ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 September 2016

വ്രതങ്ങള്‍

വ്രതങ്ങള്‍

സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്‌തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം.

നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍ വിശേഷങ്ങളായ ഒരുക്കങ്ങളോടെ നടത്തുന്ന ചന്ദ്രായണങ്ങള്‍ പോലെയുള്ള വ്രതങ്ങള്‍ നൈമത്തിക വ്രതങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി നടത്തുന്ന വ്രതങ്ങല്‍ കാമ്യവ്രതങ്ങളുമാണ്.

വ്രതങ്ങള്‍ അനുഷ്ഠിക്കുക

ഹൈന്ദവജീവിതത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊണ്ടു സാധിക്കും. ആരോഗ്യപരിപാലനത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് പരമപ്രാധാന്യമാണുള്ളത്‌ എല്ലാ വ്രതാനുഷ്ടാനങ്ങള്‍ക്കും ഒരേ ഫലമല്ല. "ആണ്ടില്‍ രണ്ട്, മാസം രണ്ട്, ആഴ്ചയില്‍ രണ്ട്, ദിവസത്തില്‍ രണ്ട് ", എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം ആണ്ടില്‍ രണ്ട് ക്ഷൌരം, മാസം രണ്ട് ഏകാദശി, ആഴ്ചയില്‍ രണ്ട് തേച്ചുകുളി, ദിവസം രണ്ടു ശരീരശുദ്ധിവരുത്തല്‍ എന്നാണ്. 

എല്ലാ ഹൈന്ദവാചാരങ്ങളും അനുഷ്ടാനങ്ങളും മറ്റു വിധികളും മനുഷ്യന്ടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഐശ്വര്യപൂര്‍ണമായ ജീവിതത്തെയും ലക്ഷ്യംവച്ച് പൌരാണികാചാര്യന്മാര്‍ നിര്‍ണയിചിട്ടുള്ളതാണ്.

ആണ്ടില്‍ ഒരിക്കല്‍മാത്രം അനുഷ്ടിക്കേണ്ട വ്രതം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും അനുഷ്ടിക്കേണ്ട വ്രതങ്ങള്‍ വരെ അവര്‍ ഉപദേശിച്ചിട്ടുണ്ട്.

ശിവരാത്രിവ്രതം

   ആണ്ടില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. മഹാവ്രതമെന്നാണ് ശിവരാത്രിവ്രതത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഇഹലോകത്തില്‍ ഐശ്വര്യവും ശ്രേയസ്സും ലഭിക്കുമെന്നും സകലപാപങ്ങളും നശിച്ച് മരണാനന്തരം ശിവലോകം പ്രാപിക്കുമെന്നുമാണ് ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നത്.

കുംഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. പാലാഴിമഥനം നടത്തുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം ശിവന്‍ ഭുജിക്കുകയും വിഷദോഷമേല്‍ക്കാതിരിക്കാന്‍ രാത്രി ഉറക്കമിളയ്ക്കുകയും ചെയ്ത ദിനമാണ് ശിവരാത്രിദിനം.

ശിവരാത്രിനാളില്‍ പ്രഭാതസ്നാനം കഴിച്ചശേഷം ഭസ്മധാരണം നടത്തുക. തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവസിച്ച് ശിവപുരാണം വായിക്കുകയും ശിവമാഹാത്മ്യകഥകള്‍ പറയുകയും കേള്‍ക്കുകയും പഞ്ചാക്ഷരീമന്ത്രം ജപിക്കുകയും വേണം. പകലോ രാത്രിയിലോ ഉറങ്ങരുത്. ശിവന് കൂവളത്തിലമാല, കൂവളത്തിലകള്‍കൊണ്ട് അര്‍ച്ചന, ശുദ്ധജലംകൊണ്ടും പാല്‍കൊണ്ടും അഭിഷേകവും ധാരയും തുടങ്ങിയ വഴിപാടുകള്‍ നടത്തുക. ശിവരാത്രിപ്പിറ്റെന്നു  കുളിച്ച് തീര്‍ഥക്കരയില്‍  പിതൃബലി  ഇട്ടശേഷം പാരണ കഴിച്ച് വ്രതമവസാനിപ്പിക്കാം.

