ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 May 2017

ദുര്യോധനനും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

ദുര്യോധനനും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

ദുര്യോധനൻ, മഹാഭാരതത്തിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രം. അധർമ്മത്തിന്റെ പര്യായമെന്ന് പേരുകേട്ടവൻ. എക്കാലവും പാണ്ഡവരാൽ അപമാനിക്കപ്പെടുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്തവൻ. രാജ്യവകാശം വിട്ടുകൊടുക്കാത്തതിനാൽ സംഭവിച്ച മഹായുദ്ധത്തിൽ അഞ്ച് തലമുറകളിലെ ബന്ധുക്കളെയും നഷ്ടപ്പെട്ടവൻ. ഭീമസേനന്റെ ആക്രമണത്തിൽ തുടയെല്ല് തകർന്ന് മരിക്കാൻ വിധിക്കപ്പെട്ടവൻ. മഹാഭാരതത്തിൽ ഏറ്റവും നികൃഷ്ടനായി അവതരിപ്പിക്കപ്പെടുന്ന അതേ ദുര്യോധനൻ ആരാധനാ മൂർത്തിയായ ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ, പോരുവഴി പെരുവിരത്തി മലനട ക്ഷേത്രം. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലാണ് ഈ ദുര്യോധനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരുവിരുത്തി മലനട ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമാണ്.

ശ്രീകോവിലോ വിഗ്രഹമോ ഇവിടെയില്ല. ആരാധനാമൂർത്തിയുടെ പ്രതീകമായി ആകെയുള്ളത് കെട്ടിയുയർത്തിയ ഒരു കൽത്തറ മാത്രം. ദുര്യോധനൻ എന്നല്ല മലനട അപ്പൂപ്പനെന്നാണ് ഇവിടെ ആരാധനമൂർത്തിക്ക് പേര്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിശ്ചയിക്കുന്നത് ഏഴു കരകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്.

ക്ഷേത്രോല്പ്പത്തിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്.

ശകുനി പാണ്ഡവരെ കൊല്ലാന്‍ അരക്കില്ലം പണിത കഥ മിക്കവര്‍ക്കും അറിയാം . കോലരക്ക് കൊണ്ടാണ് ആ കെട്ടിടം പണിതത്. മൃഗത്തിന്‍റെ നെയ്യില്‍ മുക്കിയ തുണി പലയിടത്തും തിരുകി വെച്ചിരുന്നു. അതു മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. പെട്ടന്ന് തീ പിടിക്കാവുന്ന ഒരുപാട് വസ്തുക്കള്‍ അവിടെ ഉണ്ടായിരുന്നു. വാരണാവതം എന്ന സ്ഥലത്ത് ആയിരുന്നു അത്. അവിടെ ഒരു ഗംഭീര കൊട്ടാരമായിട്ട് തന്നെയാണ് ഇതു പണിതത്. പക്ഷേ പണിതതു മുഴുവന്‍ അരക്കും പെട്ടന്ന് തീ പിടിക്കാവുന്ന വസ്തുക്കളും കൊണ്ടാണെന്നു മാത്രം. ശകുനിയുടെ സുഹൃത്തും മന്ത്രിയുമായ പുരോചനന്‍ ആയിരുന്നു ഇതിന്‍റെ ചുക്കാന്‍ പിടിച്ചത്.

എന്നാല്‍ വാരണാവതത്തില്‍ കൊട്ടാരം പണിയുന്നുവെന്നും അവിടെ പാണ്ഡവര്‍ താമസിക്കുവാന്‍ പോകുന്നുവെന്നും വിദുരര്‍ അറിഞ്ഞത് വളരെ താമസിച്ചാണ്. യാത്ര ചോദിക്കുവാന്‍ യുധിഷ്ടിരന്‍ വന്നപ്പോള്‍ അദ്ദേഹം "എന്തും മണത്തു നോക്കുവാന്‍" പറഞ്ഞു. കൊട്ടാരത്തിലെത്തിയ രാത്രി തന്നെ യുധിഷ്ടിരനും സഹോദരങ്ങളും ആപത്ത് മണത്തറിഞ്ഞു. അരക്കിന്‍റെ മണം സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു മറച്ചിരിക്കുന്നു.

വിവരമറിഞ്ഞു വിദുരര്‍ അയച്ച ഖനകന്‍ എന്ന ശില്‍പി വന്ന് ആ കൊട്ടാരത്തില്‍ നിന്നും കാട്ടിലേയ്ക്ക് ഒരു തുരങ്കം നിര്‍മ്മിച്ചു. അതു പണി തീര്‍ന്ന അന്നു രാത്രിയില്‍ അവിടെ ഒരമ്മയും അഞ്ചു മക്കളും വിശന്നു വലഞ്ഞെത്തി. കാട്ടു ജാതിക്കാര്‍ ആയിരുന്നു അവര്‍. കുന്തിയുടെ ബുദ്ധി ഉണര്‍ന്നു. അവരെ മദ്യം കൊടുത്തു സല്‍ക്കരിക്കുവാന്‍ ഭീമനെ ഏര്‍പ്പെടുത്തി.

അവര്‍ മദ്യലഹരിയില്‍ തളര്‍ന്നു മയങ്ങിയെന്നുറപ്പായപ്പോള്‍ കുന്തി മക്കളെ വിളിച്ചു തുരങ്കത്തിലൂടെ രക്ഷപ്പെടുവാന്‍ ആവശ്യപ്പെട്ടു. ഭീമന്‍ അരക്കില്ലത്തിനു തീ കൊളുത്തി. കാട്ടു ജാതിക്കാരായ അമ്മയും അഞ്ചു മക്കളും അരക്കില്ലം പണിത പുരോചനനും തീയില്‍ പെട്ടു വെന്തു മരിച്ചു.

