്‍ മുതല്‍ കൊട്ടാരം വരെയും എല്ലായിടത്തും ഇപ്രകാരമാണ് ചെയ്തിരുന്നത്. ചിലര്‍ പഴുത്ത മാവിലയും പല്ലുതേയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. പല്ലുവൃത്തിയായി തേച്ച് ഈര്‍ക്കില്‍ പിളര്‍ന്ന് നാക്കു വടിച്ച് നാക്കും വൃത്തിയാക്കി പലപ്രാവശ്യം കുലുക്കുഴിഞ്ഞ് വൃത്തിയാക്കിയിരുന്നു. ഇക്കാലത്ത് പേസ്റ്റ്, പല്‍പ്പൊടി ഇവയാണ് പല്ലുവൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത്. പല്ലിന്‍റ സൗന്ദര്യം മുഖത്തിന്‍റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

പല്ലുതേച്ചുവൃത്തിയാക്കാതിരുന്നാല്‍ പല്ലിനിടയില്‍ പറ്റിയിരിക്കുന്ന ആഹാരത്തിന്‍രെ അംശങ്ങള്‍ അവിടെയിരുന്നു പഴകി പല്ലിനുകേടുവരാന്‍ സാധ്യതയുണ്ട്. പല്ലില്‍ പോടുവരാനും, വായ്നാറ്റത്തിനും കാരണമാകും. അതുകൊണ്ട് പല്ലിനെ പൊന്നുപോലെ സൂക്ഷിക്കണം. ദന്തശുദ്ധി വരുത്തേണ്ടതിന് ചില വിധികളുണ്ട്. സൂര്യന്‍ ഉദിക്കുന്നതിന് മുമ്പായിട്ടാണെങ്കില്‍ കിഴക്ക് ദിക്കിലോട്ട് നോക്കി നിന്നും. സൂര്യന്‍ ഉദിച്ചതിനു ശേഷമാണെങ്കില്‍ ഈശാനകോണ്‍ (വടക്ക് – കിഴക്കുദിശ) നോക്കി നിന്നും വേണം ദന്തശുദ്ധി വരുത്താന്‍. ദന്തശുദ്ധി വരുത്തേണ്ട സമയത്ത് കാമദേവനെയും വനസ്പതിയേയും മനസ്സില്‍ ധ്യാനിച്ചുവേണം ദന്തശുദ്ധി വരുത്താന്‍.

എണ്ണതേപ്പ്
➖➖➖➖➖➖➖➖➖
സ്നാനത്തിന്‍റെ ആദ്യപടി എണ്ണതേപ്പാണ്. എണ്ണതേച്ചുകുളി ആരോഗ്യത്തിന് ആവശ്യമായാണ് പഴമക്കാര്‍ കരുതുന്നത്. ഇത് ഇന്നും നിലനില്ക്കുന്ന ആചാരമാണ്. പണ്ട് മുതലേ തന്നെ എണ്ണതേപ്പിനു പ്രാധാന്യമുണ്ട്. ആദ്യം എണ്ണ പുരട്ടുന്നത് പാദങ്ങളിലായിരിക്കണം. വലത്കൈകൊണ്ട് ഇടതുകാലിലെ പാദത്തിലും, ഇടതുകൈകൊണ്ട് വലതുകാലിലെ പാദത്തിലും പുരട്ടണം. പിന്നെ മുകളിലോട്ടു പുരട്ടണം ഇരുന്നുകൊണ്ട് തലയിലും എണ്ണതേക്കണം. ഒടുവില്‍ മുഖത്തുപുരട്ടണം കിഴക്കോട്ടുനോക്കിയിരുന്നു വേണം രാവിലെ എണ്ണ തേയ്ക്കാന്‍

