ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 January 2019

ലിംഗഭൈരവി എന്ന രൗദ്രസ്വരൂപിണി

ലിംഗഭൈരവി എന്ന രൗദ്രസ്വരൂപിണി

ഏതൊരു ബിംബം സൃഷ്ടിക്കുമ്പോഴും അതിനു പുറകില്‍ കൃത്യമായ കണക്കുകളുണ്ട്. അത് തനതായ, വിശേഷപ്പെട്ട ഒരു ശാസ്ത്രമാണ്. ഇവിടെ ഈഷായോഗ സെന്ററില്‍ പ്രതിഷ്ഠ ചെയ്തിട്ടുള്ള ധ്യാനലിംഗം സൗരയൂഥവുമായി കൃത്യമായി ചേര്‍ന്നു പോകുന്നതാണ്. പ്രകൃതിയുമായി അത്രയും പൊരുത്തത്തോടുകൂടിയാണ് അതിന്റെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തികഞ്ഞ ഉറപ്പോടെ നമുക്ക് പറയാനാവും, ആ പ്രതിഷ്ഠ സഹസ്രാബ്ദങ്ങളോളം ഇവിടെ നിലനില്‍ക്കുമെന്ന്.

എന്നാല്‍ ദേവീപ്രതിഷ്ഠ നടത്തിയിരിക്കുന്നത് ആ വിധത്തിലല്ല. അല്‍പം വഴിവിട്ട രീതിയിലാണെന്നു പറയാം. പ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് ബോധപൂര്‍വം ചെയ്തതുമാണ്, കാരണം അവളുടെ ചൈതന്യവും പ്രവര്‍ത്തനവും ഒന്നു വേറെയാണ്. സൂര്യന്‍ എല്ലാ ദിവസവും കൃത്യമായ വൃത്താകൃതിയിലാണ്. എന്നാല്‍ ചന്ദ്രനില്‍ വൃദ്ധിക്ഷയങ്ങള്‍ പ്രകടമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ചന്ദ്രനെ കൂടുതലായി ശ്രദ്ധിക്കുന്നു.

ദേവിയുടെ കാര്യവും ഇതുപോലെയാണ്. അവള്‍ക്കും തനതായ ഒരു സഞ്ചാരപഥമുണ്ട്. ചാക്രിക സ്വാഭാവമുള്ളത്. കൃത്യമായി ഇരുപത്തിയേഴര ദിവസം നീണ്ടുനില്‍ക്കുന്നത്. താരതമ്യേന ചെറിയൊരു വലയത്തിനുള്ളില്‍ കൂടുതല്‍ വീര്യത്തോടെ അവള്‍ തിരിയുന്നു. തത്ഫലമായി ആ ചൈതന്യം കൂടുതല്‍ എളുപ്പത്തില്‍, കൂടുതല്‍ തീവ്രമായി അനുഭവിക്കാന്‍ സാധിക്കുന്നു.

അവള്‍ സാന്ധ്യാകാലങ്ങളേയും ബ്രഹ്മമുഹൂര്‍ത്തത്തേയും കണക്കിലെടുക്കുന്നില്ല. പ്രകൃതിശക്തികള്‍ക്കുമനുസൃതമായല്ല അവള്‍ നിലകൊള്ളുന്നത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തത പാലിക്കണം എന്നത് ഒരു സ്ത്രീയുടെ സഹജപ്രകൃതമാണ്. സാമാന്യ നിയമങ്ങള്‍ ഒന്നും അവള്‍ പാലിക്കുന്നില്ല.

എല്ലാ കാര്യങ്ങളിലും ദേവി വ്യത്യസ്തത പുലര്‍ത്തുന്നു. അതുതന്നെയാണ് അവളുടെ ശക്തിയും സൗന്ദര്യവും. അതുതന്നെയാണ് നമ്മളെ അവളിലേക്കാകര്‍ഷിക്കുന്നതും. അവളെ ശ്രദ്ധിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. നമ്മിലെ പ്രാണോര്‍ജ്ജത്തിന് അവളെ സ്പര്‍ശിക്കാനായാല്‍ ആ ക്ഷണം നമ്മള്‍ ആനന്ദമൂര്‍ച്ഛയിലെത്തും. അനിര്‍വചനീയമായ ആനന്ദാനുഭൂതിയില്‍ ലയിക്കും.

