വിശ്വരൂപം
കുരുക്ഷേത്രമെന്ന യുദ്ധഭൂമിയിൽ വെച്ച് ഭഗവാന്റെ ശോഭയാർന്ന രൂപം കാണുവാനുള്ള പ്രത്യേകമായ കഴിവ് അർജ്ജുനന് നല്കപ്പെട്ടു. പല ജീവിതകാലങ്ങളിലൂടെ നിരന്തരം ചെയ്യുന്ന ആത്മീയാചരണങ്ങൾ കൊണ്ടുപോലും ഒരാൾക്ക് ഒരിക്കൽ പോലും അത് കാണാനുള്ള അർഹത നേടാൻ കഴിയുകയില്ല. നമ്മുടെ സ്ഥൂലതയുടെ തലത്തിൽ നിന്നുകൊണ്ട് ആകുമ്പോൾ അത് അസാദ്ധ്യമാണ്. ആ വിശ്വപ്രകാശം ഒരിക്കൽ അനുഭവിച്ചുകഴിഞ്ഞാൽ ലൌകികമായ ദീപക്കാഴ്ച്ചകളെല്ലാം വളരെ താണ തരമായി തോന്നും. മോചനത്തിന്റെ അവബോധം, അതിന്റെ ആനന്ദം, അനുഭവിച്ചവൻ ലൌകികമായ വികാരങ്ങൾ വിലകുറഞ്ഞതായി തോന്നും. അയാളിൽ സ്നേഹം മാത്രം നിലനില്ക്കും. സഹാനുഭൂതി മാത്രം പ്രകടമാകും. കൃഷ്ണനെപ്പോലുള്ള ഒരു ഗുരുവിന്റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു. തന്നെ കാണാനും, തിരിച്ചറിയാനും, മനസ്സിലാക്കാനും കഴിവുള്ളവരെ, ഗുരു തിരഞ്ഞെടുക്കുന്നു. മറ്റുള്ളവർ കാണും, ഒരിക്കലും മനസ്സിലാക്കില്ല. ചിലർക്ക് ഗുരുവിന്റെ അടുത്തേക്ക് എത്താൻ പോലും കഴിയില്ല. ഒരുവൻ തന്റെ അസ്തിത്വത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വ്യക്തത ഉണ്ടാകണം. അപ്പോൾ അയാൾ, എളുപ്പത്തിൽ, ഗുരുവിനെ തിരിച്ചറിയും. യഥാർത്ഥ ഗുരുക്കന്മാർ ഏറ്റവും സാധാരണമായി പെരുമാറും. അവരുടെ ആത്മജ്ഞാനം ഒരിക്കലും പ്രദശിപ്പിക്കില്ല. ഗുരു തന്നെത്തന്നെ കാട്ടിത്തരുവാൻ തയ്യാറാകുന്നതുവരെയും, നിങ്ങൾ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയുംവിധം നിങ്ങളെത്തന്നെ ഉയർത്തുന്നതുവരെയും, ഒരു ഗുരുവിനെ തിരിച്ചറിയുക എളുപ്പമല്ല. വിശ്വാസമാണ് താക്കോൽ. ഭക്തിയും ക്ഷമയുമാണ് നിങ്ങളെ അവിടെ എത്തിക്കാനുള്ള കാലുകൾ.
കൃഷ്ണൻ തന്റെ സാക്ഷാൽ രൂപം ഇതിനുമുമ്പ് ഒരിക്കൽ പ്രദർശിപ്പിച്ചിട്ടുണ്ട് – പാണ്ഡവന്മാരുടെ ദൂതനായി കൌരവസഭയിൽ ചെന്ന അദ്ദേഹത്തെ കൌരവന്മാർ ബന്ധിക്കാൻ ഒരുമ്പെട്ടപ്പോൾ. അതിന്റെ പ്രഭയിൽ കാഴ്ച നഷ്ടപ്പെട്ടതുകൊണ്ട്, കൂടിയിരുന്നവരിൽ അധികംപേർക്കും അത് കണാൻ കഴിഞ്ഞില്ല. നിര്ദോഷികളും, പാപരഹിതരും ആയവർക്ക് മാത്രം ഭഗവാന്റെ തേജോരൂപം കാണുവാൻ ഭാഗ്യം ഉണ്ടായി. വളരെ കുറച്ചുപേർക്ക് മാത്രം. എല്ലാ വസ്തുവിലും ദൈവത്തിന്റെ മഹിമയെ കാണാൻ കഴിയുന്നവർ ഇന്നും വളരെ കുറവാണ് എന്നത് ദു:ഖകരമാണ്.
കൃഷ്ണന്റെ യഥാർത്ഥ രൂപത്തിന്റെ ഉജ്ജ്വല തേജസ്സ് വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്തതായിരുന്നു. വാക്കുകൾക്ക് വളരെ പരിമിതിയുണ്ട്. ആ പ്രതിഭാസം ഏതു തരത്തിലുള്ള വിശദീകരണത്തിനും അതീതമായിരുന്നു. തന്റെ കൈകൊണ്ട് കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരെയെല്ലാം, മരിച്ചുകഴിഞ്ഞവരായും, കാലത്തിന്റെ വക്ത്രത്തിൽക്കൂടി പോയ്മറയുന്നവരായും അർജ്ജുനൻ, വിശ്വരൂപത്തിനകത്ത്, കണ്ടു. വിശ്വരൂപം എല്ലാത്തിനെയും ഉള്ക്കൊള്ളുന്നതായിരുന്നു. നടന്നുകഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതും, ഇനി നടക്കാൻപോകുന്നതുമായ എല്ലാം, ഒരേസമയത്ത്, അതിൽ കാണാമായിരുന്നു. നമ്മുടെ ബോധമനസ്സിന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള, സമയത്തിന് സമാന്തരമായ, ഭൂതവും വർത്തമാനവും ഭാവിയും, ഉണ്ടായിരുന്നില്ല. എല്ലാം ഒരേസമയത്ത് നിലവിൽ ഉണ്ടായിരുന്നു. പ്രകാശം കണ്ണഞ്ചിക്കുന്നതായിരുന്നു, അതേസമയം സാന്ത്വനിപ്പിക്കുന്നതും. ഇതാണ് പരബ്രഹ്മത്തിന്റെ പ്രകൃതം. ഇതാണ് നമ്മുടെ ശരിയായ സ്വഭാവം. കണ്ണടച്ചാൽ ഉണ്ടാകുന്ന ഇരുട്ടിനപ്പുറത്തേയ്ക്ക് കാണാൻ കഴിയുന്ന അവസ്ഥയിലേയ്ക്ക് എത്തിയാൽ നമുക്കും അത് കാണാൻ കഴിയും. അജ്ഞാനാന്ധകാരത്തിന്റെയും, തിരിച്ചറിയലുകളുടെയും അപ്പുറത്തുള്ള പ്രകാശം.
No comments:
Post a Comment