എണ്ണ എന്തിന് തേയ്ക്കണം?
➖➖➖➖➖➖➖➖➖
ശരീരത്തില്‍ പരിസരത്തുനിന്നും, കാറ്റുവഴിയായുമൊക്കെ പൊടി പിടിയ്ക്കാന്‍ സാധ്യതയുണ്ട്. തന്മൂലം ശരീരത്തില മാലിന്യമുണ്ടാകുന്നു. ആ മാലിന്യം രോമകൂപങ്ങളെ അടച്ച് ശുദ്ധവായു അകത്തുകടക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ശരീരത്തിലെ വിയര്‍പ്പ് വെളിയിലോട്ടു പോകാന്‍ സാധിക്കാതെ വരുന്നു. രോഗാണുക്കള്‍ രോമകൂപങ്ങളെ അടയ്ക്കുന്നു. എണ്ണ പുരട്ടി കുളിക്കുന്നതുമൂലം ശരീരത്തിലെ പുറമേയുള്ള മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നു. രോഗാണുക്കള്‍ നശിക്കുന്നു (പുറമേ) ത്വക്ക് ശുദ്ധമാകുന്നതോടെ ശരീരത്തില്‍ നിന്നും വിയര്‍പ്പു വഴിയുള്ള മാലിന്യങ്ങളും പുറംതള്ളപ്പെടുന്നു. കൂടാതെ ചര്‍മ്മം വരളുന്നതം തടയപ്പെടുന്നു. ചര്‍മ്മത്തിന് മിനുസമുണ്ടാകുന്നു. എണ്ണതേച്ചുകുളിക്കുന്നതുകൊണ്ട് ശരീരത്തിന് ആകെ ഒരു സുഖം തോന്നും. ഇതിനൊക്കെ ഉപരിയായ് മറ്റൊരു ഗുണം കൂടിയുണ്ട്. എള്ള് ഔഷധഗുണമുള്ളതാണ്. സാധാരണ എള്ളെണ്ണയാണ് തേയ്ക്കാന്‍ ഉപയോഗിക്കുന്നത്. എള്ളെണ്ണ ശരീരം മുഴുവന്‍ പുരട്ടുമ്പോള്‍ അതിലെ ഔഷധഗുണം ശരീരത്തില്‍ വ്യാപിക്കും. അപ്പോള്‍ ത്വക്കിനെ ബാധിക്കുന്ന രോഗാണുക്കള്‍ വായുകിട്ടാതെ നശിച്ചുപോകുന്നു. അങ്ങനെ രോഗപ്രതിരോധം സാധിക്കുന്നു.

കുളി രാവിലെ തന്നെ വേണമോ?
➖➖➖➖➖➖➖➖➖
കുളി രാവിലെതന്നെ വേണമെന്നും പഴമക്കാര്‍ ശഠിച്ചിരുന്നു. എന്തെന്നാല്‍ പ്രാതഃസ്നാനം ബുദ്ധിവിശേഷം മഹൗഷധം എന്നാണ്, രാവിലെയുള്ള കുളി ഒരൗഷധം കൂടിയാണ്. അത് ബുദ്ധിവികാസത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഓര്‍മ്മശക്തി കൂടുന്നു. വിവേചനാശക്തിയും, ആലോചനാശക്തിയും വര്‍ദ്ധിക്കുന്നു.
പിന്നെ എണ്ണതേച്ച് മുങ്ങികുളിച്ച് ഈറനുടുത്തൊരു നില്പ്, നടപ്പ് എത്രസുഖമാണെന്നോ അത്. അനുഭവിച്ചു തന്നെ അറിയണം. ആ സമയത്തെ ഉന്മേഷം, ഉണര്‍വ്വ് ഒക്കെ ഒന്നു വേറെതന്നെയാണ്.

തീനിപ്പാതികുളി എന്നാണ് പൂര്‍വ്വികര്‍ പറഞ്ഞിരുന്നത്. ഭക്ഷണം മാത്രം കഴിച്ചതുകൊണ്ട് ശരിയായ ആരോഗ്യമാവില്ല. കുളി മനുഷ്യന് അത്യന്താപേക്ഷിതമാണ്. എണ്ണതേപ്പും കുളിയും ശരീരത്തിന് ഭക്ഷണം പോലെ തന്നെ ആവശ്യമാണ്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനും ഒരു പരിധിവരെ രോഗത്തെ തടയാനും കുളി ഉപകരിക്കുന്നു. വര്‍ഷകാലത്തും മഞ്ഞുകാലത്തും പ്രാതഃസ്നാനം തന്നെയാണ് നല്ലത്. ചൂടുവെള്ളം രക്തധമനികളെ വികസിപ്പിച്ച് ചൂട് പുറത്തുകളയുന്നതിനാല്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുനന്നല്ല. അതിനാല്‍ പഴമക്കാര്‍ തണുത്ത വെള്ളത്തില്‍ തന്നെ കുളിച്ചിരുന്നു. രോഗികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും, വൃദ്ധര്‍ക്കും ആവശ്യമെങ്കില്‍ ചൂടുവെള്ളത്തില്‍ തന്നെ കുളിവിധിച്ചിരുന്നു.

No comments:

Post a Comment