തിരുവാതിരവ്രതം

ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന മറ്റൊരു വ്രതമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിരവ്രതം. ദീര്‍ഘമംഗല്യത്തിനും ഭര്‍ത്താവിന്ടെ ശ്രേയസ്സിനും വേണ്ടിയാണ് ഇതനുഷ്ഠിക്കുന്നത്. 

ധനുമാസത്തിലെ തിരുവാതിര നക്ഷത്രമാണ് വ്രതദിനം. അന്ന് പരമശിവന്ടെ ജന്മദിനമാണ്. ധനുവിലെ തിരുവാതിരക്കു മുന്‍പുള്ള രേവതി മുതല്‍ തിരുവാതിരവരെയുള്ള ഏഴുദിവസം കുളിച്ച് ശുദ്ധമാച്ചരിക്കുന്നു. ഉച്ചക്കുമാത്രം അരിയാഹാരവും രാത്രി പഴങ്ങളും മറ്റുമായി ആറു ദിവസം കഴിക്കുന്നു. തിരുവാതിരനാളില്‍ അരിഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നു. പഴങ്ങളാണ് അന്നത്തെ പ്രധാന ഭക്ഷണം.  ചില പ്രദേശങ്ങളില്‍ കൂവപ്പൊടി കുറുക്കിയതോ, കൂവപ്പൊടികൊണ്ട് അടയുണ്ടാക്കിയതോ കഴിക്കുന്നു. മദ്ധ്യകേരളത്തില്‍ തിരുവാതിരപ്പുഴുക്ക്  എന്നൊരു വിഭവം പതിവുണ്ട്. വെള്ളപ്പയര്‍ അഥവാ വന്‍പയര്‍, നേന്ത്രക്കായ, കൂര്‍ക്ക, കാച്ചില്‍, ചേന, ചേബ് എന്നിവ കൂട്ടി വേവിച്ച് തേങ്ങയും മുളകുമരച്ചുചേര്‍ത്ത് ആവികയറ്റി ഇളക്കിവാങ്ങി പച്ചവെളിച്ചെണ്ണ അല്പമൊഴിച്ചുണ്ടാകുന്നതാണ് തിരുവാതിരപ്പുഴുക്ക്.

തിരുവാതിരനാളില്‍ പുലരുംമുമ്പേ  കുളിച്ച് വ്രതമെടുക്കുന്നു. ഊഞ്ഞാലാട്ടം, തിരുവാതിരക്കളി മുതലായ വിനോദങ്ങളിലേര്‍പ്പെട്ട്  രാത്രി   ഉറക്കമൊഴിക്കുകയും അര്‍ദ്ധരാത്രിക്കുശേഷം കളി അവസാനിപ്പിച്ച് കുളത്തിലോ പുഴയിലോ കുളിച്ച് പാതിരാപ്പുവ് ചൂടി ശിവക്ഷേത്രദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കുന്നു.

ജന്മാഷ്ടമി

ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ്. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും  ചേര്‍ന്നുവരുന്ന ദിനമാണ് ജന്മാഷ്ടമി അഥവാ അഷ്ടമിരോഹിണി. ശ്രീകൃഷ്ണന്ടെ ജന്മനാളാണ് ജന്മാഷ്ടമി.

വ്രതമനുഷ്ഠിക്കുന്നവര്‍ പുലര്‍ച്ചെകുളിച്ച് ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തി ഭാഗവന്നമോച്ചാരണവും ഭഗവത്കഥാകഥനവും ശ്രവണവും പുരാണപാരായണവും സത്സംഗവുമായി കഴിയണം. അന്ന് പൂര്‍ണോപവാസമാനുഷ്ഠിക്കണം. ശ്രീകൃഷ്ണജനനസമയമായ അര്‍ദ്ധരാത്രി കഴിവോളം ഉറങ്ങാതിരിക്കുകയും വേണം. 

മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണ് വ്രതാനുഷ്ഠാനഫലം.
ഉണ്ണികണ്ണന്ടെ ജന്മദിനം കുട്ടികളുടെ ദിനമായി - ബാലദിനം - ആഘോഷിക്കുന്നു. വേഷഭൂഷാദികള്‍ ധരിച്ച പൊന്നുണ്ണികണ്ണന്മാരും ഗോപികമാരും നഗരഗ്രാമവ്യത്യാസമില്ലാതെ നമ്മുടെ തെരുവീഥികളെ വൃന്ദാവനമാക്കി മാറ്റുന്ന സുദിനമായി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുവരുന്നു. 

ഏകാദശിവ്രതം

വിഷ്ണുപ്രീതിക്കും  അതുവഴി ഇഹലോകസുഖത്തിനും പരലോകമോക്ഷപ്രാപ്തിക്കുമായുള്ള വ്രതമാണിത്. ഏകാദശി വ്രതമെടുക്കുന്നയാള്‍, തലേന്ന് ദശമിദിനത്തില്‍ ഒരിക്കലുണ്ട് വ്രതമാരംഭിക്കണം. ഏകാദശിനാളില്‍ രാവിലെ കുളിച്ച് മഹാവിഷ്ണു അഥവാ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അന്ന് പൂര്‍ണ ഉപവാസമാണ്. പകല്‍ ഉറങ്ങരുത്. ദ്വാദശിനാളില്‍ രാവിലെ കുളിച്ച് പാരണകഴിച്ച് വ്രതമവസാനിപ്പിക്കുന്നു. ദ്വാദശിനാളിലും ഒരിക്കലൂണാണ് വേണ്ടത്. പ്രായാധിക്യംകൊണ്ടോ  അനാരോഗ്യംകൊണ്ടോ പൂര്‍ണ ഉപവാസം അനുഷ്ഠിക്കാന്‍ പറ്റാത്തവര്‍ക്ക് പഴവര്‍ഗങ്ങള്‍ കഴിക്കാം.

എട്ട് ഏകാദശികള്‍ പ്രാധാന്യം നല്‍കി അനുഷ്ഠിച്ചുവരുന്നു -
1. പ്രോഷ്ഠപദ ഏകാദശി
2. പരിവര്‍ത്തന ഏകാദശി
3. കാര്‍ത്തിക ശുക്ല ഏകാദശി
4. ദേവോത്ഥാന ഏകാദശി
5. ധനുശുക്ല ഏകാദശി
6. സ്വര്‍ഗവാതില്‍ ഏകാദശി
7. മാഘശുക്ല ഏകാദശി
8. ഭീമൈകാദശി.

ഷഷ്ഠിവ്രതം

   സുബ്രഹ്മണ്യപ്രീതി , സന്താനങ്ങളുടെ ശ്രേയസ്സ്, സര്‍പ്പദോഷശാന്തി, ത്വക് രോഗശമനം, ഇഷ്ടമംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുജഗ്രഹശാന്തി തുടങ്ങിയ ഫലങ്ങളാണ് ഷഷ്ഠിവ്രതത്തിന് പറഞ്ഞിരിക്കുന്നത്.

സൂര്യോദയം മുതല്‍ ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്.പ്രഭാതസ്നാനശേഷം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും നാമജപവും സുബ്രഹ്മണ്യ കഥാകഥനവും കഥാശ്രവണവുമായി കഴിയണം. ഒരു നേരം മാത്രം ഭക്ഷണം. ക്ഷേത്രത്തില്‍നിന്ന് നേദ്യം പ്രസാദമായി വാങ്ങി കഴിക്കുന്നത് വിശിഷ്ടം. സുബ്രഹ്മണ്യപൂജ, പഞ്ചാമൃതം, പനിനീര്‍ മുതലായവയാണ് വഴിപാടുകള്‍.

