ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 September 2018

അക്ഷതം

അക്ഷതം

ഹിന്ദുക്കളുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യം. അക്ഷതം എന്നുപറഞ്ഞാൽ ക്ഷതം ഇല്ലാത്തത് എന്നർത്ഥം.  ക്ഷതമേറ്റിട്ടില്ലാത്ത  പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത  ഉണക്കലരിയാണ് ഇത്. ചെറിയ ഉലക്കകൊണ്ട് ശ്രദ്ധാപൂര്‍വം അവഹനനം ചെയ്താണ് അക്ഷതം തയാറാക്കുന്നത്. നെല്ലും അരിയും കൂടി നനച്ചുവച്ചും അക്ഷതം ഉണ്ടാക്കാറുണ്ട്.

ഷോഡശോപചാരപൂജയില്‍ വസ്ത്രം, ഉത്തരീയം, ആഭരണം മുതലായ ദ്രവ്യങ്ങളുടെ അഭാവത്തില്‍ അവയ്ക്കുപകരം അക്ഷതം സമര്‍പ്പിക്കാറുണ്ട്.

ഗണപതിയോട് അക്ഷതം സ്വീകരിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുന്ന ശ്ളോകത്തില്‍ അക്ഷത ലക്ഷണം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു:

'അക്ഷതാന്‍ ധവളാന്‍ ദിവ്യാന്‍
ശാലേയാംസ്തണ്ഡുലാന്‍ ശുഭാന്‍
ഹരിദ്രാചൂര്‍ണസംയുക്താന്‍
സംഗൃഹാണ ഗണാധിപ'

ഇവിടെ അക്ഷതത്തെ ധവളം, ദിവ്യം, ശുഭം എന്നീ പദങ്ങള്‍ കൊണ്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

മഞ്ഞപ്പൊടി വേണ്ടപാകത്തില്‍ കലര്‍ത്തിയ അക്ഷതം മന്ത്രോച്ചാരണപൂര്‍വം ദേവതകള്‍ക്കു സമര്‍പ്പിച്ചശേഷം അത് ഭക്തര്‍ക്കായി വിതരണം ചെയ്യാറുണ്ട്. പിതൃക്കളെ ഉദ്ദേശിച്ചുകൊണ്ടുള്ള ശ്രാദ്ധാദിക്രിയകളില്‍ അവരോടൊപ്പം വരിക്കപ്പെടുന്ന വിശ്വേദേവന്‍മാര്‍ക്ക് ഉപചാരാര്‍ഥം അക്ഷതം സമര്‍പ്പിക്കപ്പെടുന്നു.

എള്ളും അക്ഷതവും കൂട്ടിക്കലര്‍ത്തി നടത്തുന്ന കാണ്ഡര്‍ഷിതര്‍പ്പണം മുതലായ ക്രിയകളും പ്രസിദ്ധമാണ്. വിവാഹങ്ങളില്‍ വധൂവരന്‍മാരുടെ ശിരസ്സില്‍ മറ്റുള്ളവര്‍ അക്ഷതം തൂകി അനുഗ്രഹിക്കുന്ന പതിവുണ്ട്.

No comments:

Post a Comment