ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 September 2018

നാഗമാഹാത്മ്യം

നാഗമാഹാത്മ്യം

സത്യയുഗത്തില്‍ ദക്ഷപ്രജാപതിയുടെ പുത്രിമാരായിരുന്നു കദ്രുവും വിനതയും. ദക്ഷന്‍ ഇവരെ കശ്യപ്രജാപതിക്ക് വിവാഹം കഴിച്ചു കൊടുത്തു. ഒരിക്കല്‍ കശ്യപ്രജാപതി തന്‍റെ ഭാര്യമാരായ കദ്രുവിനോടും വിനതയോടും തങ്ങള്‍ക്കിഷ്ടപ്പെട്ട വരം ആവശ്യപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. ഉഗ്രപ്രതാപികളായ ആയിരം നാഗങ്ങള്‍ തനിക്ക് പുത്രന്മാരായി ജനിക്കണമെന്ന വരം കദ്രു ആവശ്യപ്പെട്ടു. വിനതയാകട്ടെ കദ്രുവിന്‍റെ ആയിരം മക്കളേക്കാള്‍ ശ്രേഷ്ഠന്മാരായ രണ്ടു പുത്രന്മാര്‍ തനിക്ക് ജനിക്കണമെന്ന വരവും ആവശ്യപ്പെട്ടു. ഭാര്യമാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കിയ ശേഷം കശ്യപന്‍ നീണ്ട തപസ്സിനായി പോവുകയും ചെയ്തു.

നാഗങ്ങളുടെ ജനനത്തെപ്പറ്റിയുള്ള കഥ മഹാഭാരതം ആദിപര്‍വ്വം 105-ാം അദ്ധ്യായം 4-ാം പദ്യത്തില്‍ കാണുന്നുണ്ട്. അതിപ്രകാരമാണ്. കശ്യപന്‍റെ വരപ്രസാദത്തില്‍ കദ്രു ആയിരം മുട്ടകളെയും വിനത രണ്ടു മുട്ടകളെയും പ്രസവിച്ചു. ദാസിമാര്‍ മുട്ടകള്‍ വിരിയിക്കുവാനായി ഇളം ചൂടുള്ള പുല്‍ക്കുടകളില്‍ സൂക്ഷിച്ചു വച്ചു. കദ്രുവിന്‍റെ മുട്ടകള്‍ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ പുറത്തുവന്നു. എന്നാല്‍ വിനതയുടെ മുട്ടകള്‍ വിരിഞ്ഞില്ല. ക്ഷമ നശിച്ച വിനത ഒരു മുട്ടയെടുത്ത് ഉടച്ചു നോക്കി. മുട്ടയ്ക്കുള്ളില്‍ പകുതി ശരീരം മാത്രം രൂപപ്പെട്ട അവസ്ഥയില്‍ ഒരു കുഞ്ഞിനെ കണ്ടു. മുട്ടയ്ക്കുള്ളിലിരുന്ന് ആ ശിശു കോപത്തോടെ മാതാവിനെ ശപിച്ചു. കദ്രുവിനോടുള്ള അസൂയ കൊണ്ടല്ലേ മാതാവ് ഈ ദുഷ്കൃതം ചെയ്തത്, അതിനാല്‍ ഭാവിയില്‍ മാതാവിന് അഞ്ഞൂറ് വര്‍ഷം അവര്‍ക്ക് ദാസിയായി കഴിയേണ്ടി വരുംڈ. ദയവായി മാതാവ് ശേഷിക്കുന്ന മുട്ട പൊട്ടിച്ച് എന്‍റെ സഹോദരനെ വികലാംഗനാക്കരുത്. ആ പുത്രന്‍ മാതാവിനെ ദാസ്യത്തില്‍ നിന്നും മോചിപ്പിക്കും. ഇപ്രകാരം ശാപമുക്തിക്ക് മാര്‍ഗ്ഗവും ഉപദേശിച്ച ശേഷം അപ്രത്യക്ഷനായ ആ ശിശു സൂര്യന്‍റെ തേരാളിയായ അരുണന്‍ എന്ന പേരില്‍ അറിയപ്പെട്ടതായി മഹാഭാരതം ആദിപര്‍വ്വം 16-ാം അദ്ധ്യായത്തില്‍ കാണുന്നു.

