ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 October 2017

ഓങ്കാര പൊരുൾ

ഓങ്കാര പൊരുൾ

"ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ
യാങ്കാരമായതിനുതാൻ  തന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്നപര
മാചാര്യരൂപ; ഹരിനാരായണായ നമഃ"

അർത്ഥം:-

ഓങ്കാരമായ പൊരുൾ  = ഓം എന്നു മനുഷ്യർ പറയുന്ന ഉണ്മ,

മൂന്നായ് പിരിഞ്ഞുടനെ = ഭൂതം, വർത്തമാനം, ഭാവി എന്നിവയ്ക്ക് ആധാരമായ സത്ത്വം, രജസ്സ്, തമസ് എന്നിങ്ങനെ. ദിശയ്ക്കും കാരണഭൂതമായി സൃഷ്ടിചക്രത്തിൽ  മൂന്നായി രൂപഭാവങ്ങൾ ഉണ്ടാക്കിയപ്പോൾ,

ആങ്കാരമായതിന് = അഹങ്കാര - ഞാനെന്ന ഭാവത്തിന്, 

താൻ തന്നെ സാക്ഷി = ജീവാത്മാവുതന്നെയാണ് സാക്ഷി,

അത് = എന്ന ജടിലമായ യാഥാർത്ഥ്യത്തെ, ബോധം

വരുത്തുവതിന് = സംബന്ധിച്ച വകതിരിവ് ഉളവാക്കുന്നതിന്

ആളായി നിന്ന = മേല്നോട്ടം വഹിച്ചു നിന്ന,

പരമാചാര്യരൂപ = ആചാര്യന്മാർക്കും ആചാര്യനായിരിക്കുന്ന,

ഹരിനാരായണായ നമഃ = ജഗത്തിനെ നിലനിർത്തുന്ന, പ്രകൃതിയിലും ജീവാത്മാക്കളിലും വ്യാപിച്ചിരിക്കുന്ന (ജ്ഞാനസ്വരൂപന്) നമസ്കാരം.

വിവരണം:-

ഓങ്കാരമാണ് പൊരുൾ. ഓങ്കാരത്തിന്റെ അർത്ഥം പറഞ്ഞു തീർക്കാവുന്നതല്ല. ഇതിൽ, അ, ഉ, മ് എന്നീ മാത്രകളുണ്ട്. 'അ'യിൽ നിന്ന് അഗ്നി, വിരാട്, വിശ്വം തുടങ്ങിയ വിവിധാർത്ഥങ്ങൾ ഗ്രഹിക്കണം. വിവിധ ഗതികളുള്ളതാണ് ജഗത്ത്. ജ്ഞാനസ്വരൂപനും, സർവജ്ഞനും, അറിയാനും പ്രാപിക്കാനും പൂജിക്കാൻ യോഗ്യനുമായത് അഗ്നി. അത് ഈശ്വരന്റെ പര്യായപദമാണ്. വിവിധചരാചരസ്വരൂപമായ ജഗത്തിന്റെ - വിശ്വത്തിന്റെ - പ്രകാശകനാകയാൽ ഈശ്വരന് വിരാട് എന്ന പേരു വന്നു. സർവഭൂതങ്ങളിലും - ആകാശമുൾപ്പെടെ - പ്രതിഷ്ഠിതനായി (അന്തര്യാമിയായി)രിക്കുന്ന ഏകതത്ത്വമാണ് വിശ്വൻ. അതിനാൽ ഈശ്വരന്റെ പര്യായപദമാണ് വിശ്വം. ഇവയെല്ലാം 'അകാര'ത്തിൽ നിന്ന് ഗ്രഹിക്കണം.

ഹിരണ്യത്തിന് പ്രകാശിക്കുന്നതെന്നർത്ഥം. സൂര്യാദിപ്രകാശ പുഞ്ജങ്ങളെ ധാരണം ചെയ്തിരിക്കുന്നതിനാൽ ഈശ്വരൻ  ഹിരണ്യഗർഭനാണ്. വേറെ ഹിരണ്യഗർഭന്മാരില്ല. സൃഷ്ടി ഉരുത്തിരിയുന്നതിനും മുമ്പ്  ഉണ്ടായിരുന്നത് ഹിരണ്യഗർഭനാണെന്ന് യജുർവേദം പറയുന്നു (ഹിരണ്യഗർഭസമവർതതാഗ്രേ 13:4) ഹിരണ്യഗർഭൻ എന്നത് ഈശ്വരപര്യായമാണ്. ബലവാന്മാരിൽ  ബലിഷ്ഠനാണ് വായു. അതും ഈശ്വരവാചിയാണ്. പ്രകാശസ്വരൂപനും സൂര്യാദിലോകങ്ങളെ പ്രകാശിപ്പിക്കുന്നവനും ആകയാൽ ഈശ്വരൻ തേജസ്സാണ്. ഈ അർത്ഥങ്ങളെല്ലാം ഉകാരത്തിൽ നിന്ന് ബോധിക്കണം.

