നവകൈലാസങ്ങള്‍
പേരുകേള്‍ക്കുമ്പോള്‍ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്‌നാട്ടിലെ പ്രമുഖ ശൈവ തീര്‍ഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങള്‍. താമ്രപര്‍ണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെല്‍വേലി തൂത്തുക്കുടി ദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ഐതിഹ്യം ശിവപാര്‍വതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് വിശ്വാസം.
കൈലാസത്തില്‍ ശിവപാര്‍വതീ പരിണയമുഹൂര്‍ത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാല്‍ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവന്‍ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യര്‍വന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാര്‍കൂടം.
അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാര്‍വതീപരിണയം കാണാന്‍ പറ്റാത്തതിന്റെ വിഷമം മുനീശ്വരന്‍ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു.
അഗസ്ത്യമുനി അതിനുള്ള മാര്‍ഗം നിര്‍ദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി.
അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപര്‍ണി നദിയിലേക്കിട്ടു. ആ പൂക്കള്‍ ചെന്നുചേരുന്നിടത്ത് ശിവപാര്‍വതീപ്രതിഷ്ഠ നടത്താന്‍ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാര്‍വതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാര്‍വതീപരിണയദര്‍ശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരന്‍ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.
പാപനാശം, ചേരന്‍ മഹാദേവി, കോടകനല്ലൂര്‍, കുന്നത്തൂര്‍, മുറപ്പനാട്, തെന്‍തിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേര്‍ന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങള്‍. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശര്‍ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തില്‍ സൂര്യനാണ് ഗ്രഹം. പാപവിമോചകയായ താമരഭരണിയില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്.
ചന്ദ്രനാണ് ചേരന്‍ മഹാദേവിലെ ഗ്രഹം. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ.
കോടകനല്ലൂരില്‍ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദര്‍ശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങള്‍ മാറാനും വിശ്വാസികള്‍ ഇവിടെയെത്തുന്നു.
അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂര്‍ എന്ന ശങ്കാണിയില്‍ ഗ്രഹം രാഹുവാണ്.
മുറപ്പനാട് ക്ഷേത്രത്തില്‍ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനുമായാണ് ഭക്തര്‍ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.
തെന്‍തിരുപ്പേരൈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധന്‍ ഗ്രഹവും. വാത-പിത്ത രോഗങ്ങള്‍ മാറും.
തിരുവൈകുണ്ഡം ക്ഷേത്രത്തില്‍ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തര്‍ കൂടുതലും ഇവിടെയെത്തുന്നത്.
എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാള്‍ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്‌നങ്ങള്‍ നീങ്ങും, വിഷദോഷങ്ങള്‍ മാറും, മരണഭയം മാറും.
ചേര്‍ന്തമംഗലം ഇവിടെയാണ് രോമേശ മഹര്‍ഷിക്ക് മോക്ഷം ലഭിച്ചത്. ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാല്‍ ഒരാളുടെ ജീവിതത്തില്‍ ഇരുപതുവര്‍ഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദര്‍ശനംചെയ്താല്‍ പേരും പ്രശസ്തിയും കീര്‍ത്തിയും വര്‍ധിക്കും. കല്യാണം നടക്കാത്തവര്‍ക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം.
നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങള്‍ ഇവിടെ വലംവെക്കുമ്പോള്‍ നിങ്ങള്‍ ഈ ദേവന്‍മാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങള്‍ സ്വയം ഭ്രമണംചെയ്യുകയാണ്.
നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങള്‍ നിങ്ങളിലുമുണ്ട്. സൂര്യന്‍ ആത്മാവ്, ചന്ദ്രന്‍ മനസ്സ്, ചൊവ്വ നിര്‍വികാരത്വം, ബുധന്‍ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രന്‍ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കള്‍ നന്‍മതിന്‍മ ഭാവങ്ങള്‍ എന്നിങ്ങനെയാണ്. സൂര്യചന്ദ്രന്‍മാരും ബുധകുജന്‍മാരും ഗുരുശുക്രന്‍മാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാര്‍വതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീര്‍ഥയാത്ര
തീര്‍ഥയാത്രയിലൂടെ ആത്മായതയിലേക്കുയര്‍ത്തുന്നു.
പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതല്‍ നാലുക്ഷേത്രങ്ങളും ദര്‍ശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതല്‍ ഒമ്പതുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദര്‍ശനം നടത്താം. തിരുനെല്‍വേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലം.
No comments:
Post a Comment