ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 September 2016

മൂഷിക വാഹനന്‍

മൂഷിക വാഹനന്‍

ഗജമുഖന്‍ എന്ന പേരില്‍ ഒരു അസുരനുണ്ടായിരുന്നു. ഹിമാലയത്തിന്റെ താഴ്‌വരയിലായിരുന്നു താമസം. കാട്ടിലും നാട്ടിലും അവന്‍ ഭയം വിതച്ചു. ജനങ്ങളും മൃഗങ്ങളും അവനെക്കണ്ടാല്‍ ജീവനുംകൊണ്ട് ഓടിയൊളിക്കുക പതിവായി.

ഒരിക്കല്‍, ഒരു മരച്ചുവട്ടില്‍ ആളുകള്‍ കൂടിനിന്നു പ്രാര്‍ത്ഥിക്കുന്നത് അവന്‍ മറഞ്ഞുനിന്ന് ശ്രദ്ധിച്ചു:

”ഹേ, ഗണേശാ! ദയവായി ഞങ്ങളെ രക്ഷിക്കൂ! അങ്ങ് ഗജമുഖനാണല്ലോ. എന്നാല്‍ അങ്ങയെപ്പോലെ ഗജമുഖനായ ഒരസുരന്‍ കൂടി ഉണ്ടെന്നത് അങ്ങ് അറിയുന്നില്ലേ? അവന്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ അസഹ്യമായിരിക്കുന്നു ഗണേശാ! ഞങ്ങളെ രക്ഷിച്ചാലും!”
ഗജമുഖാസുരന്റെ കണ്ണുകള്‍ കോപംകൊണ്ട് ജ്വലിച്ചു. അവന്‍ പ്രാര്‍ത്ഥനാ സംഘത്തിലേക്ക് ചാടി വീണു. പലരും ഭയന്നോടി. ചിലര്‍ വീണുപോയി. വേറെ ചിലര്‍ വിറയലോടെ നിന്നു. അസുരന്‍ ചോദിച്ചു:

”ആരാണീ ഗണേശന്‍? എന്നെപ്പോലെ മറ്റൊരു ഗജമുഖനോ? അവന്‍ നിങ്ങളെ രക്ഷിക്കുമെന്നോ? പറയൂ, അവന്‍ എവിടെയുണ്ട്?”
”കൈലാസ പര്‍വതത്തില്‍ കാണും.” ഒരാള്‍ കഷ്ടിച്ചു പറഞ്ഞു.

”മതി. ഞാന്‍ ഇന്നുതന്നെ അവന്റെ കഥ തീര്‍ക്കുന്നുണ്ട്!” ഗജമുഖന്‍ കാടും മലയും കിടിലംകൊള്ളിച്ചുകൊണ്ട് കൈലാസത്തിലേക്ക് കുതിച്ചു.
തോട്ടത്തില്‍ പഴങ്ങളും തിന്നു നില്‍ക്കുകയായിരുന്നു ഗണേശന്‍.

”ഗണേശാ! ഇറങ്ങിവാ താഴെ! നിന്നോട് ഞാന്‍ യുദ്ധത്തിന് വന്നിരിക്കയാണ്.”
”ഓഹോ! യുദ്ധമോ? അതിനെന്താ, കേറി വന്നോളൂ.” എന്നുപറഞ്ഞു, താന്‍ തിന്നുകൂട്ടിയ വാഴപ്പഴത്തിന്റെ തൊലിയെല്ലാം മുന്നില്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞു, ഗണേശന്‍.
അന്ധമായ കോപത്തോടെ കേറിച്ചെല്ലുകയായി ഗജമുഖാസുരന്‍. പക്ഷേ, പഴത്തൊലിയില്‍ കാല്‍വഴുതി ഉരുണ്ടുവീണു താഴത്ത്. പിന്നാലെ ഓടിയിറങ്ങിയ ഗണേശനോ? ഗജമുഖാസുരന്റെ നെഞ്ചത്തുകേറി ഇരുപ്പുമായി!

