ശബരിമല ദർശനം
അയ്യപ്പഭക്താരുടെ കറുത്തവേഷം ജീവിത വിരക്തിയേയും, ശരണംവിളി ആത്മീയ ജീവിതചര്യയേയും കാണിക്കുന്നു, ഇരുമുടികെട്ടിന്റെ മുൻവശം തീർത്ഥാടന മാർഗ്ഗത്തെയും പിൻവശം ജീവിത പ്രാരബ്ദത്തെയും സൂചിപ്പിക്കുന്നു. പതിനെട്ട് തട്ടുകളാകുന്ന പതിനെട്ട് പടികൾ
1.ജ്ഞാനം, 2.അജ്ഞാനം ത്രിഗുണങ്ങൾ (3.സാത്വികം, 4.രാജസം 5.താമസം,) അഷ്ടരാഗങ്ങൾ, (6.കാമം, 7.ക്രോധം, 8.മോഹം, 9.ലോഭം, 10.മദം, 11.മാത്സര്യം, 12.തത്ത്വം, 13.അഹങ്കരം,) പഞ്ചേന്ദ്രിയങ്ങൾ, (14.കണ്ണ്, 15.മൂക്ക്, 16.കാത്, 17.നാക്ക്, 18.ത്വക്ക്,) ഇതിലും ഉയർന്ന തലത്തിലുള്ള പത്തൊൻപതാമത്തെ ഉണ്മയായ ആ പരംപൊരുളിനെ സാക്ഷാൽകരിക്കുവാൻ എല്ല ഭക്തന്മാർക്കും സാധിക്കുമാറാകട്ടെ.
തത്വമസി എന്ന സംസ്കൃത പദം പരാമർശിക്കപ്പെടുന്നത് സാമവേദത്തിൽ ആണത്രേ. അതിൽ പോലും ഈ പദത്തിനർത്ഥം പറയുന്നത് ഇത് മൂന്ന് വാക്കുകളുടെ സംയോജനം ആണെന്നും അതായതു ,
തത് എന്നാൽ "അത്"
ത്വം എന്നാൽ "നീ"
അസി എന്നാൽ "ആകുന്നു"
അതായതു തത്വമസി എന്നാൽ "അത് നീ തന്നെ ആകുന്നു" എന്നർത്ഥം.
ശബരിമല സന്ദർശിച്ചിട്ടുള്ളവർക്കും പടത്തിൽ കൂടിയെങ്കിലും കണ്ടിട്ടുള്ളവർക്കും അവിടെ ക്ഷേത്രത്തിനു മുൻപിൽ എഴുതി വച്ചിരിക്കുന്ന ഈ വാക്ക് മറക്കാൻ സാധിക്കില്ല. ഇനി ഇതു അവിടെ എഴുതി വച്ചത് വഴി നാം എന്താണ് മനസിലാക്കേണ്ടത് എന്ന് നോക്കിയാൽ ആ പരമാർത്ഥം വ്യക്തമാകും.
41 ദിവസത്തെ കഠിന വ്രതമെടുത്ത്, സുഖഭോഗങ്ങൾ എല്ലാം ഉപേക്ഷിച്ചു മുദ്ര അണിഞ്ഞു താൻ കാണാൻ പോകുന്ന ഭഗവാന്റെ ഒരംശമായി ആ നാമം സ്വീകരിച്ചു കറുപ്പുമുടുത്ത് കല്ലും മുള്ളും ചവിട്ടി ഇരുമുടിയും എടുത്തു കാതങ്ങൾക്കു അകലെ നിന്നും കാൽനടയായി എത്തി ഒടുവിൽ ആ 18 പതിനെട്ടു പടികൾ കയറി ഭഗവാനെ അന്വേഷിച്ചു ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭക്തൻ അവിടെ നേരിട്ട് ദൈവത്തെ കാണുന്നില്ല പകരം "തത്വമസി" എന്ന ഈ വാക്ക് മാത്രം കാണുന്നു.
അതെ ഇതെല്ലാം ചെയ്തു ദൈവത്തെ അന്വേഷിച്ചു തളർന്ന ഭക്തനോട് ശബരിമല പറയുന്നു "തത്വമസി" അതെ അത് നീ തന്നെ ആണ് എന്ന്.
വൃതം എടുക്കുമ്പോൾ തന്നെ മുദ്ര നൽകുകയും ഭഗവാന്റെ നാമം നൽകി അവനെ സ്വാമി എന്ന് വിളിക്കുകയും ചെയ്തു ഒടുവിൽ പരമമായ ആ സത്യം അവനെ ശബരിമല പഠിപ്പിക്കുന്നു, അതായതു നീ അന്വേഷിച്ചു നടക്കുന്ന ആ ദൈവം നീ തന്നെ എന്ന്...
ലോകത്തിൽ അനേകായിരം മതങ്ങളും ദൈവങ്ങളും ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശബരിമല മാറുന്നതും ഇവിടെയാണ്. തന്നെ കാണാൻ വരുന്ന ഭക്തനു സ്വന്തം നാമം നൽകുന്ന ഒരു വിശ്വാസവും വേറെ ഇല്ല. ദൈവത്തെ അന്വേഷിച്ചു തളർന്ന ഭക്തനു ഇതിലും നല്ല ഒരു പാഠം നൽകാനുമില്ല. നീ തന്നെ ആണ് ദൈവം എന്നും, ദൈവത്തിൽ നിന്നും നീ പ്രതീക്ഷിക്കുന്നത് മറ്റുള്ളവർക്കായി ചെയ്യേണ്ട കടമ നിന്നിൽ തന്നെ നിക്ഷിപ്തമാണെന്നും സ്വാമി അയ്യപ്പൻ പറഞ്ഞു തരുന്നു.
ഇതൊക്കെ മനസിലാക്കി, ദൈവത്തെ അന്വേഷിച്ചു അലഞ്ഞു ജന്മം പാഴാക്കാതെ സ്വന്തം കടമ നിർവഹിച്ചു പരോപകാരപ്രദമായി, തന്നാൽ ആവുന്നത് ചെയ്തു ജീവിച്ചാൽ നന്ന് എന്ന് ചുരുക്കം.
മാലയിട്ട ഭക്തനും, മലയിലെ ദൈവവും ഒന്നാണെന്ന പരമമായ സത്യം.....തത്വമസി ...!
No comments:
Post a Comment