ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 September 2016

പഞ്ചമഹായജ്ഞങ്ങള്‍

പഞ്ചമഹായജ്ഞങ്ങള്‍

ഗൃഹസ്ഥാശ്രമിക്ക് പാപങ്ങള്‍ അകറ്റിനിര്‍ത്തുവാനായി ഭാരതീയ മഹര്‍ഷിമാര്‍ അഞ്ചുമഹായജ്ഞങ്ങള്‍ വിധിച്ചിരുന്നു. ഇതിന് പഞ്ചമഹായജ്ഞങ്ങള്‍ എന്നു പറയും.

ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം, എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍.

ബ്രഹ്മയജ്ഞം

വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം

ഇന്ന് പഠന വിഷയത്തില്‍ ഇന്ന്‌ ധാരാളം ലോപം വന്നുചേര്‍ന്നിട്ടുണ്ട്‌. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത്‌ ശീലിക്കുക. പഞ്ചാക്ഷര മന്ത്രം (നമശ്ശിവായ) എങ്കിലും 108 പ്രാവശ്യം രണ്ടുനേരവും ജപിക്കുന്നത്‌ നന്നായിരിക്കും.

പിതൃയജ്ഞം

അന്നത്തിനാലോ, ജലതര്‍പ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.

നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.

വളരെ വിപുലമായ അര്‍ത്ഥങ്ങളുള്ള എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ്‌ പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത്‌ പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്‌.
"മാതൃദേവോഭവ
പിതൃദേവോഭവ,
ആചര്യദേവോ ഭവ"
എന്നീ അനുശാനങ്ങള്‍ അത്യന്തം ശ്രദ്ധേയങ്ങളാണ്‌.

"ജീവതോവാക്യകരണാത്‌ ക്ഷയാഹേ ഭൂരിഭോജസത്‌ ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"
(ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ അനുസരിക്കുക വാര്‍ധക്യത്തില്‍ ഭക്ഷണാദികള്‍ നല്‍കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികള്‍ നടത്തുക. ഈ മൂന്നു വിധത്തിലാഅണ്‌ ഒരുവന്‍ പുത്രനാകുന്നത്‌)

തർപ്പണം:
ശരീരശുദ്ധിക്കുശേഷം ജലംകൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട്‌ ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ‍, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ്‌ വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്‌. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ്‌ ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. 

വിവിധ തർപ്പണങ്ങൾ

1. ഗുണ്ട തർപ്പണം -

ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.

2. ബ്രഹ്മ യജ്ഞ തർപ്പണം -

ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.

3. പർഹേനി തർപ്പണം -

വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.

4. സാധാരണ തർപ്പണം -

അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം. 

ശ്രാദ്ധം 

ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം. പ്രധാനമായും ഹിന്ദു സംസ്കാരത്തിലെ ഒരു ആചാരമാണിത്. പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.

മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. 

ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യ്യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം. 

ദേവയജ്ഞം

ദേവകള്‍ക്കുവേണ്ടി അഗ്നിയില്‍ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദര്ശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

ദേവ യജ്ഞം എന്നത് അഗ്നിയില്‍ ഹോമം ചെയ്യല്‍ എന്ന് പൊതുവില്‍ പറയാം. അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ് പറയുന്നത്.

അഗ്നൌ പ്രസ്തഹുതി:സമ്യഗ്
ആദിത്യമുപ തിഷ്ടതെ
ആദിത്യാദ് ജയതേ വൃഷ്ടിര്‍
വൃഷ്ട്ടെരന്നം തത; പ്രജ:

എങ്ങനെയാണു ഹോമങ്ങളും യാഗങ്ങളും പ്രവര്‍ത്തന ക്ഷമമാകുന്നത് എന്ന് മേല്‍പ്പറഞ്ഞ മന്ത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അഗ്നിയില്‍ അര്‍പ്പിക്കുന്ന ആഹുതികള്‍ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു. ഭക്ത്യാദരപൂര്‍വവും മന്ത്രപുരസ്സരവുമായി അര്‍പിക്കുന്ന വിശേഷ ഹോമ ദ്രവ്യങ്ങളുടെ ആഹുതിരസം സൂര്യരശ്മികളുടെ സഹായത്താല്‍ മഴയായി ഭൂമിയിലേക്ക്‌ തിരികെ പെയ്തിറങ്ങുന്നു. മഴമൂലം പ്രജകള്‍ക്കു അന്നം ലഭ്യമാകുന്നു.

നമ്മുടെ സൌരയൂധത്തിന്‍റെ നാഥനായ സൂര്യന്‍തന്നെയാണ് നമ്മുടെ പ്രക്ത്യക്ഷ ദൈവം. 
ഇദം ന: മമ.
എന്നുപറഞ്ഞാണ് ഹോമാദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്.

