ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 September 2018

ബ്രഹ്മപുരാണം

ബ്രഹ്മപുരാണം

പതിനെട്ടു മഹാപുരാണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്രഹ്മപുരാണം. ഇരുപത്തിനാലായിരം (24,000) ശ്ലോകങ്ങളുള്ള ബ്രഹ്മപുരാണത്തെ പൂർവ്വഭാഗമെന്നും ഉത്തര ഭാഗമെന്നും തിരിച്ചിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയെയും, രാമൻ, കൃഷ്ണൻ തുടങ്ങിയുള്ള ദേവന്മാരുടേയും അസുരന്മാരുടേയും ജീവിതത്തേയും പ്രവൃത്തികളേയും അതുപോലെ സൂര്യചന്ദ്രവംശങ്ങൾ, സ്വർഗം, നരകം, പാതാളം തുടങ്ങിയവയേയും മറ്റും പൂർവഭാഗത്തിൽ പ്രതിപാദിക്കുന്നു. ഉത്തരഭാഗത്തിന്റെ പ്രതിപാദ്യം ഉൽക്കല (ഒറീസ) ദേശത്തെ പുണ്യതീർത്ഥങ്ങളുടെ മാഹാത്മ്യങ്ങളെക്കുറിച്ചും പുണ്യകേന്ദ്രങ്ങളിലൊന്നായ പുരുഷോത്തമ തീർത്ഥത്തെകുറിച്ചുമാണ്. ജഗന്നാഥക്ഷേത്രം, അതിനടുത്തുള്ള കൊണാർക്ക് സൂര്യക്ഷേത്രം മുതലായ പല ക്ഷേത്രങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ഈ ഭാഗത്തു കാണാം. കൊണാർക്കുക്ഷേത്രം എ. ഡി. പതിമൂന്നാം നൂറ്റാണ്ടിലാണു പണി കഴിപ്പിച്ചത്. അതുകൊണ്ട് ഗ്രന്ഥത്തിലെ ക്ഷേത്രമാഹാത്മ്യം വർണിക്കുന്ന ഭാഗം പിന്നീട് എഴുതിച്ചേർത്തതാവാം എന്നും ഒരു വാദമുണ്ട്. ഇതിൽ സൃഷ്ടിയെക്കുറിച്ചും സൂര്യചന്ദ്രവംശങ്ങളെപ്പറ്റി വിവരണമുണ്ട്. ചന്ദ്രവംശത്തിൽ കൃഷ്ണന്റെ സ്വർഗ്ഗാരോഹണം വരെ പറയുന്നുണ്ട്. പ്രപഞ്ചവർണന, യാഗത്തിനുവേണ്ട് ഒരുക്കങ്ങളും നിബന്ധനകളും വർണിക്കുന്നുണ്ട്. സർവ്വവ്യാപിയും സർവ്വശക്തനുമായ ഈശ്വരന്റെ പരമാധികാരവും വേദങ്ങളുടെ പ്രാമാണ്യവും, ചാതുർവർണ്യത്തിൽ ഓരോരുത്തരുറ്റടേയും ചുമതലകൾ, പല പുണ്യസ്ഥലങ്ങളുടേയും പവിത്രത എന്നിവയും വിവരിക്കുന്നു.

ബ്രഹ്മാവ് ദക്ഷന് ഉപദേശിച്ചുകൊടുത്ത പുരാണമാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഇതിനെ ആദിപുരാണം എന്നും വിളിച്ചുവരുന്നുണ്ട്. ബ്രഹ്മപുരാണത്തിൽ വിശദീകരിച്ചിരിക്കുന്ന സുദീർഘമായ ശ്രീകൃഷ്ണചരിതം വിഷ്ണുപുരാണത്തിൽ നിന്നും അധികം വ്യത്യസ്തമല്ല. യുഗധർമ്മം, വർണാശ്രമധർമ്മം, ഗംഗോല്പത്തി ഇങ്ങനെ പലതും ബ്രഹ്മപുരാണത്തിൽ വിവരിക്കുന്നുണ്ട്. സംഖ്യായോഗത്തെപ്പറ്റിയും ഇതിൽ വിവരിച്ചിരിക്കുന്നു.

No comments:

Post a Comment