ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 January 2019

കുണ്ഡലിനി ശക്തി

കുണ്ഡലിനി ശക്തി

ഹിന്ദുമതപ്രകാരമുള്ള ഒരു വിശ്വാസമാണ് കുണ്ഡലിനി ശക്തി. നട്ടെല്ലിന്റെ ഏറ്റവും താഴെ ത്രികോണാകൃതിയിൽ ഇരിക്കുന്നതായി സങ്കൽപ്പിക്കുന്നു. ഇവിടെ ഒരു സ്വയം ഭൂലിംഗം ഉള്ളതായി കണക്കാക്കുന്നു. ഈ കുണ്ഡലിനിശക്തി അതിന്റെ പുറത്ത് സർപ്പത്തെപ്പോലെ മൂന്നര ചുറ്റായി പത്തി താഴ്ത്തി ചുരുണ്ട് കിടക്കുന്നു. അതോടൊപ്പം ഇഡ, പിംഗള എന്നീ രണ്ടു ഞരമ്പുകൾ ഒന്നിച്ചു ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഈ രണ്ടു ഞരമ്പുകളിൽ ഇടതുഭാഗം ഇഡനാഡിയെന്നും വലതുഭാഗത്തുള്ളതിനെ പിംഗളനാഡി എന്നും പറയുന്നു. ഏറ്റവും മുകളിലെ സഹസ്രാരപത്മത്തിൽ നിന്നും ഇഡാനാഡി താഴോട്ടുവരുന്നു. ഇത് നട്ടെല്ലിന്റെ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇത് ശക്തിയുടെ സ്വരൂപമായ ചന്ദ്രനാഡി എന്നുപറയുന്നു. പിംഗളനാഡി താഴെ നിന്നു മുകളിലോട്ട് സഹസ്രാരപത്മത്തിലേയ്ക്കുപോകുന്നു. ഇത് നട്ടെല്ലിന്റെ വലതുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇത് പുരുഷന്റെ സ്വരൂപമായ. സൂര്യനാഡി എന്നുപറയുന്നു. അമേരിക്കൻ പൗരാണിക ശാസ്ത്രജ്ഞനായ ജോസഫ് കാംപ്ബെൽ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. 

കുണ്ഡലിനി ശക്തിയെ പൊതിഞ്ഞു വെച്ചിരിക്കുന്നതിനാൽ അത് ഉറങ്ങികിടക്കുന്ന അവസ്ഥയാണ്. കഠിനാഭ്യാസത്തിന്റെ ഫലമായി കുണ്ഡലിനി ശക്തി ഉണരുകയും ഞരമ്പുകൾക്ക് ശക്തി ഉണ്ടാകുകയും ചെയ്യുന്നു. പ്രാണായാമം ചെയ്യുമ്പോൾ ദേഹത്തിന്റെ വിവിധ ശക്തികൾ ഒന്നിക്കുകയും മനസ്സിന്റെ ഇച്ഛാശക്തി കൂടുകയും ശരീരത്തിലെ എല്ലാ ചലനങ്ങളും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ആ സമയത്ത് നമ്മുടെ ശരീരം ഒരു അതിശക്തിയുള്ള പവർസ്റ്റേഷൻ പോലെ പ്രവർത്തിക്കുന്നതായി സ്വയം അനുഭവിക്കാൻ കഴിയുന്നു. കുണ്ഡലിനി ശക്തി ഉയരുമ്പോൾ നമുക്കു ശരീരത്തിൽ നിന്ന് മാറി ആകാശത്തിൽ നിന്നു കൊണ്ട് സ്ഥൂലവും സൂക്ഷ്മവുമായ സർവ്വതും സ്വയം കാണാം. ഇങ്ങനെ ഒരു യോഗിക്ക് മറ്റുള്ളവരുടെ ചിന്തയെല്ലാം സ്വയം അറിയാൻ കഴിയുന്നു. ഇതിനെയാണ് ഇന്ദ്രിയാതീത സന്ദേശം (റ്റെലിപ്പതി) എന്നുപറയുന്നത്.

