ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 January 2019

തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തുളസിത്തറ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

മനുഷ്യാലയ ചന്ദ്രിക ഉള്‍പ്പടെയുള്ള വാസ്തു പ്രാമാണിക ഗ്രന്ഥങ്ങളില്‍ മുല്ലത്തറയുടെ നിര്‍മാണത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മുല്ലത്തറയുടെ സ്ഥാനവും അളവുകളും തന്നെയാണ് തുളസിത്തറയ്ക്കും സ്വീകരിക്കേണ്ടത്.

നാലു കെട്ടിലും ഏകശാലയിലും മുല്ലത്തറ സ്ഥാപിക്കുവാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്. നാലുകെട്ടുകള്‍ ഇപ്പോള്‍ അപൂര്‍വങ്ങള്‍ ആകയാല്‍ എകശാലയില്‍ (സാധാരണ ഗൃഹങ്ങളില്‍) മുല്ലത്തറ അല്ലെങ്കില്‍ തുളസിത്തറ നിര്‍മ്മിക്കുന്ന രീതി വിശദീകരിക്കാം. തുളസിത്തറ ഗൃഹാങ്കണത്തില്‍ നിര്‍മിക്കണം. പദ കല്പന നടത്തി ആപവല്‍സന്റെയോ ആപന്റെയോ പദങ്ങളില്‍ മുല്ലത്തറ നിശ്ചയിക്കാവുന്നതാണ്. അതിനു നല്ല വാസ്തു വൈദഗ്ധ്യം ഉള്ള സ്ഥപതിയുടെ സേവനം ആവശ്യമായി വരും.

പടിഞ്ഞാറ്റിനി ഗൃഹങ്ങളില്‍ പടിഞ്ഞാറ്റിനിയുടെ തെക്ക് വടക്കു ദീര്‍ഘത്തിന്‍റെ മധ്യത്തില്‍ നിന്നും വടക്ക് മാറി വാസ്തു മണ്ഡലത്തിന്റെ വടക്കു കിഴക്കു ഭാഗത്ത് തുളസിത്തറ സ്ഥാപിക്കാം. തെക്കിനി ഗൃഹം ആണെങ്കില്‍ തെക്കിനിയുടെ കിഴക്കു പടിഞ്ഞാറു ദീര്‍ഘത്തിന്റെ മധ്യത്തില്‍ നിന്നും കിഴക്കു മാറി വടക്കു കിഴക്കു ഭാഗത്തായി വേണം തുളസിത്തറ സ്ഥാപിക്കേണ്ടത്. 

തുളസിത്തറയ്ക്ക് ചുറ്റളവ് കല്പിക്കേണ്ടത് പാദുകം കൊണ്ടാണ്. ഇത് എകയോനിയില്‍ ഉള്ള അളവായിരിക്കണം. തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറ ഉയരത്തോളമോ അതില്‍ കുറവോ ആകാം. തറ ഉയരത്തെ 6 മുതല്‍ 11 വരെ അംശിച്ച് അതില്‍ ഒരംശം കുറയ്ക്കുകയും ആകാം. എന്നാല്‍ ഒരിക്കലും തുളസിത്തറയുടെ ഉയരം ഗൃഹത്തിന്റെ തറ ഉയരത്തെക്കാള്‍ അധികമാകാന്‍ പാടില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ഗൃഹ മധ്യ സൂത്രമോ വാസ്തു മധ്യമോ കോടി സൂത്രമോ ഒരിക്കലും മുല്ലത്തറയുടെ മധ്യവുമായി വേധിക്കാതെ ശ്രദ്ധിക്കണം. അപ്രകാരം വന്നാല്‍ അത് പല അനര്‍ഥങ്ങള്‍ക്കും കാരണമായേക്കാം. വിധിയാം വണ്ണം നിര്‍മിച്ച തുളസിത്തറ എല്ലാ വിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും.

No comments:

Post a Comment