ഒരു ദിവസം കദ്രുവും വിനതയും തമ്മില്‍ ഒരു പന്തയത്തില്‍ ഏര്‍പ്പെട്ടു. ഇന്ദ്രന്‍റെ കുതിരയായ ഉച്ചൈശ്രവസ്സിന്‍റെ വാല്‍ കറുത്തതാണെന്ന് കദ്രുവും അതല്ല കുതിരയുടെ വാല്‍ വെളുത്തതാണെന്ന് വിനതയും വാദിച്ചു. കുതിരയുടെ വാല്‍ കറുത്തതാണെന്നു തെളിഞ്ഞാല്‍ വിനത കദ്രുവിന് ദാസിയായി കഴിയണമെന്നതായിരുന്നു വ്യവസ്ഥ. വിനത അത് സമ്മതിച്ചു.
സ്വതവേ വെളുത്ത വാലുള്ള ഇന്ദ്രന്‍റെ കുതിരയുടെ വാലില്‍ തന്‍റെ മക്കളായ കറുത്ത നാഗങ്ങള്‍ കടിച്ചു തൂങ്ങിക്കിടന്ന് വാല്‍ കറുത്തതാണെന്ന് തോന്നിപ്പിക്കണമെന്ന് കദ്രു മക്കളായ നാഗങ്ങളോടാവശ്യപ്പെട്ടു. എന്നാല്‍ മക്കളില്‍ വാസുകിയും മറ്റു ചിലരും അമ്മയുടെ ആജ്ഞ അനുസരിക്കാന്‍ വിസമ്മതിച്ചു. കോപിഷ്ഠയായ കദ്രു അവര്‍ അഗ്നിയില്‍ വീണു മരിക്കാന്‍ ഇടയാകട്ടെ എന്ന് ശപിച്ചതായി മഹാഭാരതം ആദിപര്‍വ്വം ഇരുപതാം അദ്ധ്യായത്തില്‍ കാണുന്നു.
അമ്മയുടെ ആജ്ഞയനുസരിച്ച് ചില കറുത്ത നാഗങ്ങള്‍ കുതിരയുടെ വാലില്‍ കടിച്ചു തൂങ്ങി കിടന്നുകൊണ്ട് വാല്‍ കറുത്തതാണെന്ന് തോന്നിപ്പിച്ചു. അങ്ങിനെ പന്തയത്തില്‍ തോറ്റ വിനത കദ്രുവിന്‍റെ ദാസിയായി ജീവിച്ചു.
നാനൂറിലധികം വര്‍ഷങ്ങള്‍ക്കുശേഷം വിനതയുടെ മുട്ട വിരിഞ്ഞ് അതീവ തേജസ്വിയായ ഒരു പുത്രന്‍ പുറത്തുവന്നു. പില്‍ക്കാലത്ത് ഈ പുത്രന്‍ ഗരുഡന്‍ എന്ന നാമത്തില്‍ അറിയപ്പെട്ടതായി മഹാഭാരതം ആദിപര്‍വ്വം 23-ാം അദ്ധ്യായത്തില്‍ പറയുന്നു. ആ പുത്രന്‍ മാതാവിനെ ആശ്വസിപ്പിച്ചു.

