ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 October 2017

എങ്ങനെ ഒരു നല്ല ഭാര്യയാകാം...?

എങ്ങനെ ഒരു നല്ല ഭാര്യയാകാം...?

കന്യാദാനം അന്നദാനത്തെപ്പോലെ മഹത്താർജ്ജിക്കുന്ന ഒന്നാണ്. തൻറെ മകളെ കൈപിടിച്ചു അച്ഛൻ അവളുടെ വരനെ ഏൽപ്പിക്കുമ്പോൾ അതിൽ എല്ലാ നല്ല ആശയങ്ങളും ആദർശങ്ങളും അടങ്ങിയിരിക്കുന്നു. അതുപോലെ വരൻ വധുവിൻറെ കഴുത്തിൽ പൂമാല ചാർത്തുമ്പോൾ അത് അവളുടെ ഗളം തൊട്ടു അരയുടെ ഭാഗം (ജനനേന്ദ്രിയം ഉൾപ്പടെ) വരെ, നീളത്തിൽ തൂങ്ങിക്കിടക്കുന്നു. ഇതുകൊണ്ടുദ്ദേശിക്കുന്നത്, അവളുടെ പൂർണ്ണ സുരക്ഷിതത്ത്വം താൻ ഏറ്റെടുത്തിരിക്കുന്നു എന്നാണു. അങ്ങനെയുള്ള ഭാര്യ തൻറെ ഭർത്താവിനെ ജീവിത പങ്കാളിയായിട്ടും, ചിലപ്പോൾ അമ്മയുടെയും, സഹോദരിയുടെയും ധർമ്മം മാറിമാറി പിന്തുടരേണ്ടതുമുണ്ട്. എങ്ങനെയൊക്കെയാണ് ഈ ധർമ്മപരിപാലനം നടത്തിക്കൊണ്ടുപോകേണ്ടത് എന്ന് ഒന്ന് വിശകലനം ചെയ്യാം.

"പതിർഗുരു:പതിസ്തീർത്ഥമിതി സ്ത്രീണാം വിദുർബുധാ"

ഭർത്താവുതന്നെയാണ് ഗുരുവും പുണ്യതീർത്ഥവുമെന്ന് വിദ്വാന്മാർ വിധിച്ചിരിക്കുന്നു.

"പതിസേവാ ഗുരൌവാസ:" (മനുസ്മൃതി)

പതിശുശ്രൂഷ ഗുരുകുലവാസമാണെന്ന് മനു വിധിച്ചിരിക്കുന്നു. ഇത് സ്ത്രീകളെ അസ്വതന്ത്രരും അടിമകളും ആക്കുവാനുള്ള കുതന്ത്രമല്ല. ധർമ്മം സ്വഭാവേന വർത്തിക്കേണ്ടതാണ്. 'ഭർത്താവ്' എന്ന വാക്കിന് ഭരിക്കുന്നവൻ എന്നാണർത്ഥം. ഭാര്യ ഭരിക്കപ്പെടുന്ന തത്വമാണ്. നവദമ്പതിമാർ ആദ്യമായിട്ട് പരസ്പരം അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും, ആദർശങ്ങളും പൂർണ്ണമായിട്ടു മനസ്സിലാക്കിയെടുക്കണം. ഭാര്യ ഒരിക്കലും ഭർത്താവിൻറെ ഇഷ്ടങ്ങളെ നിർബ്ബന്ധിച്ചു തൻറെ ഇഷ്ടത്തിനു മുന്നിൽ അടിയറപ്പെടുത്താൻ ശ്രമിക്കരുത്. പെട്ടെന്നുള്ള മാറ്റം ഒരുപക്ഷെ, അയാൾ അംഗീകരിച്ചെ ന്നു വരില്ല. അവിടെ വേണ്ടത്, തുറന്നുള്ള സംഭാഷണത്തിൽക്കൂടി അയാളുടെ മനസ്സിനെ ക്രമേണ മാറ്റിയെടുക്കാൻ ശ്രമിക്കണം. ഇതിനു എത്ര സമയം വേണമെങ്കിലും കാത്തിരിക്കാൻ ഒരു ഭാര്യ സന്മനസ്സ് കാണിക്കണം. ഉദാഹരണം ഭാര്യ മാംസഭുക്കും ഭർത്താവ് സസ്യഭുക്കും ആണെങ്കിലോ, മറിച്ചോ ആണെങ്കിലോ ഉള്ള സംഭവം.