പാണ്ഡവരും കുന്തിയും മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ കാട്ടിലെ ശക്തനായ ഹിഡുംബനെ ആരൊ കൊന്നുവെന്നും അവന്‍റെ സഹോദരിയെ ഗര്‍ഭിണിയാക്കിയെന്നും അറിഞ്ഞപ്പോള്‍ മുതല്‍ ദുര്യോധനനു ഒരു സംശയം. ദുര്യോധനന്‍ ഒറ്റയ്ക്ക് കാര്യം തിരക്കാന്‍ കാടുകയറി. ഹിഡുംബന്‍റെ പെങ്ങള്‍ ഹിഡുംബി ഒരു യുവാവുമായി കറങ്ങുന്ന കാര്യം പലരും പറഞ്ഞു അറിഞ്ഞു ആ വഴിയേ നടന്നു. പക്ഷേ ഹിഡുംബിയുടെ വിശ്വസ്തര്‍ നെയ്ത മായാ വലയില്‍ കുടുങ്ങിയ ദുര്യോധനനു വഴി തെറ്റി. ആകെ തളര്‍ന്നു ഒരു സ്ഥലത്ത് തളര്‍ന്നിരിപ്പായി. അവിടെ കളിക്കുവാന്‍ വന്ന കുറവക്കുട്ടികള്‍ വീട്ടില്‍ ചെന്നു അവിടെ "ഒരു മലയപ്പൂപ്പന്‍" വന്നിരുപ്പുണ്ടെന്നു പറഞ്ഞു. അവര്‍ വന്നു നോക്കിയപ്പോള്‍ ദുര്യോധനന്‍ തളര്‍ന്നു ഇരിക്കുന്നു. ആ കുറവന്‍മാര്‍ തളര്‍ച്ചയകറ്റാന്‍ ദുര്യോധനനു കള്ളും ചാരായവും കൊടുത്തു, തിന്നാന്‍ കോഴി, അതു കഴിഞ്ഞു മുറുക്കാന്‍ വെറ്റില. മാറിയുടുക്കാന്‍ ചുവന്ന പട്ട്. തിരിച്ചു നാട്ടിലെത്തിയ ദുര്യോധനന്‍ അവരെ മറന്നില്ല. കയ്യയച്ചു സഹായിച്ചു ആ കുറവന്‍മാരെ.

ആ കുറവന്‍മാരും അദ്ദേഹത്തെ മറന്നില്ല. ദുര്യോധനനെ സങ്കല്‍പ്പിച്ചു അവര്‍ അദ്ദേഹത്തിനു ഒരു ക്ഷേത്രം ഉണ്ടാക്കി. ഇവിടെ ശ്രീകോവില്‍ ഇല്ല . പ്രധാന വിഗ്രഹവും ഇല്ല. കാലക്രമേണെ ദുശ്ശള, ഭീഷ്മര്‍, കര്‍ണ്ണന്‍ , ശകുനി എന്നിവര്‍ക്കും ആ അമ്പലത്തില്‍ സ്ഥാനം ലഭിച്ചു.

അതാണ് കൊല്ലം ജില്ലയിലെ മലനട ദുര്യോധന ക്ഷേത്രം . കൊല്ലം പത്തനംതിട്ട ജില്ലകളിലെ മലവാസികളുടെ 101 അമ്പലങ്ങളുടെ മൂലസ്ഥാനം ഈ അമ്പലമാണെന്നും പറയുന്നു.

മലക്കുട മഹോത്സവം

മീനമാസത്തിലാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം. ഉത്വനാളുകളിലെ കെട്ടുകാഴ്ചകളിൽ പ്രധാനം കാളയും എടുപ്പുകുതിരയുമാണ്. എടുപ്പുകുതിരകളെയുമെടുത്ത് കുന്നിൻമുകളിലൂടെ വലംവയ്ക്കുന്നത് പ്രധാന ഉത്സവചടങ്ങാണ്. ഓലക്കുട ചൂടി ഒറ്റക്കാലിൽ ഉറഞ്ഞുതുള്ളിയെത്തുന്ന ക്ഷേത്രപൂജാരി താഴേക്ക് ഇറങ്ങി ചെന്ന് കെട്ടുകാഴ്ചകളെ അനുഗ്രഹിക്കും.

പള്ളിപ്പാന
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനയും പ്രസിദ്ധമാണ്. ചൂരൽവള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്ത് ഉരുളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ് അനുസ്മരിക്കുന്നത്.

മലനട അപ്പൂപ്പന്റെ കള്ള് നിവേദ്യം

ശിവശക്തി സ്വയംഭൂവായ മലനടക്ഷേത്രത്തിൽ നടക്കുന്നത് ഊരാളി പൂജയാണ്. പ്രഭാതമായാൽ ഊരാളി അടുക്കുവച്ച് ആരാധിക്കുന്നു. അടുക്കെന്നാൽ വെറ്റിലയും പുകയിലയും പാക്കുമാണ്. കലശത്തിനായി ഇന്നും ഉപയോഗിക്കുന്നത് കള്ളാണ്. ഭക്തർക്ക് തീർഥത്തിന് പകരം നൽകുന്നതും കള്ള് തന്നെ. പ്രസാദം ഊട്ടായി കഞ്ഞിവീഴ്ത്തുമുണ്ട്. പട്ട് കറുപ്പ് കച്ച, കോഴി എന്നിവയും നേർച്ചയായി സമർപ്പിക്കുന്നു.

No comments:

Post a Comment