ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 October 2017

ജീവിതത്തിലെ അഞ്ചു നിയമങ്ങൾ

ജീവിതത്തിലെ അഞ്ചു നിയമങ്ങൾ

നമ്മുടെ ജീവിതചര്യ മന്ത്രദീക്ഷയ്ക്കു യോജിച്ചതായിരിക്കണം. പരിശുദ്ധമായ ഒരു ജീവിതചര്യയിലൂടെയല്ലാതെ ആർക്കും ഈശ്വരനിലേക്ക് എത്താൻ സാദ്ധ്യമല്ല. ഈശ്വരമാർഗ്ഗത്തിൽ മുന്നേറാൻ പരിശുദ്ധമായ ജീവിതം അനിവാര്യമാണ്. ശുദ്ധമായ ഭക്ഷണം കഴിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി നാം കേൾക്കാറുണ്ട്. ധാരാളം നെയ്യും കൂട്ടി ഉണ്ണണമെന്നാണോ അതിനർത്ഥം? അല്ലേ അല്ല. പരിശുദ്ധമായ ഭക്ഷണമെന്നാൽ "സാത്വിക" മായ ഭക്ഷണം - പോഷകഗുണമുള്ള ഭക്ഷണം. ഇതു ശാസ്ത്രവിധിയാണ്. ശരീരത്തിന്റെയോ മനസ്സിന്റെയോ വളർച്ചയ്ക്ക് ഹിതകരമായ ഭക്ഷണം ആവശ്യത്തിനുമാത്രം കഴിക്കണം. അതായത് ഒരാളുടെ ആഗ്രഹത്തിനും രുചിക്കും അനുസരിച്ചു മാത്രം ഭക്ഷണം കഴിക്കരുത് എന്നു താല്പര്യം. ഞാൻ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെയും മനസ്സിന്റെയും പോഷണത്തിനുപകരിക്കും. ഇപ്രകാരം ആരോഗ്യദൃഢമായ ശരീരവും മനസ്സും ഈശ്വരധ്യാനത്തിനുവേണ്ടി ഉപയോഗിക്കും എന്ന സങ്കല്പത്തോടെ ഭക്ഷണം കഴിക്കണം.

ഭക്ഷണശുദ്ധിയേക്കാൾ പ്രധാനപ്പെട്ടതാണ് ജീവിതചര്യയിലെ പരിശുദ്ധി. 

അഞ്ചു തരത്തിലുള്ള നല്ല പ്രവൃത്തികൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

1). എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി നാം പ്രാർത്ഥിക്കണം. ആരുടേയും മനസ്സിനെയും വിചാരത്തെയും ബാധിക്കാത്ത വിധത്തിലും ആരെയും വേദനിപ്പിക്കാത്ത രീതിയിലും ആയിരിക്കണം നമ്മുടെ പെരുമാറ്റം. ശാരീരികവും മാനസികവുമായി ആരേയും ദ്രോഹിക്കുന്ന വിധത്തിൽ നാം പെരുമാറരുത്. അഹിംസയെപ്പറ്റി ശാസ്ത്രങ്ങൾ പറയുന്നുണ്ട്. മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതുമാത്രമല്ല, മറ്റുള്ളവരെപ്പറ്റി ചീത്തയായി ചിന്തിക്കുന്നതും അതിലടങ്ങിയിരിക്കുന്നു. "അഹിംസ" മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രായോഗികമാക്കണം.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” 

“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ. 

കാലേ വര്‍ഷതു പര്‍ജന്യ:
പ്രിഥ്വി സസ്സ്യ ശാലിനീ 
ദേശോയം ക്ഷോഭ രഹിതോ 
ബ്രാഹ്മണാ സന്തു നിര്‍ഭയാ:
അപുത്രാ : പുത്രീണ സന്തു 
പുത്രീണ: സന്തു പൌത്രിണ:
അധനാ: സധനാ: സന്തു 
ജീവന്തു ശരദ ശതം 
ഓം ശാന്തി ശാന്തി ശാന്തി....

ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ.. അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ. ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ. ബ്രാഹ്മണര്‍, (ആചാര്യന്മാര്‍) നിര്ഭായരായിതീരട്ടെ (ഇപ്പോള്‍ അറിവുള്ളവന്‍ പേടിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥയാണ്‌ എന്നതോര്‍ക്കണം). അപുത്രര്‍ (മക്കള്‍ ഇല്ലാത്തവര്‍), പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍), കൂടിയവരായി ഭവിക്കട്ടെ.. നിര്‍ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ.. എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ........

