ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2017

അഷ്ടാംഗ യോഗ

അഷ്ടാംഗ യോഗ ഏറ്റവും ലളിതമായ ചിത്രീകരണം

അഷ്ടാംഗ യോഗ എന്നാല്‍ എട്ട് അംഗങ്ങളുടെ യോഗ എന്നാണര്‍ത്ഥം. യോഗയുടെ ഈ എട്ട് അംഗങ്ങള്‍
1. യമ
2. നിയമ
3. ആസന
4. പ്രാണായാമ
5. പ്രത്യാഹാര
6. ധാരണ
7. ധ്യാന
8. സമാധി
എന്നിങ്ങനെ അറിയപ്പെടുന്നു.

1. നിയമ എന്ന് വച്ചാല്‍ -  

എന്തു ചെയ്യണം, എന്ത് ചെയ്യേണ്ട എന്നതാണ്. ഒരാളുടെ ആത്മീയ സാധ്യതയ്ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ എന്താണ് ചെയ്യേണ്ടത്? അതുപോലെതന്നെ ഏതു തരത്തിലുള്ള പ്രവൃത്തികളാണ് കുടുക്കോ തടസ്സമോ ആയി മാറുക എന്നതെല്ലാം അയാള്‍ അറിഞ്ഞിരിക്കേണ്ടതായുണ്ട്? തന്റെ ആത്യന്തിക പ്രകൃതം കണ്ടെത്താന്‍ അന്വേഷിക്കുന്ന (അന്വേഷി) ഒരാള്‍, തന്റെ പരിമിതികള്‍ക്കപ്പുറം പോകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍, ചെയ്യാവുന്നതും അരുതാത്തതും ആയ ഈ ചെയ്തികള്‍ വേര്‍തിരിച്ചു മനസ്സിലാക്കിയിരിക്കണം.

മനുഷ്യപ്രകൃതത്തിന് സ്വാഭാവികമായി എന്തു ചെയ്യണം, എന്തു ചെയ്യണ്ട എന്നതറിയാം. നിങ്ങളിലെ ഈശ്വരത്വം മുന്‍നിരയിലെത്തിയിട്ടുണ്ടെങ്കില്‍, അതായത്, നിങ്ങളിലെ മനുഷ്യപ്രകൃതി കവിഞ്ഞൊഴുകി, ഈശ്വരത്വം പ്രകടമായിക്കഴിഞ്ഞാല്‍, എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്ന്! പറഞ്ഞുതരേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കതറിയാനാകും.

2. യമങ്ങള്‍  അഹിംസ -

എല്ലാ ജീവജാലങ്ങളോടുമുള്ള സ്‌നേഹം.  സത്യം - സംസാരത്തിലും പ്രവൃത്തിയിലും സത്യത്തോടുള്ള പ്രതിബദ്ധത.  ആസ്‌തേയ - അന്യന്റെ മുതല്‍ സ്വന്തമാക്കാതിരിക്കുക  ബ്രഹ്മചര്യം -  ബ്രഹ്മത്തെ ചരിക്കുക, ജ്ഞാനം സമ്പാദിക്കുക  അപരിഗ്രഹത  ധനം സമ്പാദിക്കുവാനും ശേഖരിച്ചുവയ്ക്കുവാനും ആഗ്രഹമില്ലാതിരിക്കുക. നിയമങ്ങള്‍ ശൗച - ശുദ്ധിയും വൃത്തിയും (ആന്തരികവും ബാഹ്യവും)  സന്തോഷം - ആനന്ദം.  തപസ് - സാധന.  ഈശ്വരപ്രാര്‍ത്ഥന  എല്ലാ പ്രവൃത്തികളും ഗുരുവിന്റെ അല്ലെങ്കില്‍ ഈശ്വരന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക.  സ്വാധ്യായ - ധ്യാനം.