ഞാന്‍ മാതാവിനെ ദാസ്യവൃത്തിയില്‍ നിന്നും മോചിപ്പിക്കും. അതിനായി ഗരുഡന്‍ കദ്രു പുത്രന്മാരായ സഹോദരന്മാരെ കണ്ട് മാതാവിന്‍റെ മോചനത്തിനായി അപേക്ഷിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ദേവന്‍മാരുടെ കൈവശമുള്ള അമൃത് കൊണ്ടുവന്നു നല്‍കിയാല്‍ മാത്രമേ ഗരുഡന്‍റെ മാതാവിനെ ദാസ്യത്തില്‍ നിന്നും മോചിപ്പിക്കുകയുള്ളൂ എന്ന് അവര്‍ ഗരുഡനോട് പറഞ്ഞു.
ഗരുഡന് ദേവലോകത്ത് നിന്നും അമൃത് കൊണ്ടുവരികയെന്നത് അസാദ്ധ്യമാണെന്നാണ് കദ്രു പുത്രന്മാര്‍ കരുതിയത്. അമൃത് തേടി യാത്രയായ ഗരുഡന്‍ യാത്രാമദ്ധ്യേ പരസ്പരം കലഹിക്കുന്ന ഒരു ആമയേയും ആനയേയും കണ്ടു. വിശപ്പ് അനുഭവപ്പെട്ട ഗരുഡന്‍ ആ ആമയേയും ആനയേയും കൊത്തിയെടുത്തുകൊണ്ട് പറന്നു. ഇരിക്കാന്‍ ഒരിടം തേടി അലയുമ്പോള്‍ ഉന്നതമായ ഒരു വൃക്ഷം കണ്ടു നൂറുയോജന വിസ്താരമുള്ള തന്‍റെ കൊമ്പിലിരുന്ന് ആമയേയും ആനയേയും ഭക്ഷിച്ചുകൊള്ളുവാന്‍ വൃക്ഷം ഗരുഡന് അനുവാദം നല്‍കി. എന്നാല്‍ ഗരുഡന്‍റെ ഭാരം താങ്ങാനാവാതെ വൃക്ഷത്തിന്‍റെ കൊമ്പൊടിഞ്ഞു. അതേ വൃക്ഷക്കൊമ്പില്‍ ബാലഖില്യന്മാര്‍ എന്ന രണ്ടു ഋഷികള്‍ തലകീഴായി തൂങ്ങിക്കിടന്ന് തപസ്സു ചെയ്യുന്നത് ഗരുഡന്‍ കണ്ടു. മഹര്‍ഷിമാരുടെ തപസ്സിനു ഭംഗമുണ്ടാകാതിരിക്കുവാന്‍ ഗരുഡന്‍ ആമയേയും ആനയേയും ഒപ്പം വൃക്ഷകൊമ്പും കൊത്തിയെടുത്തുകൊണ്ട് പറന്നു. ഗരുഡന്‍റെ പ്രവൃത്തി കണ്ട് വിസ്മയിച്ച ആ മുനിമാര്‍ ആ പക്ഷി ശ്രേഷ്ഠന് ഗരുഡന്‍ എന്ന നാമം നല്‍കി. ഗരുഡന്‍ ഇന്ദ്രലോകത്ത് ചെന്ന് ഇന്ദ്രനെ തോല്‍പ്പിച്ച് അമൃത് കൊണ്ടുവന്ന് കദ്രു പുത്രന്മാര്‍ക്ക് നല്‍കി മാതാവായ വിനതയെ കദ്രുവിന്‍റെ ദാസ്യത്തില്‍ നിന്നും മോചിപ്പിച്ചു.
ഉച്ചൈശ്രവസ്സിന്‍റെ വാലില്‍ കടിച്ചു കിടക്കാന്‍ വിസമ്മതിച്ച നാഗങ്ങള്‍ക്ക് കദ്രുവിന്‍റെ ശാപം ഫലിക്കുകയും അവരെല്ലാം പരീക്ഷിത്തിന്‍റെ പുത്രനായ ജനമേജയന്‍ നടത്തിയ സര്‍പ്പസത്ര ഹോമാഗ്നിയില്‍ വീണു വെന്തു ചാവുകയും ചെയ്തു. അമ്മയുടെ ശാപത്തില്‍ നിന്നും രക്ഷ നേടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മക്കളായ വാസുകി, തക്ഷകന്‍ എന്നിവര്‍ മറ്റ് സഹോദരന്മാരുമായി ആലോചിച്ചു. അവര്‍ പിതാവായ കശ്യപ മുനിയെ കണ്ടു സങ്കടം പറഞ്ഞു. പിതാവ് അവരെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: പാപികളും ദുഷ്കൃതം ചെയ്തവരുമായ നാഗങ്ങള്‍ മാത്രമേ മാതൃശാപം മൂലം അഗ്നിയില്‍ വീണു മരിക്കുകയുള്ളൂ. നാഗങ്ങള്‍ ഈ ഭൂമിയുടെ അധിപതികളാണ്. ജനമേജയന്‍ നടത്തുന്ന സര്‍പ്പസത്രം ആസ്തികന്‍ എന്ന ബ്രാഹ്മണകുമാരന്‍ മുടക്കും അതിനാല്‍ നിങ്ങള്‍ക്ക് ആപത്ത് സംഭവിക്കുകയില്ല. പിതാവിന്‍റെ വാക്കുകള്‍ നാഗങ്ങള്‍ക്ക് ആശ്വാസമേകി.
ജനമേജയന്‍റെ സര്‍പ്പയജ്ഞ ശാലയില്‍ ആയിരക്കണക്കിന് ദുഷ്ടനാഗങ്ങള്‍ വീണ് വെന്തു മരിച്ചു. തന്‍രെ പിതാവായ പരീക്ഷിത്ത് രാജാവിനെ മുനിശ്ശാപം മൂലം തക്ഷകനാഗം ദംശിച്ചു കൊന്നതിന്‍റെ പ്രതികാരമായിട്ടാണ് പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തിയത്. തന്‍റെ പിതാവിന്‍റെ ഘാതകനായ തക്ഷകനെ അഗ്നിയിലേയ്ക്ക് ആവാഹിക്കുവാന്‍ ഋത്വിക്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ സമയം യജ്ഞശാലയിലെത്തിയ ആസ്തികന്‍ അനവധി സ്തുതി ഗീതങ്ങള്‍ പാടി ജനമേജയ രാജാവിനെ സന്തോഷിപ്പിച്ചു. ഇതില്‍ സംപ്രീതനായ ജനമേജയന്‍ ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുവാന്‍ ആസ്തികനോടാവശ്യപ്പെട്ടു. അതുപ്രകാരം സര്‍പ്പസത്രയാഗം ഇപ്പോള്‍ തന്നെ നിര്‍ത്തണം എന്ന വരം ആസ്തികന്‍ ആവശ്യപ്പെട്ടു. അങ്ങിനെ ജനമേജയ രാജാവ് സര്‍പ്പസത്ര യാഗം നിര്‍ത്തിവയ്ക്കുകയും തക്ഷകനും മറ്റു നാഗങ്ങളും രക്ഷ പ്രാപിക്കുകയും ചെയ്തു.
ആസ്തികന്‍റെ പ്രവൃത്തിയില്‍ സന്തോഷിച്ച നാഗദേവതകള്‍ ആസ്തികനോട് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. വിനയാന്വിതനായി ആസ്തികന്‍ പറഞ്ഞു: ഈ കഥ കേള്‍ക്കുകയും പറയുകയും ഓര്‍മ്മിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും നാഗദോഷത്തില്‍ നിന്നും മുക്തി ലഭിക്കണം. കൂടാതെ ഞാന്‍ നല്‍കുന്ന മന്ത്രങ്ങളില്‍ ഒന്നു ജപിച്ചാല്‍ പോലും നാഗകോപം ഇല്ലാതെയായി അവര്‍ക്ക് നാഗങ്ങളുടെ അനുഗ്രഹം ലഭിയ്ക്കണം. ആസ്തികന് ഇഷ്ടവരങ്ങള്‍ നല്‍കി അനുഗ്രഹിച്ച് നാഗങ്ങള്‍ പാതാള ലോകത്തിലേയ്ക്ക് മടങ്ങി.

