ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 September 2016

കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ?

കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ?

🎀🎀🎀🎀🎀🎀🎀🎀🎀
“ഷഷ്ഠേ മാസ്യശനം ന സപ്തമ ഇഹ ത്യാജ്യോ ഹരേർവാസരോ

ജ്യേഷ്ഠാർദ്രാ യമകൃത്തികോരഗമഘാഃ പൂർവാവിശാഖാസുരാഃ

രന്ധ്രേസൃഗ്വപുഷീന്ദുരംബുനി ഗുരുർജ്ഞേന്ദൂ ശുഭേ ഖേഖിലാഃ

ഭൗമക്ഷേത്രത്ധഷാർധരാത്രഗരളദ്രേക്കാണ ജന്മോഡു ച.”

എന്ന ശ്ലോകത്തിലാണു കുട്ടികളുടെ ചോറൂണിനുള്ള മുഹൂർത്തം നോക്കേണ്ട കാര്യങ്ങൾ മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ പറയുന്നത്.

കുട്ടി ജനിച്ച് ആറാം മാസത്തിലാണു ചോറൂണ് നടത്തേണ്ടത്. ഏഴാം മാസത്തിൽ പാടില്ല. അതായത് കുട്ടി ജനിച്ച് 150 ദിവസത്തിനും 180 ദിവസത്തിനുമിടയിലാണു ചോറൂണു നടത്തേണ്ടത്. ആറാം മാസമായി വരുന്നത് കന്നിയോ കർക്കടകമോ കുംഭമോ ഏതുമാകട്ടെ അതിനു ദോഷമില്ല. ആറാം മാസത്തിൽ ചോറൂണു നടത്തുക എന്നതാണു പ്രധാനം. എന്തെങ്കിലും കാരണവശാൽ ആറാം മാസത്തിൽ ചോറൂണു നടത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത മാസമായ ഏഴാം മാസത്തിൽ പാടില്ല. എട്ടാം മാസത്തിൽ ആകാം.

ഹരിവാസരസമയത്തു ചോറൂണു പാടില്ല. തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം എന്നീ നാളുകൾ ചോറൂണിനു നല്ലതല്ല. ചോറൂണിനു നല്ല നാളുകൾ എതെല്ലാമെന്നു ലളിതമായി മനസ്സിലാക്കിത്തരുന്ന ഭാഷാശ്ലോകം ചുവടെ:

ഊണിന്നു നല്ലു പുണർപൂയമവിട്ടമത്തം

സ്വാതീ ച രോഹിണി ഓണവുമിന്ദു മൈത്രം.

നാൾ നല്ലു ചിത്രചതയത്തൊടശ്വതീ നാൾ

ഉത്രത്രയങ്ങളൊടുകൂടെ വിധിക്ക പൗഷ്ണേ.”

ചോറൂണിന്റെ സമയം നിശ്ചയിക്കുന്ന കാര്യമാണിനി പറയുന്നത്. മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വയും ലഗ്നത്തിൽ ചന്ദ്രനും നാലാംഭാവത്തിൽ വ്യാഴവും ഒൻപതാം ഭാവത്തിൽ ബുധനും ചന്ദ്രനും ഉണ്ടാകരുത്. പത്താംഭാവത്തിൽ ഗ്രഹങ്ങളൊന്നും ഉണ്ടാകരുത്. മേടം, വൃശ്ചികം, മീനം എന്നീ രാശിസമയം മുഹൂർത്തസമയമായി ഉപയോഗിക്കരുത്. അർധരാത്രിസമയം പാടില്ല. വിഷദ്രേക്കാണം ഒഴിവാക്കണം. ജന്മനക്ഷത്രത്തിൽ ചോറൂണു പാടില്ല.