മ് എന്നതിന് ഒരിക്കലും നാശമില്ലാത്തത്, സർവജ്ഞാനനിധി (പ്രാജ്ഞന്) എല്ലാം ഉള്ളിലൊതുക്കി ഐശ്വര്യത്തെ നല്കുന്നവൻ (ഈശ്വരദത്തമാകയാൽ ഐശ്വര്യം എന്നു പറയുന്നു) എന്നീ അർത്ഥങ്ങളെല്ലാം ഉണ്ട്.

ഓങ്കാരമായ പൊരുൾ മൂന്നായി പിരിഞ്ഞു. കാലം, ദേശം എന്നിവയൊന്നും ബാധിക്കാത്തതാണ് ഓങ്കാരം അല്ലെങ്കിൽ സൃഷ്ടി  സ്ഥിതിപ്രളയങ്ങൾ സമമായിരിക്കുന്ന പൊരുൾ ഇവ മൂന്നും ഓങ്കാരത്തിൽ ഇല്ല. അതായത് സാംഖ്യകാരന് പറയുന്ന സാമ്യാവസ്ഥയാണ് ഇവയില്ലാത്തപ്പോൾ നിലവിലുള്ളത്.  ഇതിന് പ്രകൃതിയെന്നും പേരുണ്ട്. (സത്വരജസ്തമസാം സാമ്യാവസ്ഥാ പ്രകൃതിഃ എന്ന് സാംഖ്യദർശനം.) പ്രകൃതി വികൃതിയാകാതിരിക്കുന്ന അവസ്ഥയിൽ സൃഷ്ടിയില്ല. പ്രളയമാണ് അപ്പോൾ ഉള്ളത്. ഓങ്കാരത്തിന്റെ പൊരുൾ ആണിത്. സൃഷ്ടിസ്ഥിതിലയങ്ങൾക്ക് കാരണഭൂതമായ പ്രകൃതിയോടു ചേർന്നും അതിൽ വ്യാപിച്ചും സ്രഷ്ടാവും പാലകനും സംഹർത്താവുമായ പുരുഷവിശേഷം (ഈശ്വരൻ) അപ്പോഴും ഉണ്ടെന്നർത്ഥം.  ജീവാത്മാക്കളാകട്ടെ 'സ്ഥിതി' നിലവിലുള്ള ബ്രഹ്മാണ്ഡത്തിലെ മറ്റു സൗരയൂഥങ്ങളിലെ ഗ്രഹങ്ങളിൽ കർമവും കർമവാസനയും നിമിത്തം ജനനമരണങ്ങൾക്ക് ആസ്പദമായ ശരീരം ധരിക്കുകയും ത്യജിക്കുകയും ചെയ്യുന്നു. ഒരിടത്ത് തീരുമ്പോൾ പ്രളയം തുടങ്ങുന്നു. അവിടെ പ്രളയം തീരുമ്പോൾ സൃഷ്ടി ആരംഭിക്കുന്നു. ഇതാണ്  ബ്രഹ്മാണ്ഡമണ്ഡലത്തിന്റെ നിയമം. (സൂര്യാചന്ദ്രമസൗധാതാ യഥാപൂർവമകല്പയത് - സൂര്യചന്ദ്രന്മാരെ വിധാതാവായ സ്രഷ്ടാവ് മുൻ സൃഷ്ടിയിലെന്നതുപോലെ ഉണ്ടാകട്ടെ എന്ന് നിർണ്ണയിച്ചു എന്ന് ഋഗ്വേദം. ഈ സൗരയൂഥത്തിലേതിനു വിരുദ്ധമായതൊന്നും മറ്റു സൗരയൂഥങ്ങളിലോ ആകാശഗംഗകളുടെ പാരാവാരത്തിലോ ഇല്ല. സൃഷ്ടി-സ്ഥിതി-ലയങ്ങൾ ഈ ബ്രഹ്മാണ്ഡമണ്ഡലത്തിൽ ഇടതടവില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ ഈ ഭൂമിയിൽ ജനനമരണങ്ങൾ നടക്കുന്നതുപോലെ ഈ ഭൂമി ഉൾപ്പെടുന്ന ആകാശഗംഗയിൽ  പലേടത്തും ഇത് ആവർത്തിക്കുന്നു. ഇതുപോലെ അനന്തകോടി ആകാശഗംഗകളുണ്ട്. അവിടെയെല്ലാം ഇത് നടപ്പിലിരിക്കുന്നുണ്ട്. നമുക്കത് മനസ്സിലാക്കാൻ കഴിയുന്നില്ല. നമ്മുടെ ബുദ്ധി സ്ഥൂലമായിരിക്കുന്നതു കൊണ്ടാണിത് പെട്ടെന്ന് ഗ്രഹിക്കാന് കഴിയാത്തത്. ഇങ്ങനെയാണ് അനന്തമായ ഓങ്കാരപ്പൊൾ മൂന്നായി പിരിഞ്ഞിരിക്കുന്നത്; സൃഷ്ടി-സ്ഥിതി-ലയം എന്ന നിത്യമായ ത്രിത്വത്തിൽ. ഇതിനെ ത്രിമൂർത്തികളായി (ബ്രഹ്മാവിഷ്ണു മഹേശ്വരൻ) സങ്കല്പ്ച്ചിരിക്കുന്നു.

