ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 May 2017

ദീപാരാധന

ദീപാരാധന

പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന.

ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു.

ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

അലങ്കാര ദീപാരാധന
രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.

ഉഷപൂജാ ദീപാരാധന
ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

എതൃത്തപൂജാ ദീപാരാധന
ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.

പന്തീരടിപൂജാ ദീപാരാധന
പന്തീരടി പൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ  സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.

ഉച്ചപൂജാ ദീപാരാധന
ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.

സന്ധ്യാ ദീപാരാധന
സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജാ ദീപാരാധന
അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌.  ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്. എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല. ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ആ തിരുമേനി പ്രാര്‍ഥിക്കുന്നു...

""ധ്രുവാദ്ധ്യഔഹു..
ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

"ധ്രുവാ പ്രിഥ്വി"
ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ ."
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"
ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"ധ്രുവോ രാജാ വിശാമയം"
നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"
മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"
ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"
ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം ....

"രാഷ്ട്രം ധാരയതാം ധ്രുവം."
എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!
എത്ര മനോഹരമായ ചിന്താധാരയാനെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്
"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

No comments:

Post a Comment