“ദേവതോ ഉദ്ദേശേന ദ്രവ്യസ്യ ത്യഗോ യജ്ഞ:”
എന്നു പറഞ്ഞിരിക്കുന്നു.

യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്‍
“അഗ്നിമീളെ പുരോഹിതം യജ്ഞസ്യ ദേവമ്രിത്യുജം ഹോതരം രത്നധാതമം”
എന്ന മന്ത്രത്തിലൂടെ സ്തുതിക്കപ്പെടുന്നു.

പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനം വരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം. 

അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധി പ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ്‌ പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം. ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്.

വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം  അവ
(1). ഓം ഭൂഃ സ്വാഹ
(2). ഓം ഭുവഃ സ്വാഹ
(3). ഓം സ്വഃ സ്വാഹ
(4). ഓം ഭുർഭുവസ്വാഹ എന്നിവയാണ്.

പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം.

അടുത്ത രണ്ടെണ്ണം
(1). സ്പഷ്ടകൃതവും
(2) പ്രജാപത്യവുമാണ്.
അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)

ഈ ഹോമാദികള്‍ ഒന്നും നിത്യവും ചെയ്യാന്‍ സാധാരണ ജനത്തിനു പറ്റില്ലല്ലോ.എന്നാല്‍ മനസ്സുവച്ചാല്‍ മറ്റൊരു തരത്തില്‍ ഇതു എന്നും ചെയ്യാന്‍ പറ്റും.

പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയില്‍ പഞ്ചേന്ദ്രിയങ്ങളാലും കര്‍മ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ “ആശകളെ” ആഹുതി ചെയ്യണം.

മാനുഷയജ്ഞം

വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികള്‍ക്ക് ആഹാരംകൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു

ഭൂത യജ്ഞം

മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക്‌ അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാര്‍ പറയുന്നു

ഇങ്ങിനെ പഞ്ചമഹായജ്ഞം നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ പ്രാവര്ത്തികമാക്കിയാല്‍ നാം അനുഭവിക്കുന്ന ദുരിതങ്ങള്ക്ക് 
ഒരു പരിധി വരെ ശാന്തിയുണ്ടാകും. ഇതെല്ലാം ചെയ്യാത്തവന്‍ മരിച്ചതിനുതുല്യമാകുന്നു എന്നാണ് വേദജ്ഞന്മാര്‍ പറയുന്നത്.

ചിലമഹാന്മാര്‍ ഈ അഞ്ചുമഹായജ്ഞങ്ങളേയും ആഹൂതം, ഹൂതം, പ്രഹൂതം, ബ്രാഹ്മഹൂതം പ്രാശിതം എന്ന് അഞ്ചുവിധത്തില്‍ പ്രസ്താവിക്കുന്നു.

ആഹൂതം ബ്രഹ്മയജ്ഞവും
ഹൂതം ദേവയജ്ഞവും
പ്രഹൂതം ഭൂതയജ്ഞവും
ബ്രാഹ്മഹൂതം മാനുഷികയജ്ഞവും
പ്രാശിതം പിതൃയജ്ഞവുമാകുന്നു.

ജപോഹൂതോ ഹൂതോഹോമഃ
പ്രഹൂതോ ഭൗതികോബലിഃ
ബ്രാഹ്മ്യം ഹൂതം ദ്വിജാഗ്രാര്‍ച്ച
പ്രാശിതം പിതൃതര്‍പ്പണം.

ചില സന്ദര്‍ഭങ്ങളില്‍ മാനുഷയജ്ഞം ചെയ്യുന്നതിന് ശക്തിയില്ലാതെ വന്നാലും ബ്രഹ്മയജ്ഞം, ദൈവയജ്ഞം ഇവകള്‍ നിത്യവുംചെയ്യണം. ദേവന്മാര്‍ക്കായിട്ട് അഗ്നിയില്‍ ചെയ്യപ്പെടുന്ന ഹോമങ്ങള്‍ ആദിത്യനില്‍ ചേരുന്നു. ആദിത്യനില്‍ നിന്നു മഴയുണ്ടാകുന്നു. മഴ സസ്യങ്ങളെ പുഷ്ടിപ്പെടുത്തുന്നു. അങ്ങനെ ജീവകോടികള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് വേദത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. സര്‍വ്വ ജന്തുക്കളും പ്രാണവായുവിനനെ ആശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി വാനപ്രസ്ഥന്‍ സന്യാസി എന്നീ മുന്നുപേരും ഗൃഹസ്ഥനെ ആശ്രയിച്ചു ജിവിക്കുന്നു. തന്നിമിത്തം ഗൃഹസ്ഥാശ്രമം മറ്റാശ്രമങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്.

*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*

2 comments:

  1. This is a very special

    ReplyDelete
    Replies
    1. This is a very special knowledge which can't get outside. Very useful. Highly appreciated and memorised the efforts behind. Pranamam to everyone who created and reads. Thanks.

      Delete