ആങ്കാരമായതിന് താൻ തന്നെ സാക്ഷി - ഈ ഓങ്കാരത്തിലെ ആദ്യക്ഷരമാണ് അ. 'അ' ദീർഘമാണ്. ജനിക്കും മുതൽ മരിക്കും വരെയുള്ള അ - ഉ എന്നിവയ്ക്ക് അഹങ്കാരം എന്നർത്ഥം  ഓങ്കാരത്തിൽ  അ+ഉ = ഔ ഇല്ല. ആ എന്നേ വരൂ. എനിക്ക് മരണമില്ല എന്നാണ് ജീവാത്മാവിന്റെ സ്വബോധം. അതു ശരിയുമാണ്. പക്ഷേ ശരീരം ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു. 'ഔ' എന്ന അക്ഷരത്തിന്റെ ശ്ലോകം എഴുതുമ്പോൾ ആചാര്യൻ ഇത് സ്പഷ്ടമാക്കുന്നുണ്ട്. ഔദുംബരത്തിൽ മശകങ്ങളാണ് ജീവാത്മാക്കൾ. ജീവിതത്തിന്നുപരി ഒന്നുമില്ലെന്ന പക്ഷമാണ് നമുക്കെല്ലാം ഉള്ളത്. ഇതാണ് മായ. ലോകം - ലോകാന്തരങ്ങൾ - എന്നിവയൊന്നും ഇല്ലെന്നതല്ല മായ. ഔദുംബരത്തിൽ മശകത്തിന്റെ- അത്തിപ്പഴത്തിലെ ചെറുമശകം പക്ഷിയല്ല; എങ്കിലുമതൊരു പക്ഷിയാണെന്ന് സ്വയം അഭിമാനിക്കുന്നു. നാമെല്ലാം അത്തരം പക്ഷിയല്ലാപ്പക്ഷികളാണ്. വിദ്യ-അവിദ്യ എന്നീ വാസ്തവികതകളുടെ തുണ തേടാതെ - അകാരം നീണ്ടുപോയി അഹങ്കാരമാകുമെന്ന -പ്രതീക്ഷയുള്ളവരുടെ സാക്ഷികളാണ്. സൃഷ്ടി (ജനനം) മുതൽ  മരണം വരെയുള്ള ചെറിയൊരു ദീർഘമാണ് 'ആ'.