അനന്തന്‍
➖➖➖➖➖➖➖➖➖
നാഗദേവതകളില്‍ ശ്രേഷ്ഠനായ അനന്തന്‍റെ മഹത്വത്തെപ്പറ്റി വിഷ്ണു പുരാണത്തില്‍ പറയുന്നത് ഇപ്രകാരമാണ്. പാതാളത്തിന്‍റെ അന്തര്‍ഭാഗത്ത് വിഷ്ണുവിന്‍റെ തമോഗുണ സ്വരൂപമായ ഒരു ശരീരമുണ്ട്. അതിന്‍റെ ഗുണങ്ങളെ വര്‍ണ്ണിക്കുവാന്‍ ആരാലും സാദ്ധ്യമല്ല. ദേവന്‍മാരും ഋഷിവര്യന്മാരും പൂജിക്കുന്ന ആ ദേവനെ സിദ്ധന്മാര്‍ അനന്തന്‍ എന്ന് പുകഴ്ത്തി പറയുന്നു. അനന്തന് ആയിരം ശിരസ്സുകളുണ്ട്. സ്പഷ്ടമായി കാണാവുന്ന സ്വസ്തിക ചിഹ്നം അനന്തന്‍റെ ശിരസ്സിനെ ശോഭിപ്പിക്കുന്നു. ഓരോ ശിരസ്സിലും കാണുന്ന അമൂല്യ രത്നങ്ങള്‍ നാലു ദിക്കുകളേയും പ്രകാശിപ്പിക്കുന്നു. ലോക നന്മയ്ക്കായി അനന്തമൂര്‍ത്തി അസുരന്മാരെയെല്ലാം നിഷ്ക്രിയകളോടു കൂടിയവനും മദോന്മത്തനും നീല വസ്ത്രമണിഞ്ഞവനും വെളുത്ത രത്നഹാരം ധരിച്ചിരിക്കുന്നവനുമായ അനന്തന്‍ മേഘമാല ചാര്‍ത്തിയതും ഗംഗാ പ്രവാഹത്താല്‍ അലങ്കരിച്ചതുമായ മറ്റൊരു കൈലാസ പര്‍വ്വതത്തെപ്പോലെ ശോഭിക്കുന്നു. ഒരു കൈയില്‍ കലപ്പയും മറ്റൊരു കയ്യില്‍ ഇരുമ്പുലക്കയും ധരിച്ചിരിക്കുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു. കല്‍പ്പാന്ത കാലത്ത് സങ്കര്‍ഷണ മൂര്‍ത്തിയായ രുദ്രന്‍, അനന്തനിലൂടെ വിഷാഗ്നി ജ്വാലയായി ആവിര്‍ഭവിച്ച് മൂന്നു ലോകങ്ങളെയും സംഹരിക്കുന്നു. സകല ദേവന്മാരും പൂജിക്കുന്ന ആ ആദിശേഷന്‍ ഭൂമണ്ഡലത്തെ ഒരു കിരീടം പോലെ ശിരസ്സില്‍ ധരിച്ചു കൊണ്ട് സ്ഥിതി ചെയ്യുന്നു. അനന്തന്‍റെ ബലം, പ്രതാപം, സ്വരൂപം, ആകൃതി എന്നിവ വര്‍ണ്ണിക്കുവാനോ അവ മനസ്സിലാക്കുവാനോ ദേവന്‍മാര്‍ക്കു പോലും സാദ്ധ്യമല്ല.

അനന്തന്‍റെ വാസസ്ഥലമായ പാതാളത്തെപ്പറ്റി ചില വിവരങ്ങള്‍ ദേവീ ഭാഗവതം അഷ്ഠമ സ്കന്ദത്തില്‍ കാണുന്നു. പാതാളത്തിന്‍റെ മൂല സ്ഥാനത്ത് അനന്ത എന്ന പേരോടു കൂടിയ ഒരു സ്ഥലമുണ്ട്. ഇതിന് മുപ്പതിനായിരം യോജന വിസ്താരമുണ്ട്. അനന്തന് സങ്കര്‍ഷണന്‍ എന്നു കൂടി പേരുണ്ട്. മറ്റുള്ള നാഗശ്രേഷ്ഠന്‍മാര്‍ ഭക്തിയോടു കൂടി അനന്തന്‍റെ പാദങ്ങളില്‍ സാഷ്ടാംഗ പ്രണാമം ചെയ്തു കൊണ്ട് വര്‍ത്തിക്കുന്നു.

പാലാഴിമഥനം
➖➖➖➖➖➖➖➖➖
കശ്യപ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ചവരാണ് വാസുകിയെന്ന നാഗശ്രേഷ്ഠന്‍. പാലാഴി കടഞ്ഞ് അമൃത് നേടുന്നതിനു വേണ്ടി മഹാമേരു പര്‍വ്വതത്തെ കടകോലായും വാസുകിയെ കയറാക്കിയും സമുദ്രം കടഞ്ഞതിന്‍റെ കാരണവും മറ്റും മഹാഭാരതം ആദിവര്‍വ്വത്തില്‍ കൊടുത്തിരിക്കുന്നു. രുദ്രന്‍റെ അംശാവതാരമായ ദുര്‍വാസാവു മഹര്‍ഷി ഒരിക്കല്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്സരസ്സായ മേനകയുടെ കൈയില്‍ ദിവ്യ പാരിജാത പുഷ്പങ്ങള്‍ കൊണ്ട് കൊരുത്ത ഒരു ഹാരം കണ്ടു. ദുര്‍വാസാവിനെ നമസ്കരിച്ച മേനക ആ ഹാരം മഹര്‍ഷിക്കു നല്‍കി. ആ മാലയില്‍ നിന്നുയര്‍ന്ന പരിമളം ആ വനമാകെ വ്യാപിച്ചു. ഹാരവുമായി നടക്കുന്നതിനിടെ ദുര്‍വാസാവ് ദേവേന്ദ്രന്‍ തന്‍റെ ഐരാവതമെന്ന വെളുത്ത ആനപ്പുറത്ത് കയറി വരുന്നത് കണ്ടു ദേവേന്ദ്രന്‍ മഹര്‍ഷിയെ പ്രണാമം ചെയ്ത് വന്ദിച്ചു. ദുര്‍വാസാവ് ആ ദിവ്യമായ ഹാരം ദേവേന്ദ്രന് നല്കി. ദേവേന്ദ്രന്‍ ആ മാല ഐരാവതത്തിന്‍റെ കൊമ്പില്‍ തൂക്കിയിട്ടു. എന്നാല്‍ ധാരാളം കരിവണ്ടുകളും തേനീച്ചകളും ആ മാലയെ പൊതിഞ്ഞപ്പോള്‍ കലി കയറിയ ആന ആ മാല നിലത്തിട്ട് ചവിട്ടി. താന്‍ നല്‍കിയ മാലയെ അനാദരിച്ചതു കണ്ട് കുപിതനായ ദുര്‍വാസാവ് ഇന്ദ്രനെ ശപിച്ചു. ഇന്നുമുതല്‍ നീയും മറ്റു ദേവന്മാരും ജരാനര ബാധിച്ച് വൃദ്ധന്മാരായി തീരട്ടെ ഇതായിരുന്നു ശാപം. മുനിശ്ശാപമേറ്റ ദേവലോകം ക്ഷയിച്ചു. അസുരന്മാര്‍ ദേവന്മാരെ ആക്രമിച്ചു തുടങ്ങി. ഈ ദുരവസ്ഥ മാറ്റുവാന്‍ ദേവന്മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.
ദേവന്മാരുടെ ദയനീയ സ്ഥിതി കണ്ട മഹാവിഷ്ണു അവരോട് അസുരന്മാരുമായി ചേര്‍ന്ന് വാസുകി നാഗത്തെ കയറാക്കിയും മഹാമേരു പര്‍വ്വതത്തെ കടകോലാക്കിയും അമൃതം കടഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. ആ അമൃത് പാനം ചെയ്താല്‍ ദേവന്മാരുടെ ജരാനരകള്‍ മാറി ഐശ്വര്യം വീണ്ടെടുക്കാമെന്നും പറഞ്ഞു.

