വരും തലമുറയ്ക്കായി ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം...
"കാവ് തീണ്ടിയാൽ കുളം വറ്റും, നിന്റെ കുലം മുടിയും" എന്നു പറഞ്ഞ പൂർവ്വികരെ പരിഹസിച്ചു കൊണ്ട് കാവ് തീണ്ടി... മരങ്ങളും വള്ളിപ്പടർപ്പുകളും വെട്ടി മാറ്റി...
ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരസ്കരിച്ചിട്ട് ഇപ്പോ എന്തായി..???
ഒരിറ്റു കുടി വെള്ളത്തിനു വേണ്ടി കിലോമീറ്ററുകൾ താണ്ടുന്നു... മണിക്കൂറുകളോളം പൈപ്പിനു ചുവട്ടിൽ ക്യൂ നിൽക്കുന്നു... അതും കിട്ടാത്തവർ ചെളിവെള്ളം ഊറ്റിക്കുടിക്കുന്നു... ഇനി കുലം പൂർണ്ണമായും മുടിയാൻ അധികം കാലമില്ല
സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്, ഭൂമിയിൽ നിന്നാണ്. മലയാളത്തിന്റെ സംസ്കാരംപുഴയിൽ നിന്നും, വയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു.
പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.
നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ല. പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ.
പാടം നികത്തിയാലും, മണൽ വാരി പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കുമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടെ വാസ യോഗ്യമല്ലാതായി വരും.
ഓര്‍ക്കുക ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍ക്കാനാവില്ല. നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യരും പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വന സംരക്ഷണം, മൃഗസംരക്ഷണം, നദീജല സംരക്ഷണം എന്നിവ.
കാവുകളും ക്ഷേത്രക്കുളങ്ങളും ജലാശയങ്ങളും നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം സംരക്ഷിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതും പ്രകൃതി സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
No comments:
Post a Comment