നിലവിളക്ക് നിർമിക്കുന്ന ഒരേയൊരു ക്ഷേത്രം
ഒരു നിലവിളക്കെങ്കിലും തെളിയിക്കാത്ത ക്ഷേത്രങ്ങളുണ്ടാകില്ല ഈ ലോകത്ത്. എന്നാൽ നിലവിളക്കുകൾ ഉണ്ടാക്കുന്ന ക്ഷേത്രം ഇവിടെ മാത്രമേയുണ്ടാകൂ. തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിൽ നിന്ന് മുപ്പതു കിലോമീറ്റർ യാത്ര ചെയ്താൽ മതി മാന്നാർ കോവിലിലേക്ക്.
പണ്ട് പണ്ട് ആഴ്‌വാർ വാഴും കാലത്ത്
മാന്നാർ കോവിലിന്റെ നിർമാണം ആഴ്‌വാർ കാലത്താണെന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ആഴ്‌വാർ സാമ്രാജ്യത്തിലെ അവസാനത്തെ കണ്ണിയെന്നു മുപ്പതു വർഷം ജീവിച്ചതും സമാ ധിയായതും ഇവിടെയാണെന്നു വിശ്വസിക്കപ്പെടുന്നു തെളിവായി ആഴ്‌വാർ സമാധിയുമുണ്ട് ക്ഷേത്രത്തിൽ. അതുകൊണ്ടു തന്നെ ക്ഷേത്ര നിർമാണം ആ കാലത്താണെന്നു വിശ്വസിക്ക പ്പെടുന്നു. മാത്രമല്ല ആഴ്‌വാർക്ക് പ്രത്യേക പൂജകൾ ഇവിടെ ഇപ്പോഴും നടക്കുന്നുണ്ട്.
ഒരു ക്ഷേത്രത്തിനു വേണ്ടതൊക്കെ സ്വന്തമായി ഉണ്ടാക്കണമെന്ന രാജകൽപ്പനയായിരിക്കണം മാന്നാർ കോവിലിലെ നിലവിളക്ക് നിർമാണത്തിനു പിന്നിലെന്നാണ്് വിശ്വാസികൾ പറയുന്നത്. ക്ഷേത്ര ആവശ്യങ്ങൾക്കുളള പൂവുകൾക്കു വേണ്ടി പൂന്തോട്ടം മുതൽ ക്ഷേത്ര ജീവനക്കാർക്കു താമസിക്കാനുളള കെട്ടിടങ്ങൾ വരെ മാന്നാർ കോവിലിൽ ഒരു കാലത്ത് ഉണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റും ഇപ്പോൾ താമസിക്കുന്നവരിൽ കൂടുതലും അമ്പലവാസികളാണ്.
ക്ഷേത്രത്തിന് ആവശ്യമുളളതിൽ കൂടുതൽ നിലവിളക്കുകൾ ഉണ്ടാക്കപ്പെട്ടതോടെ വിളക്കു നിർമിക്കുന്നവർക്ക് തൊഴിലില്ലാതെയായി. ഈ പ്രതിസന്ധി പരിഹരിക്കാൻ ആദ്യമാദ്യം തൊട്ടടുത്തുളള ക്ഷേത്രങ്ങൾക്ക് ആവശ്യമായ നിലവിളക്ക് വിതരണം ചെയ്തു. പിന്നീട് ക്ഷേത്രത്തിനു പുറത്തേക്ക് നിലവിളക്കു കൊണ്ടു പോകാനുളള അനുമതിയായി. അതോടെ മാന്നാർ കോവിലിനെ ചുറ്റിപ്പറ്റി നിലവിളക്കു നിർമാണം കുടിൽ വ്യവസായം പോലെ തഴച്ചു വളർന്നു. അങ്ങനെയാണ് മാന്നാർ കോവിലിനു ചുറ്റും നിലവിളക്കു നിർമാണ തെരുവുകൾ രൂപം കൊണ്ടെതെന്ന് തലമുറകളായി പറഞ്ഞു വരുന്നു.
‘ആയിരം വർഷങ്ങളുടെ പഴക്കമുണ്ടാകാം ക്ഷേത്രത്തിന്. പൂജയും തേവാരവും പാരമ്പര്യമാണ്. മാത്രമല്ല ഇതുപോലെയുളള ക്ഷേത്രഘടന ഇപ്പോൾ കാണാൻ തന്നെയില്ല. മൂന്നു തട്ടുകളായി ഉയർന്നു പോകുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. അതുകൊണ്ട് മണിഗോപുരം വരെ തൊട്ടടുത്തു നിന്നു കാണാൻ കഴിയും. മൂന്നു ഭാവത്തിലുളള പ്രതിഷ്ഠയുളള മാന്നാർ കോവിൽ വേദനാരായണ സ്വാമിക്ഷേത്രം എന്നു കൂടി അറിയപ്പെടുന്നു. അറിവിന്റെ കേദാരമായി, ജ്ഞാനത്തിന്റെ പ്രകാശമായി, നൂറ്റാണ്ടുകളുടെ സാക്ഷ്യവുമായി നിലനിൽക്കുകയാണ് ഈ അനന്തക്ഷേത്രം.
