ആകാശവീണ
എട്ടു തന്ത്രികളുള്ള ഒരിനം വീണ. ഇതിന് ഹാര്‍പ് എന്ന പാശ്ചാത്യ സംഗീതോപകരണത്തോടു സാദൃശ്യമുണ്ട്.
പാല്‍കുര്‍കി സോമനാഥ കവിയുടെ പണ്ഡിതാരാധ്യ ചരിത്രത്തിലും ഹരിപാലദേവന്റെ സംഗീതസുധാകരത്തിലും ഇതേപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.
ആകാശവീണയുടെ എട്ടു തന്ത്രികള്‍ മധ്യഷഡ്ജം, താരഷഡ്ജം, താരസ്ഥായിപഞ്ചമം, അതിതാരസ്ഥായിഷഡ്ജം, അതിതാരസ്ഥായി അന്തരഗാന്ധാരം, അതിതാരസ്ഥായി പഞ്ചമം, അതിതാരസ്ഥായി കൈശികിനിഷാദം, അതി-അതിതാരസ്ഥായിഷഡ്ജം എന്നീ സ്വയംഭൂസ്വരങ്ങളില്‍ സ്വരപ്പെടുത്തിയിരിക്കുന്നു.
സ്വരപ്പെടുത്തിയ വീണ സാധാരണയായി തറയില്‍ കാറ്റിന്റെ ഗതിക്ക് അഭിമുഖമായിട്ടാണ് ഉറപ്പിച്ചുവയ്ക്കുക. കാറ്റുതട്ടുമ്പോള്‍ തന്ത്രികള്‍ എല്ലാം പ്രകമ്പനം കൊള്ളുകയും അത്യന്തം ഹൃദയഹാരിയായ നാദം ഉതിരുകയും ചെയ്യും.
ആകാശവീണ മരക്കൊമ്പില്‍ ഉറപ്പിച്ചുവച്ച് ഇതില്‍നിന്നുണ്ടാകുന്ന സംഗീതത്തില്‍ ലയിച്ച് മഹര്‍ഷിമാര്‍ തപസ്സുചെയ്തിരുന്നതായി പറയപ്പെടുന്നു.
ഇതില്‍ നിന്നാവാം ഈ സംഗീതോപകരണത്തിന് ആകാശവീണ എന്ന പേരു സിദ്ധിച്ചത്.
No comments:
Post a Comment