വെളുത്ത ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്ത ഷഷ്ഠിയില്‍ വ്രതമില്ല.

കന്നിയിലെ ഹലഷഷ്ഠി (ബലരാമജയന്തി), വൃശ്ചികത്തിലെ ഷഷ്ഠി (സൂര്യഷഷ്ഠി), കുംഭത്തിലെ ശീതളാഷഷ്ഠി എന്നിവയ്ക്ക് വൈശിഷ്ട്യമേറും.

അമാവാസിവ്രതം

പ്രധാനമായും പിതൃക്കളെ പ്രീതിപ്പെടുത്തുന്നത്തിനുള്ള വ്രതമാണിത്. സമ്പത്ത്, ആരോഗ്യസംരക്ഷണം, സന്താനാഭിവൃദ്ധി ഇവയും ഫലശ്രുതിയില്‍ പറയുന്നു. 

സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ സംഗമിക്കുന്ന ദിനമാണ് അമാവാസി. അമാവാസിയുടെ തലേന്നുതന്നെ വ്രതമാരംഭിക്കണം. തലേന്നു കുളിച്ചു ശുദ്ധമായി ഒരിക്കലൂണ്, അമാവാസിനാളില്‍ പുണ്യതീര്‍ഥസ്നാനം , ബലിതര്‍പ്പണം. ഒരിക്കലൂണ് ഇവ കഴിച്ച് അന്ന് വ്രതശുദ്ധിയില്‍ കഴിയുക.

കുടുംബത്തില്‍ മരിച്ചുപോയ പിതൃക്കള്‍ക്കെല്ലാവര്‍ക്കും വേണ്ടി അന്ന് ബലിതര്‍പ്പണം നടത്തുന്നു.

തുലാം അമാവാസി, കര്‍ക്കിടക അമാവാസി ഇവയ്ക്കു ഏറെ പ്രാധാന്യമുണ്ട്.

അമാവാസി വ്രതവും ബലിതര്‍പ്പണവും വംശത്തിന്ടെ സര്‍വ്വതോമുഖമായ അഭിവൃദ്ധി ഉണ്ടാക്കുമെന്നും  ഫലശ്രുതിയിലുണ്ട്.

പൌര്‍ണമിവ്രതം

 ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം ഇവയും. ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും. ചന്ദ്രദശാകാലദോഷമനുഭവിക്കുന്നവര്‍ പൌര്‍ണമിവ്രതമനുഷ്ടിച്ചാല്‍ കാലദോഷകാഠിന്യം കുറഞ്ഞുകിട്ടും. വിദ്യാര്‍ഥികള്‍ ഈ വ്രതമനുഷ്ടിച്ചാല്‍ വിദ്യാലാഭം ഉണ്ടാകും. പ്രഭാതസ്നാനവും ദേവീക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. ഒരിക്കലൂണ് മാത്രം. രാത്രി ഭക്ഷണം പാടില്ല.

 ചിങ്ങത്തില്‍ രക്ഷാബന്ധന്‍ ആഘോഷിക്കുന്ന പൌര്‍ണമി, വൃശ്ചികത്തിലെ കാര്‍ത്തിക, തിരുവാതിര, മകരത്തിലെ തൈപൂയ്യ പൌര്‍ണമി, കുംഭത്തിലെ മകം, മീനത്തിലെ പൈങ്കുനി ഉത്രം, മേടത്തിലെ ചിത്രപൂര്‍ണിമ, ഇടവത്തിലെ വൈശാഖ പൂര്‍ണിമ ഇവ വിശേഷാല്‍ പൌര്‍ണമിദിനങ്ങളാണ്.

പ്രദോഷവ്രതം

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്  ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക.

പ്രദോഷദിനത്തില്‍ പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം.പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ  കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ തൊഴുക.

ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം. 

അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്.