പ്രഭാതസമയത്തു morning tea/coffee കുടിക്കുന്നത് കഴിവതും ഒരുമിച്ചായിരിക്കണം. ആ സമയം കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും അവർ തമ്മിൽ തുറന്ന സംഭാഷണം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. ഈ സമയത്തു രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ ക്ഷേമകാര്യങ്ങളും മുതിർന്ന കുടുംബാംഗങ്ങൾ അവർക്കു പകർന്നുനൽകിയ നല്ല അനുഭവങ്ങളും പങ്കുവെയ്ക്കാം. അതുപോലെ അവർ അന്ന് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയുള്ള  ഒരു രൂപരേഖ (planning)  തീരുമാനിച്ചു തയ്യാറാക്കുന്നതിൽകൂടി അവരുടെ പരപ്സര ധാരണയും ഉത്തരവാദിത്തബോധവും നിലനിർത്താനും സാധിക്കും. ഒരിക്കലും തമ്മിൽ നീരസം ഉളവാക്കുന്നതോ, കുടുംബാംഗങ്ങളെ കുറ്റം പറയുന്നതോ ആയ കാര്യങ്ങൾ അരുത്‌. അത് ഒരിക്കലും ശുഭകരമായി പര്യവസാനിക്കില്ല. ജോലിക്കു പോകുന്ന ഭർത്താവ് പ്രാഥമികകാര്യങ്ങളിൽ ഏർപ്പെടുന്ന സമയംകൊണ്ട്, ഭാര്യ തങ്ങൾക്കു ആവശ്യമായ ഭക്ഷണം തയ്യാറാക്കുകയും, അയാൾക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം pack ചെയ്ത് ബാഗിനു സമീപത്തു കൊണ്ടു വെയ്ക്കാനും മറക്കരുത്. ജോലിക്കുപോകാൻ തയ്യാറായിനിൽക്കുന്ന ഭർത്താവിനൊപ്പം മുറ്റത്തെ step/car വരെ അനുഗമിച്ച് തൻറെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നത് വളരെ പ്രയോജനം ചെയ്യും. അങ്ങനെയുള്ള ഭാര്യമാർ, തങ്ങളുടെ ഭർത്താക്കന്മാരുടെ പ്രിയഭാജനമായിരിക്കും എന്നതിനു ഒരു തർക്കവും ഇല്ല തന്നെ. രണ്ടുപേരും ജോലിചെയ്യുന്നവരാണെങ്കിൽ ഇങ്ങനെയുള്ള പണികൾ ഒരുമിച്ചു നിർവ്വഹിക്കുന്നത് ഏറ്റവും ഉത്തമം. അതിനുള്ള സമയം adjust ചെയ്തുവേണം രാവിലെ ഉണരാൻ.

ഭക്ഷണം പാചകം ചെയ്യുന്നതും ഒരു കലയാണ്. ഒരിക്കലും അതു ഭാരമായി കാണരുത്. വളരെ ലഘുവായതും രുചിയും ഉള്ള ഭക്ഷണമാണ് അഭികാമ്യം. അതിനുവേണ്ടി കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുമ്പോളാണ്, പാചകം ഒരു ശാപമായി മാറുന്നത്. അടുക്കളയിൽ ഒരു radio/transistor/cd player കണക്ഷൻ കൊടുത്ത് ഇഷ്ട ചാനലോ/ഗാനങ്ങളോ കേൾക്കുന്നതുമൂലം സമയംപോകുന്നത് അറിയാതെ പണി പൂർത്തിയാക്കാം. എപ്പോഴും ഭക്ഷണത്തിൻറെ രുചിയാണ് ഭർത്താവിനെ ആകർഷിക്കാനുള്ള മാർഗ്ഗം. (" The way to man's heart is through his stomach ") എന്നാണല്ലോ പ്രമാണം. അതോടെ, അന്നത്തെ പത്രങ്ങളും മാസികകളും വായിച്ച് സാമൂഹിക - രാഷ്ട്രീയ സാമാന്യജ്ഞാനം ഗ്രഹിക്കുന്നതും നല്ലതാണ്. ഉച്ചഭക്ഷണം കഴിഞ് അൽപ്പം വിശ്രമിക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും എന്നാണു പഴമക്കാർ പറയുന്നത്. സന്ധ്യക്ക് ഒരിക്കലും ഉറക്കം പാടില്ല.