3. ആസന

യോഗയുടെ മൂന്നാം അംഗം. നിങ്ങളുടെ ശരീരത്തെ അനവധി സ്ഥിതികളില്‍ വിന്യസിക്കാന്‍ സാധിക്കും. ഇവയില്‍ ചില സ്ഥിതികളെ യോഗ ആസനകള്‍ അഥവാ യോഗാസനകള്‍ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളെ ഉയര്‍ന്ന അവബോധത്തിലോ ഉയര്‍ന്ന തലത്തിലോ കൊണ്ടുപോകുന്ന പ്രക്രിയയെയാണ് യോഗ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ കടന്നു പോകുന്ന വിവിധ തരത്തിലുള്ള മാനസികവും വൈകാരികവുമായ സ്ഥിതിവിശേഷങ്ങള്‍ അഭിമുഖീകരിക്കാന്‍ എന്നവണ്ണം ശരീരം നിങ്ങളറിയാതെതന്നെ പ്രത്യേകതരം ചില അംഗവിന്യാസങ്ങള്‍ പ്രകടിതമാക്കുന്നു. സന്തോഷവാനാണെങ്കില്‍, മനോവിഷമം അനുഭവിക്കുമ്പോള്‍, സമാധാനത്തിലിരിക്കുമ്പോള്‍, ദേഷ്യത്തിലാണെങ്കില്‍ ഒക്കെ ശരീരഘടന ഓരോ തരത്തിലായിരിക്കും. പലപ്പോഴും, ഒരാള്‍ ഏതു മാനസികസ്ഥിതിയിലാണെന്നത് അയാളിരിക്കുന്നതും, നില്‍ക്കുന്നതുമായ ആംഗ്യഭാഷ നിരീക്ഷിച്ചു നിങ്ങള്‍ക്ക് പറയാനാകും. 

ഇതടിസ്ഥാനമാക്കി, അതേ സമയം ഇതിനു തികച്ചും വിപരീതമായാണ് ആസനകളുടെ ശാസ്ത്രം രചിച്ചിട്ടുള്ളത്. ബോധപൂര്‍വ്വം ശരീരത്തെ ഒരു പ്രത്യേക സ്ഥിതിയിലാക്കിക്കൊണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ ബോധതലത്തെ ഉയര്‍ത്താനാകും, ജീവിതത്തെ ഗ്രഹിക്കുകയും, ചിന്തിക്കുകയും, മനസ്സിലാക്കുകയും, അനുഭവിക്കുകയും ചെയ്യുന്ന രീതിതന്നെ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും. അത്രയും ആഴത്തിലുള്ള ശാസ്ത്രമാണ് യോഗ. 

ആസന ഒരു വ്യായാമമല്ല, ശരീരത്തെ ഉയര്‍ന്ന സാധ്യതകളിലേക്കു കുഴച്ചെടുക്കുന്ന ഒരു പ്രക്രിയയാണ്. വീട്ടില്‍ ബ്രെഡ് ഉണ്ടാക്കുകയാണെങ്കില്‍, നിങ്ങള്‍ ഉണ്ടാക്കുന്ന ബ്രെഡ് എങ്ങനെയുള്ളതെന്ന്! തീരുമാനിക്കുന്നത് എത്ര കാര്യക്ഷമതയോടുകൂടി നിങ്ങള്‍ മാവ് കുഴച്ചെടുത്തു എന്നതിനെ ആശ്രയിച്ചിരിക്കും. അതേപോലെതന്നെ, ഒരു കട്ട കളിമണ്ണുകൊണ്ട് ഒരു കുടം ഉണ്ടാക്കുന്നവന് കളിമണ്ണ് കുഴയ്ക്കുന്നത് എത്ര പ്രധാനമാണെന്ന് അറിയാം. 

ആസനകള്‍ ഊര്‍ജ്ജത്തെ ഒരു പ്രത്യേക ദിശയിലേക്ക് തിരിച്ചുവിടുന്ന വളരെ സൂക്ഷ്മമായ പ്രക്രിയയാണ്. അത് ഒരു പ്രത്യേക തലത്തിലുള്ള ഉണര്‍വോടുകൂടിയാണ് ചെയ്യേണ്ടത്. ആസനകളെ വേണമെങ്കില്‍ വെറും ശാരീരികമായ വ്യായാമമായി കാണാം, അതല്ലെങ്കില്‍, കൂടുതല്‍ ആഴത്തില്‍  ശ്വാസത്തെക്കുറിച്ച് ബോധവാന്മാരായോ, നാഡികളെക്കുറിച്ച് ബോധവാന്മാരായോ അതുമല്ലെങ്കില്‍ ശരിയായ മന്ത്രങ്ങളുപയോഗിച്ചോ പ്രാക്ടീസ് ചെയ്യാം. കൈയും കാലും അനക്കാതെ ഇന്ദ്രിയങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടും ആസന പ്രാക്ടീസ് ചെയ്യാം. 

