ചിതാഭസ്മം ഒഴുക്കലും, ശ്രാദ്ധാദികർമ്മവും
ചിതാഭസ്മം ജലത്തിൽ ഒഴുക്കുന്നതിനു പിന്നിലും ഒരു തത്വമുണ്ട്. പരേതാത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുന്നത് ജലമാണു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ എന്നറിയില്ല. ജലമാണു പ്രാണനെ നിലനിർത്തുന്നത്. പ്രാണൻ നിലനിൽക്കുന്നതും അന്നത്തിലാണു. നാം കഴിക്കുന്ന അന്നത്തെ നയിക്കുന്നതും ജലമാണു. നാം കഴിക്കുന്ന അന്നത്തെ ആമാശയത്തിലേക്ക് നയിക്കുന്നത് ഉമിനീരാണു (ജലം). കട്ടികൂടിയ ആഹാരം ഇറക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നാം അൽപം ജലം കുടിക്കാറില്ലെ. അതുകൊണ്ട് ജീവാത്മാവായ പ്രാണനേയും പരമാത്മാവിലേക്ക് ജലം നയിക്കുന്നു, നദിയായും, പുഴയായും ഒഴുകുന്ന ജലം അവസാനം എത്തിചേരുന്നത് സമുദ്രത്തിലാണു. സമുദ്രം നദികളുടെ ഒരു ലയനമാണു. സമുദ്രത്തിലെ ജലം നീരാവിയായി, കാർമ്മേഘമായി, മഴയായി പലഭാഗങ്ങളിലായി പെയ്ത് തോടുകളായും പുഴയായും, നദിയായും ഒഴുകി ഒടുവിൽ സമുദ്രത്തിൽ തന്നെ എത്തിചേരുന്നു, അതായത് എവിടെനിന്നാണോ ഉത്ഭവിച്ചത് അവിടേക്കുതന്നെ എത്തിചേരുമ്പോഴാണു ലയനം അതായത് ഒരു പൂർണ്ണത ഉണ്ടാവുന്നത്. പ്രകൃതിയിലെ സകലതിലും ഈ ലയനം നമുക്ക് കാണാം. ഇതുപോലെ പരമാത്മാവിൽ നിന്ന് ഉത്ഭവിച്ചതാണു ഈ ജീവാത്മാവു. ഈ ജീവാത്മാവ് പരമാത്മാവിൽ തന്നെ ലയിക്കുമ്പോഴാണു മോഷം ലഭിക്കുന്നത്. പക്ഷെ നമുക്കതിനു കഴിയുന്നില്ല. ഈ ജീവൻ പല പല കർമ്മബന്ധങ്ങളിൽ പെട്ട് ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും മരിച്ചും മോക്ഷമില്ലതെ ജനനമരണങ്ങൾ ഇങ്ങനെ അനുസൂതം നടന്നുകൊണ്ടേയിരിക്കുന്നു. മോക്ഷത്തെ പ്രതീകാത്മകമായി ചിതാഭസ്മം ഒഴുക്കുന്നതിലൂടെ മാനവരാശിക്ക് പറഞ്ഞുകൊടുക്കുകയാണു ചിതാഭസ്മം ഒഴുക്കുന്ന ഈ ചടങ്ങു.
