ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 May 2019

ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവി / കാക്കാത്തിയമ്മ

ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവി

കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മ.

അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ. അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു

ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രാസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്

No comments:

Post a Comment