മനുഷ്യശരീരവും ബ്രഹ്മാണ്ഡവും.
മുക്തിയിലേക്കുള്ള ഈ പ്രയാണത്തിൽ ഒരു പ്രത്യേക നിലയിലെത്തിയ മനുഷ്യൻ ഈ കാണുന്ന ഭൗതീകദേഹം മാത്രമല്ലന്നും വ്യക്തമാണല്ലോ. പാശ്ചാത്യലോകം ഭൗതീകശരീരം മാത്രമായേ മനുഷ്യനെ കാണുന്നുള്ളൂ. പക്ഷേ ഭരതീയമായ നമ്മുടെ ആർഷപരമ്പര ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നത്, മനുഷ്യന്റെ ഏറ്റവും പുറമേയുള്ള ഒരു ആവരണം മാത്രമാണ് ഈ ഭൗതീകശാരീരം എന്നാണ്. അതിനുള്ളിൽ വ്യത്യസ്ഥ സ്പന്ദനവിശേഷങ്ങളോടുകൂടിയ മറ്റുസൂക്ഷമങ്ങളും സൂക്ഷ്മതരങ്ങളുമായ അനേകം ശരീരങ്ങൾ അഥവാ കോശങ്ങളുണ്ട്. അതിന്റെയെല്ലാം ഉള്ളിൽ കടന്നു നോക്കിയാൽ മാത്രമേ ഉപാധിഭേദങ്ങൾ കൂടാതെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന പരമാത്മ ചൈതന്യം അനുഭവഭേദ്യമാകൂ. ഏറ്റവും ചുരുക്കത്തിൽ പറയാമെങ്കിൽ മനുഷ്യൻ എന്ന പ്രതിഭാസം മൊത്തത്തിൽ സ്ഥൂലശരീരമെന്നും സൂക്ഷ്മശരീരമെന്നും ഏറ്റവും ഉള്ളിൽ വിരാചിക്കുന്ന പരമാത്മാചൈതന്യമെന്നും മൂന്ന് ഉപാധികൾ ചേർന്നതാണ്. പ്രപഞ്ചശരീരത്തിനുള്ളിലും പ്രാപഞ്ചിക ശക്തികളുടെ സമാഹാരമായ ഒരു സൂക്ഷശരീരവും അതിനുള്ളിൽ വിരാജിക്കുന്ന പരമാത്മാവും ഉണ്ട്. വിരാട്പുരുഷൻ പ്രപഞ്ചത്തിന്റെ സ്ഥൂലശരീരമാണെങ്കിൽ, ഹിരണ്യഗർഭൻ പ്രപഞ്ചത്തിന്റെ സൂക്ഷ്മശരീരവും ഈശ്വരൻ അന്തര്യാമിയായ പരമാത്മാചൈതന്യവുമാണ്. വ്യഷ്ടിശരീരത്തിൽ ഇവ വിശ്വൻ, തൈജസൻ , പ്രാജ്ഞൻ, എന്നീ നാമങ്ങളാൽ വ്യവഹരിക്കപ്പെടുന്നു. അങ്ങനെ മനുഷ്യശരീരമാകുന്ന പിണ്ഡാണ്ഡം ബ്രഹ്മാണ്ഡത്തിന്റെ ഒരു കൊച്ചു പകർപ്പുതന്നെയാണ്. പ്രതീകങ്ങൾ തമ്മിൽ നീഗൂഢ ബന്ധങ്ങൾ കണ്ടെത്തുന്ന ആദ്ധ്യാത്മീകശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പ്രപഞ്ചത്തിൽ നടക്കുന്ന ചലനങ്ങൾ മനുഷ്യശരീരത്തിലും മനുഷ്യശരീരത്തിൽ നടക്കുന്ന ചലനങ്ങൾ പ്രപഞ്ചശരീരത്തിലും, പരസ്പരം അനുവർത്തിക്കുമെന്നത് സത്യമാണ്. ഇത് തന്ത്രശാസ്ത്രത്തിൽ പലയിടത്തും ശാസ്ത്രീയമായും വിശദമായും വർണ്ണിച്ചിട്ടുണ്ട്.
പ്രപഞ്ചത്തേയും പ്രപഞ്ചത്തിന്റെ നിയമാകശക്തികളെയും സമ്പൂർണ്ണമായി പ്രതിനിധാനം ചെയ്യുന്ന ശ്രീചക്രത്തിന്റെ ഓരോ ഭാഗവും എങ്ങനെ വ്യഷ്ടിശരീരത്തിലെ അവയങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടുക്കിടക്കുന്നു. എന്നതിന്റെ വിശദീകരണങ്ങളാണ് ഭവനോപനിഷത് തുടങ്ങിയ ശ്രുതി ഭാഗങ്ങൾ.
"ബൈന്ദവം ബ്രഹ്മ രന്ധ്രേച മസ്തകേ ചത്രികോണകം
ലലാടേഽഷ്ടാരചക്രം സ്യാൽ ഭ്രുവോർമ്മദ്ധ്യേ ദശാരകം
ബഹിർദ്ദശാരം കണ്ഠെസ്യാൽ മന്വശ്രാം ഹൃദയാംബുജേ
കുക്ഷൌതു പ്രഥമം വൃത്തം നാഭവഷ്ടാ ദളാംബുജം
കടൌ ദ്വിതീയാ വലയം സ്വാധിഷ്ഠാനേ കലാശ്രയം
മൂലേ തൃതീയ വലയം ജാനുഭ്യാഞ്ച മഹീപുരം
ജംഘേ ദ്വിതീയാ ഭൂഗേഹം തൃതീയം പാദയുഗ്മയോ
ത്രിപുരാശ്രീർമ്മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരീ. “
എന്ന തന്ത്രശാസ്ത്രപ്രസിദ്ധമായ ഈ ശ്ലോകം ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും, ആദ്യത്തെ ത്രികോണത്തെ മസ്തകമായും, അതിനു തഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അതിനു താഴെയുള്ള അന്തർദശാരത്തെ ഭൂമദ്ധ്യസ്ഥാനമായും (ആജ്ഞാചക്രം), ബഹിർദ്ദശാരത്തെ കണ്ഠമായും (വിശുദ്ധിചക്രം), അതിനുതാഴെയുള്ള ചതുർദ്ദശാരത്തെ ഹൃദയസ്ഥാനമായും (അനാഹതചക്രം), അതിനുതാഴെയുള്ള പ്രഥമവൃതം കുക്ഷിയായും അതിലുള്ള അഷ്ടദളപത്മം നാഭീസ്ഥാനമായും (മണിപൂരകം), താഴെയുള്ള ദ്വതീയവൃത്തം അരക്കെട്ടായും അതിലുള്ള ഷോഡശദളചക്രത്തെ സ്വാധിഷ്ഠാനമായും, അതിനുതാഴെയുള്ള തൃതീയാ വലയം അഥവാ വൃത്തം മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരശ്രം മുട്ടുകളായും, രണ്ടാം ചതുരശ്രം കണങ്കാലുകളായും, മുന്നാം ചതുരശ്രം പാദങ്ങളായും അന്വയിപ്പിച്ചിരിക്കുന്നു.
ചുരുക്കത്തിൽ നിവർന്നുനിൽക്കുന്ന മനുഷ്യശരീരം തന്നെ ത്രിമാനരൂപിയായ ശ്രീചക്രം അഥവാ മേരുചക്രം, മന്ത്രശാസ്ത്രപ്രതിപാദിങ്ങളായ മിക്ക ചക്രങ്ങളും ഈ വിധത്തിൽ ബ്രഹ്മാണ്ഡശരീരമായും അതേ കാരണം കൊണ്ട് മനുഷ്യശരീരമായും അന്വയിപ്പെട്ടിരിക്കുന്നു. അതിനാൽ ഇതേപോലെയുള്ള ചക്രങ്ങൾ അഥവാ തന്ത്രഭാഷയിൽ പറയുകയാണെങ്കിൽ "യന്ത്ര"ങ്ങൾ, ശാസ്ത്രീയമായി പിഴതീർത്ത് വരച്ച് അതിൽ അതാതു മൂർത്തികളുടെ പ്രത്യേക സ്പന്ദനവിശേഷങ്ങളായ മന്ത്രാക്ഷരങ്ങളെ ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന താന്ത്രികങ്ങളായ ആരാധനക്രമങ്ങൾ ഉണർത്തുന്ന നിഗൂഢശക്തികൾ ആരാധകനായ മനുഷ്യന് അതിവേഗത്തിൽ അനുഭവവേദ്യങ്ങളാകുന്നു.
No comments:
Post a Comment