പൗരാണികകാലം മുതൽക്കുതന്നെ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദം സിന്ധു, കാവേരി, രാമേശ്വരം, ഭാരതപുഴ, തുടങ്ങിയ സ്നാനഘട്ടങ്ങൾ എല്ലാം തന്നെ പാപനാശനവും, പിതൃക്കൾക്ക് മോക്ഷദായകങ്ങളുമാണു. ഈ നദീതീരങ്ങളൊക്കെതന്നെ തർപ്പണഘട്ടങ്ങളാണു. ഗംഗാനദി മാത്രമല്ല എല്ലാ നദികളും, പുഴകളും ശ്രീമഹാദേവന്റെ തിരുജഡയിൽ നിന്നുമൊഴുകുന്ന പുണ്യജലധാരകളാണു. അതുകൊണ്ടാണു നദിക്കരയിലും, പുഴയുടെ തീരത്തുമൊക്കെ ബലിതർപ്പണത്തിനും മറ്റും പ്രാധാന്യം കൈവന്നിരിക്കുന്നത്. ഒഴുകുന്ന ഈ ജലസാന്നിദ്ധ്യം ശ്രീ പരമശിവന്റെ സഹായത്താൽ മരിച്ചുപോയ പിതൃക്കൾക്ക് മോക്ഷമേകുന്നു. ഈ ജന്മത്തിൽ ചെയ്ത സുകൃതങ്ങളുടെ പരിണിതഫലമായി പിതൃലോകം ഭുജിയ്ക്കുന്ന ആത്മാക്കൾ സുകൃതങ്ങൾ അനുഭവിച്ചുകഴിഞ്ഞാൽ പൂർവ്വജന്മസുകൃതമനുസരിച്ച് പുണ്യവാന്മാരായ ആൾക്കാരുടെ ഇടയിൽ ജന്മമെടുക്കുന്നു. പിതാവിന്റെ ഈ ഗതിയെ..... (പുണ്യവാന്മാർക്ക് മരണാനന്തരം രണ്ട് ഗതികളാണുള്ളത്. ഇതിനെ ഉത്തരായണം അതായത് അർച്ചിർ മാർഗ്ഗമെന്നും ദക്ഷിണായനം അതായത് ധൂമമാർഗ്ഗമെന്നും പറയപ്പെടുന്നു. ഇഷ്ടാപൂർത്തങ്ങൾ നിർവ്വഹിച്ച വ്യക്തി അതായത് യാഗകർമ്മങ്ങൾ നടത്തുന്നവനും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും യോഗക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവനും ധൂമമാർഗ്ഗത്തിലൂടെ ചാന്ദ്രജ്യോതിയിലേയ്ക്ക് എത്തിച്ചേരുന്നു. അതായത് ധൂമം രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിങ്ങനെയാണ് ക്രമം. അത്തരത്തിൽ ചാന്ദ്രജ്യോതിയിൽ എത്തിച്ചേർന്ന കർമ്മയോഗി കുറേക്കാലം അവിടെ ദേവന്മാരോടുകൂടി സുഖിച്ച് പുണ്യം ക്ഷയിക്കുന്നതോടുകൂടി വീണ്ടും ഭൂമണ്ഡലത്തിലേക്ക് തന്നെ തിരിച്ചുവരുന്നു. ഇതാണ് പുനർജ്ജന്മത്തിന്റെ പൊരുൾ. ക്ഷീണേപുണ്യേ മർത്യലോകം വിശന്തി എന്നിങ്ങനെ പ്രമാണവും ഉണ്ട്. അതല്ലാതെ മരിച്ച ഉടനെത്തന്നെ പുനർജ്ജന്മം സിദ്ധിക്കുകയല്ല)... ബലപ്പെടുത്തുക എന്നതാകുന്നു ശ്രാദ്ധകർമ്മത്തിലൂടെ പുത്രന്മാർ നിർവ്വഹിക്കുന്നത്. അതിനാൽ ശ്രാദ്ധം അനുഷ്ഠിക്കുക എന്നത് പുത്രന്റെ കടമയാണ്. ഒരാൾ ഈശ്വരവിശ്വാസിയായാലും നിഷേധിയായാലും ശരി സുകൃതകർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതായത് ഇഷ്ടമായിരിയ്ക്കുന്ന ദേവപൂജ ചെയ്തില്ലെങ്കിലും പൂർത്തമെന്ന് അറിയപ്പെടുന്ന ലോകക്ഷേമകരങ്ങളായ പ്രവൃത്തികൾ ചെയ്തിരുന്നാലും പിതൃലോകം ഭുജിയ്ക്കാം.
No comments:
Post a Comment