രാമായണ മാസം
നമ്മുടെ എല്ലാവരുടെയും മനസ്സിലെ അജ്ഞാനമാകുന്ന ഇരുട്ട് മാഞ്ഞ് ജ്ഞാനമകുന്ന പ്രകാശം തെളിയട്ടെ കർക്കിടകം ഒന്ന്, ധർമത്തിന്റെ മൂർത്തിമത്ഭവമായ ശ്രീരാമചന്ദ്രന്റെ കഥ പാടിപ്പുകഴ്ത്തുന്ന രാമായണമാസത്തിന് തുടക്കം. ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന രാമായണനാളുകൾ. ആ ഒരു മാസക്കാലം നാടും നാലമ്പലങ്ങളും കുടുംബവും കുടുംബക്ഷേത്രങ്ങളും ഗ്രാമവും ഗ്രാമവീഥികളും രാമനാമത്താൽ മുഖരിതമാകും. രാമനാമശീലുകളാൽ ഇവിടുത്തെ പ്രാതസായം സന്ധ്യകൾ കോരിത്തരിക്കും. രാമനും രാമായണവും ഭാരതീയർക്ക് ആദർശവും ആശ്രയവുമാണ്. ത്രേതായുഗാവതാരവരിഷ്ഠനായ ശ്രീരാമന്റെ ധീരോദാത്തമായ ധാർമീകവാഞ്ചയിലൂടെ രാമായണം ധർമശാസ്ത്രമായി മാറുകയായിരുന്നു. ആദികാവ്യത്തിലെ രാമനെ ധർമപുരുഷനാക്കി ജനതയെ ധാർമികതയിലേക്കുയർത്തുക എന്ന ലക്ഷ്യം ഭക്തിയുടെ പരിവേഷത്തിലായാലും തുഞ്ചന്റെ കിളിക്കൊഞ്ചലിലൂടെയും സാധ്യമായി. സ്വധർമ നിർവഹണത്തിന് വ്യക്തിജീവിതം വിലങ്ങുതടിയായപ്പോൾ സ്വസുഖം വെടിഞ്ഞ് സ്വധർമത്തെ നിലനിർത്തുകയാണ് രാമൻ ചെയ്തത്. ധർമവും ഭോഗവും തമ്മിൽ ആന്തരിക സംഘര്ഷം നടന്നപ്പോൾ ധർമം വരിച്ച് ഭോഗം വെടിഞ്ഞു. അനുകരണണീയവും ആദരണീയവുമായ ധർമത്തിന്റെ രക്ഷകനായിട്ടാണ് രാമൻ പ്രത്യക്ഷപ്പെടുന്നത്.
ആദികവി വാത്മീകിയുടെ രാമനും രാമകഥയും ഭാരതത്തിനാകമാനം ഉത്കൃഷ്ടമാണ്. ഇതിൽ നിന്ന് വിവിധ ഭാഷകളിൽ ഒട്ടനവധി വിവർത്തനങ്ങളുണ്ടായി. ഇതിൽ തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണമായിരുന്നു മലയാളികൾ നേഞ്ചേറ്റിയത്. ജനമകുടമണിമാലികയായ ശുകതരുണിയെക്കൊണ്ട് സാധാരണക്കാരായ ജനകോടികളെ ഭക്തിയിൽ ആറാടിക്കുകയായിരുന്നു ആധ്യാത്മികാചാര്യനും കവിയും സംഗമിച്ച എഴുത്തച്ഛൻ. കോടികോടികണ്ഠങ്ങളിൽ നിന്നും യുഗയുഗാന്തരങ്ങളായി മുഴങ്ങിക്കൊണ്ടിരിക്കുന്ന രാമനാമത്തിന് അതാതുകാലത്ത് പുത്തൻ ഉണർവുണ്ടായി.
രാമനും രാമകഥയും ഭാരതത്തിനാകമാനം വിശിഷ്ടമാണെങ്കിലും രാമായണത്തിനായി ഒരു മാസം തന്നെ മാറ്റി വച്ചവരാണ് മലയാളികൾ. അതാകട്ടെ കൊല്ലവർഷത്തിൽ ഏറ്റവും ഒടുവിൽ കടന്നുവരുന്ന പഞ്ഞകർക്കിടകവും. കർക്കിടം സ്വതേ ദുർഘടമാമെങ്കലും ഭൗതീകസാഹചര്യ ദാരിദ്ര്യത്തിലും ആധ്യാത്മിക തേജസ്സിനാൽ സമൃദ്ധമാണ് ഈ മാസം.
രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു. രാമനാകണോ രാവണനാകണോ സീതയാകണോ മന്ഥരയാകണോ എന്ന് തീരുമാനിക്കാൻ ഈ പുണ്യഗ്രന്ഥം നമ്മോടു പറയുന്നു. ധർമ്മം പുലർത്താനായി രാജ്യഭരണം ഉപേക്ഷിച്ച ശ്രീരാമൻ ഏറെ സംതൃപ്തിയിലാണ് വനവാസത്തില്പുറപ്പെട്ടത്. മാത്രമല്ല കുടുംബബന്ധങ്ങളുടെ ശ്രഷ്ഠതയും മഹത്വവും മനസ്സിലാകാൻ രാമായണം മാതൃകയാക്കണം.
രാമായണത്തിലെ സാഹോദര്യം എടുത്തുപറയേണ്ടതാണ്. പാതിവ്രത്യ പ്രതാപക്കൊടിയുടെ ചരടാണ് സീത. മാത്രമല്ല ചുണ്ടിലൽ രാമനാമവും ഹൃദയത്തിൽ രാമരൂപവുമായി രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നു ഹനുമാൻ.
ദാസനായിരുന്നിട്ടും ഭക്തഹൃദയളിൾ ദൈവമാണ് ഹനുമാൻ. കാലം ചെല്ലുംതോറും രാമായണത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. അധ്യാത്മരാമായണത്തിൽ ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധകാണ്ഡം, സുന്ധരകാണ്ഢഡം, യുദ്ധകാണ്ഡം എന്നിവയിലൂടെ രാമായണത്തെ ഭക്തരിലേക്കെത്തിക്കുന്നു. മനോഹരമായ ഭാഷാവൃത്തങ്ങളായ കേക, കാകളി, കളകാഞ്ചി, മുതലായ ഭാഷാവൃത്തങ്ങളാണ് എഴുത്തച്ഛന് ഇതിനായി തെരഞ്ഞെടുത്തത്. ആ ശീലുകൾ ഒരുമാസക്കാലം മലയാളിമനസ്സുകളെ ഭക്തിസാഗരത്തിൽ ആറാടിക്കും. രാമായണമാസം കേവലം പാരായണത്തിലുപരി മന്യഷ്യജീവിതത്തിന് വഴികാട്ടാനുള്ള മാർഗദർശി കൂടിയാണ്.
No comments:
Post a Comment