4. പ്രാണായാമം 

നാലാമത്തെ തലമാണ് പ്രാണായാമം എന്നറിയപ്പെടുന്നത്. നമ്മള്‍ യോഗയുടെ ഈ എട്ട് അംഗങ്ങളെക്കുറിച്ച് പറയുമ്പോള്‍, യോഗയുടെ ആദ്യത്തെ മൂന്ന്! അംഗങ്ങളെ യോഗയുടെ അഗ്‌നി ഭാവങ്ങളാണെന്ന് പരാമര്‍ശിച്ചു കാണുന്നു; അവസാനത്തെ നാലെണ്ണത്തിനെ പ്രകാശ ഭാവങ്ങളെന്നും പറയപ്പെടുന്നു. പ്രാണായാമത്തെ അഗ്‌നിയുടെയും, പ്രകാശത്തിന്റെയും പാതയായി പരാമര്‍ശിക്കപ്പെടുന്നു. ശുദ്ധീകരിക്കുന്ന എല്ലാറ്റിനെയും അഗ്‌നിയായി കണക്കാക്കപ്പെടുന്നു; അറിവ് നല്‍കുന്ന എന്തിനെയും പ്രകാശമെന്ന് കണക്കാക്കപ്പെടുന്നു. പ്രാണായാമം അഗ്‌നിയും പ്രകാശവുമാണ്; അത് ശുദ്ധീകരിക്കുകയും, പ്രബോധിപ്പിക്കുകയും ചെയ്യുന്ന സ്വഭാവമുള്ളതാണ്.

5. പ്രത്യാഹാരാ

മുമ്പത്തേതില്‍നിന്നും വ്യത്യസ്തമായി ഇന്നത്തെ മനുഷ്യരെ സംബന്ധിച്ചടത്തോളം പ്രത്യാഹാരയാണ് ഏറ്റവും പ്രധാനപ്പെട്ടത്. പ്രത്യാഹാരയുടെ അര്‍ത്ഥം ഉള്ളിലേക്ക് തിരിയുക എന്നാണ്, നിങ്ങളുടെ ശ്രദ്ധയെ പുറംലോകത്തില്‍ നിന്നെടുത്ത് ഉള്ളിലേക്ക് തിരിക്കുക. ഈ തലമുറയിലെ ജനങ്ങള്‍ക്കുള്ളയത്രയും ശ്രദ്ധപതറല്‍ ചരിത്രത്തില്‍ ഏതു യുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ക്കും ഉണ്ടായിരുന്നിരിക്കാനിടയില്ല.

നിങ്ങള്‍ പ്രകൃതിയുമായി ചേര്‍ന്നു ജീവിച്ചിരുന്ന കാലത്ത് വര്‍ണ്ണങ്ങളുടെ നിറക്കൂട്ട് കാണണമെന്നാഗ്രഹമുണ്ടായിരുന്നെങ്കില്‍, വെളുപ്പിനെയോ, സന്ധ്യനേരത്തോ പുറത്തുപോയി സൂര്യോദയമോ, സൂര്യാസ്തമനമോ ഒരു മണിക്കൂര്‍നേരം നോക്കിയിരിക്കേണ്ടി വന്നേനെ. അതാസ്വദിക്കാനുള്ള ക്ഷമയും സമയവും നിങ്ങള്‍ കണ്ടെത്തിയേനെ. 

ഇന്ന്, നിങ്ങള്‍ ടെലിവിഷനു മുന്നില്‍ ഇരിക്കുമ്പോള്‍, ഒരായിരം  വര്‍ണ്ണങ്ങളുടെ നിറക്കാഴ്ച നിങ്ങളുടെ കണ്‍മുന്നിലൂടെ പായുകയാണ്. മുമ്പൊരിക്കലും മനുഷ്യന്റെ ഇന്ദ്രിയങ്ങളെ ഇന്നത്തെപ്പോലെ ബാഹ്യമായ ഉത്തേജിതങ്ങളാല്‍ പ്രകോപിപ്പിക്കപ്പെട്ടിട്ടില്ല. തെറ്റോ, ശരിയോ, ആധുനിക സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവന്നു.

