ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 October 2017

നാറാണത്ത് ഭ്രാന്തൻ

നാറാണത്ത് ഭ്രാന്തൻ

ഇന്ന് തുലാമാസം ഒന്നാം തീയ്യതി; രായിരനെല്ലൂർ മലകയറ്റം.
നാറാണത്തു ഭ്രാന്തന്റെ ഭക്തരെല്ലാം ഇളനീരും പഴവുമായി വന്ന് മല കയറുന്ന ദിവസം.

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തൻ. കേവലം ഒരു ഭ്രാന്തൻ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കൽപിച്ചുപോരുന്നത്‌. ചെത്തല്ലൂരിൽ അത്തിപ്പറ്റ കുന്നിനടുത്തുള്ള നാരായണമംഗലത്ത് (ആമയൂർ മന) ആണ് അദ്ദേഹം വളർന്നത് എന്നു കരുതപ്പെടുന്നു. പിന്നീട് പഠനത്തിനായി രായിരനല്ലൂരുള്ള അഴവേഗപ്പൂറ ഇല്ലത്തു വന്നു. മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തനെ നമുക്കെല്ലാം സുപരിചിതമാണ്. ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ഈ ഇഷ്ട വിനോദത്തിനിടക്ക് ഒരു തുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്.

നാറാണത്ത് ഭ്രാന്തന് മുമ്പില്‍ ദുര്‍ഗാദേവി പ്രത്യക്ഷപ്പെട്ടു എന്ന് അറിഞ്ഞയുടന്‍ രായിരനെല്ലൂര്‍ മലയില്‍ പൂജയും മറ്റും തുടങ്ങി. നാറാണത്ത് ഭ്രാന്തനെ എടുത്തുവളര്‍ത്തിയെന്നു വിശ്വസിക്കുന്ന നാരായണമംഗലത്ത്‌ എന്ന ആമയൂര്‍ മനയില്‍ നിന്ന് ഒരു ബ്രാഹ്മണനെയാണ് പൂജയ്ക്കായി നാട്ടുകാര്‍ നിയോഗിച്ചത്. പിന്നീട് രായിരനെല്ലൂര്‍ മലയടിവാരത്ത് ഒരു ഇല്ലം തന്നെ പണിക്കഴിച്ച് കുടുംബാംഗങ്ങള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ ഇല്ലത്തിന്റെ പേര് ‘നാരായണ മംഗലത്തെ ആമയൂര്‍ മന’ എന്നാണ്. ആമയൂര്‍ മനയിലെ കാരണവരായ അഷ്‌ടമൂര്‍ത്തി ഭട്ടതിരിയാണ് ഇപ്പോഴത്തെ മുഖ്യകാര്‍മികന്‍. “പ്രതിഷ്ഠയില്ലാത്ത ഈ ക്ഷേത്രത്തില്‍ ദേവിയുടെ പാദമുദ്രയിലാണ് പൂജ നടത്തുന്നത്. ഇന്നും ഇവിടെ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍ക്കുന്നത് ആറാമത്തെ കാലടി കുഴിയില്‍ അനുസ്യൂതമായി ഊറുന്ന ശുദ്ധജലമാണ്. ദേവി അദ്ദേഹത്തിന് ദര്‍ശനം നല്‍കിയത്‌ തുലാം മാസം ഒന്നാം തീയതിയായത് കൊണ്ട് ഈ ദിവസം ഇവിടെ വളരെ ഗംഭീരമായിട്ടാണ് ആഘോഷിക്കുന്നത്. നാരാണത്ത് ഭ്രാന്തന്റെ തലമുറക്കാര്‍ എന്ന് പറയുന്നതില്‍ അഭിമാനവും സന്തോഷവും ആമയൂര്‍ മനക്കാര്‍ക്കുണ്ട്