ഇതിലും മനോഹരമായ സങ്കല്‍പം ലോകത്തോട് നല്കാന്‍ കഴിയുമോ?

2). ഏതൊരു പരിതഃസ്ഥിതിയിലും അകന്നുമാറാത്ത വിധത്തിൽ സത്യത്തെ മുറുകെ പിടിക്കണം. അസത്യവുമായി ഒരിക്കലും ബന്ധപ്പെടരുത്. നാം ഏറ്റെടുത്ത പ്രവൃത്തിയെ മാനിക്കണം. ശ്രീരാമകൃഷ്ണദേവൻ പറയുന്നു, ' സത്യത്തെ മുറുകെ പിടിക്കുന്നവൻ ദൈവത്തിന്റെ മടിയിൽ വിശ്രമിക്കുന്നു എന്ന്. അദ്ദേഹം വീണ്ടും പറയുന്നു,  കലിയുഗത്തിലെ തപസ്സാണ് സത്യസന്ധത. സത്യത്തെ മുറുകെ പിടിക്കുന്നത് എളുപ്പമാണെന്നു ഞാൻ പറയുന്നില്ല. ഒരുവിധത്തിൽ അതെളുപ്പവുമല്ല. സത്യത്തെ മുറുകെ പിടിക്കണമെങ്കിൽ ജീവിതത്തിൽ വളരെ ത്യാഗം ചെയ്യേണ്ടിവരും. അതുകൊണ്ട് അതൊരെളുപ്പമായ കാര്യമൊന്നുമല്ല. എന്നാൽ സത്യത്തെ മുറുകെ പിടിക്കുന്നതാണ് നമ്മുടെ ആദർശമെന്ന് നാമൊരിക്കലും മറക്കരുത്.

സത്യം വദ ധർമ്മം ചര, അഹിംസാ പരമോ ധർമ്മ: , ലോകാ സമസ്താ സുഖിനോ ഭവന്തു."

സത്യം പറയുക, ധർമ്മം ചെയ്യുക... അഹിംസായിൽ ഊന്നി സഞ്ചരിക്കുക...  സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും നല്ലതിൽ നിന്നും ക്ഷേമകർമ്മങ്ങളിൽ നിന്നും പിഴച്ചുപോകരുത്. അമ്മയേയും അച്ഛനേയും ആചാര്യനേയും അതിഥിയേയും ദേവനായി കരുതുക. കുറ്റമറ്റ കർമ്മങ്ങളേ ചെയ്യാവൂ. ഞങ്ങളുടെ നല്ല പ്രവൃത്തികൾ മാത്രമേ നിങ്ങൾ അനുസരിക്കാവൂ; അല്ലാത്തവ പാടില്ല.

സത്യം പറയണം ; പ്രിയമായതു വേണം പറയാൻ, സത്യമെങ്കിലും അപ്രിയമായത് പറയരുത്. പ്രിയം പറയാൻ വേണ്ടി അസത്യം പറയുകയുമരുത്. (മനുസ്‌മൃതി 4  139 )

ഇങ്ങോട്ടു കോപിയ്ക്കുന്നവനോട് അങ്ങോട്ട് കോപിയ്ക്കരുത്. തന്നെ ശകാരിച്ചാലും നല്ല വാക്കേ പറയാവൂ. അസത്യങ്ങളായ വാക്കുകൾ പറയരുത്. (മനുസ്‌മൃതി 6 -48 )

3). നാമൊരിക്കലും ഒരു വിധത്തിലും മറ്റൊരാളെ ചതിക്കരുത്. മറ്റുള്ളവരെ ചതിച്ചുകൊണ്ട് നാമൊന്നും നേടരുത്. നമുക്ക് അർഹതപ്പെട്ടതുകൊണ്ട് തൃപ്തിപ്പെടുക. ഇതാണ് മറ്റുള്ളവരുമായി ഇടപഴുകുന്നതിലെ സത്യസന്ധത. ആദ്ധ്യാത്മിക മാർഗ്ഗത്തിൽ ഇതു വലിയൊരു സഹായമാണ്.

സ്വയം ദുഖിതനായാലും അന്യനെ ദുഖിപ്പിയ്ക്കുന്ന വാക്കു പറയരുത് . അന്യനു ദ്രോഹം ഉണ്ടാക്കുന്നത് പറയുകയോ ചിന്തിയ്ക്കുകയോ അരുത് (മനുസ്‌മൃതി 2 161).