അമിതതോതിലുള്ള ഉത്തേജനം പുറംലോകത്തുള്ളപ്പോള്‍, അതില്‍നിന്നും നിങ്ങളുടെ ശ്രദ്ധയെ എടുത്ത്, കണ്ണുകളടച്ച്, ഉള്ളിലേക്ക് തിരിയുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. മനസ്സിനെയും ബുദ്ധിയേയും ഭ്രമിപ്പിക്കുന്ന ഇക്കണ്ട വകഭേദങ്ങളില്‍ നിന്നെല്ലാം ശ്രദ്ധ തിരിച്ച് ഉള്ളിലേക്ക് തിരിയുന്നത് നിങ്ങള്‍ക്ക് സ്വമേധയാ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല, കാരണം ഉള്ളിലേക്ക് തിരിഞ്ഞുനോക്കുവാന്‍ ഒന്നുമില്ല എന്നതുതന്നെ.

നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരേയൊരുകാര്യം പുറത്തോട്ടുള്ള ശ്രദ്ധ കുറയ്ക്കുക എന്നതാണ്. പ്രത്യാഹാര എന്നാല്‍ ഉള്ളിലേക്ക് തിരിയുക എന്നാണ്. അത് സാധ്യമല്ലാത്തതുകൊണ്ട് പുറത്തേക്കുള്ള ഒഴുക്ക് കുറയ്ക്കാന്‍ ശ്രമിക്കുക.

ഒരു കാര്യം മനസ്സിലാക്കേണ്ടതായുണ്ട്, നിങ്ങള്‍ക്ക് എന്തെങ്കിലും നിരീക്ഷിക്കണമെങ്കില്‍, കുറച്ച് ഊര്‍ജ്ജം പുറത്തേക്കുവിടണം, അല്ലെങ്കില്‍ അത് കാണാനാവില്ല. അതുപോലെ നിങ്ങള്‍ക്ക് എന്തെങ്കിലും കേള്‍ക്കണമെങ്കിലും, എന്തെങ്കിലും അനുഭവിക്കണമെങ്കിലും ഒക്കെ കുറച്ച് ഊര്‍ജ്ജം പുറത്തേക്കു കളയണം; അല്ലെങ്കില്‍ അതനുഭവിക്കാനാവില്ല.

ഇന്ദ്രിയങ്ങള്‍ നിങ്ങളെ നിരന്തരം ഊറ്റിക്കൊണ്ടിരിക്കയാണ്; നിങ്ങളതിനെ കൂടുതല്‍ കര്‍മ്മോന്മുഖമാക്കുന്തോറും, അത്രയും കൂടുതല്‍ അത് നിങ്ങളില്‍ നിന്നും ഊറ്റിയെടുക്കും. പ്രത്യാഹാര എന്നാല്‍, ഈ അഞ്ച് കവാടങ്ങളും അടയ്ക്കുക എന്നതാണ്; അപ്പോള്‍ നിങ്ങളുടെ ഉള്ളില്‍ പതിയെ ഊര്‍ജം കൂടിക്കൂടി വരും. 

ഒരു ദിവസം അത്താഴം കഴിക്കാതെ ഉറങ്ങാന്‍ പോയി നോക്കു, എന്നിട്ടവനവനെത്തന്നെ ശ്രദ്ധിച്ചു നോക്കു. ഉറങ്ങുമ്പോള്‍ നാം ചെയ്യുന്നത് ഇന്ദ്രിയങ്ങളെ അടയ്ക്കുക എന്നതാണ്. മറ്റെല്ലാം ഉണര്‍ന്നിരിക്കുന്നു, ശരീരം ഉണര്‍ന്നിരിക്കുന്നു, മനസ്സുണര്‍ന്നിക്കുന്നു, ലോകം ഉണര്‍ന്നിരിക്കുന്നു, എല്ലാം ഉണര്‍ന്നിരിക്കുന്നു. നിങ്ങള്‍ ആകെ ചെയ്തത് പഞ്ചെന്ദ്രിയങ്ങളെ അടച്ചു എന്നതാണ്. അത്താഴം കഴിക്കാതിരുന്നിട്ടും, രാവിലെ ഉണരുമ്പോള്‍, വളരെയധികം ഊര്‍ജസ്വലരായാണ് നിങ്ങളുണരുന്നത്. ഈ കവാടങ്ങളെ അടച്ച് ഊര്‍ജം സംരക്ഷിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്തത്. 