ഞരമ്പുവഴി ശിരസ്സിൽ എത്തുന്ന എല്ലാ ചലനങ്ങളും അവിടെ നിന്നും ജ്ഞാനേന്ത്രിയങ്ങൾക്കും, കർമ്മേന്ദ്രിയങ്ങൾക്കും നിർദ്ദേശങ്ങൾ നല്കുന്നു. പക്ഷെ കുണ്ഡലിനി ശക്തി ഉയർന്നവർക്ക് മനസ്സ്, ഞരമ്പ് ഇവകളുടെ കൂട്ടുകെട്ടൊന്നും ഇല്ലാതെതന്നെ അവ തമ്മിലുള്ള ബന്ധവും വിട്ടിരിക്കുന്നു. ഈ വേളയിൽ ചലനങ്ങൾ അറിയാൻ ഞരമ്പുകളുടെ ആവശ്യമില്ലാതെ തന്നെ ചലനങ്ങളെ മനസ്സിലേയ്ക്ക് ഒന്നും അയയ്ക്കാതെ വിഷയങ്ങളെ കുണ്ഡലിനി വഴി സഹസ്രപത്മത്തിലേയ്ക്ക് എത്തിയ്ക്കുന്നു.

ശരീരത്തിലെ ശക്തികൾ എല്ലാം സഞ്ചരിക്കുന്നത് ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികളിൽ കൂടിയാണ്. ഈ മൂന്നിലും പ്രധാനപ്പെട്ട സുഷുമ്ന നട്ടെല്ലിന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്നു. ഈ സുഷുമ്നനാഡി മൂലാധാരം മുതൽ മസ്തിഷ്കം വരെ മറ്റു രണ്ട് നാഡികളുടെ മദ്ധ്യ ഭാഗത്തു കൂടെ നീണ്ടുകിടക്കുന്നു. ഈ മൂന്നുനാഡികളും മൂന്നുസ്ഥലത്ത് ഒത്തുചേരുന്നു.

1. നട്ടെല്ലിന്റെ അധോഭാഗം
2. കണ്ഠം
3. ഭൂമദ്ധ്യം

നട്ടെല്ലിന്റെ താഴത്തെ ഭാഗത്താണ് ഇവ മൂന്നും ചേരുന്നത്. മറ്റ് രണ്ട് ഭാഗത്തും ഇഡയും പിംഗളയും തമ്മിൽ പിണയുമ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്കും ഒന്നും കടക്കാതെ സുഷുമ്നനാഡി എപ്പോഴും അടഞ്ഞുകിടക്കുന്നു. ശക്തിപ്രവാഹം ഇഡയും പിംഗള വഴി എപ്പോഴും കടന്നുകൊണ്ടിരിക്കുന്നു. യോഗശക്തിയിൽ പ്രാണായാമം വഴി ഇഡ ഉണരുമ്പോഴേ സുഷുമ്നനാഡി ഉണരൂ. അപ്പോൾ വിവിധ അനുഭവങ്ങൾ ഉണ്ടാകും. ആദ്യം മൂലത്തിൽ ചൂടും പ്രകാശവും ഉണ്ടാകും. അതെ തൊടുമ്പോൾ ചൂടു അനുഭവപ്പെടും.

സൂര്യോദയത്തോടെ താമര വിടരുന്നു. അതു അതിന്റെ തണ്ടിൽ വാടാതെ കുറെ സമയം നില്ക്കും. സൂര്യാസ്തമനത്തോടെ അതു വാടും, കൂമ്പുകയും ചെയ്യും. അടുത്തദിവസം സൂര്യോദയത്തോടെ പിന്നെയും പൂർണ്ണമായി വിടരുന്നു. ഇതുപോലെ യോഗികൾ കുണ്ഡലിനിയെ ഉണർത്തുമ്പോൾ കുണ്ഡലിനിയിലെ പ്രകാശകിരണങ്ങൾ സുഷുമ്നനാഡിയിൽ കൂടി ഉയരുന്നു. വഴിയിൽ ആറു ചക്രങ്ങളെ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയെ ഭേദിച്ചു അവകളെ പ്രകാശിപ്പിക്കുന്നു. അപ്പോൾ ഈ ചക്രങ്ങൾ അഥവാ കേന്ദ്രങ്ങൾ എല്ലാം പത്മങ്ങളായി വികസിക്കും. കുണ്ഡലിനി പ്രകാശിക്കുന്നതിനു മുമ്പ് ഇവിടത്തെ പത്മങ്ങൾ വാടികിടക്കുകയായിരുന്നു. കുണ്ഡലിനിയുടെ കിരണങ്ങൾ തട്ടുമ്പോൾ പത്മങ്ങൾ പൂർണ്ണമായി വികസിക്കും. ഇങ്ങനെ ഓരോ ചക്രങ്ങളായി ഭേദിച്ചു ഒടുവിൽ ആയിരം ദളങ്ങൾ ഉള്ള സഹസ്രാരപത്മത്തിൽ ചെന്നെത്തും. ഈ അവസ്ഥയാണ് സമാധിയെന്നറിയപ്പെടുന്നത്.

No comments:

Post a Comment