ദേവന്‍മാര്‍ അസുരന്മാരുമായി സന്ധി ചെയ്ത് പാലാഴി കടഞ്ഞു കയറായി കിടന്ന വാസുകിയില്‍ നിന്നും ഇടയ്ക്ക് സര്‍വ്വസംഹാര ശക്തിയുള്ള കാളകൂട വിഷം ഉയര്‍ന്നു വന്നു. സര്‍വ്വവിനാശകാരിയായ ഈ വിഷത്തെ ശിവന്‍ തന്‍റെ കണ്ഠത്തില്‍ നിര്‍ത്തി. അന്നുമുതല്‍ ശിവന്‍ നീലകണ്ഠന്‍ എന്നറിയപ്പെട്ടു. ഒടുവില്‍ ധന്വന്തരി മൂര്‍ത്തി പാലാഴിയില്‍ നിന്ന് അമൃത് കലശവുമായി ഉയര്‍ന്നു വന്നു. അസുരന്മാര്‍ ആ അമൃതകുംഭം അപഹരിച്ച് കൊണ്ട് കടന്നു കളഞ്ഞു.
അമൃത് വീണ്ടെടുക്കുവാന്‍ മഹാവിഷ്ണു മോഹിനി എന്ന അതീവ ലാവണ്യവതിയായ ദേവകന്യയുടെ രൂപമെടുത്ത് അസുരന്മാരെ മോഹിപ്പിച്ച് അമൃത് വിളമ്പിക്കൊടുക്കുവാന്‍ ചെന്നു. എല്ലാവരും കണ്ണടച്ചിരിക്കണമെന്നും ഏറ്റവും ഒടുവില്‍ കണ്ണു തുറക്കുന്നയാളെ താന്‍ വരനായി സ്വീകരിച്ചു കൊള്ളാമെന്നും സമ്മതിപ്പിച്ച് അമൃത കുംഭം വീണ്ടെടുത്ത് ദേവലോകത്ത് വന്നു.

രാഹുവും കേതുവും
➖➖➖➖➖➖➖➖➖
മോഹിനി വേഷം ധരിച്ച് മഹാവിഷ്ണു തങ്ങളെ ചതിച്ചതറിഞ്ഞ അസുരന്മാരില്‍ ചിലര്‍ മോഹിനിയെ പിന്തുടര്‍ന്നു ചെന്നു. അവരില്‍ സൈംഹികേയന്‍ എന്ന ഒരസുരന്‍ ദേവന്മാരുടെ വേഷം പൂണ്ട് അമൃത് ഭക്ഷിക്കുവാന്‍ വേണ്ടി കൂട്ടത്തില്‍ ചെന്നിരുന്നു. എന്നാല്‍ സൂര്യനും ചന്ദ്രനും ഇതറിഞ്ഞ് മഹാവിഷ്ണുവിനോട് അസുരന്‍റെ കാര്യം പറഞ്ഞു. അമൃത് തൊണ്ടയില്‍ നിന്ന് ഇറങ്ങും മുമ്പ് വിഷ്ണു സുദര്‍ശന ചക്രത്താല്‍ അസുരന്‍റെ കഴുത്ത് മുറിച്ചു. എന്നാല്‍ അമൃത് കുടിച്ചതിനാല്‍ അസുരന്‍ രണ്ടു തുണ്ടായി ജീവിച്ചു. തലഭാഗം രാഹുവെന്നും വാല്‍ഭാഗം കേതുവെന്നും രണ്ടു ഛായാഗ്രഹങ്ങളായി അറിയപ്പെട്ടു. സൂര്യ ചന്ദ്രന്മാരോട് പക തീര്‍ക്കനായി ഗ്രഹണ കാലത്ത് ഇവരെ രാഹു വിഴുങ്ങുന്നതായാണ് സങ്കല്പം എന്ന് ദേവീ ഭാഗവതത്തില്‍ കാണുന്നുണ്ട്.