സീതാസമേതനായ ശ്രീരാമൻ, ശ്രീകൃഷ്ണൻ, ലക്ഷ്മണൻ, ഭരതശത്രുഘ്നന്മാർ അങ്ങനെ ദൈവപരമ്പരകൾ തന്നെയുണ്ട് ഏക്കറുകളോളം പരന്നു കിടക്കുന്ന ഈ ക്ഷേത്രത്തിൽ.
ആഴ്‌വാർ പൂജയുണ്ടെങ്കിലും മഹാവിഷ്ണു പ്രതിഷ്ഠയാണു മുഖ്യം. മഹാവിഷ്ണുവിന്റെ മൂന്നു ഭാവങ്ങൾ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ശയന പ്രതിഷ്ഠയോടു സാമ്യ മുളളതാണ് ഇത്. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടെന്നു പറയുമ്പോൾ ശയനപ്രതിഷ്ഠയുളള പത്മനാഭസ്വാമി ക്ഷേത്രവുമായി സാമ്യപ്പെടുന്നുണ്ട് മാന്നാർ കോവിലും. മാത്രമല്ല ആവണി അവിട്ടമാണ് ഇവിടുത്തെ ആഘോഷങ്ങളിൽ പ്രധാനം. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആവണി അവിട്ടം പ്രധാനമാണ്. കൽപ്പാത്തിയിലും മൂകാംബികയിലുമൊക്കെ നടക്കുന്ന രഥോത്സവങ്ങൾക്കു തുല്യമായ ഉത്സവവും ഇവിടെ നടക്കാറുണ്ട്. ക്ഷേത്രപരിസരത്ത് രഥം സൂക്ഷിച്ചിരിക്കുന്നതും കാണാം.
മാന്നാർ കോവിലിന്റെ മലയാളി ബന്ധത്തിനു മറ്റൊരു തെളിവ് ഇവിടുത്തെ ഓണാഘോഷമാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഓണത്തിന് വിശേഷാൽ പൂജകൾ നടക്കുന്നതു പോലെ തന്നെ മാന്നാർ കോവിലിലും ഓണത്തിന് വിശേഷാൽ പൂജകളുണ്ട്. ഈ ദിവസങ്ങളിലൊന്നിലാണ് തിരുവിതാകൂർ കൊട്ടാരത്തിൽ നിന്ന് സന്ദർശകരെത്തുന്നത്. ഒരു പാടു മലയാളികൾ വരാറുണ്ട് ഇവിടെ. പലരും പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്നവരാണ്. അവിടെ നിന്നും വിവരങ്ങൾ അറിഞ്ഞുവരുന്നവരും കുറവല്ല.’ ചിന്നനമ്പി അനന്തഗോപാലൻ പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് ക്ഷേത്രം ഇപ്പോൾ.
വ്യത്യസ്തമായ വിളക്കുകൾ
ക്ഷേത്രത്തിന് ചുറ്റും ചെറിയ ചെറിയ പ്രദേശങ്ങളായി പരന്നു കിടക്കുകയാണ് നിലവിളക്ക് ഉണ്ടാക്കുന്ന തെരുവുകൾ. തെക്കേത്തെരുവ്, വടക്കേത്തെരുവ്, പടിഞ്ഞാറുമൂല എന്നിങ്ങനെയാണ് ഓരോ തെരുവും അറിയപ്പെടുന്നത്. അഗ്രഹാര തെരുവുകളെ ഓർമ്മിപ്പിക്കുന്നതാണ് ഇവയും. ഓരോ വീടിനു മുന്നിലും സ്വർണം പോലെ തിളങ്ങുന്ന നിലവിളക്കുകൾ നിരത്തിവച്ചിട്ടുണ്ടാകും. പലതും പണി തീർത്തവയാണ്. നിലവിളക്കുകൾ മിനുക്കുകയും മുറുക്കുകയുമൊക്കെ ചെയ്യുന്ന ശബ്ദമാണ് ഇവിടെ നിന്നും ഉയരുന്നത്.
ഇവിടെ ഉണ്ടാക്കുന്ന നിലവിളക്കിന്റെ രൂപത്തിൽ വ്യത്യാസമുണ്ട് മലയാളികൾ പൊതുവെ അഞ്ചു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാടിന്റെ മറ്റുഭാഗങ്ങളിലും അഞ്ചു തിരിയിട്ട നിലവിളക്ക് ഉപയോഗിക്കുന്നു. എന്നാൽ മാന്നാർ കോവിലിലും പരിസരങ്ങളിലും പൊതുവെ നാലു തിരിയിട്ട നിലവിളക്കുകളാണ് ഉപയോഗിക്കുന്നത്. തിരുനെൽവേലി ജില്ലയിൽ പൊതുവേ ഈ പ്രവണതയുണ്ട്. അതുകൊണ്ടു തന്നെ മാന്നാർ കോവിലിൽ ഉണ്ടാക്കുന്ന നിലവിളക്കുകളിൽ കൂടുതലും തിരുനെൽവേലി ജില്ലയിലും പരിസരങ്ങളിലുമാണ് വിറ്റഴിക്കുന്നത്. എന്നാലിപ്പോൾ അഞ്ചു തിരിയിടുന്ന നിലവിളക്കുകളും ഉണ്ടാക്കുന്നു. കാരണം ഈ വ്യവസായം നേരിടുന്ന പ്രതിസന്ധി തന്നെ.
