ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 January 2019

ദുര്‍ഗ്ഗാദേവിയും ശതാക്ഷിയുമായ പരാശക്തി

ദുര്‍ഗ്ഗാദേവിയും ശതാക്ഷിയുമായ പരാശക്തി

ആദിപരാശക്തിയായ ദുര്‍ഗ്ഗാദേവി ഈ പേരില്‍   അറിയപ്പെടാനിടയായത് ശതാക്ഷി അവതാരത്തില്‍ കൂടിയാണ്. വേദങ്ങള്‍ അപഹരിച്ച  ദുര്‍ഗ്ഗമാസുരനെ ഹനിച്ച് വേദങ്ങള്‍ വീണ്ടെടുത്തപ്പോല്‍ പരബ്രഹ്മസ്വരൂപിണിയായ ദേവി ദുര്‍ഗ്ഗ എന്ന പേരില്‍ പ്രഖ്യാതയായി.

ബ്രഹ്മാവിന്റെ വരദാനത്താല്‍ നാലുവേദങ്ങളെയും അപഹരിക്കുകയും ദേവന്മാരെ പരാജയപ്പെടുത്തുകയും ചെയ്ത അതിശക്തിമാനായ ഒരു അസുരനായിരുന്നു ദുര്‍ഗ്ഗമാസുരന്‍. ലോക്ത്രയത്തെയും വിറപ്പിച്ചുകൊണ്ടാണ് ഈ അസുരന്‍ ജീവിതം നയിച്ചത്.

വേദങ്ങളുടെ അഭാവത്താല്‍ സകല പ്രവൃത്തികളും നിഷ്ഫലമായി. ദാനവും തപസ്സും യാഗവും ഒന്നും ഉണ്ടായില്ല. നൂറുകൊല്ലം ഭൂമിയില്‍ മഴ ഇല്ലാതായി. വിശപ്പും ദാഹവുംകൊണ്ട് എല്ലാവരും വലഞ്ഞു. നദികളും കുളങ്ങളും കിണറുകളും തടാകങ്ങളും ഉണങ്ങിവരണ്ടു. വൃക്ഷലതാദികള്‍ ഉണങ്ങി. വരള്‍ച്ച കൊണ്ടു സകലരും അതീവദുഃഖിതരായി. ദേവന്മാര്‍ യോഗമായയായ പരമേശ്വരിയെ ശരണം പ്രാപിച്ചു സ്തുതിച്ചു.

സകലരുടേയും ദുഃഖങ്ങള്‍ കണ്ട് കരുണാമയിയായ ദേവി അനന്തമായ അക്ഷി (കണ്ണ്)കളോടുകൂടിയ ശരീരം ദര്‍ശന യോഗ്യമാക്കി. വില്ലും അമ്പും താമരയും ഫലമൂലങ്ങളും നാലു കൈയിലും പിടിച്ച് കരുണാപൂര്‍ണ്ണ ദൃഷ്ടിയോടുകൂടി ദേവി കരഞ്ഞു. ഒന്‍പത് രാപകല്‍ നിരന്തരം കരഞ്ഞുകൊണ്ടിരുന്നു.  ദേവിയുടെ കണ്ണില്‍ നിന്നുണ്ടായ ജലധാരകള്‍ ഭൂമിയില്‍ പതിച്ചു. അവയാല്‍ ഭൂമി സമ്പന്നയായി തീര്‍ന്നു. സര്‍വ്വത്ര ജലം നിറയുകയും സസ്യലതാദികള്‍  മുളയ്ക്കുകയും ചെയ്തു. ഗോക്കള്‍ക്ക് പുല്ല് ലഭിച്ചു. സകലര്‍ക്കും സന്തുഷ്ടി കൈവന്നു. അങ്ങനെ ദാരിദ്ര്യത്തില്‍നിന്നും വിശപ്പില്‍നിന്നും സകലരേയും ജഗന്മാതാവ് കാത്തുരക്ഷിച്ചു.

ദേവന്മാരോട് ദേവി ഇനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ദുര്‍ഗ്ഗമന്‍ കൊണ്ടുപോയ വേദങ്ങള്‍ വീണ്ടെടുത്ത് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടത്.

ദേവി ദുര്‍ഗ്ഗമ നഗരിയില്‍ ചെന്ന് അസുരനുമായി ഘോരയുദ്ധം നടത്തി. ആ യുദ്ധസമയത്ത് ദേവിയുടെ ശരീരത്തില്‍നിന്ന് പത്ത് ദേവിമാര്‍ ഉണ്ടായി. കാളി, താരാ, ഛിന്നമസ്താ, ശ്രീവിദ്യാ, ഭുവനേശ്വരി, ഭൈരവി, ബഗളാ, ധൂമ്രാ, ത്രിപുരസുന്ദരി, മാതംഗി എന്നീ പത്തു ദേവിമാര്‍ ആയുധധാരിണികളായി ആവിര്‍ഭവിച്ചു. എണ്ണമറ്റ ദിവ്യമാതാക്കള്‍ വേറേയും ഉണ്ടായി. എല്ലാവരും ദേവിയെ യുദ്ധത്തില്‍ സഹായിച്ചു. അവസാനം ശൂലത്താല്‍ പരാശക്തി ദുര്‍ഗമദൈത്യനെ ഹനിച്ചു. നാലുവേദങ്ങളും വീണ്ടെടുത്ത് ദേവന്മാര്‍ക്ക് നല്‍കി.

ദുര്‍ഗ്ഗമന്‍ എന്നെ അസുരനെ നിഗ്രഹിച്ചതുകൊണ്ട് ദുര്‍ഗ്ഗ എന്ന പേരിലും ജഗദംബ ദുര്‍ഗ്ഗമന്‍ എന്ന അസുരനെ നിഗ്രഹിച്ചതുകൊണ്ട് ജഗദംബ ദര്‍ഗ്ഗ എന്ന പേരിലും പ്രഖ്യാപിതയായി അനന്തമായ അക്ഷികളോടു കൂടിയ രൂപം സ്വീകരിച്ചതുകൊണ്ട് ശതാക്ഷി എന്നുമറിയപ്പെടുന്നു. ജലപ്രവാഹത്താല്‍ സസ്യലതാദികളെ പരിപോഷിപ്പിച്ചതുകൊണ്ട് ശാകംഭരി എന്നും പരാശക്തി അറിയപ്പെടുന്നു.

No comments:

Post a Comment