നവരാത്രിവ്രതം

ആശ്വിനത്തിലെ (കന്നി, തുലാം) ശുക്ലപക്ഷ പ്രഥമ മുതല്‍ ഒമ്പത് ദിവസങ്ങളിലായി നവരാത്രി കൊണ്ടാടുന്നു. ഒന്നാം ദിവസത്തിന്റെ തലേദിവസംതന്നെ ഒരിക്കലൂണോടെ വ്രതം ആരംഭിക്കുന്നു. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ദേവീപൂജകള്‍ പതിവുണ്ട്. രണ്ടു വയസ്സ് മുതല്‍ പത്തുവയസസ് വരെയുള്ള കുട്ടികളെ ദേവിയുടെ പ്രതിനിധികളായി പല ഭാവങ്ങളില്‍ സങ്കല്‍പ്പിച്ച് നടത്തുന്ന കുമാരിപൂജ പ്രധാന ഇനമാണ്. വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം ഉപേക്ഷിക്കുകയോ ഒരു നേരം മാത്രമാക്കുകയോ ചെയ്ത് ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നന്ന്. പഴം, കരിക്ക് എന്നിവ കഴിക്കുന്നതിന് വിരോധമില്ല. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് പ്രാധാനം. കൂടുതല്‍ ആളുകളും ആ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ആ മൂന്നു നാളുകള്‍ അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി പൂജവെയ്പും നവമി അടച്ചുപൂജയും വിജയദശമി വിദ്യാരംഭവുമായി കൊണ്ടാടുന്നു.  അഷ്ടമിനാളില്‍ ആയുധപൂജയും പതിവുണ്ട്. നീണ്ട ദിവസങ്ങള്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ ദേവിക്ക് പഴം, അവില്‍, മലര്‍, ശര്‍ക്കര എന്നിവ നിവേദിച്ച് ഭക്ഷിച്ച്‌ ഒരിക്കല്‍ ഊണ് കഴിച്ച് പൂര്‍ണ്ണ ഉപവസമല്ലാതെയും വ്രതമനുഷ്ഠിക്കുക പതിവുണ്ട്.

ഉമാമഹേശ്വരവ്രതം

ഭാദ്രപദ പൂര്‍ണ്ണിമ (വെളുത്തവാവ്) നാള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം. രാവിലെ കുളിച്ച് ശുദ്ധിവരുത്തി ശിവപ്രതിമയില്‍ അഭിഷേകം ചെയ്ത് കൂവളത്തിലമാല ചാര്‍ത്തി പാര്‍വ്വതീപരമേശ്വരന്മാരെ പൂജിക്കണം. പൂജിക്കാന്‍ കഴിയാത്തവര്‍ ശിവക്ഷേത്രത്തില്‍ പോയി ദര്‍ശനം ചെയ്ത് പ്രാര്‍ഥിക്കണം. രാത്രി ഉറങ്ങരുത്. ശിവപുരാണം പാരായണം ചെയ്യുന്നതും ശിവസ്തുതികള്‍ ചൊല്ലുന്നതും ശിവപ്രീതികരങ്ങളാകുന്നു. പതിനഞ്ച് വര്‍ഷം വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി. അവസാനം ബ്രാഹ്മണന് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങി വ്രതം അവസാനിപ്പിക്കാം. സകലവിധ ഐശ്വര്യങ്ങളുമുണ്ടാകും.

വ്രതത്തിന് അടിസ്ഥാനമായ കഥ ഇങ്ങനെ : ഒരിക്കല്‍ ദുര്‍വാസാവ് മഹര്‍ഷി വിഷ്ണുഭഗവാന് ശിവന്‍ നല്‍കിയ ദിവ്യമായ മാല നല്‍കി. ഭഗവാന്‍ തനിക്ക് ലഭിച്ച മാല ഗരുഡനെ അണിയിച്ചു. അത് ദുര്‍വാസാവിന് സഹിച്ചില്ല. മഹര്‍ഷി രോഷാകുലനായി മഹാവിഷ്ണുവിനോട്‌ പറഞ്ഞു -.