നിലവിളക്ക് നിർമിക്കുകയെന്നത് ദൈവഹിതമായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ എപ്പോഴും നിലവിളക്ക് മാത്രം ഉണ്ടാക്കുന്നത്. വേണമെങ്കിൽ ഞങ്ങൾക്ക് ഓടിലോ വെങ്കലത്തിലോ എന്തു വേണമെങ്കിലും നിർമിക്കാം. പക്ഷേ, അതൊന്നും ഇവിടെ ആരും ചെയ്യുന്നില്ല. കാരണം ഇതൊരു ദൈവപ്രവൃത്തിയായിട്ടാണ് ഞങ്ങൾ കരുതുന്നത്. എന്നതു തന്നെ.’
മുമ്പ് മൂശയൊരുക്കുന്നതു മുതൽ എല്ലാം ജോലിക്കാർ തന്നെ സ്വന്തമായി ചെയ്യുകയായിരുന്നു. പിന്നീട് പണിക്ക് ആളുകുറഞ്ഞതോടെ സഹായത്തിന് യന്ത്രങ്ങൾ വരുത്തിത്തുടങ്ങി. ഇപ്പോൾ ഒട്ടുമിക്ക വീടുകളിലും യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിളക്ക് മിനുക്കാനും പിരിയിടാനും മറ്റ് അത്യാവശ്യ പണികൾക്കും.
മാന്നാറിലെ നിലവിളക്കുകൾ
മാന്നാർ കോവിലിലെ വിളക്കു നിർമാണത്തിനും കേരളവുമായി എന്തെങ്കിലും ബന്ധമുണ്ടോ? പത്തനംതിട്ട ജില്ലയിലെ മാന്നാറാണ് കേരളത്തിൽ വെങ്കലപാത്രങ്ങളുടെ ഗ്രാമം എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് ചെമ്പകശേരി രാജാവ് തമിഴ്നാട്ടിൽ നിന്നു കൊണ്ടു വന്ന തൊഴിലാളികളാണ് മാന്നാറിൽ വെങ്കല നിർമാണ പ്രവർത്തനങ്ങളിൽ ആദ്യം ഏർപ്പെട്ടതെന്നും പിന്നീട് തദ്ദേശീയർ ആ ജോലി ഏറ്റെടുക്കുകയായിരുന്നുവെന്നും ചില ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മാന്നാർ കോവിലിൽ നിന്നു വന്നവരാകണം മാന്നാറിൽ വെങ്കല നിർമാണത്തിനു തുടക്കം കുറിച്ചതെന്നു കരുതാം.
മാത്രമല്ല തിരുവിതാംകൂർ രാജകുടുംബവുമായി ഈ ക്ഷേത്രം ഇന്നും പുലർത്തുന്ന സമ്പർക്കം കൊണ്ടു തന്നെ ഇതിനേക്കാൾ ശക്തമായ കൊടുക്കൽ വാങ്ങലുകൾ മുമ്പ് ഉണ്ടായിരുന്നതായും കണക്കാക്കാം. കുറ്റാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റേതായ തൊട്ടാരം ഇപ്പോഴും നിലവിലുണ്ട് ഈ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മാന്നാർ കോവിലിൽ നിന്ന് മാന്നാറിലേക്ക് ഒരു വഴി തെളിയുന്നുണ്ട്. നിലവിളക്കിന്റെയും വെങ്കല പാത്രങ്ങളുടെയും തിളക്കമുളള വഴി.
എങ്ങനെ എത്താം
തിരുവനന്തപുരത്തു നിന്ന് മാന്നാർ കോവിലിലേക്ക് 147 കിലോമീറ്റർ ദൂരം. തിരുനെൽവേലി ജില്ലയിൽ അംബാസമുദ്രമാണ് തൊട്ടടുത്ത പട്ടണം. തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്മല– ആര്യങ്കാവ്–തെങ്കാശി വഴി മാന്നാർ കോവിൽ. വടക്കൻ ജില്ലകളിൽ നിന്നു വരുന്നവർക്ക് കായംകുളം, അടൂർ, പത്തനാപുരം, പുനലൂർ, തെന്മല വഴി മാന്നാർകോവിലിലേക്കു പോകാം. തെങ്കാശിയാണു തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇപ്പോൾ നേരിട്ട് ട്രെയിൻ സർവീസ് ഇല്ല.
No comments:
Post a Comment