വാസുകി
➖➖➖➖➖➖➖➖➖
പാലാഴി മഥനം ചെയ്യുന്നതിനായി കടകോലായി മഹാമേരു പര്‍വ്വതത്തെയും കയറായി വാസുകി നാഗത്തേയും നിശ്ചയിച്ച ശേഷം പാതാളത്തില്‍ നിന്നും വാസുകിയെ കൊണ്ടു വരുന്നതിനുവേണ്ടി ഗരുഡനെ നിയോഗിച്ചു. മന്ദരപര്‍വ്വതത്തെ നിഷ്പ്രയാസം വഹിച്ചുകൊണ്ടു വന്ന ഗരുഡന്‍ നാഗലോകത്തു ചെന്ന് വാസുകിയോട് പാലാഴിയിലെത്താന്‍ ആവശ്യപ്പെട്ടു. അത്യാവശ്യമാണെങ്കില്‍ തന്നെ കൊത്തുയെടുത്തു കൊണ്ടു പൊയ്ക്കൊള്ളാന്‍ വാസുകി പറഞ്ഞു. ഗരുഡന്‍ വാസുകിയുടെ മദ്ധ്യഭാഗം കൊത്തിയെടുത്തു പറന്നുയര്‍ന്നു. എത്ര ഉയരത്തില്‍ പറന്നിട്ടും വാസുകിയുടെ ശരീരത്തിന്‍റെ പകുതിഭാഗം പിന്നേയും ഭൂമിയില്‍ തന്നെ കിടന്നു. ഉദ്യമത്തില്‍ പരാജയപ്പെട്ട് ഗരുഡന്‍ തിരിച്ചു പോയി. ഇതറിഞ്ഞ പരമശിവന്‍ തന്‍റെ കൈ പാതാളത്തിലേയ്ക്ക് നീട്ടിക്കൊടുത്തു. ശിവന്‍റെ കയ്യിലെ മോതിര വിരലില്‍ ഒരു ചെറു വളയമായി വാസുകി പരിണമിച്ചു കിടന്നു. (കമ്പരാമായണത്തില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.)

ദേവന്‍മാര്‍ വാസുകിയെ നാഗരാജാവായി അഭിഷേകം നടത്തിയതായി മഹാഭാരതം ശല്യപര്‍വ്വത്തില്‍ കാണുന്നുണ്ട്.

സര്‍പ്പസത്രവും വാസുകിയും
➖➖➖➖➖➖➖➖➖
ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്നു പരീക്ഷിത്ത്. ഇദ്ദേഹം അഭിമന്യൂവിന്‍റെ പുത്രനാണ്. രാജാവായിരിക്കെ ഒരിക്കല്‍ നായാട്ടിനു പോയി ക്ഷീണിതനായി ദാഹിച്ചു വലഞ്ഞ് ഏകനായി ഒരു വൃക്ഷച്ചുവട്ടില്‍ ചെന്നു നിന്നു. അവിടെ ശമീകന്‍ എന്നു പേരായ ഒരു മുനി ധ്യാനനിമഗ്നനായി ഇരിയ്ക്കുന്നത് കണ്ടു. മുനിയുടെ സമീപത്ത് കമണ്ഡലുവില്‍ ജലം കണ്ട് രാജാവ് മുനിയോട് ദാഹജലം ചോദിച്ചു. എന്നാല്‍ തീവ്രധ്യാനത്തിലായ മുനി രാജാവിന്‍റെ ചോദ്യം കേട്ടില്ല. തന്നെ ബഹുമാനിക്കാത്തതില്‍ കോപം പൂണ്ട പരീക്ഷിത്ത് അടുത്ത കിടന്ന ചത്ത പാമ്പിനെ മുനിയുടെ കഴുത്തില്‍ വില്ലുകൊണ്ട് തോണ്ടിയിട്ടിട്ട് പോയി.
മുനി പുത്രനായ ഗവിജാതന്‍ വന്നു നോക്കുമ്പോള്‍ തന്‍റെ പിതാവിന്‍റെ കഴുത്തില്‍ ചത്ത പാമ്പു കിടക്കുന്നത് കണ്ട് കുപിതനായി. ദിവ്യ ദൃഷ്ടിയിലൂടെ അത് പരീക്ഷിത്ത് ആണ് ചെയ്തതെന്നറിഞ്ഞ മുനികുമാരന്‍ അന്നേക്ക് ഏഴു ദിവസത്തിനകം പരീക്ഷിത്ത് തക്ഷകനാഗം കടിച്ച് മരിക്കുമെന്ന് ശപിച്ചു. ശാപവൃത്താന്തം അറിഞ്ഞ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒരുക്കി. ഒറ്റക്കല്‍ തൂണില്‍ ഒരു മണ്ഡപം പണിത് അതില്‍ സര്‍വ്വവിധ കാവലോടും കൂടി കഴിഞ്ഞു വന്നു. എന്നാല്‍ തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷധാരിയായി വിശിഷ്ട ഫലങ്ങള്‍ സമ്മാനിക്കുവാനായി രാജാവിനെ കാണുവാന്‍ ചെന്ന് രാജാവിനെ ദംശിച്ച് കൊന്നു.
തന്‍റെ പിതാവായ പരീക്ഷിത്തിനെ ദംശിച്ചുകൊന്ന തക്ഷകനോടും കൂട്ടരോടും പ്രതികാരം ചെയ്യുവാനായി പരീക്ഷിത്തിന്‍റെ പുത്രനായ ജനമേജയന്‍ ഒരു സര്‍പ്പസത്രയാഗം ആരംഭിച്ചു. എന്നാല്‍ തച്ചു ശാസ്ത്ര വിദഗ്ധനായ സ്ഥാപതി ഈ യാഗം ഒരു ബ്രാഹ്മണനാല്‍ വിഘ്നപ്പെടുമെന്ന് പ്രവചിച്ചു. സര്‍പ്പസത്രം തുടങ്ങിയതോടെ ഒട്ടനവധി ദുഷ്ടനാഗങ്ങള്‍ യാഗാഗ്നിയില്‍ വന്നു വീണു മരിച്ചു. എന്നാല്‍ തക്ഷകന്‍ മാത്രം വന്നെത്തിയില്ല. അതിശക്തമായ മന്ത്രങ്ങളാല്‍ ഹോമം തുടര്‍ന്നപ്പോള്‍ തക്ഷകന് ഇളക്കമുണ്ടായി. തക്ഷകന്‍ ഇന്ദ്രനെ അഭയം പ്രാപിച്ചു. ഇതു മനസ്സിലാക്കിയ ഋത്വിക്കുകള്‍ ഇന്ദ്രനേയും തക്ഷകനെയും ചേര്‍ത്ത് അഗ്നിയിലേക്ക് ആവാഹിച്ചു വരുത്തി. ഈ സമയത്ത് ഒരു ബ്രാഹ്മണ കുമാരന്‍ യജ്ഞശാലയിലെത്തി ജനമേജയനെ കീര്‍ത്തിച്ചു. സംപ്രീതനായ രാജാവ് ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ യാഗം ഉടനെ നിറുത്തണമെന്ന് ബ്രാഹ്മണകുമാരന്‍ ആവശ്യപ്പെട്ടു. മറ്റു മാര്‍ഗ്ഗമില്ലാതെ രാജാവ് യാഗം നിര്‍ത്തിവച്ചു. ജരല്‍ക്കാരു പുത്രനായ ആസ്തികനാണ് തക്ഷകന്‍റെ രക്ഷയ്ക്കായി ബ്രാഹ്മണ കുമാരനായി വന്നത്.

