ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 September 2018

ബ്രഹ്മം

ബ്രഹ്മം

ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം. പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു. ഇവരെയാണ് സഗുണഭാവത്തിൽ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാർ ആയി സങ്കല്പിച്ചിരിക്കുന്നത്. ദേവതകൾ ബ്രഹ്മത്തിന്റെ സഗുണരൂപങ്ങൾ ആണ്. പരമശിവൻ, ആദിപരാശക്തി, നാരായണൻ, വിഘ്നേശ്വരൻ എന്നിവർ ബ്രഹ്മത്തിന്റെ മൂർത്തീഭാവങ്ങൾ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

പരബ്രഹ്മം

നിർഗുണവും അസീമവുമായ ബ്രഹ്മത്തിന്റെ രൂപം. അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം.

ഹൈന്ദവവേദാന്തത്തിൽ ഭൗതികപ്രപഞ്ചത്തിൽ നിന്നുമുള്ള എല്ലാ ബന്ധങ്ങളിൽനിന്നും വിമുക്തി നേടിയ അവസ്ഥയെക്കുറിച്ച് പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു പദമാണു് പരബ്രഹ്മം. കാണായ പ്രപഞ്ചത്തെ 'ഇദം' എന്നും അതിനു കാരണമായ നിത്യവും സത്യവുമായ ചൈതന്യത്തെ 'തത്' എന്നും വേദാന്തികൾ വിളിക്കുന്നു. 'തത്' എന്ന ആശയത്തിന്റെ മറ്റൊരു പേരാണു് പരബ്രഹ്മം. "പര" എന്നാൽ എല്ലാത്തിനും അതീതമായത് എന്നർത്ഥം. "ബ്രഹ്മം"എന്നാൽ പ്രപഞ്ചം എന്നാണ് അർത്ഥം. അപ്പോൾ പ്രപഞ്ചത്തിനും അതീതനായ ദൈവം എന്നാണ് പരബ്രഹ്മം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. "ഓം" അഥവാ ഓംകാരമാണ് പരബ്രഹ്മത്തെ കുറിക്കുന്ന ചിഹ്നം. പരബ്രഹ്മത്തെ ത്രിഗുണങ്ങൾ ഉള്ളതായും ഗുണങ്ങൾക് അതീതനായും കണക്കാക്കുന്നു; ഇവയാണ് സഗുണ പരബ്രഹ്മവും നിർഗുണ പരബ്രഹ്മവും. സഗുണ പരബ്രഹ്മത്തിന്റെ സാത്വിക രാജസിക താമസിക ഗുണങ്ങളിൽ നിന്നാണ് ത്രിമൂർത്തികൾ ഉണ്ടായതെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. ഇതാണ് ആദിപരാശക്തി എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത്. പരമാത്മാവിന്റെ സത്വ ഗുണം വിഷ്ണുവായും രജോ ഗുണം ബ്രഹ്‌മാവായും തമോഗുണത്തെ രുദ്രനായും കണക്കാക്കുന്നു.

പ്രപഞ്ചം നിർമ്മിക്കപെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതുവസ്തുവാലാണോ അതാണു പരബ്രഹ്മം. അതായത് ദ്രവ്യവും ഊർജ്ജവും സ്ഥല കാലങ്ങളും ഒന്നിന്റെ തന്നെ വിവിധ രൂപങ്ങലളാണു. അതാണു പരബ്രഹ്മം. അതിൽ നിന്നും വിഭിന്നമായി ഒന്നും തന്നെയില്ല! എല്ലാം അതിൽ അധിഷ്ടിതമാണു! എല്ലാം അതിൽ ഉണ്ടായി അതിൽ ലയിക്കുന്നു. വൈഷ്ണവർ നാരായണനെന്നും, ശൈവർ ശിവമെന്നും, ശാക്തേയർ ആദിപരാശക്തിയെന്നും പരബ്രഹ്മത്തെ വിളിക്കുന്നു. സകല ദേവതകളെയും പരബ്രഹ്മ സ്വരൂപികൾ ആയാണ് കണക്കാക്കുന്നത്. ഓം എന്ന ശബ്ദവും പരബ്രഹ്മത്തെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. ഓംകാരം എന്നറിയപ്പെടുന്നതും പരബ്രഹ്മം തന്നെയാണ്.