പ്രത്യാഹാര ചെയ്യാനോ, നിങ്ങളുടെ ഊര്‍ജം ഉള്ളിലേക്ക് തിരിക്കുവാനോ നിങ്ങള്‍ക്ക് കഴിയാത്തതിനാല്‍, നിങ്ങളെടുക്കേണ്ട ആദ്യപടി ഊര്‍ജത്തിന്റെ പുറത്തേക്കുള്ള പ്രവാഹം നിര്‍ത്തുക എന്നതാണ്. നിങ്ങളതിനെ പുറത്തേക്ക് വിട്ടിള്ള എങ്കില്‍, അത് സ്വാഭാവികമായി ഉള്ളിലേക്ക് തിരിയും. ഞാന്‍ ഉള്ളിലേക്കെന്നു പറയുമ്പോള്‍, ശരീരത്തിനും മനസ്സിനും അതീതമായാണ് സംസാരിക്കുന്നത്, കാരണം ഈ ശരീരവും മനസ്സും പുറമെയുള്ളതിന്റെ കൂമ്പാരമാണ്.

6. ധാരണ

ഒരു ഗണ്യമായ സമയം എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, അതുമായി ഗഹനമായ ഒരു ബന്ധം ഉണ്ടാകും.

നാം അച്ചടിയെന്ന കല പഠിച്ച്, പുസ്തകങ്ങള്‍ ഉണ്ടാക്കിയപ്പോള്‍, ആള്‍ക്കാരവരുടെ ശ്രദ്ധ എന്തിലെങ്കിലും കേന്ദ്രീകരിക്കാനൊരു വഴി കണ്ടുപിടിച്ചു. ഉള്ളടക്കമനുസരിച്ച്, ശ്രദ്ധയുടെ തീവ്രതയും കൂടും. ഒരു നോവല്‍ വായിക്കുകയാണെങ്കില്‍, ഒരു പ്രേമകഥ വായിക്കുകയാണെങ്കില്‍, ശ്രദ്ധ മുഴുവനായും അതില്‍ മുഴുകിയിട്ടുണ്ടാവും. അങ്ങനെ ഏതുതരം പുസ്തകമായാലും, അറിയാതെ അവര്‍ 'ധാരണ' നടത്തുകയാണ്.

പക്ഷെ ഇപ്പോള്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പെരുകിയപ്പോള്‍, നമുക്കുണ്ടായിരുന്ന ആ കഴിവ് വീണ്ടും നഷ്ടപ്പെടുകയാണ്. നമ്മളെന്ത് ശ്രദ്ധിക്കുന്നുവോ, ക്രമേണ നാമതുമായി ഒരു ബന്ധം സ്ഥാപിക്കും. ഇതിനെ അന്തര്‍ബോധമെന്നു പറയാം. പൊതുവെ സ്ത്രീകളാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവര്‍. ശ്രദ്ധിക്കേണ്ട ആള്‍, ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്ന് കണ്ടാല്‍, അവിടെയുള്ള സ്ത്രീകളാണ് കൂടുതല്‍ ജാഗരൂകരാകുന്നത്. ശ്രദ്ധ നല്‍കാതിരിക്കുമ്പോള്‍ ബന്ധങ്ങള്‍ മുറിഞ്ഞുപോകുമെന്ന വസ്തുത കാര്യമായിയെടുക്കാത്ത പുരുഷന്മാര്‍ ഒരു ദുരന്തം സംഭവിക്കുന്നതുവരെ കാത്തിരിക്കും. ശ്രദ്ധ നല്‍കുമ്പോഴാണ് ഒരു പരസ്പരബന്ധം സ്ഥാപിക്കപ്പെടുന്നത്. നിങ്ങള്‍ എന്തിനെങ്കിലും ശ്രദ്ധ നല്‍കാതിരുന്നാല്‍ ആ ബന്ധം മുറിഞ്ഞുപോകും. ഇതാണ് 'ധാരണ'.

7 & 8. ധ്യാനവും സമാധിയും

നിങ്ങള്‍ക്ക് എന്നെ വെറുതെ ശ്രദ്ധിക്കാന്‍ കഴിയുമെങ്കില്‍, പതിയെ നിങ്ങള്‍ ഞാനുമായി ബന്ധപ്പെടും. രണ്ടുപേരുണ്ട്  നിങ്ങളും ഞാനും, പക്ഷെ ഇതു രണ്ടും ബന്ധപ്പെട്ടിരിക്കും. ഈ ശ്രദ്ധ വളരെ ഏകാഗ്രമാകുമ്പോള്‍, അല്‍പസമയത്തിനുശേഷം ഈ ബന്ധം, അല്ലെങ്കില്‍ ഈ അടുപ്പം, വളരെ ശക്തിപ്പെട്ട് രണ്ടില്ല; ഒന്നേയുള്ളൂ എന്നാകും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അത് ധ്യാനമാണ്. 

