ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2018

അനാദിയായ അറിവ്

അനാദിയായ അറിവ്

ഭാരതീയ ദര്‍ശനങ്ങള്‍ ലോകത്ത് ഇന്നും വളരെ ശ്രേഷ്ഠമായി നിലകൊള്ളുന്നു. ആറ് ആസ്തിക ദര്‍ശനങ്ങളാണ് ഇവയില്‍ ഏറ്റവും കേമം. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വ്വമീമാംസ. ഉത്തരമീമാംസ എന്നിവയാണവ. ഇതില്‍ നാം ഓരോരുത്തരെക്കുറിച്ചും നമുക്കുള്ള യഥാര്‍ത്ഥ അറിവാണ് ഉത്തരമീമാംസ അഥവാ വേദാന്തം. ഈ വേദാന്തജ്ഞാനത്തെ ഉപനിഷത്ത് എന്നും പറയുന്നു. അറിവിന്റെ ഏറ്റവും ഉയര്‍ന്നതലമാണ് ഉപനിഷത്തുകള്‍. നമ്മുടെ സംസ്‌കാരത്തിന്റെ പ്രമാണ ഗ്രന്ഥമായ വേദത്തിന്റെ ഏറ്റവും പ്രധാനവും ശ്രദ്ധേയവുമായ ഭാഗം. വേദം എന്നാല്‍ അറിവ് എന്നര്‍ത്ഥം. ആ അറിവിന്റെ അറ്റം അതാണ് വേദാന്തം. മനുഷ്യന് എത്തിപ്പിടിക്കാന്‍ സാധിച്ചതായ ഏറ്റവും വലിയ അറിവ്-ആദ്ധ്യാത്മികജ്ഞാനം. അവനവനെക്കുറിച്ച് അറിഞ്ഞാലേ മറ്റ് അറിവുകള്‍ക്കൊണ്ട് വാസ്തവത്തില്‍ പ്രയോജനമുള്ളൂ. വേദത്തെ പ്രമാണമാക്കുന്നവയാണ് ആസ്തികദര്‍ശനങ്ങള്‍. ഇവയില്‍ വേദാന്തത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്. വേദത്തിന് നാല് വിഭാഗങ്ങളാണ് ഉള്ളത്. സംഹിത (മന്ത്രം), ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്. മനുഷ്യായുസ്സ് 100 വയസ്സ് എന്ന കണക്കനുസരിച്ച് 25 വയസ്സ് വീതമുള്ള നാല് ആശ്രമങ്ങളാക്കി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം. ബ്രഹ്മചര്യാശ്രമത്തില്‍ മന്ത്രഭാഗമായ സംഹിതയെ സ്വായത്തമാക്കി ഗൃഹസ്ഥാശ്രമത്തില്‍ കര്‍മ്മപരമായ ബ്രാഹ്മണത്തെ അനുഷ്ഠിച്ച് വാനപ്രസ്ഥത്തില്‍ ഉപാസനാ പ്രധാനമായ ആരണ്യകത്തിലൂടെ സന്ന്യാസാശ്രമത്തില്‍ പ്രവേശിച്ച് ജ്ഞാനരൂപമായ ഉപനിഷത്തിലെത്തി മുക്തിയെ നേടുന്നു. യാഗാദികള്‍ക്കുമന്ത്രങ്ങളും സ്തുതികളുമാണ് സംഹിത. യാഗരീതി, നിയമങ്ങള്‍, യാഗസാമഗ്രികള്‍ തുടങ്ങിയവ ബ്രാഹ്മണം. വാനപ്രസ്ഥത്തില്‍ ചെയ്യേണ്ട ഉപാസനാ സമ്പ്രദായമാണ് ആരണ്യകം. ആദ്ധ്യാത്മിക ജ്ഞാനമാണ് ഉപനിഷത്ത്. ഈ ലോകത്തും പരലോകത്തും ഇഷ്ടത്തെ നേടാനും അനിഷ്ടത്തെ പരിഹരിക്കാനും അലൗകികമായതുള്‍പ്പെടെ നേടാനുള്ളതുമായ ഉപായങ്ങളെയാണ് വേദഗ്രന്ഥങ്ങള്‍ വെളിപ്പെടുത്തുന്നത്. വിദ്യതേ അനേന ഇതി വേദഃ- ഇതിനാല്‍ അറിയപ്പെടുന്നതുകൊണ്ട് വേദം. വേദോ ഖിലം ധര്‍മ്മമൂലം- വേദമാണ് എല്ലാ അറിവിന്റെയും ധര്‍മത്തിന്റെയും മൂലമായിരിക്കുന്നത്. വേദം (വേദാന്തം)അപൗരുഷേയമാണ്; എന്ന് പറഞ്ഞാല്‍ അത് മനുഷ്യനിര്‍മിതമല്ല എന്നര്‍ത്ഥം. മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലൂടെ വെളിപ്പെട്ടവയാണ്. വേദ-വേദാന്ത മന്ത്രങ്ങളെ ആരും തന്റേത് എന്ന് അവകാശപ്പെട്ടിട്ടില്ല. അറിവ് അവരിലൂടെ വെളിപ്പെട്ടുവെന്ന് മാത്രം. ആ പരമമായ അന്തവും അനാദിയുമായ അറിവാണ് ഉപനിഷത്തിന്റെ വിഷയം. ചരിത്രകാരന്മാര്‍ പറയുംപോലെ അതിന്റെ ഒരു നിശ്ചിതകാലഘട്ടത്തിലേത് എന്ന് പറഞ്ഞ് ഒതുക്കാനാകാത്തതാണ്. അറിവിനെ നേടുന്നതിനു പകരം കാലംതിരിച്ച് ആരുടെതെന്നു ചോദിച്ച് കുറ്റിയടിച്ച് കെട്ടാനാണ് കുറച്ചുകാലങ്ങളായി ചിലരുടെ ശ്രമം. ഉപനിഷത്ത് ഋഷിമാരെല്ലാം ഈ അറിവിനെ സാക്ഷാത്കരിച്ചവരാണ്. വേദത്തിന് കര്‍മ്മകാണ്ഡം, ഉപാസനാ കാണ്ഡം, ജ്ഞാനകാണ്ഡം എന്നിങ്ങനെ തരംതിരിവുണ്ട്. ഉപനിഷത്ത് ജ്ഞാനകാണ്ഡത്തില്‍ വരുന്നതാണ്. വേദത്തിന്റെ സിംഹഭാഗവും കര്‍മ്മ, ഉപാസന കാണ്ഡങ്ങളെക്കൊണ്ട് നിറഞ്ഞതാണ്. എന്നാല്‍ വേദാന്ത ജ്ഞാനവും ഉപനിഷത്തും മന്ത്ര-ബ്രാഹ്മണ, ആരണ്യക ഭാഗങ്ങളിലും കാണാം. വേദ ഗ്രന്ഥങ്ങളുടെ അവസാന താളുകളില്‍ വരുന്നതുകൊണ്ടല്ല മറിച്ച് അറിവിന്റെ ഉന്നതിയില്‍ നില്‍ക്കുന്നതിനാലാണ് ഉപനിഷത്തിനെ വേദാന്തം എന്നുവിളിക്കുന്നത്. ഉപനിഷത് ജ്ഞാനത്തിലൂടെ നമുക്ക് ലഭിക്കുന്നത് ആത്യന്തികമായ ദുഃഖനിവൃത്തിയും പരമാനന്ദ പദപ്രാപ്തിയുമാണ്. അറിവ് ആര്‍ജ്ജിക്കുന്നതിലൂടെ അത് അനുഭവമാകുന്നതിലൂടെ എല്ലാ ദുഃഖങ്ങള്‍ക്കും അവസാനമാകും ഒപ്പം തന്നെ പരമമായ ആനന്ദത്തെ നേടാനും കഴിയുന്നു. ഋക്, യജുസ്, സാമ, അഥര്‍വം എന്നീ നാലുവേദങ്ങളിലുമായി 1180 ഉപനിഷത്തുകളുണ്ട്. ഇത്രയും വേദശാഖകളിലായി ഓരോന്നിലും ഓരോ ഉപനിഷത് എന്ന കണക്കില്‍. മുക്തികോപനിഷത്താണ് ഈ കണക്കിന് ആധാരം. 200 ല്‍പ്പരം ഉപനിഷത്തുകള്‍ പ്രചാരത്തിലുണ്ട്. 108 ഉപനിഷത്തുകള്‍ ഉള്‍പ്പെടുത്തിയ മലയാള പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പത്ത് ഉപനിഷദ് ഗ്രന്ഥങ്ങളാണ് വളരെയധികം പ്രചാരം നേടിയിട്ടുള്ളത്. ഇവയെ ദശോപനിഷത്തുകള്‍ എന്ന് വിളിക്കുന്നു. ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികള്‍ ഇവയ്ക്ക് ഭാഷ്യം (സംസ്‌കൃതത്തിലുള്ള ആശയ വിശദീകരണം) രചിച്ചിട്ടുണ്ട് എന്നുള്ളതാണ് ഇവയ്ക്ക് പ്രാധാന്യം കൈവരാന്‍ കാരണം. ''ഈശ കേന കഠ പ്രശ്‌നമുണ്ഡ മാണ്ഡൂക്യ തിത്തരിഃ ഐതരേയംച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ'' ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത് (കാഠകോപനിഷത്ത്, കഥോപനിഷത്ത്), പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, ഐതരേയ ഉപനിഷത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് പത്ത് ഉപനിഷത്തുക്കള്‍. ഉപനിഷദ് എന്ന വാക്കിന്റെ അര്‍ത്ഥം ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കുക എന്നാണ്. വളരെ വിനയത്തോടെ താഴ്മയോടെ ഗുരുവില്‍നിന്നും നേടിയെടുക്കേണ്ടതാണ് ഈ അറിവ്. 'ഉപ' എന്നാല്‍ അടുത്ത് നിഷദ് എന്നാല്‍ ഇരിക്കുക എന്നുമാണ് താല്‍പ്പര്യം. ഉപ+നി+സദ് ഇവ ചേരുമ്പോള്‍ ഉപനിഷത്തായി. 'സദ്' എന്ന ധാതുവിന് വിശരണം (നശിപ്പിക്കുക), ഗതി (പ്രാപിക്കുക), അവസാദനം(ക്ഷീണിപ്പിക്കുക) എന്നാണ് അര്‍ത്ഥം കല്‍പ്പിച്ചിട്ടുള്ളത്. ഉപനിഷത്ത് പഠനത്തിലൂടെ അറിവില്ലായ്മ (അജ്ഞാനം)നീങ്ങുന്നു അല്ലെങ്കില്‍ നശിക്കുന്നു. ബ്രഹ്മപദ പ്രാപ്തിയെ നല്‍കുന്നു. ജന്മം, ജര എന്നിവയെ ശിഥിലമാക്കി ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. മുഖ്യമായ അര്‍ത്ഥത്തില്‍ ഉപനിഷത്ത് എന്നത് അറിവിനേയും മറ്റൊര്‍ത്ഥത്തില്‍ ഗ്രന്ഥങ്ങളേയും സൂചിപ്പിക്കുന്നു. അവനവനെക്കുറിച്ചുള്ള അറിവാണ് ഉപനിഷത്തില്‍ പറയുന്നത്. ഇതുതന്നെ പരമാത്മാവിനെക്കുറിച്ചുള്ളതും. ഞാന്‍ ആര്? എന്തിന് വന്നു? എവിടെ നിന്ന്? എവിടേക്ക് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഉപനിഷത്ത് തരുന്നു. എങ്ങും നിറഞ്ഞ ഏകമായ പരമാത്മാവിനെക്കുറിച്ചറിയാനും അതുതന്നെയാണ് നമ്മളോരോരുത്തരും എന്ന് അറിയാനും അനുഭവമാകാനും ഉപനിഷത്ത് പഠനംകൊണ്ട് സാധിക്കുന്നു. ഏതൊന്നറിഞ്ഞാലാണോ പിന്നെ മറ്റൊന്നും അറിയേണ്ടാത്തത് ആ അറിവാണ് ഉപനിഷത്തില്‍. തിരിച്ചുവരവില്ലാത്ത പരമപദത്തെയാണ് വേദാന്തവിദ്യയിലൂടെ നാം നേടുന്നത്. ഗുരു-ശിഷ്യ പരമ്പരയായാണ് ഈ അറിവിനെ പകര്‍ന്നുവന്നിട്ടുള്ളത്.

No comments:

Post a Comment