ഇത് പരമമായ- അനന്തമായ ചൈതന്യത്തിന് കാരണമാകുകയാല്‍ ഇപ്രകാരമൊരു 'പരം' എന്ന വിശേഷണം ബ്രഹ്മത്തിന്റെ കൂടെ നല്‍കി. 'ഗുരു സാക്ഷാല്‍ പരം ബ്രഹ്മം' എന്ന് ഗുരുസ്തുതിയില്‍ നിര്‍വചിക്കാറുണ്ട്. ഈ വരിയിലന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥം ബ്രഹ്മം ജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. പരബ്രഹ്മം, പരമാത്മാവ്, പരാശക്തി....എന്നീ പ്രകാരമുള്ള പദപ്രയോഗത്തില്‍നിന്ന് വിവരണത്തിലേക്കു കടന്നാല്‍ നാമെങ്ങിനെ മുമ്പോട്ടുപോകുമെന്നു നോക്കാം. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം 'രണ്ടിന്റെ' സംയോജനത്തിലൂടെ നടക്കുന്നു. ജീവനുള്ളതിലും ജീവനില്ലാത്തതിലും 'രണ്ടും' ദൃശ്യമാകുന്നു. ഒരാറ്റത്തില്‍ പോസിറ്റീവ്, നെഗറ്റീവ് കണികകളുണ്ട്. ഭൂമിക്ക് ദക്ഷിണ ഉത്തര ധ്രുവങ്ങളുണ്ട്. അതേപോലെ കാന്തത്തിനുമുണ്ട്! സെന്‍ട്രിഫ്യൂഗല്‍ സെന്‍ട്രി പെറ്റല്‍ ഫോഴ്‌സുമുണ്ട്, ക്ലോക്ക്‌വൈസിന് ആന്റി ക്ലോക്‌വൈസുമുണ്ട്. എക്‌സ് വൈ ക്രോമോസോമുകളും രണ്ടുണ്ട്. ഉദയത്തിനസ്തമയവും ആണ്‍പൂവിന് പെണ്‍പൂവും ആണും പെണ്ണും......ഉണ്ട്. ഇപ്രകാരം വിശകലനം ചെയ്താല്‍ ഈ പ്രപഞ്ചത്തിന്റെ ആധാരം പൗരുഷ/മാസ്‌കുലിന്‍ ശക്തികള്‍ മാത്രമാണെന്നു പറഞ്ഞാല്‍ പൂര്‍ണമാകില്ല. സെമറ്റിക് മതങ്ങളില്‍ യഹോവ, അല്ലാഹു ഇവയെല്ലാം പൗരുഷപ്രതിഭാസങ്ങളായി സങ്കല്‍പ്പിക്കുന്നു. ('സ്ത്രീ' ഇല്ല). എന്നാല്‍ സനാതനധര്‍മ്മത്തില്‍, പ്രപഞ്ചത്തിന്നാധാരമായ 'പുരുഷ' ചൈതന്യം പരബ്രഹ്മം എന്നും തത്തുല്യമായ സ്‌ത്രൈണചൈതന്യം മഹാമായ സങ്കല്‍പം എന്നുമറിയപ്പെടുന്നു. ഇവയുടെ സമാന്തരങ്ങളാണ് പ്രഞ്ച പുരുഷ-പ്രകൃതിദേവീ സങ്കല്‍പങ്ങള്‍. വീണ്ടും പരിശോധിച്ചാല്‍ ത്രിമൂര്‍ത്തീ-ത്രിശക്തീ സങ്കല്‍പങ്ങളും! 'രണ്ടിന്റെ' സാന്നിധ്യം വ്യക്തമാണ്. അപ്രകാരം പരിശോധിച്ചാല്‍ പരബ്രഹ്മം എന്നത് ഈ പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ്. സര്‍വചരാചരങ്ങളും കടലില്‍ നിലനില്‍ക്കുമ്പോള്‍ കടലിലെ വെള്ളം അവയ്‌ക്കെല്ലാം ആധാരമാകുന്നതുപോലെ, ഈ പ്രപഞ്ചത്തെ കടലിനോടുപമിച്ചാല്‍ പരബ്രഹ്മമെന്നത് കടലിലെ വെള്ളംപോലെയാണ്. അതില്‍ ജീവനുള്ളതും ജീവനില്ലാത്തതുമെല്ലാം അവയുടെ തനതായ സ്വഭാവവും 'കടലിന്റെ' നിയമവും അനുശാസിക്കുന്നു. അങ്ങിനെയുള്ള ചൈതന്യത്തെക്കുറിച്ച് വിവരിക്കാന്‍ സാധാരണയായി നെഗേഷന്‍ തിയറിയുപയോഗിക്കുന്നതുപോലെയേ ഇവിടെയും സാധിക്കൂ. ആപ്പിളിന്റെ സ്വാദെന്തെന്ന് ചോദിച്ച് അത് ഏത്തപ്പഴത്തിന്റെ/ചക്കയുടെ/മാമ്പഴത്തിന്റെ/പൈനാപ്പിളിന്റെ/മധുരനാരങ്ങയുടെ/....... സ്വാദുപോലെയാണോ എന്നു ചോദിച്ചാല്‍ മറുപടിയെന്തായിരിക്കും? അല്ല...