ഇതുബോധം വരുത്തുവതിന് ആളായിനിന്ന പരമാചാര്യരൂപ ഹരിനാരായണായ നമഃ - ഇത് ബോധിപ്പിക്കാനുള്ള മേല്നോട്ടക്കാരൻ നീ തന്നെ. എന്തെന്നാൽ  നീ പരമാചാര്യ സ്വരൂപനാണ്. സാക്ഷിയുമാണ്. സാക്ഷിക്ക് സാക്ഷാത് കർത്താവായ ഫലദാതാവ് എന്നർത്ഥം. ഋഗ്വേദം 10.49.1- സാക്ഷിഃ വിശ്വസ്മിന് ഭരേ (സമസ്തവിശ്വത്തിലും സാക്ഷി) എന്നു കാണാം. സാക്ഷാതകർത്താവായ ഫലദാതാവാണ് ഈശ്വരൻ എന്നർത്ഥം.  ബോധം വരുത്തുവതിന് ആളായിനില്ക്കുന്നയാളത്രേ സാക്ഷി. സാക്ഷി മേല്നോട്ടക്കാരനായി നില്ക്കുമ്പോൾ പരമാചാര്യരൂപനാണ്. ആരോടും പക്ഷപാതമില്ലാതെ ആര് എന്തെല്ലാം ചെയ്യുന്നു എന്നു നോക്കിക്കണ്ട് അതിന് സാക്ഷിയായി നില്ക്കുകയും പിന്നെ അതിന് ഉതകുന്ന ഫലം നല്കുകയും ചെയ്യുന്നു. സാക്ഷിമൊഴിയാണല്ലോ ശിക്ഷയ്ക്കും രക്ഷയ്ക്കും അവലംബം. പരമാചാര്യൻ എന്ന
പ്രയോഗം വിശേഷശ്രദ്ധയ്ക്ക് ആസ്പദമാകേണ്ടതാണ്. ആചാര്യൻ ഗുരു എന്നീ പദങ്ങൾ സമാനാർത്ഥബോധകമാണെന്ന് പലരും പറയാറുണ്ട്. അങ്ങനെയല്ല. ആചാര്യൻ  സ്വന്തം ആചാരങ്ങളിലൂടെ ആചാരം പാലിപ്പിക്കുന്നയാളും, ഗുരു കഠിനമായ - തൂക്കമേറിയ - ശിക്ഷണങ്ങളെ ബോധിപ്പിക്കുന്നയാളുമാണ്. ശിഷ്യനെ ആചാര്യൻ അന്തേവാസിയാക്കുന്നു. ബ്രഹ്മചാരിയെ ആചാര്യൻ സ്വന്തം ഗർഭത്തിൽ സ്ഥാപിക്കുന്നു എന്നുപനിഷത്ത്. അപ്പോൾ ശിഷ്യൻ  ആചാര്യൻ ഉപനയനം നടത്തി അമ്മയുടെ ഗർഭത്തിലെ പൊക്കിൾക്കൊടി പോലെ ഉപവീതം - പൂണൂൽ - നല്കുന്നു. ഇത് സന്ന്യാസം സ്വീകരിക്കുംവരെ ധരിക്കണം. പണ്ട് വർണ്ണവ്യവസ്ഥ ജാതിവ്യവസ്ഥ അല്ലാതിരുന്നപ്പോൾ എല്ലാവര്ക്കും ഉപവീതവും ശിഖയും ഉണ്ടായിരുന്നു. രണ്ടും മൃത്യുഞ്ജയങ്ങളാണ്.

ജീവിതം മൃത്യുഞ്ജയത്തിനുള്ള ആങ്കാരമാണെന്ന് പരമാചാര്യൻ  ബോധിപ്പിക്കുന്നു. ആങ്കാരത്തിൽ താൻ തന്നെയാണ് ഭോക്താവ്. ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം യുക്തമായ ഫലം പരമാചാര്യൻ ഭോക്താവായ കർമ്മിക്ക് ശരിയായി നല്കുന്നു. ഈ കർമ്മി സാക്ഷാത്കാരകനായതിനാൽ സാക്ഷിയുമാണ്. യഥാതഥമായി ജീവാത്മാക്കൾക്ക് അർത്ഥങ്ങൾ വ്യവസ്ഥ ചെയ്തു നല്കുന്നത് ആ സ്വയംഭൂവായ ജഗദീശ്വരനാണെന്ന് ഈശോപനിഷത്ത് പറയുന്നു. (മന്ത്രം-8) സാക്ഷി എന്ന സംജ്ഞ ജീവാത്മാവിനു മാത്രമല്ല; പരമാത്മാവിനും ചേരും. ഋഗ്വേദത്തിലെ 'അനശ്നന്നന്യോ അഭിചാകശീതി'- ഭോക്താവാകാതെ സാക്ഷിയായി വർത്തിക്കുന്നു അവൻ' (1.164.20) എന്നവചനം പിന്നീട് ഉപനിഷത്തുകളിലും ഉദ്ധരിച്ചിട്ടുണ്ട്. ശ്വേതാശ്വതരത്തിൽ 'സർവഭൂതാധിവാസഃ സാക്ഷീ ചേതാഃ കേവലോ നിർഗുണശ്ച- സർവഭൂതങ്ങളിലും വസിക്കുന്നവനും സാക്ഷിയും കേവലചേതനവും നിർഗുണസ്വരൂപനുമാണെന്ന് പരമാത്മാവിനെ നിർവചിച്ചിട്ടുണ്ട്. (6.1) ഇവിടെല്ലാം ഭോക്താവായ ജീവാത്മാവിന്റെ കർത്തൃത്വത്തിന്റെ സാക്ഷി - ദ്രഷ്ടാവ് - യാണ് പരമാത്മാവെന്നു ഗ്രഹിക്കണം. എങ്കിലേ യഥാതഥമായി കർമ്മഫലം നല്കാൻ കഴിയൂ എന്നു താത്പര്യം. ജീവാത്മാവ് ഭോക്തൃത്വത്തിനു സ്വയംസാക്ഷി. പരമാത്മാവ് കർത്തൃത്വത്തിന്റെ  നേർസാക്ഷി..

No comments:

Post a Comment