ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 January 2019

ശിവമഹിമ്‌നഃ സ്‌തോത്രവും പുഷ്പദന്തന്റെകാശ്മീരി ബന്ധവും

ശിവമഹിമ്‌നഃ സ്‌തോത്രവും പുഷ്പദന്തന്റെകാശ്മീരി ബന്ധവും

ഒന്‍പതാം നൂറ്റാണ്ടില്‍കാശ്മീരില്‍ ജീവിച്ചിരുന്ന പുഷ്പദന്തനെന്ന ശൈവാഗമ സമ്പ്രദായ പ്രചാരകനാണ് ശിവമഹിമ്‌നഃ സ്‌തോത്രത്തിന്റെ രചയിതാവ് എന്ന് ഒരുവാദമുണ്ട്. മഹാപണ്ഡിതനും കവിയുമായ പുഷ്പദന്തന്‍ അനേകവര്‍ഷങ്ങള്‍ കഠിനതപം ചെയ്ത് മഹാദേവന്റെമഹിമ വര്‍ണ്ണിക്കുന്ന ശിവ മഹിമ്‌നഃ സ്‌തോത്രം രചിച്ചു. തന്റെകാവ്യ രചനയില്‍ അഭിമാനം പൂണ്ട പുഷ്പദന്തന്‍ ഉപാസനാ മൂര്‍ത്തിയായ ഭഗവാനെ സ്‌തോത്രം വായിച്ചു കേള്‍പ്പിക്കുന്നു. പക്ഷേ മഹാദേവന്‍ സംതൃപ്തനായിരുന്നില്ല. തന്റെ ഭക്തനിലുണ്ടായിരിക്കുന്ന അഹങ്കാരം നശിപ്പിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. സമീപത്തു നിന്നിരുന്ന നന്ദികേശ്വരന്റെ ദന്തങ്ങളില്‍ ഈ സ്‌തോത്രത്തിലെ ഓരോശ്ലോകവും കാട്ടിക്കൊ ടുത്ത് മഹാദേവന്‍ പുഷ്പദന്തന്റെ അഹങ്കാരം ശമിപ്പിച്ചു. സകലതും താന്‍ നേരത്തേ തീരുമാനിച്ചിരിക്കുന്നുവെന്നും പുഷ്പദന്തനും മറ്റുളളവരും തന്റെലീലയ്ക്കുളള ഉപകരണങ്ങള്‍ മാത്രമാണെന്നും ഭഗവാന്‍ അറിയിക്കുന്നു. തന്റെതെറ്റു മനസ്സിലാക്കിയ പുഷ്പദന്തന്‍ വീണ്ടും വളരെവര്‍ഷങ്ങള്‍ ശിവധ്യാനത്തോടെ കഴിയുകയും ഒടുവില്‍ ശിവലോകം പ്രാപിക്കുകയും ചെയ്തു.