അല്ല.....എന്നേ ആയിരിക്കുകയുള്ളൂ. അതുപോലെ ഉപനിഷത്തുക്കളില്‍ മറ്റൊരു പ്രകാരത്തില്‍ പറയുന്നു. ബ്രഹ്മം ഇതല്ല അതല്ല എന്നു പറയാം. എന്താണെന്നു വിവരിക്കാന്‍ വിഷമമാണ്. നതത്രസൂര്യോ ഭാതി ന ചന്ദ്രതാരകം നേമാവിദ്യുതോ ഭാന്തി കുതോയമഗ്‌നിഃ തമേവ ഭാന്തം അനുഭാതി സര്‍വം തസ്യഭാസാവിശ്വമിദം/സര്‍വമിദം വിഭാതി (മുണ്ഡകോപനിഷത് 2:2:11) ആ ബ്രഹ്മത്തില്‍ ചൈതന്യത്തിനു മുന്നില്‍ സൂര്യനോ, ചന്ദ്രനോ, മിന്നലോ, അഗ്‌നിയോ അവയുടെ പ്രകാശമോ, തേജസ്സോ എല്ലാം നിസ്സാരമാണ്. ആ ചൈതന്യം സ്വയം പ്രകാശമാനമാണ്, അത് എല്ലാത്തിനേയും ചൈതന്യവത്താക്കുന്നു/പ്രകാശിപ്പിക്കുന്നു. ഇത് ലോകമെല്ലാം അതിന്റെ ചൈതന്യത്തില്‍ നിലനില്‍ക്കുന്നു....! ഇതാണ് പരബ്രഹ്മചൈതന്യം. എല്ലാ തേജസ്സുകള്‍ക്കും തേജസ്സ് നല്‍കുന്ന ഈ മഹാജ്യോതിസ്സ് പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു. എല്ലാ ചരാചരങ്ങള്‍ക്കകത്തും പുറത്തുമതുണ്ട്. എല്ലാ ഉപനിഷത്തുക്കളിലും ഈ ഒരു വിഷയം അതിഗഹനമായി വിവരിക്കുന്നുണ്ട്. പ്രത്യേകിച്ചും ആദ്യത്തെ പതിനെട്ടുപനിഷത്തുക്കൾ.....! ബ്രഹ്മസൂത്രത്തിലും ഭഗവദ്ഗീതയിലും പ്രത്യക്ഷമായും പരോക്ഷമായും അതുതന്നെ, താത്വികവും പ്രായോഗികവുമായ ചര്‍ച്ചാവിഷയം. ഇവിടെ ഈ പരബ്രഹ്മം, ബ്രഹ്മം പരമാത്മ ചൈതന്യം എന്നീ പദങ്ങളെ എങ്ങിനെയെല്ലാം വിവരിക്കാനും നിര്‍വചിക്കാനും ശ്രമിച്ചാലും സന്ദേശം പൂര്‍ണമാക്കാന്‍ സാധ്യമല്ല. പരിമിതമായ അക്ഷരങ്ങളും പരിമിതമായ വാക്കുകളും, ആ വാക്കുകള്‍ക്കെല്ലാം സ്ഥലവും കാലവുമനുസരിച്ച് അര്‍ത്ഥവ്യത്യാസങ്ങള്‍ വരികയും ചെയ്യുന്നതിനാലും ഇവയുടെ സമഗ്ര അര്‍ത്ഥം, സന്ദേശം, വിവരണം, അനുഭൂതി ഇവയൊന്നും സാധ്യമല്ല. ഋഷിവര്യന്മാരും അതേപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. യതോ വാ ഇമാനി ഭൂതാനി ജായന്തേ യേന വാ ജാതാനി ജീവന്തി യത് പ്രയന്ത്യഭിസംവിശന്തി തത് വിജിജ്ഞാസസ്വ തദ്ബ്രഹ്‌മേതി ഏതൊന്നില്‍ നിന്നാണോ ഈ ജീവജാലങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടത്, ഏതൊന്നിന്റെ സാന്നിധ്യത്തിലാണോ സൃഷ്ടിക്കപ്പെട്ടതെല്ലാം നിലനില്‍ക്കുന്നത്,ഏതൊന്നിലേക്കാണോ അന്ത്യത്തിലിവയെല്ലാം അലിഞ്ഞുചേരുന്നത്, അത് ബ്രഹ്മമെന്നു മനസ്സിലാക്കിയാലും ഈ വരിക്കപ്പുറത്തേക്ക് ബ്രഹ്മനിര്‍വചനം പോകില്ലെന്ന് ഋഷിമാര്‍ പറയുന്നു. യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യമനസാ സഹ മനസുകൊണ്ട് മനനം ചെയ്യാന്‍ സാധ്യമല്ലാത്ത (തിനാല്‍) വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധ്യമല്ലാത്ത ആ (ബ്രഹ്മ) പ്രതിഭാസത്തില്‍ നിന്ന് വാക്കുകള്‍ മടങ്ങിവരുന്നു. വിവരണാതീതമാണെന്നര്‍ത്ഥം. എന്തുകൊണ്ട് ബ്രഹ്മചൈതന്യത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാനോ മനസ്സുകൊണ്ട് മനനം െചയ്യാനോ സാധിക്കാത്തത് എന്നാണെങ്കില്‍ ഋഷി പറയുന്നു. ന തത്ര ചക്ഷുര്‍ഗച്ഛതി ന വാക്ഗച്ഛതി നോ മനഃ ന വിദ്‌മോ ന വിജാനീമോ യഥൈതദനുശിഷ്യാദ് (കോനോപനിഷദ് 1-3) ആ ചൈതന്യത്തെ കണ്ണുകള്‍കൊണ്ട് ദര്‍ശിക്കാനസാധ്യമാണ്. വാക്കുകള്‍ കൊണ്ട് വിവരിക്കാനുമസാധ്യമാണ്. മനസ്സുകൊണ്ട് മനനം ചെയ്യാനും സാധ്യമല്ല. അറിയുന്നവരാരുമില്ല. അതറിയിക്കുവാന്‍ കഴിവുള്ളവരുമില്ല. പിന്നെയെങ്ങിനെയാണതിനെക്കുറിച്ച് പഠിപ്പിക്കുക. പ്രജ്ഞാനം ബ്രഹ്മ: (ഐതരേയോപനിഷദ്) ഋഗ്വേദം മുഴുവനും പഠിച്ച വ്യക്തിക്ക് ലഭിക്കുന്ന അതിമഹത്തായ സന്ദേശമാണത്രേ നാലു മഹാവാക്യങ്ങളിലൊന്നാമത്തേതായ പ്രജ്ഞാനം ബ്രഹ്മം എന്ന ബോധം/അറിവ്. പ്രജ്ഞാനം- ചൈതന്യവത്തായ ജ്ഞാനം, ബ്രഹ്മചൈതന്യം തന്നെയാണിതെന്ന് ഈ മഹത്‌വാക്യത്തിലൂടെ വിവരിക്കുമ്പോള്‍ ബ്രഹ്മചൈതന്യത്തില്‍ ഊര്‍ജ്ജസ്രോതസ്സ് മാത്രമല്ല ജ്ഞാനവുമുണ്ട് എന്ന് തെളിയുന്നു. ഊര്‍ജ്ജസ്രോതസിനോടൊപ്പം ജ്ഞാനം എന്ന ദിശാബോധവും ഉണ്ടെന്നര്‍ത്ഥം. 

ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.

ബ്രഹ്മമാണ് പരമമായ സത്യം. അനാദിയും അനന്തവും എല്ലായിടത്തും എല്ലാവസ്തുക്കളിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണത്.

3 comments:

  1. വളരെ മനോഹരമായ പോസ്റ്റ്‌... keep it up.. അഹം ബ്രഹ്മാസ്മി

    ReplyDelete
  2. Iam proud to be a hindu community... Excellent...Post is eloquent... hats off..

    ReplyDelete
  3. Well said👏🏼👏🏼

    ReplyDelete