ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 January 2019

എന്തുകൊണ്ട് പരബ്രഹ്മതെ തിരിച്ചറിയാൻ സാധിക്കാത്തത് ...?

എന്തുകൊണ്ട് പരബ്രഹ്മതെ തിരിച്ചറിയാൻ സാധിക്കാത്തത് ...?

എല്ലാത്തിനും ആധാരമായ ആ പരബ്രഹ്മരൂപം തന്നെയാണ് നമ്മിൽ ജീവചൈതന്യമായിരിക്കുന്നത്. എങ്കിൽ എന്തുകൊണ്ട് നമുക്ക് ആ തിരിച്ചറിവ് അഥവാ താദാത്മ്യം സദ്ധ്യമാകുന്നില്ല...?

നമ്മുടെ ബോധമണ്ഡലം എന്നത് പഞ്ചേന്ദ്രിയ ആസക്തികളാൾ പ്രേരിതമായി നമ്മൾ അനുഭവിക്കുന്നതും ആ അനുഭവങ്ങൾ മാനസികമായും ബുദ്ധിപരമായും അവലോകനം ചെയ്ത് അതിനു തക്ക പ്രവർത്തനമോ പ്രതിപ്രവർത്തനമോ നടത്തുന്നതും ആണ്. ഇങ്ങനെ നമ്മുടെ ചുറ്റുപാടുകളും അനുഭവങ്ങളും തമ്മിൽ രൂപപ്പെടുത്തി എടുക്കുന്നതാണ് നമുക്ക് ഇന്നറിവുള്ള നമ്മൾ. ഇതിനപ്പുറം നമ്മുടെ സത്ത എന്ത് എന്നതിനെക്കുറിച്ച് നമുക്ക് യതൊരു അറിവോ, വിചാരമോ ഇല്ല. പഞ്ചേന്ദ്രിയങ്ങൾക്ക് പ്രവർത്തനത്തിന് ചോദന നൽക്കുന്നത് നമ്മിൽ അന്തർലീനമായിരിക്കുന്ന അഷ്ടരാഗങ്ങൾ ആണ്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം ഇവയാണ് അഷ്ടരാഗങ്ങൾ. ഈ അഷ്ടരാഗങ്ങളാൽ പ്രേരിതമായാണ് നമ്മുടെ പ്രവർത്തികളും. ഈ അഷ്ടരാഗങ്ങൾക്കും അടിസ്ഥാനം ത്രിഗുണങ്ങൾ ആണ്. സ്വാത്വികം, രാജസം , താമസം എന്നിവ. ഈ അഷ്ടരാഗ ത്രിഗുണ സഞ്ചയത്തിന്റെ ഏറ്റകുറച്ചിലുകളും വ്യതിയാനങ്ങളും ആണ് ലൗകിക ജീവിതത്തിൽ ഓരോ മനുഷ്യന്റെയും സ്വഭാവം അഥവ സത്വം നിർണയിക്കുന്നത് ഇതു തന്നെയാണ് 'ഞാൻ' എന്ന അഹങ്കാരമായി നമ്മൾ കൊണ്ടുനടക്കുന്നതും.

ജീവാത്മസ്വരൂപമായ പരബ്രഹ്മം തന്നെയാണ് ഈ സ്ഥൂലപ്രപഞ്ചത്തിനും സൂക്ഷമസത്വത്തിനും ആധാരം. ഈ സ്വരൂപം ഏകമാണ്, അത് പരിപൂർണവുമാണ്. അതിൽ നിന്നും ആദ്യമായി ഉണ്ടായ ദ്വൈതം 'ഞാൻ ബ്രഹ്മം' ആണ് എന്ന ജ്ഞാനം ആണ്. ഇതാണ് സ്ഥൂലവും സൂക്ഷ്മവും ആയ സൃഷ്ടികൾക്ക് തുടക്കം. (ഇതു തന്നെയാണ് മഹാതത്ത്വത്തിൽ നിന്നും അഹങ്കാരതത്ത്വം എന്ന് ഗീതയും ഭാഗവതവും പറയുന്നത്) ദ്വൈതമായ രൂപത്തിൽ പ്രത്യക്ഷ 'ജ്ഞാനം' പൂർണ്ണം അല്ലാത്തതു കൊണ്ട് (പ്രബ്രഹ്മസ്വരൂപം മാത്രമേ പൂർണ്ണമായതുള്ളു) തന്നെ അടുത്തപടിയായി അജ്ഞാനം ഉണ്ടായി പൂർണ്ണമല്ലാത്ത ഈ ഭാവങ്ങൾ വികാസം പ്രാപിച്ചതിൽ നിന്നും ത്രിഗുണങ്ങൾ ഉണ്ടായി. ഈ ഗുണങ്ങൾ പോഷിപ്പിക്കുവാനും അവ നിലനിൽക്കുവാനും അഷ്ടരാഗങ്ങൾ ഉപഗുണങ്ങൾ ഉണ്ടായി. ഈ സഞ്ചയം പ്രവർത്തിക്കാൻ സ്ഥൂലപ്രപഞ്ചസൃഷ്ടിയായ ശരീരവും പഞ്ചേന്ദ്രിയങ്ങളും ഉണ്ടായി. നേരത്തെ പറഞ്ഞ ത്രിഗുണാവസ്ഥയും, ജീവാത്മാസ്വരൂപത്തിന്റെ ഈ സൃഷ്ടിതലവും കൂട്ടി യോജിപ്പിച്ചാൽ നമുക്ക് അറിവുള്ള 'ഞാൻ' എന്ന അഹങ്കാരതലത്തിനും ജീവാത്മസ്വരൂപത്തിനും ഇടയിലുളള ദൂരം പൂർണ്ണമായി.

അതായത് ജീവാത്മാസ്വരൂപം ആകുന്ന ആ പരംപൊരുളിന്റെ പതിനെട്ട് തട്ടുകൾ ആണ്ണ് 'ഞാൻ' എന്ന അഹങ്കാരത്തിലേക്കുള്ള ദൂരം. ഈ തലങ്ങൾ ജ്ഞാനം, അജ്ഞാനം, ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം, അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തത്ത്വം, അഹങ്കാരം, പഞ്ചേന്ദ്രിയങ്ങളായ ത്വക്ക്, നാക്ക്, മൂക്ക്, കാത്, കണ്ണ് എന്നിവയാണ്. പഞ്ചേന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും പോഷിപ്പിച്ചു സ്ഥൂലപ്രപഞ്ച ലൗകീക വാസനകളിൽ മുഴുകി കാലക്ഷോപം ചെയ്യുന്ന നമുക്ക് സ്വഭാവികമായും അതിലും ഉയർന്ന തലത്തിലുള്ള പത്തൊൻപതാമത്തെ ഉണ്മയായ ആ പരംപൊരുളിനെ സാക്ഷാത്കരിക്കുവാൻ സാധിക്കുന്നില്ല.. എന്നാൽ ആ ചൈതന്യത്താൽ ആണ് ഈ തത്ത്വങ്ങളെല്ലാം പ്രകാശിക്കുന്നതും പ്രവർത്തിക്കുന്നതും. ആ ചൈതന്യത്തിന്റെ അഭാവത്തിൽ പഞ്ചേന്ദ്രിയങ്ങൾക്കോ, അഷ്ടരാഗങ്ങൾക്കോ, ത്രിഗുണങ്ങൾക്കോ, അജ്ഞാനത്തിനോ, ജ്ഞാനത്തിനോ നിലനിൽപ്പില്ല. ആ ജീവാത്മസ്വരൂപം ഈ പതിനെട്ട് തത്ത്വങ്ങളുടെ പിന്നിലെ ചാലകശക്തിയായിരിക്കുമ്പോൾ തന്നെ ഇവയുടെ സ്വരൂപത്തിൽ നിന്നും ഗുണങ്ങളിൽ നിന്നും സ്വതന്ത്രമാണ്. അതുകൊണ്ടു തന്നെ ആ ശക്തിയാൽ ഈ തത്ത്വങ്ങളെ പരിപോഷിപ്പിച്ചു ലൗകിക സുഖദുഖഃങ്ങളിൽ മുഴുകുമ്പോഴും ജീവാത്മസ്വരൂപമായ ആ സ്വത്വത്തെ അറിയാൻ നമുക്ക് സാധിക്കുന്നില്ല.

No comments:

Post a Comment