ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 September 2016

ക്ഷേത്രസങ്കല്പവും കൊടിമരവും

ക്ഷേത്രസങ്കല്പവും കൊടിമരവും

ക്ഷേത്ര സങ്കല്‍പ്പത്തില്‍ കൊടിമരത്തിന്റെ സ്ഥാനം പ്രധാനമാണ്. ദേവനുമായി മാത്രമല്ല,   പ്രപഞ്ചവുമായും പ്രത്യേകിച്ചു മനുഷ്യനുമായും ഏറെ  ബന്ധപ്പെട്ടതാണ് അതിന്റെ പ്രസക്തി.

ക്ഷേത്രസങ്കല്‍പ്പത്തെ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കാം. ഒന്ന് താന്ത്രികം. മറ്റൊന്ന് സാമൂഹികം. ആചാരാനുഷ്ഠാനങ്ങള്‍ താന്ത്രിക വിധികളെ അടിസ്ഥാനമാക്കിയാണ്. മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കൊപ്പം സഹസ്രകോടി വര്‍ഷങ്ങളിലൂടെ സംസ്കരിക്കപ്പെട്ടു രൂപം പ്രാപിച്ചതാണ് ഇന്നത്തെ ക്ഷേത്രങ്ങള്‍.

പില്‍ക്കാലത്ത് ആചാരാനുഷ്ഠാനങ്ങള്‍ക്കായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണു താന്ത്രിക വിധികള്‍. അതിന് ഒന്നര സഹസ്രാബ്ദത്തോളം പഴക്കമാണു കണക്കാക്കപ്പെടുന്നത്. കലിയുഗത്തില്‍ യജ്ഞങ്ങള്‍ക്കു പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെട്ടപ്പോള്‍ അനുഷ്ഠാനങ്ങള്‍ക്കായി മനുഷ്യന്‍ രൂപപ്പെടുത്തിയതാണത്രെ ക്ഷേത്രങ്ങള്‍. അതുകൊണ്ടാവാം അതിനു സാമൂഹികമായ ഒരു മാനമുണ്ട്. ധ്വജത്തില്‍നിന്ന് ഒരു പ്രത്യേക ഊര്‍ജം പ്രസരിക്കുന്നതായും ഇടിമിന്നലിനെ ആവാഹിച്ചു നിഷ്ക്രിയമാക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിന്റെ ഫലം കൂടി അതു ചെയ്യുമെന്നും ആധുനിക ശാസ്ത്രം സമ്മതിക്കുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്ഥാനമായ ഗര്‍ഭഗൃഹമധ്യത്തില്‍നിന്നു നിശ്ചിത അളവ് അകലത്തില്‍ സ്ഥാപിക്കുന്ന ആധാരശിലയില്‍ നവരത്നങ്ങളും സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടുള്ള നാണയങ്ങളും നിക്ഷേപിച്ച് അതിനുമുകളിലാണു കൊടിമരം സ്ഥാപിക്കുന്നത്. ആധാരശില മുതല്‍ മുകളിലേക്കു നാളം, ഉപപീഠം, തറ, വേദി, അധോമുഖകമലം, ഉൌര്‍ധ്വമുഖകമലം, അഷ്ടദളപത്മം എന്നിവ. പിന്നീട് ചുറ്റുമായി അഷ്ടദിക്പാലകര്‍. ഇവയില്‍ ഉപപീഠം മുതലുള്ളവ മുകളില്‍ കാണാം.

ദേവന്റെ മൂലാധാര സ്ഥാനത്താണ് കൊടിമരത്തിന്റെ സ്ഥാനമായ ആധാര ശില. ക്ഷേത്ര പ്രതിഷ്ഠയുടെ നട്ടെല്ലിന്റെയും സുഷുമ്നയുടെയും സങ്കല്‍പമാണ് കൊടിമരത്തിന്. നട്ടെല്ലിന്റെ ഏറ്റവും താഴെയാണ് ഷഡാധാരചക്രത്തിലെ ആദ്യചക്രമായ മൂലാധാരം.  അവിടെനിന്നു ഷഡാധാരങ്ങളും കടന്നാണു സഹസ്രാര പത്മത്തില്‍ എത്തുന്നത്. ക്ഷേത്ര സങ്കല്‍പത്തില്‍ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണു ദേവപ്രതിഷ്ഠ.

ഗാപുരഭാഗത്ത് പാദങ്ങളും ഗഗര്‍ഭഗൃഹത്തില്‍ അഥവാ ശ്രീകോവിലില്‍ ശിരസ്സുമായി ദേവന്‍ മലര്‍ന്നു കിടക്കുന്നതായാണു സങ്കല്‍പം. ശ്രീകോവിലിനു പുറത്ത്, ലോകപാലന്‍മാരെയും സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിരിക്കുന്ന ബലിവട്ടം ഭഗവാന്റെ മുഖം. മണ്ഡപം ഗഗളം. നാലമ്പലം കൈകള്‍.

നാലമ്പലത്തിനു പുറത്തെ പ്രദക്ഷിണവഴി കുക്ഷിസ്ഥാനം. വലിയ ബലിക്കല്ല് ഭഗവാന്റെ മൂലാധാര ചക്രം. കൊടിമരം നട്ടെല്ലിന്റെയും സുഷുമ്നയുടെയും പുനരാവിഷ്കാരം. പുറത്തെ ചുറ്റുമതില്‍ ഭഗവാന്റെ മുട്ടുകളും കണങ്കാലുകളും. ഗാപുരം ദേവപാദങ്ങള്‍.

ക്ഷേത്രമതില്‍ക്ക് അകത്തേക്കു പ്രവേശിക്കുമ്പോള്‍ ഗാപുരഭാഗത്തു നിലം തൊട്ടുതലയില്‍ വയ്ക്കുന്നത് ഭഗവാന്റെ പാദങ്ങള്‍ തൊട്ടുവന്ദിക്കുന്നതിനു തുല്യമാണ്.  മലര്‍ന്നുകിടക്കുന്ന ഭഗവാന്റെ ശരീരത്തിലെ, ആയിരം ദളങ്ങളോടുകൂടിയ സഹസ്രാര പത്മത്തിന്റെ സ്ഥാനത്താണല്ലോ പ്രതിഷ്ഠ. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ഷഡാധാര ചക്രങ്ങള്‍ കടന്നാണല്ലോ സഹസ്രാരപത്മത്തിലെത്തുക. പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവ ശംഭോ എന്ന സ്ത്രോത്രത്തിലെ സൂചന ഇതു തന്നെ.

ശ്രീകോവിലിന്റെ ഉത്തരത്തിന്റെ അളവാണ്, ഗഗര്‍ഭഗൃഹത്തില്‍നിന്ന് കൊടിമര സ്ഥാനത്തേക്കുള്ള ദൂരം നിര്‍ണയിക്കുന്നതിനുള്ള അളവായ ഉത്തരദണ്ഡ്.  ഗര്‍ഭഗൃഹമധ്യത്തില്‍നിന്ന് അഞ്ചോ ആറോ ഏഎഴോ ഉത്തരദണ്ഡ് അകലത്തില്‍ കൊടിമരം പ്രതിഷ്ഠിക്കാം. അത് എത്രയെന്ന് വാസ്തുവിദഗ്ധന്‍ തീരുമാനിക്കും.

