ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 October 2017

ബ്രഹ്മപ്രാപ്തി

ബ്രഹ്മപ്രാപ്തി

ആദിരഹിതമായ പരബ്രഹ്മത്തെ സത്തെന്നും പറയാനും പറ്റുകയില്ല,    അസത്തെന്നും  പറയാനും പറ്റുകയില്ല. എന്തെന്നാൽ സ്വന്തം ഭാവത്തിൽ നിൽക്കുമ്പോൾ സത്ത്. സൃഷ്ടികളോട് ചേർന്നു നിൽക്കുമ്പോൾ അസത്ത്. സൃഷ്ടികളും സ്രഷ്ടാവും ഒന്നായിരിക്കുമ്പോൾ പിന്നെ ആർ ആരെപ്പറ്റി വിവരിക്കും???  ഒന്നു മാത്രമേയുള്ളു മറ്റൊന്നിൽ ഭാവമില്ല.   അപ്പോൾ ബ്രഹ്മത്തെ സത്തന്നോ അസത്തന്നോ പറയാനാവില്ല.

ആ ബ്രഹ്മം എല്ലായിടത്തും കൈകളും കാലുകളുമുള്ളതും,  എല്ലായിടത്തും കണ്ണുകളും ശിരസ്സുകളും മുഖങ്ങളുമുള്ളതും,   എല്ലായിടത്തും കാതുകളുള്ളതുമായ ഒരു  വിരാട് രൂപമായി  എങ്ങും എവിടെയും നിറഞ്ഞു നിൽക്കുന്നു.  

ആ ബ്രഹ്മം എല്ലാ ഇന്ദ്രിയങ്ങളുടെയും ഗുണങ്ങളറിയുന്നുണ്ടെങ്കിലും ഇന്ദ്രിയരഹിതമാണ്.  അത് ആസക്തിയില്ലാത്തതാണ്,  ഗുണങ്ങൾക്ക് അതീതമാണെങ്കിലും  എല്ലാറ്റിനെയും ധരിക്കുകയും  പോഷിപ്പിക്കുകയും
എല്ലാ ഗുണങ്ങളുടെയും ഫലം അനുഭവിക്കുകയും ചെയ്യുന്നു. എല്ലാ ഗുണങ്ങളുടെയും ഫലം ഒന്നൊന്നായി തന്നിൽ ലയിപ്പിക്കുന്നു എന്നർത്ഥം.  ബ്രഹ്മം എല്ലാ ജീവികളുടെയും ഉള്ളിലും വെളിയിലും നിറഞ്ഞു നിൽക്കുന്നു.    അത് ചരവും അചരവുമാണ്, എന്നാൽ അതി സൂക്ഷ്മമാകയാൽ ആർക്കും  കാണാനാകില്ല. അറിയാനുമാകില്ല.  മനസ്സിനും ഇന്ദ്രിയങ്ങൾക്കും അപ്പുറത്താണ് വർത്തിക്കുന്നത്.  അതിന്റെ സ്ഥിതി വളരെ ദൂരെയുമാണ് അടുത്തുമാണ്  .

ബ്രഹ്മം അവിഭാജ്യവും അഖണ്ഡവുമാണെങ്കിലും ചരാചരങ്ങളിൽ  ഓരോന്നിന്റെയും ഉള്ളിൽ  പ്രത്യേകം പ്രത്യേകം നിലകൊള്ളുന്നതായി തോന്നലുണ്ടാക്കുന്നു. ആ മഹശക്തി സകല ഭൂതങ്ങളുടെയും സ്ഥിതി സംഹാരങ്ങക്ക് കാരണമാണ്.

എല്ലാറ്റിന്റെയും ഉള്ളിലും പുറത്തും ആ ശക്തി പ്രവർത്തിക്കുന്നുണ്ട്. പുറമേ ജനനം, ഉള്ളിൽ ഉണർവ്. പുറമേ പാലനം അകമേ യോഗക്ഷേമം  നിർവഹിക്കൽ. പുറമേ ശരീരത്തെ പരിപ്രവർത്തിപ്പിക്കൽ അകമേ  സർവസ്വവും വിലയിപ്പിക്കൽ. സ്വന്തം പ്രാപഞ്ചികവസ്തുക്കളുടെ  ഉൽപത്തികാരണത്തെ ലയിപ്പിച്ച്  സ്വന്തം രൂപത്തെ സ്വീകരിക്കൽ.  ഇവയത്രേ ബ്രഹ്മത്തിന്റെ ലക്ഷണങ്ങൾ.  

ജ്ഞായമായ ആ ബ്രഹ്മം  എല്ലാ ജ്യോതിസ്സുകളുടെയും പ്രഭവസ്ഥാനമായ  ജ്യോതിസാണ്.   ഇത് ഇരുളിന്റെ അപ്പുറത്തുള്ളതണ്. ജ്ഞാനമായും ജ്ഞേയമായും  ജ്ഞാനത്തിലൂടെ പ്രാപിക്കേണ്ടതുമായിരിക്കുന്നു. ഇത് എല്ലാവരുടെയും ഹൃദയത്തിൽ  സ്ഥിതിചെയ്യുന്നു.   സാക്ഷാത്കാരത്തോടപ്പം ലഭിക്കുന്ന അറിവാണ് ജ്ഞാനം.  ഈ ജ്ഞാനത്തിലൂടെ മാത്രമേ ബ്രഹ്മത്തെ പ്രാപിക്കാനാവു. അതിന്റെ നിവാസസ്ഥാനം ഹൃദയമാണ്.  മറ്റു സ്ഥാലങ്ങളിൽ അന്വേഷിച്ചാൽ   അതു ലഭ്യമല്ല.  ധ്യാനം യോഗചര്യ  എന്നിവയിലൂടെ  ഉണ്ടാകേണ്ടതാണ്  ബ്രഹ്മപ്രാപ്തി.

No comments:

Post a Comment