ഒരു പ്രാണിയ്ക്കും ഹിംസ ഉണ്ടാകാതെ ധർമ്മം സമ്പാദിയ്ക്കേണ്ടതാണ്.(മനുസ്‌മൃതി 2 -238 )

4). ഇന്ദ്രിയങ്ങളെയെല്ലാം അടക്കി നിർത്തണം. അവ നമ്മളെ നയിക്കാതെ സൂക്ഷിക്കണം. ഒന്നോ രണ്ടോ ഇന്ദ്രിയങ്ങളെ അടക്കിയതുകൊണ്ടായില്ല. എല്ലാ ഇന്ദ്രിയങ്ങളേയും  അടക്കിനിർത്തനം. ആദ്ധ്യാത്മിക ജീവിതത്തിന് അത് അത്യന്താപേക്ഷിതമാണ്.

തേരാളി കുതിരയെ എന്ന പോലെ മനസ്സിനെ നാം അടക്കണം. (മനുസ്‌മൃതി 2 -88 )

ആഗ്രഹ സാഫല്യം കൊണ്ട് ആഗ്രഹം ശമിക്കില്ല. തീയ്യിൽ നെയ്യ് എന്നപോലെ
അത് കൂടി വരുകയേ ഉള്ളൂ. (മനുസ്‌മൃതി 2 -94 ).

5). ജീവിതം ഈശ്വരനെപ്പറ്റി ചിന്തിക്കുന്നതിനും ഈശ്വരനെ സാക്ഷാത്കരിക്കുന്നതിനും വേണ്ടിയുള്ളതാണ്. സരളവും സത്യസന്ധവും സ്വാഭാവികവുമായ ജീവിതം നയിക്കുക. ആഡംബരങ്ങൾക്കു പുറകെ പോകരുത്. എല്ലാവരും ഭിക്ഷക്കാരെപ്പോലെ കീറിപ്പറിഞ്ഞ തുണിയും കെട്ടി ദരിദ്രജീവിതം നയിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. അത്യാവശ്യം വേണ്ടതുകൊണ്ട് ലളിതമായി എന്നാൽ സതൃപ്തരായി ജീവിക്കാൻ നാം ശീലിക്കണമെന്നാണ് വിവക്ഷ. ലോഭത്തിൽനിന്നു നാം പൂർണ്ണമായും മോചനം നേടണം. കാലദോഷം പിന്തുടരുമ്പോള്‍ രക്ഷനേടാനുള്ള വഴി ഈശ്വരചിന്ത തന്നെയാണ്. ആയിരം രൂപ പ്രതിമാസം സമ്പാദിക്കുന്ന ഒരാൾ അയ്യായിരം രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നു. അയ്യായിരം രൂപ പ്രതിമാസം സമ്പാദിക്കുന്നവൻ പതിനായിരം രൂപ സമ്പാദിക്കാൻ മോഹിക്കുന്നു. അതുപോലെ മറ്റു ചിലരുടെ ലക്ഷ്യം പതിനായിരത്തിൽനിന്നു ലക്ഷത്തിലേക്കും  ലക്ഷത്തിൽനിന്നു കോടിയിലേക്കുമാണ്. ഇങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾ തുടർച്ചയായി വളർന്നു വലുതാവുന്നത്. നിരന്തരം വളർന്നു വലുതാവുന്ന ആഗ്രഹങ്ങൾ മനസ്സിനെ ചഞ്ചലമാക്കുന്നു.

ഒരു കഥ പറഞ്ഞു അവസാനിപ്പിക്കാം...

ഒരിക്കൽ ഒരു സ്ഥലത്തു തറവാടിയും ആഢ്യനുമായ ഒരു വൃദ്ധനുണ്ടായിരുന്നു. അയാള്‍ക്ക് നായാട്ട് വളരെ പ്രിയമുള്ള ഒരു വിനോദമായിരുന്നു. ഒരിക്കല്‍ അയാള്‍ തനിക്കേറ്റവും പ്രിയപ്പെട്ട മകനേയും രണ്ടു സഹോദരങ്ങളേയുംകൂട്ടി നായാട്ടിനുപോയി. പതിവുപോലെ അയാളുടെ നായും അവരെ അനുഗമിച്ചു. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലേക്കവര്‍ നായാടി നീങ്ങി.

അപ്പോള്‍ ഒരു പുലി അവരുടെ നേരെ വരുന്നതു കണ്ടു കൂടെ ഉണ്ടായിരുന്ന ഉറ്റ ബന്ധുക്കള്‍, വൃദ്ധനെ ഉപേക്ഷിച്ചു പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയി.