അവിടെ ആധാരശില സ്ഥാപിച്ച് അതിനുമേലാണു ധ്വജപ്രതിഷ്ഠ.  ഗര്‍ഭഗൃഹത്തിന്റെ വാതില്‍ക്കട്ടിളയുടെ ഉയരം (ദ്വാരനീളം) ആണ് കൊടിമരത്തിന്റെ ഉയരത്തിന്റെ മാനദണ്ഡം. ആ ദ്വാര നീളത്തിന്റെ 7, 9, 10, 11, 12, 13 ഇരട്ടിയാകാം കൊടിമരത്തിന്റെ ഉയരം.  ധ്വജത്തിനു കാലപരിധിയില്ല. ജീര്‍ണത ബാധിക്കുംവരെയാണ് അതിന്റെ ആയുസ്സ്. ജീര്‍ണത കണ്ടാല്‍ ധ്വജം മാറണം. മാറ്റുന്ന ധ്വജത്തിന്, ദേവന്റെ ശരീരഭാഗമെന്ന സങ്കല്‍പത്തില്‍ പൂര്‍ണമായ സംസ്കാര കര്‍മങ്ങള്‍ നടത്തണം. പിന്നീടാണ് പുതിയ ധ്വജം പ്രതിഷ്ഠിക്കുക.

കൊടിമരം (ധ്വജം) ക്ഷേത്രത്തിന്റെ നട്ടെല്ലാണോ?

ഒരു ക്ഷേത്രത്തിലെത്തിയാല്‍ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ കൊടിമരം (ധ്വജം) ആയിരിക്കും. ശാസ്ത്രീയമായി പറഞ്ഞാല്‍ ഗ്രാമത്തിലെ മിന്നല്‍രക്ഷാചാലകത്തിന്റെ ഗുണമാണ് കൊടിമരം നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തെക്കാള്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ തീപിടിക്കുമെന്നു പറയുന്നത്. ഇത്തരത്തിലുള്ള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിന്റെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിന്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിന്റെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിന്റെ അടിയിലൂടെ ശ്രീകോവിലിന്റെ മധ്യത്തില്‍ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാല്‍ ഭക്തര്‍ക്ക്‌ കാണത്തക്കവിധം ഗണിത ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ഇത് നിര്‍വര്‍ത്തി നിര്‍ത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുള്ള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവന്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തിയുടെ പ്രതീകമായി മുകളില്‍ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഖത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രതീകമാണ് കൊടിയേറ്റ്. 

കാവി നിറത്തിന്റെ പ്രധാന്യമെന്ത്

കാഷായം എന്ന് പ്രസിദ്ധമായ കാവിനിറം ഹിന്ദുധര്‍മ്മത്തിന്റെ പ്രതീകമായി സര്‍വ്വരും അംഗീകരിച്ചിട്ടുണ്ടെങ്കിലും എന്താണ് ഇതിന്റെ പിന്നിലുള്ള കാരണമെന്നറിയുന്നവര്‍ ചുരുങ്ങും. ധര്‍മ്മ ധ്വജത്തിന്റെ ഭഗവദ് ധ്വജത്തിന്റെയും വിശിഷ്യാ സന്യാസത്തിന്റെയും പ്രതീകമാണ് കാവിയെങ്കിലും മൂന്നിനും നേരിയ വ്യത്യാസമുണ്ട്. മഞ്ഞ കൂടുതലുള്ള കാവിയാണ് ധര്‍മ്മധ്വജത്തിന്, ചുവപ്പുകൂടിയ കാവിയാണ് ഭഗവദ് ധ്വജത്തിന്, ഇരുണ്ട കാവിയാണ് സന്യാസത്തിനു വേണ്ടത്.

വെള്ള, ചുവപ്പ്, കറുപ്പ് ഇവ പകുതി അനുപാതത്തില്‍ യോജിപ്പിച്ചാല്‍ ലഭിക്കുന്ന നിറമാണ് സംശുദ്ധ കാവിനിറം. ഇത് പ്രായേണ സന്യാസിമാര്‍ക്ക് വസ്ത്രമായി ഉപയോഗിക്കുന്നു. സത്വഗുണം (വെള്ള) രജോഗുണം (ചുവപ്പ്) തമോഗുണം (കറുപ്പ്) ഈ മൂന്നു ഗുണങ്ങളും തമ്മില്‍ വേര്‍തിരിക്കാനാവാതെ കലര്‍ത്തിക്കൊണ്ട് ഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയായി നില്‍ക്കുന്ന എന്നാണ്, സന്യാസി കാവിനിറം ധരിച്ചുകൊണ്ടു സൂചിപ്പിക്കുന്നത്.