സ്ഥിതിയുടെ കര്‍ത്താവായ അങ്ങ് സത്വഗുണമൂര്‍ത്തിയാണ്. പ്രപഞ്ചത്തെ നിലനിര്‍ത്തുവാനും സംരക്ഷിക്കുന്നവനുമാണ്. പക്ഷേ, സംഹാരകനായ പരമശിവനെ അപമാനിച്ചത് ഒരിക്കലും ശരിയായില്ല. അതുകൊണ്ട് അങ്ങേക്ക് ലക്ഷ്മീദേവിയുടെ സാമീപ്യം നഷ്ടപ്പെടും. ദേവി അപ്രത്യക്ഷയാകും. ക്ഷീരസാഗരത്തില്‍ അവലംബമില്ലാത്തവനായി കഴിയേണ്ടിവരും. ശേഷന്‍പോലും സഹായിക്കുകയില്ല. സത്യം! സത്യം! സത്യം! ദുര്‍വാസാവിന്റെ വാക്കുകള്‍കേട്ട് വിഷ്ണു ഭഗവാന്‍ ഞെട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു അത്. മഹാവിഷ്ണു മഹര്‍ഷിയുടെ അടുത്ത്ചെന്ന് ചെയ്തുപോയ തെറ്റ് ക്ഷമിക്കാന്‍ അപേക്ഷിച്ചു. രക്ഷപ്പെടാനുള്ള ഉപായം ആരാഞ്ഞു. മഹര്‍ഷി തെല്ലുനേരം ആലോചിച്ചുകൊണ്ട്‌ വിഷ്ണുവിനോട് ഉമാമഹേശ്വര വ്രതമനുഷ്ഠിക്കാന്‍ ഉപദേശിച്ചു.

അതിനുശേഷം മഹാവിഷ്ണു ഉമാ-മഹേശ്വര വ്രതം അനുഷ്ഠിച്ചു. കൈവിട്ട് പോയത് എല്ലാം കൈവന്നു.

ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യത്തോടുകൂടിയ ദാമ്പത്യജീവിതം നയിക്കാന്‍ കഴിയുമെന്നും ദീര്‍ഘയുസ്സുള്ളവരായി ജീവിക്കാന്‍ ശിവനും പാര്‍വ്വതിയും അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

'ഓം നമഃ ശിവായ' - എന്ന മൂലമന്ത്രം 108 തവണ (ഉരു) ജപിക്കുന്നതും താഴെ പറയുന്ന പ്രാര്‍ഥനാ  മന്ത്രം ചൊല്ലുന്നതും ഉത്തമമാകുന്നു.

"ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം 
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം"

ഞായറാഴ്ച വ്രതം

ആദിത്യദശാദോഷപരിഹാരത്തിനും സര്‍വ്വപാപനാശനത്തിനും സര്‍വൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതമാണ് ഉപദേശിക്കുന്നത്.

ശനിയാഴ്ച ഒരിക്കലുണ്ട് ഞായറാഴ്ച വ്രതമെടുക്കണം. രാവിലെ കുളിച്ച് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കളാല്‍ സൂര്യന് അര്‍ച്ചന കഴിക്കുക. ഗായത്രീമന്ത്രം, ആദിത്യഹൃദയമന്ത്രം, സൂര്യസ്തോത്രങ്ങള്‍ ഇവ ഭക്തിപൂര്‍വ്വം ജപിക്കണം. ഞായറാഴ്ചയും ഒരിക്കലൂണ് മാത്രം. ഉപ്പ്, എണ്ണ ഇവ വ്രതദിനത്തില്‍ ഉപേക്ഷിക്കുന്നത് ഉത്തമം. അസ്തമയത്തിനു മുന്‍പ് കുളിച്ച് ആദിത്യഭജനം നടത്തണം. അസ്തമയശേഷം ഭജനം അരുത്.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പുറകില്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക.

ചര്‍മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയുടെ ശമനവും ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നു.