എന്നാല്‍ ഈ ആപല്‍ഘട്ടത്തില്‍ വയോധികനായ തന്റെ യജമാനനെ വിട്ട് ഓടിപ്പോകാന്‍ നായക്കു മനസ്സുവന്നില്ല. അത് യജമാനനെ നോക്കി വരുന്ന പുലിയുടെ നേര്‍ക്ക് കുതിച്ചു. പുലിയും നായുടെ നേര്‍ക്കുതിരിഞ്ഞു; അവ തമ്മിലേറ്റുമുട്ടി. ആ തക്കം നോക്കി വൃദ്ധന്‍ ഓടിരക്ഷപ്പെട്ടു. ആപത്തു ഒഴിവായപ്പോള്‍ വൃദ്ധന്‍ മനസ്സു മാറി. തന്റെ ജീവന്‍ രക്ഷിച്ച വിശ്വസ്ത മിത്രത്തെ മറന്നു; പിന്നീട്, തന്റെ മകനേയും സഹോദരങ്ങളേയും കുറിച്ചായി ചിന്ത. വീട്ടിലെത്തിയപ്പോള്‍ അവര്‍ ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയിരിക്കുന്നതുകണ്ട് വൃദ്ധന് ആശ്വാസമായി. ഓടിയപ്പോള്‍ അവര്‍ക്ക് പറ്റിയ നിസ്സാരമുറിവുകളില്‍ വൃദ്ധന്‍ മരുന്നുവച്ചുകെട്ടി; വാത്സല്യപൂര്‍വം അവരെ പരിചരിച്ചു.

അതേസമയം പുലിയുടെ വായില്‍നിന്ന് വൃദ്ധനെ രക്ഷിച്ച നായുടെ സ്ഥിതിയോ? പുലിയോടേറ്റുനില്‍ക്കാന്‍ കഴിയാതെ വിഷമിച്ച നായ; തന്നെയുംവിട്ടു വൃദ്ധനും ഓടിപ്പോകുന്നതു കണ്ടപ്പോള്‍ പുലിയില്‍നിന്നെങ്ങനെയോ തപ്പി പിന്തിരിഞ്ഞോടി; പുലി ഏല്‍പ്പിച്ച മുറിവുകളുമായി വീട്ടിലെത്തിച്ചേര്‍ന്നു. നായയെ വൃദ്ധന്‍ കണ്ടുവെങ്കിലും അതിനു പറ്റിയ മുറിവുകളെയോ വേദനയെപ്പറ്റിയോ ലവലേശം ചിന്തിച്ചില്ല. നായ, വരാന്തയിലൊരു ഭാഗത്തു മുറിവുകളും വേദനയും സഹിച്ചു ഒതുങ്ങിക്കിടന്നു. അപ്പോഴും അതുതന്റെ യജമാനന്റെ വീടും വളപ്പും കാത്തുപോന്നു. രാത്രിയില്‍ വല്ല ശബ്ദമോ അനക്കമോ ഉണ്ടായാല്‍, ഉടനെ കുരയ്ക്കും. കുര കേട്ട വൃദ്ധന്‍ പുറത്തേക്കിറങ്ങാന്‍ മടിച്ച്‌, വിരല്‍ഞൊടിച്ചുകൊണ്ടു വിളിക്കും. വിളികേട്ട ഉടനെ നായ, ഞൊണ്ടി ഞൊണ്ടി, വീടിനു ചുറ്റും നടന്നു, കുരച്ചു തിരികെ വന്നു കിടക്കും. അങ്ങനെയിരിക്കെ നായയുടെ മുറിവുകള്‍ ചോരയും നീരും വാര്‍ന്നൊലിച്ചു, പുഴുകുത്തി വലിയ വ്രണങ്ങളായി; ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു വടിയുമായി ചെന്ന് ക്ഷീണിച്ചു വശംകെട്ടു കിടക്കുന്ന നായയെ ആട്ടിയും അടിച്ചും പുറത്താക്കിവിട്ടു. ഗത്യന്തരമില്ലാതായപ്പോള്‍ നായ വെളിയില്‍ ഒരു മരച്ചുവട്ടില്‍ ചെന്നു കിടന്നു.