സന്ധ്യാദീപവും ഈശ്വര നാമസങ്കീർത്തനങ്ങളും മുറതെറ്റാതെ കുടുംബത്തിൽ ശീലമാക്കണം. രാത്രിയിലെ ലഘുഭക്ഷണം ഭർത്താവുമായിട്ടു ഒരുമിച്ചു കഴിക്കാനും അമാന്തിക്കരുത്. ഭക്ഷണത്തിൻറെ അളവു തെറ്റി കൂടാനോ, കുറയാനോ ഇടവരുത്തരുത്. അതു കഴിഞ്ഞു രണ്ടുപേരും പുറത്ത് അൽപ്പം നടന്നുവരികയോ, പാർക്ക്, കടൽക്കര തുടങ്ങിയ സ്ഥലങ്ങളിൽ ചിലവഴിക്കുന്നതോ നല്ല കാര്യമായിരിക്കും. ഈ സമയം അവരവരുടെ അന്നത്തെ (വീട്ടിലെ/ഓഫീസിലെ) കാര്യങ്ങൾ തുറന്നുപറഞ്ഞു അവരുടെ ടെൻഷൻ അകറ്റിയെടുക്കാനും പറ്റും. വീട്ടിലെത്തിയാൽ ടെലിവിഷൻറെ ഉല്ലാസപരിപാടികളിൽ പങ്കുചേരാനും അൽപ്പസമയം കണ്ടെത്തണം. കൂട്ടുകുടുംബമാണെങ്കിൽ തങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോ കൂടെയുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ വളരെ സഹിഷ്ണുതയോടെ കാര്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനും പഠിക്കേണ്ടതുണ്ട്.

വരവിൽകവിഞ്ഞുള്ള ചിലവ്, സ്വന്തം ഭർത്താവിനെ തരംതാഴ്ത്തിയുള്ള സംസാരം, അനാവശ്യമായി മറ്റു പുരുഷന്മാരുടെകൂടെ താരതമ്യപ്പെടുത്തൽ, കൂടുതൽ സമയം (രാത്രി വൈകിയും)TV, MOBILE, COMPUTER എന്നിവയിൽ ഒതുങ്ങിക്കൂടൽ, തരം കിട്ടിയാൽ ഭർത്താവുമായി പിണങ്ങുക, അതുമൂലം രാത്രി മറ്റൊരു മുറിയിൽചെന്ന് ഉറങ്ങുക, ഭർത്താവിന് സംശയാസ്പദമായ രീതിയിൽ രഹസ്യങ്ങൾ തുടർച്ചയായി കൊണ്ടുനടത്തുക, ശുചിത്വമില്ലായ്മ, ഓഫീസിലോ പുറത്തോ അകാരണമായി ചുറ്റിക്കറക്കം, അനാവശ്യ പ്രകോൽപ്പനങ്ങൾക്ക് വശംവദയാകുക, ഉച്ചത്തിൽ സംസാരിക്കുക, മുഖം നോക്കാതെ ഉത്തരം പറയുക, എപ്പോഴും മുഖം കറുപ്പിച്ചിരിക്കുക, പഴയതെറ്റുകളെ (മറക്കേണ്ടതിനു പകരം) ആവർത്തിച്ചാവർത്തിച്ചു ക്ഷമ കെടുത്തുക.........തുടങ്ങിയ കാര്യങ്ങൾ ഒരു കുടുംബിനിക്ക് ഒരിക്കലും യോജിച്ചതല്ല.

വേർതിരിക്കാൻ ആവാത്ത തത്വമാണ് ഭാര്യാഭർത്തൃ സങ്കൽപ്പം.

"പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം
പ്രാണാവസാനകാലത്തും പിരിയുമോ"

എന്ന് മൈഥിലി രാമനോട് ചോദിക്കുന്നതും ഇതേ തത്വത്തെയാണ് സൂചിപ്പിക്കുന്നത്.

"കാര്യേഷു മന്ത്രി കരണേഷു ദാസി
രൂപേഷു ലക്ഷ്മി ക്ഷമയാ ധരിത്രി
സ്നേഹേഷു മാതാ ശയനേഷു വേശ്യ
ഷഡ്കർമ്മ നാരി കുലധര്‍മ്മപത്നി"

സാരം:-
ഒരു സഹധർമ്മിണിയായ ഭാര്യ ഭര്‍ത്താവിൻറെ കാര്യങ്ങളിൽ , ഒരു മന്ത്രിയെപ്പോലെ ഉപദേശിക്കാൻ കഴിവുള്ളവളായിരിക്കണം. ശുശ്രൂഷകളിൽ ഒരു ദാസിയെപ്പോലെ പ്രവര്‍ത്തിക്കണം, രൂപത്തിൽ ലക്ഷ്മിയെപ്പോലെ ഐശ്വര്യവതിയായിരിക്കണം. ഭൂമിയെപ്പോലെ ക്ഷമയുള്ളവളായിരിക്കണം. സ്നേഹത്തിൽ പെറ്റമ്മയെപ്പോലെ വാൽസല്യമുള്ളവളായിരിക്കണം. ശയനത്തിൽ ഒരു വേശ്യയെപ്പോലെ ഭര്‍ത്താവിനെ സംത്രുപ്തിപ്പെടുത്തണം. ഈ ആറ് ഗുണങ്ങളുമുള്ള ഒരു ഭാര്യ കുലധർമ്മപത്നിയായി അറിയപ്പെടുന്നു.

No comments:

Post a Comment