തിങ്കളാഴ്ചവ്രതം

സ്ത്രീകളാണ് സാധാരണയായി ഈ വ്രതം അനുഷ്ഠിക്കുന്നത്. ചന്ദ്രദശാദോഷമനുഭവിക്കുന്നവരും ഈ വ്രതം അനുഷ്ഠിക്കുന്നു.

മംഗല്യസിദ്ധി, വൈധവ്യദോഷപരിഹാരം, ദീര്‍ഘമംഗല്യം, ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം കുടുംബശ്രേയസ്സും ഐശ്വര്യവും തിങ്കളാഴ്ചവ്രതത്തിന്റെ ഫലങ്ങളാണ്.

പ്രഭാതത്തില്‍ കുളിച്ച്, ശിവക്ഷേത്രദര്‍ശനം, ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് മാലയും അര്‍ച്ചനയും, പുറകില്‍വിളക്ക് മുതലായ വഴിപാടുകള്‍, ശിവപുരാണപാരായണം, പഞ്ചാക്ഷരീനാമജപം എന്നിവ നടത്തുക. ഒരിക്കലൂണ് മാത്രം. ഞായറാഴ്ച മുതല്‍ വ്രതശുദ്ധി പാലിക്കണം.

ചൊവ്വാഴ്ചവ്രതം

ദേവീപ്രീതിക്കും ഹനുമല്‍പ്രീതിക്കും ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നു. ജാതകത്തില്‍ കുജദോഷമുള്ളവര്‍ ഈ വ്രതം അനുഷ്ഠിക്കുന്നത് ദോഷകാഠിന്യമകറ്റാന്‍ നല്ലതാണ്. ചൊവ്വാദോഷംകൊണ്ട് വിവാഹത്തിനു പ്രതിബന്ധം നേരിടുന്നവരും പാപസാമ്യമില്ലാത്തതുമൂലം ചൊവ്വയുടെ അനിഷ്ടഫലമനുഭവിക്കുന്നവരും ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കണം.

പ്രഭാതസ്നാനം നടത്തി ഹനുമല്‍ക്ഷേത്രത്തിലും ദേവീക്ഷേത്രത്തിലും ദര്‍ശനവും വഴിപാടുകളും കഴിക്കുക. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍പ്പൊടി, ചുവന്ന പുഷ്പങ്ങള്‍ എന്നിവകൊണ്ടുള്ള പൂജ. ശര്‍ക്കരയും നെയ്യും ചേര്‍ത്ത കടുംപായസം, ഹനുമാന് കുങ്കുമം, അവില്‍ എന്നിവ വഴിപാടായി കഴിക്കാം. ചൊവ്വാഴ്ച ഒരിക്കലൂണ്. രാത്രി ലഘുഭക്ഷണം. അതില്‍ ഉപ്പു ചേര്‍ക്കരുത്.

ബുധനാഴ്ചവ്രതം

ബുധദശാദോഷപരിഹാരം, സര്‍വാഭീഷ്ടസിദ്ധി ഇവ ഫലശ്രുതിയില്‍ പറയുന്നു. പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം, ബുധപൂജ ഇവ നടത്തുക. മഹാവിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായി നല്‍കുന്നതും മോക്ഷദായകമാണ്. ഒരിക്കലൂണ്. രാത്രി ലഘുഭക്ഷണം - പൂര്‍ണ ഉപവാസമായാല്‍ ശ്രേഷ്ഠം.

വ്യാഴാഴ്ചവ്രതം

മഹാവിഷ്ണുപ്രീതികരമാണ് വ്യാഴാഴ്ചവ്രതം. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടസ്ഥാനത്തു സഞ്ചരിക്കുന്നവരും ഈ വ്രതം അനുഷ്ഠിച്ചാല്‍ ദോഷകാഠിന്യം കുറയും. പ്രഭാതസ്നാനം, നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യാഴത്തിന് മഞ്ഞപ്പൂക്കള്‍കൊണ്ട് അര്‍ച്ചന കഴിക്കുക. ഒരിക്കലൂണ്. ഉപവാസവുമാകാം.

ശ്രീരാമന്റെയും ബ്രുഹസ്പതിയുടെയും പ്രീതി ഈ വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരകീര്‍ത്തനം, രാമായണം ഇവയുടെ പാരായണം ഇവയും ചെയ്യുക.

വെള്ളിയാഴ്ചവ്രതം

 അന്നപൂര്‍ണേശ്വരീദേവി,മഹാലക്ഷ്മി,സന്തോഷീമാതാക്കള്‍ ഇവര്‍ വെള്ളിയാഴ്ചവ്രതമനുഷ്ഠിക്കുന്നവരില്‍ പ്രസാദിക്കും. ശുക്രദശാകാലമനുഭവിക്കുന്നവര്‍ ഈ വ്രതമനുഷ്ഠിക്കുന്നു.  പൊതുവേ ഐശ്വര്യത്തിന് ദശാകാലഭേദമില്ലാതെ ഈ വ്രതമനുഷ്ഠിക്കാം.

മംഗല്യസിദ്ധിക്ക് സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച വ്രതം ഉത്തമം. ധനധാന്യസമൃദ്ധിയും വ്രതാനുഷ്ഠാനഫലമാണ്.

ശനിയാഴ്ചവ്രതം

ശനിദശാകാലദോഷങ്ങള്‍ അകലാന്‍ ഈ വ്രതമനുഷ്ഠിക്കണം. ശാസ്താപ്രീതികരമാണ് ഈ വ്രതം. 

പുലര്‍ച്ചെ കുളിച്ച് ശാസ്തക്ഷേത്രദര്‍ശനം നടത്തണം. ശാസ്തസ്തുതികള്‍, ശനീശ്വരകീര്‍ത്തനങ്ങള്‍ ഇവ പാരായണം ചെയ്യുക. ശാസ്താവിന് നീരാഞ്ജനം വഴിപാടു കഴിക്കുക. തേങ്ങയുടച്ച് രണ്ടു മുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ തിരുനടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.

നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശനിക്ക്‌ കറുത്ത എള്ള്, ഉഴുന്ന്, എണ്ണ ഇവ വഴിപാടായി നല്‍കുക. കറുത്ത വസ്ത്രവും ശനിക്ക്‌ പ്രിയംകരമാണ്. ശനീശ്വരപൂജയും കഴിക്കുക. ഉപവാസം നന്ന്. ഒരിക്കലൂണ്  ആകാം.

ആഴ്ചവ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്രതമെടുക്കുന്നവര്‍ വ്രതദിനത്തിലും തലേദിവസം മുതല്‍ ശുദ്ധി, പ്രത്യേകിച്ചും അന്ന - ശരീരശുദ്ധി പാലിക്കണം. വ്രതദിനത്തിലും ഇതാവശ്യമാണ്. വ്രതദിനത്തിന് പിറ്റേദിവസം വരെയും അതുപാലിക്കുകയും വേണം.

ആഴ്ചതോറും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ മലയാളമാസത്തിലെ ആദ്യം വരുന്ന ആഴ്ചകളില്‍ വ്രതമനുഷ്ഠിക്കണം. ഈ ആഴ്ചകളെ മുപ്പെട്ടു ഞായര്‍, മുപ്പെട്ടു തിങ്കള്‍, മുപ്പെട്ടു ചൊവ്വ, മുപ്പെട്ടു ബുധന്‍, മുപ്പെട്ടു വ്യാഴം, മുപ്പെട്ടു വെള്ളി, മുപ്പെട്ടു ശനി എന്നു വിളിക്കുന്നു. ദശാദോഷമനുഭവിക്കുന്നവര്‍ മുടങ്ങാതെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠിച്ചാല്‍ ദോഷഫലത്തിനു ശമനമുണ്ടാകുന്നതാണ്.

അക്ഷതങ്ങളെക്കൊണ്ട് വിഷ്ണുവിനെയും തുളസീദളംകൊണ്ട് വിഘ്നെശ്വരനെയും അര്‍ച്ചിക്കരുത്.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

No comments:

Post a Comment