വസ്ത്രം ശരീരത്തു കിടന്നാലും ശരീരം വസ്ത്രത്തിന്റെ വികാരങ്ങളെ അറിയാത്തപോലെ ത്രിഗുണാത്മകമായ ശരീരം ധരിച്ചിട്ടും സന്യാസി ആത്മാവില്‍ ശരീരത്തിന്റെ വികാരങ്ങളെ എടുക്കുന്നില്ലെന്നര്‍ത്ഥം. ഉത്തരദേശങ്ങളില്‍ കാഷായം എന്നുപേരുള്ള ഒരുതരം പശ മണ്ണ്, തന്റെ വസ്ത്രങ്ങളില്‍ പറ്റിച്ചുചേര്‍ത്ത്, കഴുകി ഉണക്കിയെടുക്കുകയാണ് സന്യാസിമാര്‍ സാധാരണ ചെയ്യാറുള്ളത്. ഇതാണ് ഉത്തമമായ സന്യാസക്കാവിയും. ഗൃഹസ്ഥാശ്രമികള്‍ കാവി ധരിക്കികുകയും അരുത്. ജ്ഞാനപൂര്‍ത്തിയെ സൂചിപ്പിക്കുന്നതിനും സര്‍വ്വസംഗ പരിത്യാഗിയാണ് താന്‍ എന്ന് മറ്റുള്ളവര്‍ ധരിക്കാനുമാണ് കാവി ഉപയോഗിക്കേണ്ടത്. ഭംഗിയ്ക്കായും ഡംഭിനായും  ഉപയോഗിക്കുന്നത് കൊടിയ അപരാധമാകുന്നു.

മഞ്ഞ കലര്‍ന്ന കാവി ധര്‍മ്മ ധ്വജമാകുന്നു. ഈ നിറംഅഗ്നിയെ സൂചിപ്പിക്കുന്നു. അഗ്നിയെപ്പോലെ സത്യവും ജ്വലനശീലതയുള്ളതുമാണ് ധര്‍മ്മവും. ഏഴു നാമ്പുകളാല്‍ ഏഴുലോകങ്ങള്‍ ഭസ്മീകരിക്കാന്‍ കഴിയുമ്പോലെ ധര്‍മ്മമെന്ന അഗ്നി നമ്മുടെ ഏഴു തലമുറകളെയും പരിശുദ്ധമാക്കുന്നു. ഇതിനാല്‍ അഗ്നിക്കാവടി ധര്‍മ്മ ധ്വജമായി അംഗീകരിച്ചിരിക്കുന്നു. അഗ്നി ജിഹ്വപോലെ ഈ ധ്വജത്തിന്റെ തുമ്പ് അല്പം നിട്ടി നിറുത്തിയിരിക്കും.

ഭഗവദ് ധ്വജം സൂര്യക്കാവിയാകുന്നു. അരുണോദയത്തിന്റെ നിറമാണ് ഈ കാവിനിറം. ഇത് സൂര്യതേജസ്സിനും അപ്പുറമുള്ള ഭഗവത്തേജസ്സിനെ കുറിക്കുന്നു. ജ്വലിച്ചുയര്‍ന്നു വരുന്ന സൂര്യനു തുല്യം തന്നെ, ജ്ഞാനൈശൈ്വര്യ പ്രഭാ പൂര്‍ണതയുള്ള ഈശ്വരത്വവും.  ആകയാല്‍ ചുവപ്പു കലര്‍ന്ന കാവി ഭഗവദ് ധ്വജമാകുന്നു.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

1 comment: