ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 May 2017

ഉപവാസം എന്നത് ഒരു വ്രതമാണോ?

ഉപവാസം എന്നത് ഒരു വ്രതമാണോ?

ഹൈന്ദവാനുഷ്ഠാനങ്ങളിലും മറ്റു മത വിഭാഗങ്ങളിലും ഭാഷാദേശഭേദമന്യേ ആചരിച്ചു വരുന്ന വ്രതമാണ് ഉപവാസം. ഉപവാസമെന്നത് വ്രതാനുഷ്ഠാനത്തിന്‍റെയും മറ്റും ഭാഗമായി പൂര്‍ണ്ണമായോ ഭാഗികമായോ ജലവും അന്നവും ഉപേക്ഷിച്ചുകൊണ്ടുള്ള ധ്യാനമാണ്. യാഗഹോമാദിപൂജകളിലും പുണ്യതിഥികളിലും ഉപവാസം ആവശ്യമാണ്‌. ഉപനയനാദി കര്‍മ്മങ്ങളിലും ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.

സമയം തെറ്റിയുള്ള ആഹാരക്രമവും ക്രമാതീതമായ ഭക്ഷണ രീതിയും വ്യായാമമുറകൾ ഇല്ലാത്ത ദിനചര്യയും പഥ്യമല്ലാത്ത ഭക്ഷണച്ചേരുവകളും മൂലം ദഹനക്കേടും മറ്റു പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകും. പലപ്പോഴും ഭക്ഷണത്തെക്കാൾ മരുന്നുകൾക്കു ശരീരം വഴങ്ങേണ്ടിവരുന്ന അവസ്ഥ.എല്ലാ രോഗങ്ങളുടെയും ഉദ്ഭവസ്ഥാനം വയറാണെന്നാണു പഴമക്കാർ പറയാറുള്ളത്.

വയറ്റിൽ അടിഞ്ഞുകൂടുന്ന മാലിന്യം എത്രയും വേഗം ദഹിപ്പിച്ച് ആരോഗ്യത്തെ സംരക്ഷിക്കേണ്ടതിനുള്ള ഏളുപ്പമാർഗമാണ് ഉപവാസം. ഒരു പക്ഷേ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാനും കൂടിയാകണം പൂർവികർ വ്രതമനുഷ്ഠിക്കാൻ തുടങ്ങിയത്. ആഴ്ചകളിലെ ദിവസങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഒരു നേരം ഭക്ഷണം കഴിച്ചുകൊണ്ടുള്ള തിങ്കളാഴ്ച വ്രതം, ശനിയാഴ്ച വ്രതം, വ്യാഴാഴ്ച വ്രതം, ഷഷ്ഠി, പ്രദോഷം മുതലായവയും ആചരിക്കാം. ഒരു ദിവസം മുഴുവൻ പട്ടിണി കിടക്കേണ്ട ഏകാദശി, ശിവരാത്രി വ്രതങ്ങളുമുണ്ട്. ഇവയിലേതായാലും ഇതിലൂടെ നമ്മൾ കൈവരിക്കുന്നത് ഈശ്വരപ്രീതിയും ശരീരപരിരക്ഷയുമാണ്.

ഹിന്ദുമതത്തില്‍ ധാരാളം വൃതങ്ങളെയും ഉപവാസങ്ങളെയും കുറിച്ച്‌ പറയുന്നുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ എടുക്കുന്നത് സോമവാര വൃതം ആണെന്ന് തോന്നുന്നു ഇഷ്ട ഭര്‍ത്താവിനെ കിട്ടാന്‍ കന്യകമാരും സുദീര്‍ഘമായ ദാമ്ബത്യത്തിന് വിവാഹിതരായ സ്ത്രീകളും സോമവാര വൃതം നോക്കാറുണ്ട്. പിന്നെ ശിവരാത്രി വൃതം, പ്രദോഷ വൃതം, ഏകാദശി വൃതം, വ്യാഴാഴ്ച വൃതം ഇവയൊക്കെ ഇവയൊക്കെ പ്രസിദ്ധങ്ങളാണല്ലോ.

ശിവപ്രീതിക്കുള്ള എട്ട് വ്രതങ്ങളെ കുറിച്ച്‌ പറയുന്നത് ഇങ്ങനെയാണ്,
1 ശിവരാത്രി വ്രതം
2 സോമവാര വ്രതം
3 തിരുവാതിര വ്രതം
4 കേദാരഗൌരി വ്രതം
5 പാശുപത വ്രതം
6 ഉമാമഹേശ്വര വ്രതം
7 അഷ്ടമി വ്രതം
8 കല്യാണസുന്ദര വ്രതം.

ഇതിനെ അഷ്ടവൃതങ്ങള്‍ എന്ന് പറയുന്നു. ചില വൃതങ്ങള്‍ ജലപാനം പോലുമില്ലാത്ത, ക്ഷേത്രങ്ങളിലെ തീര്‍ത്ഥം പോലും സേവിക്കാതെ കഠിനവൃതങ്ങള്‍ ആകുമ്ബോള്‍ അത്ര തന്നെ കഠിനമല്ലാത്ത വൃതങ്ങളുമുണ്ട്. 'ഒരിക്കല്‍' എന്ന് പറയുന്നത് ഒരുനേരം മാത്രം ലഘുവായ ആഹാരങ്ങള്‍ കഴിക്കാവുന്ന വൃതങ്ങളെയാണ്. ക്ഷേത്രത്തില്‍ നിവേദിച്ച പഴം, കരിക്ക്, പാല്‍ എന്നിവ മിതമായി ഒരുനേരം മാത്രം കഴിച്ച്‌ വൃതം എടുക്കുന്നവരുമുണ്ട്. അതുപോലെ ശബരിമല ദര്‍ശനത്തിനുള്ള വൃതം എന്നത് ആഹാരം വര്‍ജ്ജിക്കുക എന്നതല്ല, മിതമായ സസ്യാഹാരം മാത്രം കഴിച്ചു 41 ദിവസത്തെ വൃതാനുഷ്ട്ടാനത്തോടെയാണ് ശബരിമല ദര്‍ശനം നടത്തേണ്ടത് ഇന്ന് പലരും പത്തും, പതിനഞ്ചും ദിവസം മാത്രം വൃതമെടുത്ത് ദര്‍ശനം നടത്തുന്നത് കാണാറുണ്ട് ഇതിന്‍റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. പല ശുഭ പ്രവര്‍ത്തികളും ചടങ്ങുകളും ആരംഭിക്കുന്നതിനുമുന്‍പ് പണ്ടുള്ളവര്‍ വ്രതം നോറ്റിരുന്നു. ക്ഷേത്രങ്ങളിലെ പ്രതിഷ്ടാ കര്‍മ്മങ്ങള്‍ക്ക് മുന്നേ ആചാര്യന്മാര്‍ വൃതം എടുക്കാറുണ്ട്, ഉപനയനത്തിന് മുന്നേയും വൃതം എടുക്കുന്നത് പതിവാണ്, തെയ്യം കെട്ടുന്നവര്‍, വെളിച്ചപ്പാട് തുടങ്ങിയവരും വ്രതമെടുക്കും. വിവാഹം, രാജ്യാഭിഷേകം തുടങ്ങിയവക്ക് മുന്‍പ് യുദ്ധത്തിന്നു മുന്നേ 41 ദിവസം വരെ നമ്മുടെ രാജാക്കന്മാരും വടക്കന്‍പാട്ടിലെ വീരനായകന്മാരും വൃതമെടുത്തിരുന്നതായി വായിച്ചതോര്‍ക്കുന്നു. നമ്മുടെ പൂര്‍വ്വികരായ യോഗികള്‍ വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് ഉപവാസം എന്നകാര്യത്തില്‍ തര്‍ക്കമില്ല കാരണം ഉപവാസത്തിന്‍റെ ആത്മീയപരമായ ഗുണത്തെ പോലെ തന്നെ ഭൌതികമായ നേട്ടങ്ങളും നിസ്സാരമല്ല എന്ന് ആധുനിക ശാസ്ത്രം തെളിയിച്ചിട്ട് കാലങ്ങള്‍ ഏറെ ആയി. നാം ദിവസേന ഒരു നിശ്ചിത സമയം ഉറങ്ങുന്നുണ്ട് അതുകൊണ്ട് പഞ്ചേന്ദ്രിയങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്നാല്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്ന ആന്തരികാവയവങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കുന്നതിന് ഉപവാസം പോലെ ഗുണം ചെയ്യുന്ന മറ്റൊന്നില്ല എന്ന് പറയാം, അല്‍പ്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ഉപവാസം യഥാവിധി അനുഷ്ഠിക്കുകയാണെങ്കില്‍ അത് പ്രധാനമായും ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന വിഷാംശങ്ങളെ അകറ്റി ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശം, പാന്‍ക്രിയാസ്, ആമാശയം എന്നീ ആന്തരികാവയവങ്ങള്‍ക്ക് ഉപവാസം മൂലം കൂടുതല്‍ പ്രവര്‍ത്തനശേഷി കൈവരുന്നു. കൂടാതെ ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പ്, രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നതിനും ഉപവാസം മൂലം കഴിയുന്നു. 

ഉപ” എന്ന പദത്തിന്റെ അര്‍ത്ഥം “അടുത്ത്” എന്നാണ്. ഉപവനം, ഉപനയനം, ഉപയോഗം തുടങ്ങിയവയുടെ അര്‍ത്ഥം നോക്കുക. ഉപവാസം എന്നതിന് അടുത്ത് വസിക്കുക എന്നാണ് അര്‍ത്ഥം.

എന്തിന്റെ അടുത്ത്? നമ്മുടെ സ്വന്തം ശരീരത്തിന്‍റെ—മനസ്സിന്‍റെ—ഈശ്വരന്‍റെ—അടുത്ത്.

അതായത് ശരീരത്തിനും മനസ്സിനും, ഉണര്‍ന്നിരുന്നു കൊണ്ട് – ഈശ്വരധ്യാനത്തിലൂടെ സമ്പൂര്‍ണ്ണ വിശ്രമം. അതാണ് ഉപവാസം എന്നതിന് അര്‍ത്ഥം. എന്നും ഓടികൊണ്ടിരിക്കുന്ന വാഹനം ഒരു ദിവസം maintenance-ന് വര്‍ക്ക്ഷോപ്പിള്‍ ഇടുന്നത് പോലെ, മാസത്തില്‍ ഒരു ഉപവാസം ശരീരത്തിന് ഉത്തമമാണ്.

ഉപവാസത്തിന് ആഹാര നിയന്ത്രണം വച്ചിരിക്കുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.

1)      ശരീരത്തില്‍ ശേഖരിക്കപെട്ടുവച്ചിരിക്കുന്ന അധികഊര്‍ജവും മറ്റും ഈ ദിവസം ശരീരം തനിയെ എടുത്തു ഉപയോഗിച്ചുകൊള്ളും.

2)      നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരവും മനസ്സും ചിന്തകളും എല്ലാമായി മാറുന്നതാണ്. അതുകൊണ്ട്തന്നെ

“അന്നം ന: നിന്ദ്യാദ്”

എന്ന് പറയപ്പെട്ടിരിക്കുന്നു. ആഹാരത്തെ നിന്ദിക്കരുത്. പ്രാര്‍ഥനാപൂര്‍വ്വം ആണ് ആഹാരം കഴിക്കേണ്ടത്‌.

ആഹാരരീതികള്‍ ജീവജാലങ്ങളുടെ സ്വഭാവം രൂപികരികുന്നതില്‍  പരമപ്രധാന പങ്കു വഹിക്കുന്നു. ഉപവാസദിവസങ്ങളില്‍ ആഹാര നിയന്ത്രണം വയ്ക്കുമ്പോള്‍ മനസ്സ് ശാന്തമായിരിക്കുകയും ശരീരത്തിന് വിശ്രമം ലഭിക്കുകയും ചെയ്യും.

എല്ലാ വ്രതങ്ങളും ഉപവാസമായി ആചരിക്കുവാന്‍ തക്കവിധമുള്ളതാണ്.

No comments:

Post a Comment