അവള്‍ ആനന്ദലഹരിയിലാണ്. അവളുടെ സമീപം ഭക്തിപൂര്‍വ്വം ഇരുന്നാല്‍ തന്നെ ആ ലഹരി നമ്മില്‍ വന്നു നിറയുന്നതായി അനുഭവപ്പെടും. അവളുടെ ചൈതന്യം ആരേയും ഉന്മത്തനാക്കും. അവള്‍ വെറുമൊരു സ്ത്രീയല്ല, സ്ത്രീശക്തിയുടെ സാന്ദ്രസ്വരൂപമാണ്.

അവള്‍ ഉഗ്രരൂപിണിയാണ്, ഭയങ്കരിയാണ്, എല്ലാ പ്രഭാവത്തോടും കൂടി അവള്‍ ഇവിടെ വിരാജിക്കുന്നു. ഭഗവതിക്കു വേണ്ടത് രാത്രിയാണ്. രാത്രിയിലാണ് അവളുടെ വീര്യം വര്‍ദ്ധിക്കുക. രാത്രി ദേവീക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ അവിടെ നവ്യമായൊരു ചൈതന്യമാണ് അനുഭവവേദ്യമാവുക. ജീവന്റെ വ്യത്യസ്തമായൊരു ഭാവം അവിടെ ദൃശ്യമാകും.

യഥാര്‍ത്ഥത്തില്‍ രാത്രിമാത്രം ക്ഷേത്രം തുറന്നുവെക്കുകയാണെങ്കില്‍ അവിടെ തിരക്ക് വല്ലാതെ വര്‍ദ്ധിക്കും. അത്രത്തോളം പോകണമെന്ന് നാം വിചാരിക്കുന്നില്ല. സിംഹത്തെ കീഴ്‌പ്പെടുത്തിയ ശക്തിസ്വരൂപിണിയാണവള്‍. എന്നാലും വന്യതയോടു ജനങ്ങള്‍ക്ക് പ്രിയമില്ല.

അവര്‍ക്ക് പ്രിയം ശാന്തവും സൗമ്യവുമായ ഭാവമാണ്. സിംഹത്തേയും ഇണക്കി കളിപ്പാട്ടമാക്കാനാണ് അവര്‍ക്ക് താല്‍പര്യവും. നമ്മുടെ സങ്കല്‍പത്തില്‍ സംസ്‌കാരം എന്നുവെച്ചാല്‍ അടക്കവും, ഒതുക്കവും, വിനയവും, വിധേയത്വവുമൊക്കെയാണ്.
പക്ഷെ ലിംഗഭൈരവി സൗമ്യയല്ല, രൗദ്രയാണ്.

തികച്ചും വന്യമാണ് അവളുടെ പ്രകൃതം. അവള്‍ ഒരു സ്ത്രീയല്ല, ഒരായിരം സ്ത്രീയാണ്… അല്ല അനന്തമായ സ്ത്രീശക്തിയാണ്… കുറേനാള്‍ അവര്‍ ഈ വന്യതയുടെ വെയില്‍ കാത്തിരിക്കും. പിന്നെ ക്രമേണ ധ്യാനലിംഗത്തിന്റെ നിഷ്ഠാപൂര്‍ണമായ അന്തരീക്ഷത്തിലേക്കിറങ്ങിച്ചെല്ലും.

ഭൈരവിയാകുന്ന ദേവീലിംഗം എന്റെ ഇഡയുടെ തന്നെ ഒരു തുടര്‍ച്ചയാണ്, എന്റെ ഊര്‍ജ്ജഘടനയുടെ ഇടത്തെ ഭാഗത്തിന്റെ പ്രതിരൂപം. ദേവിയുടെ ലീല എന്റെ ജീവിതത്തിലെ അനിര്‍വചനീയമായ ഒരനുഭവമാണ്. അതെന്നെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു.

അവളുടെ മാന്ത്രികസ്പര്‍ശം അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കും അവസരമുണ്ടാകട്ടെ, അവളുടെ അവര്‍ണനീയമായ ലീലകള്‍ ഘോരമാണ്, അതേസമയം കരുണാപൂര്‍വ്വവുമാണ്.

No comments:

Post a Comment