ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 September 2016

പവിഴം

 പവിഴം

ചുവന്ന നിറമുള്ള ഗ്രഹമായ ചൊവ്വയുടെ രത്നമാണ് പവിഴം. ഇതിന് ചൊവ്വാ ഗ്രഹം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ അകറ്റിനിര്‍ത്തുന്നതിനും ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുവാനും ശേഷിയുണ്ട്. പവിഴം സാധാരണയായി നാല് തരത്തില്‍ കാണുന്നു. 1. കടും ചുവപ്പ്, 2. കുങ്കുമ ചുവപ്പ്, 3. കായത്തിന്‍റെ ചുവപ്പ്, 4. കാവിച്ചുവപ്പ്. പുരാതന കാലം മുതല്‍ക്കേ റോമാക്കാരും ഭാരതീയരും പവിഴം ആഭരണമായി ധരിച്ചിരുന്നു.

ഇതിന്‍റെ കാഠിന്യം 3 - 1/4. സ്പെസിഫിക് ഗ്രാവിറ്റി 2.65 ആണ്. മെഡിറ്ററേനിയന്‍ ജലാശയം, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ തീരങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ തീരങ്ങള്‍ ഒക്കെ പവിഴം ലഭിക്കുന്ന സ്ഥലങ്ങളാണ്. 

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചൊവ്വയെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കുവാനുമാണ് പവിഴ രത്നം സാധാരണയായി ധരിക്കുന്നത്. പവിഴത്തെപ്പറ്റി പഠിക്കുമ്പോള്‍ ചൊവ്വയെ സംബന്ധിക്കുന്ന ചില വിഷയങ്ങള്‍ കൂടി നാം അറിയേണ്ടതുണ്ട്. 

പാപഗ്രഹമായി പരിഗണിക്കപ്പെടുന്ന ചൊവ്വ ഭൂമിയോട് അടുത്തു നില്‍ക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ്. 

പവിഴ രത്ന ധാരണ വിധി

പവിഴം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ പവിഴം ധരിക്കാവു. രത്നങ്ങള്‍ക്കു പൊതുവെ ക്ഷിപ്രഫലദാന ശേഷിയുണ്ട്. 

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്നു അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല്  ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു. എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്താം. 

ചൊവ്വാഴ്ച ദിവസമോ, മകയിരം, ചിത്തിര, അവിട്ടം, നാളുകളിലോ കുജഹോരയിലോ പവിഴം ചെമ്പുകലര്‍ന്നസ്വര്‍ണ്ണമോതിരത്തില്‍ ഘടിപ്പിക്കുക. പവിഴ രത്നത്തിന് 5 കാരറ്റിനു മുകളില്‍ ഭാരമുണ്ടായിരിക്കണം.

മോതിരം തയ്യാറായിക്കഴിഞ്ഞാല്‍ ചുവന്ന നിറമുള്ള പട്ടില്‍ പൊതിഞ്ഞ് കുജയന്ത്രത്തിന് മുമ്പില്‍ വെച്ച് ജപിച്ച് ശക്തി വരുത്തിയ ശേഷം, ഷോഡശോപചാര പൂജ നടത്തി മോതിരത്തെ ഏതെങ്കിലും ചൊവ്വാഴ്ച രാവിലെ ഇടതുകൈയുടെ നടുവിരലില്‍ അണിയിക്കണം. ഇങ്ങനെ വിധിപൂര്‍വ്വം ധരിക്കുന്ന രത്നങ്ങള്‍ ശുഭ ഫലങ്ങള്‍ വേഗത്തില്‍ ചെയ്യുന്നു. ഈ മോതിരത്തിന്‍റെ ദോഷഹരണ കാലാവധി 3 വര്‍ഷം 3 മാസം വരെയുണ്ട്. അതിനുശേഷം പുതിയ പവിഴം ധരിക്കണം. പഴയ പവിഴം അപ്പോള്‍ മറ്റാര്‍ക്കെങ്കിലും നല്‍കുകയോ, പൂജാമുറിയില്‍ സൂക്ഷിച്ചു വെയ്ക്കുകയോ ചെയ്യാം. 

പവിഴം ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങള്‍ പവിഴത്തോടൊപ്പം ധരിക്കരുത്.  

No comments:

Post a Comment