വൃദ്ധന്റെ ജീവനും സ്വത്തും രക്ഷിച്ചു വന്ന നായ, പുഴുകുത്തി വേദനിക്കുന്ന വ്രണങ്ങളുമായി, മഞ്ഞും വെയിലും സഹിച്ചു മരച്ചുവട്ടില്‍ കിടന്നു മരണവേദന അനുഭവിക്കുമ്ബോള്‍; അത്യാപത്തില്‍ തന്നെ കൈവിട്ടോടിപ്പോയ നന്ദികെട്ട ബന്ധുക്കള്‍ക്ക് കിടക്കാന്‍ വൃദ്ധന്‍ കട്ടിലും മെത്തയും നല്‍കി, മരുന്നും നല്ല ഭക്ഷണങ്ങളും കൊടുത്തു പരിചരിച്ചു. അവര്‍ തിന്നുതുപ്പിയ മത്സ്യമാംസങ്ങളുടെ എല്ലും മുള്ളുമെല്ലാം കൂട്ടിച്ചേര്‍ത്ത ഒരു പദാര്‍ത്ഥം വല്ലപ്പോഴും നായക്കും ഇട്ടുകൊടുത്തു.

ഇപ്രകാരം പീഡനങ്ങള്‍ അനുഭവിച്ചിട്ടും നായയുടെ യജമാനപ്രീതിക്ക് ഒട്ടും കുറവുണ്ടായില്ല. അങ്ങനെ, കാട്ടിലും വീട്ടിലുംവച്ച്‌ വൃദ്ധന്റെ ജീവനും സ്വത്തും കാത്തുരക്ഷിച്ചുപോന്ന നന്ദിയും യജമാനപ്രീതിയുമുള്ള ആ വിശ്വസ്ത മിത്രം നന്ദികെട്ട വൃദ്ധന്റെ കൃതഘ്നത കാരണം വേണ്ട ചികിത്സയോ പരിചരണമോ ലഭിക്കാതെ ദയനീയമായി ചത്തുപോകയും ചെയ്തു. ഇവരില്‍ ആരാണ് ബന്ധു? ആരാണ് ശത്രു? ആപല്‍സന്ധിയില്‍ വൃദ്ധനെ ഉപേക്ഷിച്ചുപോയ ബന്ധുക്കളോ? അതല്ല കാട്ടിലും വീട്ടിലും തന്റെ ജീവനും സ്വത്തും കാത്തുസൂക്ഷിച്ച നായോ? അല്‍പ്പമൊന്നു ചിന്തിച്ചുനോക്കുവിന്‍.

മേല്‍പ്പറഞ്ഞ വൃദ്ധന്റെ ബന്ധുക്കളെപ്പോലെയാണ് സദാ നമ്മോട് ബന്ധപ്പെട്ടിരിക്കുന്ന ഇന്ദ്രിയങ്ങളുടെ സ്ഥിതിയും. ഇന്ദ്രിയങ്ങള്‍ ഈശ്വരവിചാരം ചെയ്യുന്നവരുടെ യഥാര്‍ത്ഥ ശത്രുക്കളാണ്. ഈ ശത്രുക്കളെ അധികമായി നാം വിശ്വസിക്കയും സേവിക്കയും ചെയ്യുമ്ബോള്‍ യഥാര്‍ത്ഥ ബന്ധുവായ ജീവനെ വിശ്വസിക്കയോ സേവിക്കയോ ചെയ്യാതെ മുന്‍പറഞ്ഞ നായയെപ്പോലെ പുറത്താക്കിവിട്ടു നശിപ്പിക്കുന്നു. അപ്രകാരം ജീവന്‍ നശിക്കാന്‍, നമ്മള്‍ തന്നെയാണ് കാരണം.

ഇപ്പോള്‍ നാമെല്ലാം ഒരുതരം പേപ്പട്ടികളാണെന്നുവേണം പറയുവാന്‍. ഒരു നായക്ക് പേപിടിപെട്ടാല്‍, അത് തന്നെ പോറ്റി-രക്ഷിക്കുന്ന യജമാനനെ തിരിഞ്ഞു കടിക്കുന്നു. അതുപോലെ നമ്മള്‍ നമ്മെപ്പറ്റി ചിന്തിക്കാതെ നമ്മിലിരിക്കുന്ന ഉറ്റ ബന്ധുവും ഈശ്വരാംശവുമായ ജീവനെ താഴെ കൊണ്ടുവന്നു സങ്കല്‍പമാത്രമായ ലോകത്തെ കെട്ടി (അതില്‍ ബന്ധിച്ചു) നശിപ്പിക്കുകയാണ് ചെയ്തു വരുന്നത്.

No comments:

Post a Comment