കാര്‍ക്കോടകന്‍
➖➖➖➖➖➖➖➖➖
നാഗങ്ങളില്‍ ഒന്നായ കാര്‍ക്കോടകന്‍, കശ്യപന് കദ്രു എന്ന ഭാര്യയില്‍ ജനിച്ചവനാണ്. ദേവര്‍ഷിയായ നാരദന്‍റെ ശാപം ഏറ്റുവാങ്ങേണ്ടി വന്നു കാര്‍ക്കോടകന്. നീ ചലനശേഷിയില്ലാതെ വനത്തില്‍ തന്നെ കിടക്കട്ടേയെന്നും നളന്‍ ഇതുവഴി വരുമ്പോള്‍ നീ അദ്ദേഹത്തെ സ്പര്‍ശിച്ചാല്‍ ശാപമോക്ഷം കിട്ടുമെന്നുമായിരുന്നു നാരദശാപം. അപ്രതീക്ഷിതമായി ഒരുനാള്‍ വനത്തില്‍ കാട്ടുതീ ആളിപ്പടര്‍ന്നു. ചലനശേഷിയില്ലാതെ കിടന്ന കാര്‍ക്കോടകന്‍ രക്ഷയ്ക്കായി നളനെ വിളിച്ച് കേണു. കാര്‍ക്കോടകന്‍റെ വിലാപം കേട്ട് ഓടിയെത്തിയ നളന്‍ അഗ്നിയില്‍ നിന്നും കാര്‍ക്കോടകനെ രക്ഷിച്ചു. കാര്‍ക്കോടകന്‍ നാരദന്‍റെ ശാപവിവരം നളനെ അറിയിച്ചു. പോകാന്‍ തുടങ്ങിയ നളനെ കാര്‍ക്കോടകന്‍ ദംശിച്ച് അദ്ദേഹത്തെ നീലനിറമുള്ളവനാക്കി മാറ്റി. പിന്നെ കാര്‍ക്കോടകന്‍ സ്വന്തം രൂപം ധരിച്ച് നളനോട് പറഞ്ഞു: അല്ലയോ മഹാത്മാവേ ലോകര്‍ ഇപ്പോള്‍ അങ്ങയെ തിരിച്ചറിയാതിരിക്കാനാണ് അങ്ങയുടെ നിറം മാറ്റിയത്. താങ്കളെ ബാധിച്ച ദുഷ്ടനായ കലി അങ്ങയില്‍ തന്നെ വസിക്കുന്നുണ്ട്. എന്‍റെ വിഷശക്തിയാല്‍ കലി ഒഴിയും. അങ്ങേയ്ക്ക് വിഷബാധയേല്‍ക്കുകയില്ല. അങ്ങ് അയോദ്ധ്യാ രാജ്യത്ത് ചെന്ന് രാജാവായ ഋതുപര്‍ണ്ണന്‍റെ തേരാളിയായി കഴിഞ്ഞു കൂടുക. അങ്ങ് കുതിരകളെ പായിക്കുന്ന വിദ്യയായ അശ്വഹൃദയം രാജാവിന് ഉപദേശിക്കുക. അദ്ദേഹം ചൂതില്‍ വിജയം നേടുന്ന അക്ഷഹൃദയ വിദ്യ താങ്കളെയും പഠിപ്പിക്കും. ഞാന്‍ തരുന്ന ഈ വസ്ത്രം ധരിച്ചാല്‍ താങ്കള്‍ക്ക് സ്വന്തം രൂപം തിരികെ ലഭിക്കും. അങ്ങേയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും. എന്നനുഗ്രഹിച്ച് കാര്‍ക്കോടകന്‍ മറഞ്ഞതായി മഹാഭാരതം വനപര്‍വ്വം 66-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.