എപ്പോഴും യാത്രയിലായിരിക്കുന്ന നാറാണത്ത് ഭ്രാന്തൻ രാത്രി എവിടെയാണോ എത്തുന്നതു അവിടെ വെള്ളവും തീയും ഉള്ള സ്ഥലമാണെങ്കിൽ അവിടെത്തന്നെ അടുപ്പു കൂട്ടുകയും അന്നന്നു ഭിക്ഷ യാചിച്ചു കിട്ടുന്ന അരി വേവിച്ചു കഴിച്ചു അവിടെത്തന്നെ കിടന്ന് ഉറങ്ങുകയും ചെയ്യും.അപ്രകാരം ഒരു ദിവസം നാറാണത്തു ഭ്രാന്തൻ എത്തിച്ചേർന്നതു ഒരു ചുടുകാട്ടിലായിരുന്നു.അവിടെ അന്നു ഒരു ശവം ദഹിപ്പിക്കൽ ഉണ്ടായിരുന്നതിനാൽ ധാരാളം തീക്കനൽ കിട്ടാനുണ്ടായിരുന്നു.ഇന്നത്തെ വിശ്രമം ഇവിടെത്തന്നെ എന്നു നിശ്ചയിക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം തന്റെ മന്തുകാൽ അടുപ്പുകല്ലിൽ കയറ്റിവച്ചു ഭ്രാന്തൻ വിശ്രമിക്കുന്ന സമയത്താണു ചുടലയക്ഷിയും (ഭദ്രകാളി) പരിവാരങ്ങളും അവിടെ എത്തിച്ചേർന്നതു.അസമയത്തു ചുടലപ്പറമ്പിലിരിക്കുന്ന ആളെ ഒന്നു ഭയപ്പെടുത്തുകതന്നെ എന്നു കരുതി അവർ ഭീകരശബ്ദങ്ങൾ പുറപ്പെടുവിക്കുകയും മറ്റും ചെയ്തു ചുടലപ്പറമ്പിൽ കാളിയുടെയും ഭൂതഗണങ്ങളുടെയും ഭയാനകനൃത്തം കണ്ട് ഭയക്കാതിരുന്ന നാറാണത്തുഭ്രാന്തനോട് കാളി എന്തുവരവും ചോദിക്കുവാൻ പറഞ്ഞപ്പോളാദ്യം താൻ മരിക്കാൻ ഇനി എത്ര ദിവസം ഉണ്ടെന്നു ചോദിച്ചു.. കാളി ഉത്തരം പറഞ്ഞ്പ്പോൾ ഏനിക്ക് ഒരു ദിവസം കൂടുതൽ ആയുസ്സു വേണമെന്നു പറഞ്ഞു. അതു നടക്കില്ലെന്നായി കാളി. ശരി ഒരു ദിവസം കുറവു മതി ആയുസ്സെന്നായി ഭ്രാന്തൻ. അതും സാധ്യമല്ല. എങ്കിൽ ഒന്നു പോയിത്തരണമെന്നു ഭ്രാന്തൻ. ആ ദിവ്യന്റെ മുമ്പിൽ എന്തെങ്കിലും ഒരു വരം വാങ്ങണമെന്ന അപേക്ഷയായി. ശരി തന്റെ വലതുകാലിലെ മന്ത് ഇടതുകാലിലേക്കു മാറ്റിത്തരൂ എന്നാണ് അവരെ കളിയാക്കുന്ന മട്ടിൽനാറാണത്തുഭ്രാന്തൻ ആവശ്യപ്പെട്ടത്. ഇഹലോകജീവിതത്തിന്റെയും വരം ശാപം എന്നിവയുടെയും നിരർത്ഥകതയെ കണ്ടറിഞ്ഞവനായിരുന്നു നാറാണത്തുഭ്രാന്തൻ എന്നുപറയാം.

നാറാണത്തുഭ്രാന്തന്റെ പിതാവ് - വരരുചി
നാറാണത്തുഭ്രാന്തന്റെ മാതാവ്‌ - പഞ്ചമി

ഇവരുടെ മക്കൾ:

മേഴത്തോൾ അഗ്നിഹോത്രി
പാക്കനാർ
രജകൻ
കാരയ്ക്കലമ്മ
അകവൂർ ചാത്തൻ
വടുതല നായർ
വള്ളോൻ / തിരുവള്ളുവർ
ഉപ്പുകൂറ്റൻ
പാണനാർ
ഉളിയന്നൂർ പെരുന്തച്ചൻ
വായില്ലാക്കുന്നിലപ്പൻ
നാറാണത്ത് ഭ്രാന്തൻ

പരഹിതകരണം' എന്ന ജ്യോതിശാസ്ത്രഗ്രന്ധത്തിന്റെ കർത്താവാണ് ഭ്രാന്തൻ എന്നു പറയപ്പെടുന്നു. കട്ടുറുമ്പുകളെ എണ്ണുക അദ്ദേഹത്തിന്റെ മറ്റൊരു വിനോദമായിരുന്നു. അദ്ദേഹം പ്രസിദ്ധനായ ഒരുതാന്ത്രികനുമായിരുന്നു. കേരളത്തിൽ ഒരുപാട് ക്ഷേത്രങ്ങളിൽ ഭ്രാന്തൻ പ്രതിഷ്ഠ് നടത്തിയിട്ടുണ്ട്. രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്.

മീനത്തിൻ മൂലം നാളിലാണ് അദ്ദേഹത്തിന്റെ ചാത്തം ഊട്ടുന്നത്.

കൊപ്പം - വളാഞ്ചേരി റൂട്ടില്‍ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളില്‍ വാഹനമിറങ്ങി മലമുകളിലെത്താം. ചെത്തല്ലൂര്‍ തൂതപ്പുഴയോരത്ത് മലമുകളിലെ കൂറ്റന്‍ ശില്‍പം ആകര്‍ഷകമാണ്. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രമുണ്ട്. ഇവിടെ നാറാണത്തുഭ്രാന്തന്‍ ദേവിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഇരുപത്തഞ്ചടിയോളം ഉയരമുള്ള ഒറ്റ ശിലാകൂടമാണ് ഭ്രാന്തന്‍കല്ല്. ഇതിനു മുകളിലാണ് ക്ഷേത്രം. ഇവിടത്തെ കാഞ്ഞിരമരവും അതിലെ ചങ്ങലയും നാറാണത്തുഭ്രാന്തന്‍െറ സാന്നിധ്യത്തിന്‍െറ പ്രതീകമായാണ് കരുതപ്പെടുന്നത്. അഞ്ഞൂറടിയിലേറെ ഉയരമുള്ള ചെങ്കുത്തായ മലമുകളില്‍ ഇപ്പോഴും മുടക്കം കൂടാതെ പൂജയുണ്ട്. രായിരനെല്ലൂര്‍ മലയ്ക്ക് താഴെ ദുര്‍ഗാദേവിയുടെ മറ്റൊരു ക്ഷേത്രവുമുണ്ട്.

No comments:

Post a Comment