ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 January 2019

പുഷ്പദന്തനും ശിവമഹിമ്‌നഃ സ്‌തോത്രവും

പുഷ്പദന്തനും ശിവമഹിമ്‌നഃ സ്‌തോത്രവും

ശിവപരങ്ങളായ സ്‌തോത്രങ്ങള്‍ അനേകമുണ്ടെങ്കിലും അവയില്‍ പ്രചുര പ്രചാരം സിദ്ധിച്ച  സ്‌തോത്രങ്ങള്‍ ശങ്കരാചാര്യ സ്വാമികളുടെ...
ശിവാനന്ദലഹരി
ശിവാപരാധക്ഷമാപണസ്‌തോത്രം
ശിവമാനസപൂജാസ്‌തോത്രം
ശിവഭുജംഗം
വേദസാരശിവസ്തവം
ശിവപാദാദികേശാന്തവര്‍ണ്ണനാസ്‌തോത്രം
ശിവകേശാദിപാദാന്തവര്‍ണ്ണനാസ്‌തോത്രം
സുവര്‍ണ്ണ മാലാസ്തുതി
ശിവപഞ്ചാക്ഷര സ്‌തോത്രം
എന്നിവയും...

രാവണന്റെ ശിവതാണ്ഡവ സ്‌തോത്രവും
വേദവ്യാസന്റെ വിശ്വനാഥാഷ്ടകവും
വസിഷ്ഠമഹര്‍ഷിയുടെ ദാരിദ്ര്യദുഃഖ ദഹനസ്‌തോത്രവും
മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ മൃത്യുഞ്ജയാഷ്ടകവും
ഉത്പലദേവാചാര്യരുടെ ശിവസ്‌തോത്രാവലിയും
ഭരദ്വാജ മഹര്‍ഷിയുടെ ശിവകര്‍ണ്ണാമൃത സ്‌തോത്രവും
പുഷ്പദന്തന്റെ ശിവമഹിമ്‌നഃ സ്‌തോത്രവുമാണ്.

ഇവയില്‍ ശിവമഹിമ്‌നഃ സ്‌തോത്രം ശിവഭക്തര്‍ അതി ശ്രേഷ്ഠമായി കരുതുന്നു. ഉത്തര ഭാരതത്തില്‍ വിശിഷ്യാ സന്യാസാശ്രമങ്ങളില്‍ നിത്യപാരായണത്തിനുപയോഗിച്ചു വരുന്ന ഈ സ്‌തോത്രം പുഷ്പദന്തന്‍ എന്ന ഗന്ധര്‍വ്വ രാജാവിനാല്‍ രചിക്കപ്പെട്ടതാണ്. പുഷ്പദന്തനേക്കുറിച്ച് മൂന്ന് വ്യത്യസ്ത ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. പുഷ്പദന്തന്‍ ശിവപാര്‍ഷദനായിരുന്നു. പുഷ്പദന്തന്റെ പത്‌നി ശ്രീപാര്‍വ്വതീദേവിയുടെ തോഴിയുമായിരുന്നു. പുഷ്പദന്തന്‍ ശിവപാര്‍വ്വതീ ശാപത്താല്‍ കൈലാസത്തില്‍ നിന്നു ബഹിഷ്‌കൃതനായതിനേക്കുറിച്ചു കഥാസരിത്സാഗരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്....

ഒരിക്കല്‍ പാര്‍വ്വതീ ദേവി മഹാദേവനോട് അഭ്യര്‍ത്ഥിച്ചു. 'ദേവാ, ഇന്നുവരെ മറ്റാരും കേട്ടിട്ടില്ലാത്ത സുന്ദരങ്ങളായ കഥകള്‍ അവിടുന്ന് എനിക്കു പറഞ്ഞു തരണം'. ദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരമശിവന്‍ ഏതാനും കഥകള്‍ പാര്‍വ്വതീദേവിയെ പറഞ്ഞു കേള്‍പ്പിച്ചു. യാദൃച്ഛികമായി ആ വഴിവന്ന പുഷ്പദന്തന്‍ കഥകള്‍ മറഞ്ഞിരുന്നു കേള്‍ക്കുകയുണ്ടായി. അന്നു രാത്രിയില്‍ പുഷ്പദന്തന്‍ തന്റെ പത്‌നിക്ക് ഈ കഥകള്‍ പറഞ്ഞു കൊടുത്തു. പുഷ്പദന്ത പത്‌നി ഈ കഥകള്‍ ശ്രീപാര്‍വ്വതിയോടു പറയുന്നു. മറ്റാര്‍ക്കും അറിഞ്ഞു കൂടാത്ത കഥകള്‍ എന്നു പറഞ്ഞു ഭഗവാന്‍ തന്നെ കബിളിപ്പിക്കുകയായിരുന്നുവെന്ന് ചൊല്ലി പാര്‍വ്വതി മഹേശ്വരനോട് പിണങ്ങി. ജ്ഞാനദൃഷ്ടിയാല്‍ നടന്നതെല്ലാമറിഞ്ഞ മഹാദേവന്‍ പുഷ്പദന്തനെ ശപിച്ചു. മനുഷ്യനായി പിറക്കട്ടെ എന്നായിരുന്നു ശാപം. ശാപമറിഞ്ഞു ദുഃഖിതനായ പുഷ്പദന്തന്‍ ഭഗവാനെ സ്തുതിച്ചു രചിച്ചതാണ് മഹിമ്‌നഃ സ്‌തോത്രം. സ്‌തോത്രം കേട്ടു മനമലിഞ്ഞ പാര്‍വ്വതീപരമേശ്വരന്മാര്‍ ശാപമോക്ഷം നല്‍കി പുഷ്പദന്തനെ വീണ്ടും പാര്‍ഷദനാക്കി. (പുഷ്പദന്തന്റെ മനുഷ്യ ജന്മമാണ്‌ വരരുചിയെന്ന് ഒരു ഐതിഹ്യമുണ്ട്).

രണ്ടാമത്തെ ഐതിഹ്യമനുസരിച്ച് ഗന്ധര്‍വ്വന്മാരുടെ രാജാവായിരുന്നു പുഷ്പദന്തന്‍. നാനാവിധം പുഷ്പങ്ങള്‍ കൊണ്ട് ശിവപൂജ നടത്തുക എന്നത് ശീലമാക്കിയിരുന്ന കാശിയിലെ ചിത്രരഥ മഹാരാജാവ് തന്റെ ശിവപൂജയ്ക്കു ആവശ്യമായ പുഷ്പങ്ങള്‍ ലഭിക്കുവാനായി ഒരു മനോഹര ഉദ്യാനം ഗംഗാതീരത്തു നിര്‍മ്മിച്ചു. അതിവിശാലമായ  ഈ ഉദ്യാനം ദേവകളെപ്പോലും മോഹിപ്പിക്കുന്ന ഒന്നായിരുന്നു. ആകാശ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുകയായിരുന്ന പുഷ്പദന്തന്‍ ഈ ഉദ്യാനം കാണുകയുണ്ടായി. സുന്ദരങ്ങളായ പുഷ്പങ്ങള്‍ അര്‍ദ്ധരാത്രിയില്‍ മോഷ്ടിച്ച് ഗന്ധര്‍വ്വലോകത്ത് തന്റെ പത്‌നിക്കും തോഴിമാര്‍ക്കും എത്തിച്ചു കൊടുക്കുന്നത് പുഷ്പദന്തന്‍ പതിവാക്കി. അതോടെ ശിവപൂജയ്ക്കായി ചിത്രരഥ മഹാരാജാവിന് പുഷ്പങ്ങള്‍ ലഭിക്കാതായി. മോഷണം തടയാന്‍ രാജാവ് കാവല്‍ ശക്തമാക്കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അദൃശ്യനായി എത്തുന്ന പുഷ്പദന്തന്‍ കാവല്‍ക്കാരുടെ ദൃഷ്ടിയില്‍ പതിഞ്ഞതേയില്ല. ഒടുവില്‍ ഗുരുവിന്റെ ഉപദേശമനുസരിച്ച് ചിത്രരഥ മഹാരാജാവ് ശിവപൂജയ്ക്കുയോഗിച്ച പൂക്കള്‍ ഉദ്യാനത്തില്‍ വിതറി. കൂവളം, താമര തുടങ്ങിയ ശിവനിര്‍മ്മാല്യം വിതറിയിരിക്കുന്നത് ശ്രദ്ധിക്കാതെ അന്നു രാത്രിയും പുഷ്പദന്തന്‍ പൂക്കള്‍ മോഷ്ടിക്കുവാന്‍ ആരംഭിച്ചു. പരമപവിത്രമായ ശിവനിര്‍മ്മാല്യത്തില്‍ ചവിട്ടുക എന്ന പാപം ചെയ്തതോടെ… ഗന്ധര്‍വ്വന്റെ  ദിവ്യശക്തികളെല്ലാം നഷ്ടമായി. കാവല്‍ക്കാര്‍ കളളനെ പിടികൂടി രാജസമക്ഷം ഹാജരാക്കി. ഗന്ധര്‍വ്വനെ കാരാഗൃഹത്തിലടയ്ക്കുവാന്‍  രാജാവ് ഉത്തരവിട്ടു. തന്റെ തെറ്റു മനസ്സിലാക്കിയ പുഷ്പദന്തന്‍ തടവറയില്‍കിടന്നു മഹാദേവനെ സ്തുതിച്ചു. പുഷ്പദന്തന്റെ ക്ഷമായാചന സ്‌തോത്രമാണ് ശിവമഹിമ്‌നഃ സ്‌തോത്രം. സ്‌തോത്രത്താല്‍ സംപ്രീതനായ മഹാദേവന്‍  പുഷ്പദന്തന് ദിവ്യശക്തികള്‍ തിരിച്ചു നല്‍കി. ചിത്രരഥ മഹാരാജാവിനോടു ക്ഷമ ചോദിച്ച് ഗന്ധര്‍വ്വന്‍ സ്വലോകത്തേക്കു മടങ്ങി.

പുഷ്പദന്തനേക്കുറിച്ച പറയുന്ന മറ്റൊരു ഗ്രന്ഥം സ്‌കന്ദ മഹാപുരാണമാണ്. സ്‌കന്ദപുരാണം അവന്തീ ഖണ്ഡത്തിലെ 99-ാം അദ്ധ്യായത്തില്‍ പുഷ്പദന്തനേക്കുറിച്ച് പരാമര്‍ശമുണ്ട്. പരമഭക്തനായ ശിനിയെന്ന ബ്രാഹ്മണന്‍ പുത്രലബ്ധിക്കായി മഹാദേവനെ ശരണം പ്രാപിച്ചു. ശിനിയുടെ ഭക്തിയില്‍ പ്രീതനായ ഭഗവാന്‍ തന്റെ ഗണങ്ങളില്‍ പ്രമുഖനായ പുഷ്പദന്തനെ ശിനിയുടെ പുത്രനാക്കാമെന്ന് തീരുമാനിക്കുന്നു. പക്ഷേ ഭഗവാന്റെ തീരുമാനത്തെ പുഷ്പദന്തന്‍ എതിര്‍ത്തു. പുഷ്പദന്തന്‍ മഹാദേവനോടു ചോദിച്ചു - 'ഭഗവാനെ, ശിവലോക പ്രാപ്തിക്കായി അനേകായിരം ഭക്തര്‍ അതികഠിന തപസ്സനുഷ്ഠിക്കുന്നു. അങ്ങിനെയിരിക്കേ ഈ വിശിഷ്ടലോകം വെടിഞ്ഞ് ഭൂമിയിലേക്കു പോകുക എന്ന് അവിടുന്ന് നിര്‍ദ്ദേശിച്ചത് ഉചിതമായില്ല'. പുഷ്പദന്തന്റെ വാക്കുകള്‍ മഹാദേവനെ കുപിതനാക്കി. മനുഷ്യജന്മമെടുത്തു ഭൂമിയില്‍ കഴിയുവാന്‍ ശപിച്ച മഹാദേവന്‍ ഒടുവില്‍ പുഷ്പദന്തന്റെ ക്ഷമായാചനം കേട്ട് മനസ്സലിഞ്ഞ് ഇപ്രകാരം അനുഗ്രഹിച്ചു - നീ ശിനിയുടെ പുത്രനായി പുഷ്പദന്തനെന്ന നാമത്തില്‍ പിറക്കും. മനുഷ്യ ജന്മത്തില്‍ നീ എന്നെ സ്തുതിച്ചു രചിക്കുന്ന സ്‌തോത്രം പ്രസിദ്ധമാകും. ഒടുവില്‍ നീ കൈലാസത്തില്‍ തന്നെ തിരിച്ചെത്തുന്നതാണ്. ശിവ നിയോഗത്താല്‍ പുഷ്പദന്തന്‍ ഭൂമിയില്‍ ജനിക്കുകയും ശിവ മഹിമ്‌നഃ സ്‌തോത്രം രചിച്ച് ഭഗവാനെ സ്തുതിക്കുകയുംചെയ്തു. .

No comments:

Post a Comment