ശംഖന്‍
➖➖➖➖➖➖➖➖➖
നാഗങ്ങളില്‍ ഒരാളായ ശംഖനും കശ്യപന് കദ്രുവില്‍ ജനിച്ചവനാണ്. നാരദ മഹര്‍ഷി ഈ നാഗശ്രേഷ്ഠനെ ദേവേന്ദ്രന്‍റെ തേരാളിയായ മാതലിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതായി മഹാഭാരതത്തില്‍ ഉദ്യോഗപര്‍വ്വം 103-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. ശ്രീകൃഷ്ണ സോദരനായ ബലഭദ്രന്‍റെ ദേഹവിയോഗ കാലത്ത് ആത്മാവിനെ പാതാളത്തിലേയ്ക്ക് ആനയിച്ചു കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന പ്രമുഖ നാഗന്മാരുടെ കൂട്ടത്തില്‍ ശംഖനും ഉണ്ടായിരുന്നതായി മഹാഭാരതം മൗസലപര്‍വ്വം നാലാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.
ഗുളികന്‍, പത്മന്‍, മഹാപത്മന്‍ എന്നിവരും കശ്യപ്രജാപതിക്ക് കദ്രുവില്‍ ജനിച്ചവരായ നാഗശ്രേഷ്ഠന്മാരാണ്.

കാളിയന്‍
➖➖➖➖➖➖➖➖➖
കശ്യപന് കദ്രു എന്ന ഭാര്യയില്‍ ജനിച്ച കാളിയന്‍ എന്ന നാഗശ്രേഷ്ഠന്‍ ഗരുഡനുമായി ശത്രുതയിലായി. ഇതുകാരണം കാളിയന് സ്വന്തം വാസസ്ഥാനമായ രമണക ദ്വീപില്‍ സ്വസ്ഥമായി കഴിയാന്‍ പറ്റിയില്ല. ഗരുഡനെ ഭയന്ന് കാളിയന്‍ കാളിന്ദി നദിയില്‍ കുടുംബ സമ്മേതം വാസമുറപ്പിച്ചു. ഇതിന് ഒരു പ്രത്യോക കാരണമുണ്ടായിരുന്നു.
സൗഭരി എന്ന മുനി കാളിന്ദി തീരത്ത് തപസ്സു ചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍ ഗരുഡന്‍ അവിടെയെത്തി നദിയില്‍ നിന്നും മത്സ്യം കൊത്തിയെടുത്തു പറക്കുന്നതിനിടെ മത്സ്യാവശിഷ്ടം മുനിയുടെ ദേഹത്തു വീണു. കോപിഷ്ഠനായ മുനി ഗരുഡനെ ശപിച്ചു. ഗരുഡന്‍ ഇനി കാളിന്ദിയില്‍ വന്നാല്‍ തലപ്പൊട്ടിത്തെറിച്ചു മരിക്കുമെന്നായിരുന്നു മുനിശ്ശാപം. അന്നുമുതല്‍ ഗരുഡന്‍ കാളിന്ദീ തീരത്ത് വരാതെയായി. ഈ സാഹചര്യം മുതലാക്കി കാളിയന്‍ കാളിന്ദിയില്‍ വാസമുറപ്പിച്ചു. പിന്നീട് ശ്രീകൃഷ്ണാവതാരകാലത്ത് കൃഷ്ണന്‍ കാളിയന്‍റെ തലയില്‍ ചവിച്ചി നൃത്തം ചെയ്തപ്പോള്‍ അഹങ്കാരം വീണ്ടും രമണക ദ്വീപില്‍ ചെന്നു പാര്‍ത്തു. ഗരുഡന്‍ പിന്നീട് കാളിയനെ ഉപദ്രവിച്ചില്ല.

പാശുപതവും പിനാകവും
➖➖➖➖➖➖➖➖➖
സംഹാര മൂര്‍ത്തിയായ ശിവന്‍റെ വില്ലായ പിനാകത്തില്‍ വച്ച് പ്രയോഗിക്കുന്ന ദിവ്യാസ്ത്രമാണ് പാശുപതം. പലവര്‍ണ്ണങ്ങളാല്‍ പ്രശോഭിക്കുന്ന ഒരു സര്‍പ്പമാണ് പിനാകം. അതിന്‍റെ ഞാണ്‍ ശിവന്‍ കണ്ഠത്തില്‍ ധരിച്ചിരിക്കുന്നു. പാശുപതാസ്ത്രം സര്‍വ്വ സംഹാരകമാണ്. പാശുപതാസ്ത്രത്തെ ദിവ്യ വസ്തുവായി കണ്ട് ആരാധിക്കുന്നു. ഇതില്‍ പ്രയോഗിക്കേണ്ട മന്ത്രത്തെ പാശുപത മന്ത്രമെന്നു പറയുന്നു. ഈ മന്ത്രം വിധിപ്രകാരം ജപിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും തീര്‍ന്നു കിട്ടുകയും യുദ്ധത്തില്‍ വിജയം ലഭിക്കുകയും ചെയ്യും.

നാഗങ്ങളുടെ മഹത്വം വര്‍ണ്ണിക്കുന്ന ഒട്ടനവധി ഐതീഹ്യങ്ങളും കീര്‍ത്തനങ്ങളും സ്തുതികളും മന്ത്രങ്ങളും പല ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാന്‍ കഴിയും. മനുഷ്യ നന്മയ്ക്കായി നാഗങ്ങളുടെ പ്രീതിയും അനുഗ്രഹവും നേടേണ്ടത് ആവശ്യമാണ്. ഇന്ന് കേരളത്തില്‍ ഒട്ടനവധി നാഗക്ഷേത്രങ്ങളും നാഗാരാധനയ്ക്കുള്ള കാവുകളും നിലനില്‍ക്കുന്നുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തി നാഗപ്രീതിയ്ക്കായി പലവിധ പൂജകളും കര്‍മ്മങ്ങളും നടത്തി വരുന്നുണ്ട്. കേരളത്തില്‍ ഇന്ന് സംരക്ഷിച്ചു വരുന്ന പാമ്പിന്‍ കാവുകള്‍ നമ്മുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment