നാരദന്‍ വെറുമൊരു വഴക്കാളിയല്ല....
അഥതോ ഭക്തിംവ്യാഖ്യാസ്വാമഃ ഒരു ചരടില്‍ മുത്തുകള്‍ കോര്‍ക്കുന്നതുപോലെ അനേക കാര്യങ്ങള്‍ ചെറിയ പദങ്ങളുടെ മാലകളായി അവതരിപ്പിക്കുന്നതാണ് സൂത്രങ്ങള്‍ എന്നറിയപ്പെടുന്നത്. ശ്രീശങ്കരാചാര്യരുടെ ബ്രഹ്മസൂത്രം വ്യാഖ്യാനം പ്രസിദ്ധമാണല്ലോ. അദ്വൈതചിന്താ പദ്ധതികളാണ് അതില്‍. ജൈമിനിസൂത്രം കര്‍മയോഗ പ്രധാനമാണ്. ശ്രീനാരദസൂത്രത്തില്‍ ഭക്തിക്കാണ് പ്രാധാന്യം. ശ്രീനാരദന്‍ ആരാണ്? വെറുമൊരു 'വഴക്കാളി' എന്നാണ് പലരുടെയും ധാരണ. ദൈവികതത്വങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജലം ദാഹത്തിനെ അകറ്റുന്നതുപോലെ ഹൃദയദാഹമായ ജന്മലക്ഷ്യമായ വൈകുണ്ഠപ്രാപ്തിലെത്തിച്ച് ജന്മമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് ശ്രീനാരദന്‍ ചെയ്യുന്നത്. ''നാരം ദദാതി ഇതി നാരദഃ'' എന്ന് പദവിഗ്രഹം. നാരം വെള്ളം. വെള്ളം ദാനം ചെയ്യുന്നവന്‍ എന്ന് പദത്തിന് അര്‍ഥം. പലര്‍ക്കും ആവശ്യമായ ഘട്ടത്തില്‍ ഓടിയെത്തി ഭഗവത് തത്ത്വം ഉപദേശിച്ചുനല്‍കും. മൂലമന്ത്രവും അനുഷ്ഠാനവുമെല്ലാം പറഞ്ഞുതരും. പല മന്ത്രങ്ങളും ഉപാസിച്ചു സിദ്ധി വരുത്തിയ ആളാണ് നാരദന്‍. സത്യം എവിടെയും വിളിച്ചുപറയുന്നവനും സത്യം മാത്രം പറയുന്നവനും അതിന് പ്രത്യേകമായ ശൈലി ഉപയോഗിക്കുന്നവനുമാണ് നാരദന്‍. പ്രാചീന ബര്‍ഹിസിന് വാര്‍ധക്യത്തോടടുത്തും ധ്രുവന് ബാല്യത്തിലും മന്ത്രോപദേശം ചെയ്തു. ഭക്തിമാര്‍ഗത്തില്‍ ജീവിച്ച് മോക്ഷപ്രാപ്തിയിലെത്താന്‍ ബാല്യത്തിനും ശൈശവത്തിനും മുന്‍പ് ഗര്‍ഭവാസകാലത്തുതന്നെ ഉപദേശിക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് മനസിലാക്കിയാണ് പ്രഹ്‌ളാദന് അമ്മയടെ വയറ്റില്‍ കിടക്കുമ്പോള്‍തന്നെ ഉപദേശം നല്‍കിയത്. ഇവിടെ ''അഥതോ ഭക്തിം വ്യാഖ്യാസ്യാമഃ'' എന്നു ഭക്തിസൂത്രം തുടങ്ങുന്നു. തുടര്‍ന്ന് നമുക്ക് ഭക്തിയെ വ്യാഖ്യാനിക്കാം എന്നു സാരം. ഞങ്ങള്‍ വ്യാഖ്യാനിച്ചുതരാം എന്നാണ് പറയുന്നത്. മഹര്‍ഷിമാരുടെ ഒരു പ്രതിനിധി എന്ന നിലയിലാണ് നാരദന്‍ പറയനാരംഭിക്കുന്നത്. അതിനാലായിരിക്കണം ഞങ്ങള്‍ വ്യാഖ്യാനിക്കാം എന്നു പറഞ്ഞത്. നേരത്തേ പല കാര്യങ്ങളും പറഞ്ഞെങ്കിലും ഭക്തിയെക്കുറിച്ച് ഇവിടെ ആരംഭിക്കുകയാണ് എന്ന സൂചനയുമായാണ് തുടങ്ങുന്നത്. ''അഥാതോ ബ്രഹ്മജിജ്ഞാസ'' എന്നാണ് ബ്രഹ്മസൂത്രം തുടങ്ങുന്നത്. പക്ഷെ ബ്രഹ്മത്തിലേക്ക് ജ്ഞാനമെത്തണമെങ്കില്‍ ഭക്തി വേണമെന്നാണ് നാരദര്‍ നല്‍കുന്ന സൂചന. നാരദര്‍ കര്‍മ്മയോഗത്തിനേക്കാള്‍ ഭക്തിമാര്‍ഗ്ഗത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസിനോട് പുരഞ്ജനോപാഖ്യാനവും മറ്റും വിശദീകരിച്ച് പറഞ്ഞുകൊടുക്കുന്നത് കര്‍മമാര്‍ഗത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടികൂടിയാണ്. യാഗങ്ങള്‍ക്കായി നീ ബലി നല്‍കിയ മൃഗങ്ങളെല്ലാം നീ മരിച്ചുചെല്ലുമ്പോള്‍ ആക്രമികാന്‍ സന്നദ്ധരായി നില്‍ക്കുകയാണ് എന്ന് കര്‍മമാര്‍ഗത്തിലെ അപകടങ്ങളെ നാരദര്‍ പ്രാചീന ബര്‍ഹിസിനെ ഓര്‍മിപ്പിച്ച് ഭയപ്പെടുത്തുന്നുണ്ട്. ദാനത്തില്‍ പോലും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടാകാം എന്ന് ഭാഗവതത്തിലെ നൃഗമോക്ഷം കഥാഭാഗത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ ഭക്തിമാര്‍ഗത്തെ പഠിക്കേണ്ടതുണ്ട് എന്ന് നാരദര്‍ ശിഷ്യന്മാരെ പ്രബോധിപ്പിക്കുന്നു. നാരദ ഭക്തിസൂത്രത്തിലെ പല ഭാഗങ്ങളും ഭാഗവതത്തില്‍ കടന്നുവരുന്നുണ്ട്. അതു സ്വാഭാവികം മാത്രം. കാരണം ശ്രീ വേദവ്യാസന്‍ നാരദനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണല്ലോ ഭാഗവതം രചിച്ചത്. നാരദന്‍ പറയാനുദ്ദേശിച്ച പല കാര്യങ്ങളും വ്യാസനെക്കൊണ്ട് വ്യാസശൈലിയില്‍ അവതരിപ്പിക്കുകയാണ് ഭാഗവതത്തില്‍.
No comments:
Post a Comment