ഭൗതികയിൽ നിന്ന് ആത്മീയതയിലേക്ക്
ജീവിതത്തിൽ നാം ഭൗതികമോ ആത്മീയമോ ആയ ശക്തികളെ കുറിച്ച് ചിന്തിച്ച് ശീലിച്ചിട്ടുണ്ട്. ഭൗതികശക്തിയിൽ നിന്ന് ആത്മീയ ശക്തിയിലേക്ക് നമ്മുടെ ചിന്തകളെ മാറ്റുന്നതെങ്ങനെ? ഭൗതികശക്തി കൊണ്ട് നമ്മുടെ ചിന്തകളെ പൂരിതമാക്കാൻ വർത്തമാനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, നോവലുകൾ തുടങ്ങി നിരവധി സാഹിത്യരൂപങ്ങളുണ്ട്. ഇങ്ങനെയുള്ള സാഹിത്യവിഷയങ്ങളിൽ ലയിച്ചിരിക്കുന്ന നമ്മുടെ ചിന്തയെ വേദസാഹിത്യത്തിലേക്ക് മാറ്റി ക്കൊണ്ടു പോകണം. മഹർഷിമാർ പുരാണങ്ങളെപ്പോലെ നിരവധി വേദസാഹിത്യകൃതികൾ രചിച്ചിട്ടുണ്ട്. പുരാണങ്ങൾ സാങ്കല്പികമല്ല. അവ ചരിത്രരേഖകളാണ്. ചൈതന്യചരിതാമൃതത്തിൽ (മധ്യ. 20.12) താഴെ കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്,
മായാമുഗ്ധ ജീവേരനാഹി സ്വതഃ കൃഷ്ണജ്ഞാന
ജീവേരേ കൃപായാ കൈലാ കൃഷ്ണ വേദപുരാണ
വിസ്മൃതിയിലാണ്ട ജീവസത്തകൾ അല്ലെങ്കിൽ ബദ്ധാത്മാക്കൾ പരമപുരുഷനുമായുള്ള അവരുടെ ബന്ധം മറന്ന് ഭൗതികവൃത്തികളെപ്പറ്റിയുള്ള ചിന്തകളിൽ മുഴുകിയിരിക്കുന്നു. ഇങ്ങനെയുള്ളവരുടെ ചിന്താശക്തിയെ ആത്മീയാകാശത്തിലേക്കു മാറ്റാൻ കൃഷ്ണദ്വൈപായന വ്യാസൻ അസംഖ്യം വേദസാഹിത്യകൃതികൾ നൽകിയിട്ടുണ്ട്. ആദ്യം അദ്ദേഹം വേദങ്ങളെ നാലായി തിരിച്ചു. പിന്നീട് അവയെ പുരാണങ്ങളിലൂടെ വിവരിച്ചു. പിന്നീട്
മഹാഭാരതമെഴുതി. മഹാഭാരതത്തിൽ ഭഗവദ്ഗീത കൊടുത്തിട്ടുണ്ട്. അതിനുശേഷം എല്ലാവിധ സാഹിത്യരൂപങ്ങളേയും വേദാന്തസൂത്രത്തിൽ സംക്ഷേപിച്ചു. പിന്നീട് ഭാവി മാർഗനിർദ്ദേശങ്ങൾക്കുവേണ്ടി വേദാന്തസൂത്രങ്ങളുടെ നൈസർഗിക ഭാഷ്യത്തെ ശ്രീമദ് ഭാഗവതമെന്ന പേരിൽ പ്രദാനംചെയ്തു. നാം നമ്മുടെ മനസ്സിനെ ഈ വേദസാഹിത്യപാരായണത്തിൽ വ്യാപ്യതമാക്കണം. ഭൗതികതാവാദികൾ മനസ്സിനെ വർത്തമാനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മറ്റു ഭൗതികസാഹിത്യങ്ങൾ, ഇവയുടെ പാരായണത്തിൽ വ്യാപ്യതമാക്കുന്നതുപോലെ നാം നമ്മുടെ വായനയെ വ്യാസദേവദത്തമായ ഇത്തരം സാഹിത്യകൃതികളിലേക്ക് മാറ്റണം. അങ്ങനെ ആയാൽ നമുക്ക് മരണ സമയത്ത് പരമപുരുഷനെ സ്മരിക്കാൻ സാദ്ധ്യമാകും. ഭഗവാൻ നിർദ്ദേശിക്കുന്ന ഒരേയൊരു വഴി ഇതത്രേ. ഫലവും അദ്ദേഹം ഉറപ്പു തരുന്നു, 'സംശയമില്ല'’.
No comments:
Post a Comment