ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 May 2019

ദശമഹാവിദ്യ - 7 ||ധൂമാവതി||

ദശമഹാവിദ്യ - 7
||ധൂമാവതി||

സിനിമകളിലും മറ്റ് ഗ്രന്ഥങ്ങളിലും ഏറ്റവും കൂടുതലായി പറയപ്പെടുന്ന ദേവീനാമങ്ങളിലൊന്നാണ് ധൂമാവതി. ധൂമാവതീ ദേവി ദശമഹാവിദ്യകളിൽ ഏഴാമത് വിദ്യയാണ്. വിജനമായ പ്രദേശത്ത് കാക്കയുടെ പതാകയുള്ള രഥത്തിൽ ഇരുന്ന് ഒരു കരത്തിൽ മുറവും മറുകരം വരമുദ്രയാലും വാണരുളുന്നവളാണ് ധൂമാവതി. വൃദ്ധയും വിരൂപയും മലിനാംബരധാരിണിയും ധൂമവര്ണയുമായാണ് ദേവിയെ പറയുന്നത്. സകലാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതീ ദേവിയ്ക് യാതൊരു ആഭരണവും ഇല്ല.  രൂക്ഷങ്ങളായ നയനങ്ങളും അഴിഞ്ഞ പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചര്മ്മത്തോടും അതീവവൃദ്ധയുമായ  ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തികമായ അവസ്ഥയെ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി കരുതാം.

ഭക്ഷിക്കുവാൻ ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീര്ഘനേരമായിട്ടും മാറ്റമില്ലാത്തതുകൊണ്ട് ക്ഷമകെട്ട് പാർവതീ ദേവി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തിമൂലം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു എന്നും മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട്  ഇപ്രകാരം പറഞ്ഞു, പ്രപഞ്ചത്തിലെ ഏകപുരുഷൻ  ഞാനും ഏകസ്ത്രീ ഭവതിയുമാണ്.ഭവതി ഭര്ത്താവിനെ വിഴുങ്ങിയതിനാൽ വിധവയായിരിക്കുന്നു. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുകയെന്നും ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയില് മഹാവിദ്യയായി പൂജിക്കപ്പെടും എന്നും ആണ് നാരദപാഞ്ചരാത്രത്തിൽ ദേവിയുടെ ഉത്പത്തിയെ കുറിച്ച് പറയുന്നത്.  സ്വതന്ത്ര തന്ത്രത്തിലാകട്ടെ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയര്ന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും ആണ്  പറയുന്നത്.

അന്നപൂര്ണേശ്വരിയായ ദേവി അന്നത്തെയല്ല ഇവിടെ ചോദിച്ചിരിക്കുന്നത് എന്നത്  നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഭക്ഷണം എന്നത്  ജ്ഞാനമാണ്. ശിവനാൽ ദേവിയ്ക് പകര്ന്നു നൽകപ്പെട്ട വിദ്യകളാണ് ഇന്ന് നാം കാണുന്ന എല്ലാ ജ്ഞാനങ്ങളും.  ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു.  പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക എന്നതുവഴി തന്റെ സംഹാരശക്തിയെ കൂടി ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാരമൂര്ത്തിയും ആണെങ്കിലും  അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു.

ധൂമം എന്നാൽ പുക അല്ലെങ്കിൽ മൂടൽ മഞ്ഞ് എന്നര്ഥം. പുകയിൽ നിന്ന് ഉത്ഭവിച്ചവളായതിനാലും പുകയുടെ നിറത്തോടു കൂടിയവളായതിനാലും ധൂമത്തെ നീയന്ത്രിക്കുന്നവളായതിനാലും ദേവിയെ ധൂമാവതി എന്ന് നാമം പറയാറുണ്ട്. അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്.  സകലമംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം.  ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാര്ക്കു സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ്  ധൂമാവതിയെന്ന ഭാവം.  സത്യത്തിന്റെ യഥാര്ഥമുഖം മറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ  സകലജ്ഞാനസ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളുമാണ് ദേവിയെങ്കിലും   യഥാര്ഥ്യത്തെ മൂടിവച്ച്  വിരൂപഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു. സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്.

അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാര്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല  അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ  അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള  സ്വരൂപത്തെ കാണാനാകു.  സകലതടസ്സങ്ങളുടേയും പ്രതികൂലസാഹചര്യങ്ങളുടേയും അധിഷ്ഠാത്രിയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂലാനുഭവങ്ങളാണ് തന്റെ യഥാര്ഥശക്തിയെ തിരിച്ചറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്നതാണ്. യഥാര്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത്  ലക്ഷ്യത്തിൽ എത്തിചേരുന്നു. ഭൌതികജീവിതത്തിൽ ഭ്രമിച്ചവരായ സാധാരണക്കാരെ ആത്മീയ മാര്ഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സദാ സന്നദ്ധയാണ്.  ധൂമാവതീ സൃഷ്ടിപൂർവമായ   മഹാന്ധകാരത്തേയും മഹാശൂന്യതയേയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാനതമസ്സിനേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം.  മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ നിന്ന്  ഒന്നിനേയും വേര്തിരിച്ച് എടുക്കാനുമാകില്ല.  കാമത്തെ തടുത്തുനിര്ത്തുന്നതിൽ കഴിവിനെ കാണിക്കുന്നതാണ് ധൂമാവതിയെന്ന് വാദവും കാണാവുന്നതാണ്.  ശിവനില്ലാതെ ശക്തിമാത്രമായ അവസ്ഥയായും ധൂമാവതിയെ പറയുന്നു. ധൂമാവതി ശിവനെ വിഴുങ്ങുകയാണ് ചെയ്തിരിക്കുന്നത് ആയതിനാൽ സകലശക്തികളും ഉള്ളിലുണ്ടെങ്കിലും അത് അറിയാത്ത മനുഷ്യരുടെ പ്രതിരൂപമായി  മായാഭഗവതിയായി ദേവി സ്ഥിതിചെയ്യുന്നു.  ഒപ്പം വിനയത്തിന്റെ മൂര്ത്തിമത് ഭാവമായി ജ്ഞാനവൃദ്ധസ്വരൂപയായി ദേവി നമുക്ക് നാം എങ്ങിനെയാകണമെന്നും പഠിപ്പിക്കുന്നു.

ദേവിയുടെ രഥത്തിലെ കൊടി കാക്കയാണ്.  വിദ്യാര്ഥി ലക്ഷണം ആയി ജ്ഞാനാര്ജ്ജനത്തിന് ആദ്യം പറയുന്നത്  കാകദൃഷ്ടിയാണ്.  ഭക്ഷണത്തിനായി സദാ പരതുന്ന കാക്കയെ പോലെ ജ്ഞാനാര്ജ്ജനത്തിന് സദാ ശ്രമിക്കുന്നവനാകണം സാധകർ. കൂരിരനുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി. ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ എന്നതുപോലെ സ്വയം മാലിന്യം ഭക്ഷിക്കുമ്പോഴും അവയുടെ പ്രഭാവം ഇല്ലാതെ ഇരിക്കുന്ന കാക്കയെ പോലെ എല്ലാം അടക്കാൻ കഴിവുള്ളവനാകണം സാധകൻ. ദേവിയുടെ കയ്യിലുള്ള മുറം ഉപയോഗയോഗ്യമായതിനെ സ്വീകരിക്കുന്നതിനും  അല്ലാത്തതിനെ വേര്പെടുത്താനുമാണ്. ശുദ്ധജ്ഞാനത്തെ സ്വീകരിക്കുകയും അല്ലാത്തതിനെ തട്ടിക്കളയുകയും ചെയ്യണമെന്നര്ഥം.  പതിര് കാണാൻ നന്നായിരിക്കുമെങ്കിലും ഉള്ളിലൊന്നുമില്ലാത്തവയാണ്. ഉള്ള് നന്നായിരിക്കുന്ന  നെന്മണികള്ക്ക്  ബാഹ്യമായി ഭംഗിയുണ്ടാകണമെന്ന് നിര്ബന്ധവുമില്ല. ബാഹ്യമോടിയിലല്ല ആന്തരികമായ ജ്ഞാനത്തിലാണ് സാധകൻ സ്ഥിതിചെയ്യേണ്ടത് എന്ന് ഭക്തനെ മനസ്സിലാക്കിക്കുകയാണ് സ്വന്തം സ്വരൂപത്തിലൂടെ ദേവി ചെയ്യുന്നത്.

ഇങ്ങിനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകനെ പൂര്ണനാക്കുന്ന സകല വരപ്രദായിനിയാണ്  ജഗദീശ്വരിയായ ധൂമാവതി. മായാഭഗവതിയായി സര്വവിദ്യാ സ്വരൂപിണിയായി സര്വലോകേശ്വരിയായി വിലസുന്ന ആ ജഗദീശ്വരി എല്ലാവര്ക്കും മംഗളത്തെ പ്രദാനം ചെയ്യട്ടെ..

No comments:

Post a Comment