കുഞ്ഞിന് ആദ്യമായി നെല്ലരി ചോറ് കൊടുക്കുന്ന ചടങ്ങാണ് ചോറൂണ് അഥവാ അന്നപ്രാശനം. അഞ്ച്, ഏഴ്, ഒമ്പത് തുടങ്ങിയ മാസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും ആറ്, എട്ട്, പത്ത് തുടങ്ങിയ മാസങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ചോറൂണിന് ശുഭമാണ്. അതീവ പ്രാധാന്യമുള്ളതിനാല്‍ ഈ ചടങ്ങിന് മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. അന്നപ്രാശത്തിനുള്ള മുഹൂര്‍ത്ത രാശിയില്‍ പാപഗ്രഹം വന്നാല്‍, ദാരിദ്ര്യം, രോഗം എന്നിവയ്ക്ക് കാരണമാകാം. കുഞ്ഞിന്റെ അച്ഛനോ അമ്മാവനോ ആണ് ആദ്യം കുഞ്ഞിന് ചോറ് കൊടുക്കേണ്ടത്. ബ്രാഹ്മണര്‍ ഇത് വൈദിക വിധി പ്രകാരം നടത്തുമ്പോള്‍ മറ്റ് വിഭാഗക്കാര്‍ പൊതുവെ ക്ഷേത്രങ്ങളില്‍ വച്ചാണ് അന്നപ്രാശനം നടത്തുന്നത്. ക്ഷേത്രത്തില്‍ ദേവനോ ദേവിക്കോ നിവേദിച്ച ചോറ് ക്ഷേത്രത്തില്‍ വച്ച് തന്നെ കുഞ്ഞിന് നല്‍കുന്നു. അതിനു ശേഷം വീട്ടില്‍ വച്ച് സദ്യ, അന്നദാനം, മധുര വിതരണം മുതലായവയും ഉണ്ടാവും. ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ധാന്യം കൊണ്ടുള്ള ആഹാരം ആദ്യമായി കുഞ്ഞിന് ലഭിക്കുന്നത് അന്നപ്രാശ മുഹൂര്‍ത്തത്തിലാണ്. ഈ മുഹൂര്‍ത്തം മുതല്‍ ഭൂമിയും കുഞ്ഞിനു മാതാവാണ്. ക്ഷേത്രത്തില്‍ വച്ചായാലും ഗൃഹത്തില്‍ വച്ചായാലും ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ അന്നപ്രാശനം നടത്തേണ്ടതുണ്ട്. എവിടെ വച്ച് എന്നതല്ല ഏത് മുഹൂര്‍ത്തത്തില്‍ എന്നതാണ് ഇവിടെ പ്രധാനം. അന്നപ്രാശനം നടത്തുന്നത് എവിടെ വച്ചായാലും കുഞ്ഞിന്റെ ശബ്ദ മാധുര്യം, സ്വഭാവ ശുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ഉതകുന്ന തരത്തില്‍ ഗ്രഹനില ഉദിച്ചു നില്‍ക്കുമ്പോഴാണ് അന്നപ്രാശനം നടത്തേണ്ടത്. ഭക്ഷണത്തിന്റെ സൂക്ഷ്മ ഭാവത്തില്‍ നിന്നുമാണ് മനോ വികാസമുണ്ടാവേണ്ടത്. അതിനാല്‍ അന്നം ന്യായമായി സമ്പാദിച്ചതും സാത്വികവും പവിത്രഭാവത്തോടുകൂടി തയ്യാറാക്കുന്നതു ആയിരിക്കണം. ഇത് ഈ പ്രത്യേക മുഹൂര്‍ത്തത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം പാലിക്കേണ്ടതാണെന്നാണ് ആചാര്യമതം. സാത്വിക ഗുണങ്ങള്‍ ഉണ്ടാവുന്നതിനു സാത്വികാഹാരങ്ങള്‍ കഴിക്കേണ്ടതാണ്. ഭക്ഷണത്തെ ഔഷധം, പ്രസാദം, ബ്രഹ്മസ്വരൂപി എന്നീ വിധത്തില്‍ കണ്ട് പ്രസന്ന ഭാവത്തില്‍ തന്നെ കഴിക്കേണ്ടതാണ്.

ചോറൂണ് നടത്തുന്ന വിധം

ചടങ്ങു നടത്തുവാനുള്ള കുഞ്ഞിനെ കുളിപ്പിച്ച ശേഷം നേര്യതുടുപ്പിക്കുന്നു. തുടർന്ന് കത്തിച്ചുവച്ച നിലവിളക്കിനു മുമ്പിലായി മുത്തച്ഛന്റെയോ, അച്ഛന്റെയോ, അമ്മാവന്റെയോ മടിയിൽ കുഞ്ഞിനെ ഇരുത്തുന്നു. ഈ നിലവിളക്കിനു മുമ്പിലായി തൂശനിലയിട്ട്‌ ചോറൂ വിളമ്പുന്നു. കുഞ്ഞിനു ചോറു നൽകുന്നയാൾ ഉപ്പ്, മുളക്, പുളി എന്നിവ ചേർത്ത്‌ അൽപമെടുത്ത്‌ കുട്ടിയുടെ നാവിൽ പുരട്ടുന്നു. തുടർന്ന് ചോറിൽ രണ്ടോ മൂന്നോ വറ്റെടുത്ത് കുട്ടിക്ക് നൽകുന്നു. അവസാനമായി മധുരവും (പഞ്ചസാര) നൽകും. ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തുന്നതെങ്കിൽ നിവേദിച്ച ചോറോ പായസമോ ആണ്‌ ഉപയോഗിക്കുന്നത്.

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

No comments:

Post a Comment