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ നവമി നാളിലാണ് പുഷ്പദന്തന്‍ നിര്‍വാണം പ്രാപിച്ചത് എന്ന് കാശ്മീരിശൈവര്‍വിശ്വസിക്കുന്നു. കാശ്മീരിശൈവസമ്പ്രദായത്തില്‍ ശിവമഹിമ്‌നഃ സ്‌തോത്രത്തിന് സിദ്ധസ്‌തോത്രമെന്ന പദവി നല്‍കിയിരിക്കുന്നതിന് പുഷ്പദന്തന്റെകാശ്മീരി ബന്ധവും കാരണമാകാം. പുഷ്പദന്തന്‍ മനുഷ്യനോ, ഗന്ധര്‍വനോ, ശിവപാര്‍ഷദനോ ആരുമാവട്ടെ. ശിവമഹിമ്‌നഃ സ്‌തോത്രം ഒന്നു മാത്രം മതി അദ്ദേഹത്തിന്റെ കീര്‍ത്തി നിലനില്‍ക്കാന്‍. പദലാളിത്യവും അര്‍ത്ഥഗൗരവും ഉള്‍ക്കൊളളുന്ന ശ്ലോകങ്ങള്‍ ചേര്‍ന്ന മഹിമ്‌നഃ സ്‌തോത്രത്തിലെ 33,37,38,39 ശ്ലോകങ്ങള്‍ രചയിതാവിനേക്കുറിച്ചുളള സൂചനകള്‍ നമുക്കു തരുന്നു. 33-ാം ശ്ലോകത്തിലെ 'പുഷ്പദന്താഭിധാനോ' എന്ന പരാമര്‍ശവും, 37-ാം ശ്ലോകത്തിലെ 'കുസുമദശനനാമാ സര്‍വ്വഗന്ധര്‍വരാജഃ' എന്ന പരാമര്‍ശവും, 38-ാം ശ്ലോകത്തിലെ 'സ്തവനമിദമമോഘം പുഷ്പദന്തപ്രണീതം' എന്ന പരാമര്‍ശവും, 39-ാം ശ്ലോകത്തിലെ 'ശ്രീ പുഷ്പദന്ത മുഖ പങ്കജ നിര്‍ഗ്ഗതേന' എന്ന പരാമര്‍ശവും പുഷ്പദന്തന്‍ തന്നെയാണ് ഈ സ്‌തോത്രത്തിന്റെ രചയിതാവ് എന്ന വാദത്തെ പിന്താങ്ങുന്നുണ്ട്. ചില പുരാതന കയ്യെഴുത്തു പ്രതികളില്‍ കുമാരിലഭട്ടനാണ് (8-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം) ഈ സ്‌തോത്രം രചിച്ചതെന്ന് സൂചിപ്പിക്കുന്നുണ്ട്. ശിവഭക്തിയുടെ അത്യുല്‍കൃഷ്ടഭാവങ്ങളാണ് പുഷ്പദന്തന്‍ ഈ സ്‌തോത്രത്തില്‍ഉള്‍ക്കൊളളിച്ചിരിക്കുന്നത്. നിരവധി വ്യാഖ്യാനങ്ങള്‍ ഈ സ്‌തോത്രത്തിന് രചിക്കപ്പെട്ടിട്ടുണ്ട്. ശിവപരമായും വിഷ്ണുപരമായും അര്‍ത്ഥം വ്യാഖ്യാനിച്ച് മധുസൂദനസരസ്വതി രചിച്ച വ്യാഖ്യാനം അവയില്‍ പ്രമുഖസ്ഥാനം വഹിക്കുന്നു. മലയാളത്തില്‍ മൃഡാനന്ദസ്വാമികളുടെ പ്രൗഢവ്യാഖ്യാനം 1981 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മഹേശ്വരനില്‍ കവിഞ്ഞ ഒരുദേവനില്ല. മഹിമ്‌നഃസ്‌തോത്രത്തില്‍ കവിഞ്ഞ് ഒരുസ്‌തോത്രമില്ല (മഹേശാന്നാപരോദേവോ മഹിമ്‌നോ നാപരാ സ്തുതിഃ) എന്ന് പുഷ്പദന്തന്‍ പറയുന്നുണ്ട്. ആദ്യത്തെ 25 ശ്ലോകങ്ങളില്‍ സഗുണ രൂപനായ ശിവനും ഒടുവിലത്തെ 7 ശ്ലോകങ്ങളില്‍ നിര്‍ഗ്ഗുണ രൂപനായ ശിവനുമാണ്‌സ്തുതിക്കപ്പെടുന്നത്. തന്റെ കഴിവില്ലായ്മകളേക്കുറിച്ചും, അപരാധങ്ങളേക്കുറിച്ചുമെല്ലാം പറഞ്ഞ് ശിവനില്‍ ശരണാഗതിയടയുകയാണ് കവി. പുഷ്പദന്തനെന്ന ഗന്ധര്‍വ്വശ്രേഷ്ഠന്‍ ലഘുവല്ലാത്ത വൃത്തത്തില്‍ (ശിഖരിണി) ഭഗവാന്റെ മനോഹരമായ സ്‌തോത്രം രചിച്ചുവെന്ന് 33-ാം ശ്ലോകം സൂചിപ്പിക്കുന്നു. ശുദ്ധചിത്തനായി ഈ ശിവസ്‌തോത്രം പ്രതിദിനം പാരായണം ചെയ്യുന്നവന്‍ മരണാനന്തരം ശിവലോകത്തില്‍ രുദ്ര തുല്യനായിത്തീരും. ഇഹലോകത്തില്‍ ധനം, ആയുസ്സ്, പുത്രന്മാര്‍, കീര്‍ത്തി എന്നിവയും ലഭിക്കും (ശ്ലോകം 34). മഹേശ്വരനേക്കാള്‍ ശ്രേഷ്ഠനായ മറ്റൊരുദേവനും, മഹിമ്‌നഃസ്‌തോത്രത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ശിവസ്തുതിയും, അഘാര മന്ത്രത്തേക്കാള്‍ ശ്രേഷ്ഠമായ മന്ത്രവുംഗുരുവിനേക്കാള്‍ ശ്രേഷ്ഠമായ തത്വവും ഇല്ല എന്ന് ഉദ്‌ഘോഷിക്കുന്നതാണ് 35-ാം ശ്ലോകം. ദീക്ഷ, ദാനം, തപസ്സ്, തീര്‍ത്ഥസ്‌നാനം, ജ്ഞാനം യാഗാദി ക്രിയകള്‍ ഇവയൊന്നും മഹിമ്‌നഃസ്‌തോത്ര പാരായണത്തിന്റെ പതിനാറില്‍ ഒരംശം ഫലം പോലും നല്‍കാന്‍ പര്യാപ്തമല്ല എന്ന് ഫലശ്രുതി(36-ാം ശ്ലോകം). സ്വര്‍ഗ്ഗമോക്ഷാദികള്‍ നല്‍കുന്ന മഹാദേവനെ പൂജിച്ച് അഞ്ജലി കൂപ്പി ഏകാഗ്ര മനസ്സോടെ ഈ സ്‌തോത്രം ജപിക്കുന്നവര്‍ കിന്നരന്മാരാല്‍ വന്ദിക്കപ്പെടുന്നവനായി ശിവലോകത്തെ പ്രാപിക്കും. പുഷ്പദന്ത കവിയുടെമുഖപദ്മത്തില്‍ നിന്നും പുറപ്പെട്ട പാപഹരവും ഹരപ്രിയവുമായ ഈ സ്‌തോത്രം മനഃപാഠമാക്കുന്നതുകൊണ്ടും നിത്യപാരായണം ചെയ്യുന്നതുകൊണ്ടും വീട്ടില്‍ സൂക്ഷിക്കുന്നതു കൊണ്ടും മഹാദേവന്‍ പ്രസന്നനാകുന്നു.... 

No comments:

Post a Comment