”എനിക്കടിയിലോ ഭൂമി? അതോ, എന്റെ നെഞ്ചിന് മുകളിലോ? ഗണേശാ! ഭാരം താങ്ങാനാകുന്നില്ല. എന്നെ രക്ഷിക്കൂ!”
ഗണേശന്‍ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു. പിന്നെ ഗജമുഖാസുരനെ കൈപിടിച്ചു എഴുന്നേല്‍പ്പിക്കുകയും ചെയ്തു.

ആകെ ലജ്ജിതനായി നില്‍പ്പാണ് ഗജമുഖാസുരന്‍. എന്തൊരഹങ്കാരത്തോടെയാണ് താന്‍ ഗണേശനെ വെല്ലുവിളിച്ചത്? അല്‍പ്പനേരം കൂടി ആ ഭാരം താങ്ങേണ്ടിവന്നിരുന്നെങ്കില്‍ ശ്വാസംമുട്ടി താന്‍ ചത്തുപോകുമായിരുന്നല്ലോ. അവന്‍ പറഞ്ഞു:

”ഹേ, ഭഗവാന്‍! അങ്ങ് എന്നോട് കരുണ കാണിച്ചു. എന്റെ അവിവേകത്തിന് മാപ്പ് നല്‍കിയാലും. മാത്രമല്ല, എന്നെ അങ്ങയുടെ സേവകനായി സ്വീകരിക്കണമെന്നും അപേക്ഷയുണ്ട്.”
”ശരി.” ഗണേശന്‍ പറഞ്ഞു: ”നിന്നെ എന്റെ സേവകനാക്കാം. പക്ഷേ, അതിനുമുന്‍പ് ഒരു പ്രധാന കാര്യമുണ്ട്. നാം രണ്ടുപേരും ഗജമുഖന്മാരാകുന്നത് ശരിയാവില്ല. അതിനാല്‍ ആദ്യമായി നിന്റെ രൂപം മാറ്റണം. ഏതു രൂപമാണ് നീ ആഗ്രഹിക്കുന്നത്?”

”അങ്ങുതന്നെ തീരുമാനിച്ചാലും!”
ഗണേശന്‍ അല്‍പ്പനേരം ആലോചനയിലാണ്ടു. പെട്ടെന്ന് കണ്ണിലൊരു തിളക്കം! പുഞ്ചിരിയോടെ ഗണേശന്‍ പറഞ്ഞു:

”നിനക്ക് ഞാന്‍ എലിമുഖം തരാം. എന്നിട്ട് മലപോലുള്ള എന്നെ നീ ചുമക്കുകയും വേണം. എന്താ പറ്റില്ലേ?”

”ഓ! അങ്ങയുടെ അനുഗ്രഹമുണ്ടെങ്കില്‍ എന്താണ് സാധിക്കാത്തത്!” അവന്‍ വിനയത്തോടെ തൊഴുതി.

അടുത്ത നിമിഷത്തില്‍ തന്നെ ഗജമുഖാസുരന്‍ മൂഷികനായി മാറി. അവന്റെ പുറത്തുകയറിയിരുന്നുകൊണ്ട് ഗണേശന്‍ പറഞ്ഞു:

”മുഷികാ! അഹങ്കാരമൊഴിഞ്ഞ മനസ്സാണ് നിന്റേതിപ്പോള്‍. ഇനി എത്ര വലുതും വലുതായി നിനക്ക് തോന്നുകയില്ല. നീയാണ് ഇനി എന്റെ വാഹനം. നമുക്കീ ലോകം മുഴുവന്‍ ഒന്നു ചുറ്റി സഞ്ചരിക്കാം, എന്താ?”

”ശരി പ്രഭോ!” ഗണപതിയുടെ മുന്നില്‍ ആ മൂഷികന്‍ തൊഴുകൈയോടെ നിന്നു.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment