ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2019

കർണ്ണനേറ്റ അപമാനം

കർണ്ണനേറ്റ അപമാനം

ഒരു ദിവസം ഹസ്തിനപുരിയിൽ പാണ്ഡവ, കൗരവരാജകുമാരന്മാരുടെ ആയുധ വിദ്യകൾ കാണാനായി യുദ്ധഭൂമിക്ക് ചുറ്റും ജനങ്ങൾ സ്ഥാനം പിടിച്ചു. ധൃതരാഷ്ട്രരും, ഭീഷ്മരും, കൃപാചാര്യരും കുന്തിയും, ഗാന്ധാരി, ശകുനി, വിധുരരും എല്ലാം അവരവർക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്ത് വന്ന് ഇരുന്നു. കുന്തി അവിടെ നടക്കുന്ന ഓരോ കാര്യവും ഗാന്ധാരിക്ക് വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു.

അല്പസമയം കഴിഞ്ഞു ദ്രോണാചാര്യരും കുമാരന്മാരും രണഭൂമിയിലേക്ക്‌ എത്തി. കുമാരന്മാരെ ഓരോരുത്തരെയായി പേര് വിളിച്ചു പരിചയപ്പെടുത്തിയ ശേഷം അവർ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ തുടങ്ങി.

ആദ്യം യുധിഷ്‌ഠിരന്റെ ഊഴം ആയിരുന്നു. യുധിഷ്ടിരൻ കുന്തം കൊണ്ടുള്ള യുദ്ധത്തിൽ നിപുണൻ ആയിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് മറ്റുള്ള എല്ലാ കുമാരന്മാരെയും നേരിട്ടു. അവർ കഠിന പരിശ്രമം നടത്തിയെങ്കിലും ആർക്കും യുധിഷ്ഠിരനെ പരാജയപെടുത്താൻ ആയില്ല.

അടുത്തതായി ഗദാ യുദ്ധത്തിൽ കേമന്മാരായ ദുര്യോധനനും ഭീമനും ഏറ്റു മുട്ടി. പതുക്കെ പതുക്കെ അവരുടെ വീറും വാശിയും ഏറി വന്നു. ജനങ്ങൾ രണ്ടു ചേരി തിരിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. അവർ അതൊരു പ്രകടനം ആണ് എന്നത് മറന്ന് അപകടകരമായ രീതിയിലായിരുന്നു യുദ്ധം ചെയ്തിരുന്നത് യുദ്ധം നിയന്ത്രണമില്ലാതെ നീണ്ടുപോകുന്നതു കണ്ടു ദ്രോണർ പറഞ്ഞത് അനുസരിച്ച് അശ്വത്ഥാമാവ്‌ അവരെ പിടിച്ചു മാറ്റി യുദ്ധം അവസാനിപ്പിച്ചു.

അടുത്തതായി അർജ്ജുനന്റെ ഊഴമായിരുന്നു.
അർജ്ജുനൻ ദ്രോണാചാര്യർ പറഞ്ഞതനുസരിച്ച് അമ്പെയ്ത് ചുഴലി കാറ്റ്, മഴ,തീ, ഒരു പർവതം എന്നിവ സൃഷ്ടിച്ചു. അവസാനം അമ്പു എയ്ത് മായാ വിദ്യയിലൂടെ അപ്രത്യക്ഷനാകുയും മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപെടുകയും ചെയ്തു.

അർജ്ജുനനന്റെ പ്രകടനത്തിന് ശേഷം ദ്രോണർ എഴുന്നേറ്റു. തന്റെ പ്രിയ ശിഷ്യന്റെ കഴിവ് ജനങ്ങളും മനസ്സിലാക്കട്ടെ എന്ന് കരുതി ജനങ്ങളോട് പറഞ്ഞു. അർജ്ജുനൻ എന്റെ പ്രിയ ശിഷ്യനായത് കൊണ്ട് പറയുകയല്ല ഇവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വില്ലാളി. ഇവനെ ജയിക്കാൻ കഴിവുള്ളവർ ആരും ഈ ഭൂമിയിൽ തന്നെ ജനിച്ചിട്ടില്ല.

പെട്ടെന്ന് ആ സദസ്സിലേക്ക് ഒരു യുവാവ് കടന്നു വന്നു ചോദിച്ചു.

പരീക്ഷിക്കാതെ എങ്ങനെയാണ് അത് നിശ്ചയിക്കുന്നത്. ഇവനുള്ളതിൽ ഒരു ഗുണം മാത്രമേ എനിക്ക് കുറവുള്ളൂ. അത് ഞാൻ അങ്ങയുടെ (ദ്രോണാചാര്യരുടെ ) ശിഷ്യനല്ല എന്നതാണ്.

ഇത്രയും പറഞ്ഞു കർണ്ണൻ ആകാശത്തേക്ക് ഒരു അമ്പു എയ്ത് ഒരു മാല സൃഷ്ട്ടിച്ച് ധൃതരാഷ്ട്രരുടെ കഴുത്തിൽ അണിയിച്ചു. അതിനു ശേഷം പരസ്യമായി അർജ്ജുനനെ വെല്ലുവിളിച്ചു.

അപ്പോൾ കൃപാചാര്യർ കർണ്ണനോട് പറഞ്ഞു. ആദ്യം നീ ഈ വെല്ലുവിളിക്കുന്ന അർജ്ജുനൻ ആരാണെന്ന് മനസ്സിലാക്കിക്കോളൂ. പാണ്ഡുവിൻ്റെയും കുന്തിയുടെയും പുത്രൻ, ദ്രോണാചാര്യരുടെ ശിഷ്യൻ, മഹാരാജാവ് ധൃതരാഷ്ട്രരുടെ അനുജന്റെ മകൻ. ഇനി നീ ആരാണെന്ന് പറ ? ഏതു കുലത്തിൽ ജനിച്ചു? ആരുടെ മകനാണ് നീ ?

രാജസന്തതികൾ സാധാരണക്കാരോട് പൊരുതുകയില്ല". ഇതുകേട്ട് കർണ്ണൻ ലജ്ജിതനായി നിൽക്കുമ്പോൾ, ദുര്യോധനൻ ഇടപെടുകയും, കർണ്ണന് "അംഗരാജ്യം" പ്രദാനം ചെയ്തു രാജാവാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കർണ്ണനെ അപമാനത്തിൽ നിന്നും രക്ഷിക്കുന്നു
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു. ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും വാഗ്ദാനത്തിൻറ പേരിൽ കർണ്ണന് കൂട്ട് നിൽക്കേണ്ടതായി വന്നു. കർണ്ണൻ വൃഷാലി എന്ന യുവതിയെ വിവാഹം ചെയ്യുകയും അതിൽ ഒൻപത് പുത്രൻമാർ ജനിക്കുകയും വൃഷസേനൻ, ശുദ്ധാമാ, ശത്രുഞ്ജയ, ദ്വിപത, സുഷേണൻ, സത്യേശ, ചിത്രസേന, സുശർമ്മ(ബനസേന), വൃഷകേതു എന്നീപേരുകളിൽ അറിയപ്പെടുന്നു.

No comments:

Post a Comment