ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2019

നാരദമുനി പെണ്ണായ കഥ

നാരദമുനി പെണ്ണായ കഥ

ഒരിക്കല്‍ വൈകുണ്ഠത്തിലെത്തിയ നാരദമുനി മഹാവിഷ്ണുവിനോട് ചോദിച്ചു: ”അങ്ങെനിക്ക് മായ എന്താണെന്ന് കാണിച്ചുതരാമോ?”

”അതിനെന്താ നാരദരേ, ഇപ്പോള്‍തന്നെ കാണിച്ചുതരാമല്ലോ!”, ഇങ്ങനെ പറഞ്ഞ വിഷ്ണു നാരദരെയും കൂട്ടി ഭൂമിയിലേക്ക് പുറപ്പെട്ടു.

ഭൂമിയില്‍ കന്യാകുബ്ജം എന്ന ഒരിടത്തെ കാട്ടില്‍ എത്തിയപ്പോള്‍ അവരവിടെ ഒരു കുളം കണ്ടു. ”നാരദരേ, അങ്ങ് ഈ കുളത്തിലിറങ്ങി ഒന്നു കുളിക്കണം”, വിഷ്ണു ആവശ്യപ്പെട്ടു. നാരദന്‍ ഉടന്‍ തന്റെ കുളത്തിലിറങ്ങി. കുളത്തില്‍ മുങ്ങിയ നാരദന്‍ നിവര്‍ന്നത് മറ്റൊരാളായാണ്-സുന്ദരിയായ ഒരു സ്ത്രീയായി!

ആ സമയത്ത് കന്യാകുബ്ജത്തിലെ രാജാവായ താലധ്വജന്‍ കുതിരപ്പുറത്ത് അവിടെ വന്നു. സുന്ദരിയായ ആ സ്ത്രീയെ കണ്ട് അദ്ദേഹം ചോദിച്ചു: ”സൗഭാഗ്യസുന്ദരീ, നീ ആരാണ്? എന്താണ് പേര്? എങ്ങനെ ഇവിടെ വന്നു?”. അവള്‍ പറഞ്ഞു: ”മഹാരാജാവേ, ഞാന്‍ ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കോര്‍മയില്ല. കുറച്ചു മുന്‍പ് കുളത്തില്‍നിന്ന് കുളിച്ചു കയറിയതേ എനിക്കറിയാവൂ!” ആരുമില്ലാത്ത അനാഥയായ ആ സുന്ദരിയെ താലധ്വജന്‍ തന്റെ ഭാര്യയായി സ്വീകരിച്ചു. പേരറിഞ്ഞുകൂടാത്ത അവള്‍ക്ക് അദ്ദേഹം ‘സൗഭാഗ്യസുന്ദരി’ എന്നു പേരുമിട്ടു. അദ്ദേഹം അവളെ തന്റെ രാജധാനിയിലേക്ക് കൊണ്ടുപോയി.

താലധ്വജനും സൗഭാഗ്യസുന്ദരിക്കും ഇരുപത് പുത്രന്മാര്‍ ജനിച്ചു. ക്രമേണ അവര്‍ മുതിര്‍ന്നു. അവര്‍ക്കും മക്കളുണ്ടായി. അങ്ങനെയിരിക്കെ അയല്‍പക്കത്തെ ഒരു രാജാവ് വലിയ പടയേയും കൂട്ടിവന്ന് കന്യാകുബ്ജത്തെ ആക്രമിച്ചു. ഭയങ്കരമായ യുദ്ധത്തില്‍ താലധ്വജനും മക്കളും പേരമക്കളുമെല്ലാം മരിച്ചു. സൗഭാഗ്യസുന്ദരി ദുഃഖം സഹിക്കാതെ ഉറക്കെ കരഞ്ഞ് ബഹളംകൂട്ടി. സഖിമാരും ദാസിമാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് ഒട്ടും ആശ്വാസം കിട്ടിയില്ല.
ആ സമയത്ത് മഹാവിഷ്ണു വൃദ്ധനായ മുനിയായി വന്ന് സൗഭാഗ്യസുന്ദരിയോടു പറഞ്ഞു: ”ദേവീ, ഭവതീ എന്തിനാണിങ്ങനെ കരയുന്നത്? ജനിച്ചവര്‍ക്കെല്ലാം ഇന്നല്ലെങ്കില്‍ നാളെ മരണമുണ്ടാവും. എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കൂ!”

അതൊക്കെ കേട്ടിട്ടും സൗഭാഗ്യസുന്ദരിയുടെ ദുഃഖം കുറഞ്ഞില്ല. അപ്പോള്‍ വിഷ്ണുഭഗവാന്‍ അവളെയും കൂട്ടി ആദ്യം കണ്ട കുളത്തിന്റെ കരയിലെത്തി പറഞ്ഞു: ”ദേവീ, ഈ കുളത്തിലിറങ്ങി മുങ്ങൂ. ഭവതിയുടെ ദുഃഖം ഉടന്‍ മാറും!”

സൗഭാഗ്യസുന്ദരി കുളത്തില്‍ മുങ്ങി. കരയ്ക്കു കയറിയപ്പോഴോ? അദ്ഭുതം! അവള്‍ മുന്‍പത്തെപ്പോലെ നാരദമഹര്‍ഷിയായിത്തീര്‍ന്നു! വിഷ്ണു കരയിലിരുന്ന വീണയും മാന്‍തോലും മുനിയുടെ കൈയില്‍ കൊടുത്ത് സ്വന്തം രൂപമെടുത്ത് പുഞ്ചിരിച്ചു. അപ്പോള്‍ മഹര്‍ഷിക്ക് താന്‍ സൗഭാഗ്യസുന്ദരിയായതും വിവാഹം കഴിച്ച് മക്കളും മക്കളുടെ മക്കളുമായി ജീവിതം നയിച്ചതും പിന്നീട് എല്ലാം നഷ്ടപ്പെട്ട് ദുഃഖിച്ചതും ഓര്‍മവന്നു. അതെല്ലാം മായയായിരുന്നു എന്നും മനസ്സിലായി. ”അങ്ങ് ഇപ്പോള്‍ മായയെ നേരിട്ടു കണ്ടില്ലേ? സത്യമല്ലാത്തതെല്ലാം മായതന്നെ!”, വിഷ്ണു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

No comments:

Post a Comment