രണ്ടുണ്ടായിരുന്നു; ശ്രദ്ധ നല്‍കിയതുകാരണം അവ ബന്ധിക്കപ്പെട്ടു. ഇതാണ് ധാരണ. അവ രണ്ടെന്നു പറയാന്‍ പറ്റാത്ത തരത്തില്‍ ബന്ധിക്കപ്പെട്ടു; അവയൊന്നായി. ഇതാണ് ധ്യാനം. ഇത് ഇനിയും തുടര്‍ന്നാല്‍, ഇത് ഒരു നിശ്ചിത സമയത്തേക്ക് നിലനിര്‍ത്തിയാല്‍, പിന്നെ ഒന്നും ഉണ്ടാവില്ല; അവ പരസ്പരം ലയിച്ചുചേരും, രണ്ടും ലയിക്കും, പിന്നെ രണ്ടും അപ്രത്യക്ഷമാകും, അതീതമായ ഒന്നിന്റെ സാന്നിദ്ധ്യമുണ്ടാകും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍, അതിനെയാണ് സമാധി എന്ന് പറയുന്നത്.

സമ എന്നാല്‍ തുല്യത എന്നര്‍ത്ഥം, ധി എന്നാല്‍ ബുദ്ധി, ബുദ്ധി എന്നാല്‍ പ്രജ്ഞ. സമാധി  ബുദ്ധി തുല്യതയിലായി. നിങ്ങള്‍ എന്തിലെങ്കിലും തുടര്‍ച്ചയായി ശ്രദ്ധിക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ ഒട്ടും പതറാത്തതാണെങ്കില്‍, ഒരു കാലയളവില്‍ നിങ്ങള്‍ ആദ്യം ബന്ധപ്പെടുകയും, പിന്നെ രണ്ടും ഒന്നാകുകയും, ആ ഒന്ന്! അപ്രത്യക്ഷമാകുകയും, അതിനപ്പുറമുള്ള എന്തെങ്കിലും വാസ്തവമാകുകയും ചെയ്യും. ഇതാണ് സമാധി എന്നറിയപ്പെടുന്നത്.

ഇത് സംഭവിക്കുന്നത് അവിഭാജ്യമായ ശ്രദ്ധകൊണ്ടാണ്, നിങ്ങളുടെ ബുദ്ധി തുല്യത നേടി; അതിന് അതിന്റെ വിവേചനത്തിനുള്ള കഴിവ് നഷ്ടപ്പെട്ടു. ഇപ്പോള്‍, ആധുനിക ശാസ്ത്രം, ഈ മുഴുവന്‍ നിലനില്‍പും ഒരേ ഊര്‍ജമാണെന്ന്! നമുക്ക് തെളിയിച്ചുതരികയാണ്. ആധുനിക ഊര്‍ജ്ജതന്ത്ര ശാസ്ത്രമനുസരിച്ചും, ആധുനിക നാഡീ ശാസ്ത്രമനുസരിച്ചും ഇത് അത്, ഇപ്പോള്‍ അപ്പോള്‍, ഇവിടെ അവിടെ,  നിങ്ങളും ഞാനും,  ഇത്തരം ആശയങ്ങളൊന്നും യാഥാര്‍ത്ഥ്യമല്ല.

സമയവും, സ്ഥലവും നിങ്ങളുടെ ബുദ്ധിയുടെ സൃഷ്ടിയാണ്, കാരണം നിങ്ങളുടെ ബുദ്ധി എല്ലാറ്റിനെയും നിരന്തരം വിഭജിക്കുന്നു. അത് നിങ്ങളുടെ നിലനില്‍പിനുവേണ്ടിയുള്ള വളരെ ശക്തമായ ഒരു ഉപകരണമാണ്. നിങ്ങളുടെ അതിജീവനത്തിനുള്ള സഹജവാസനകളെ മാറ്റിനിര്‍ത്തുമ്പോള്‍ മാത്രമെ നിങ്ങള്‍ക്ക് നിങ്ങളുടെ ബുദ്ധിയെ ഉദാത്തമാക്കാനാകൂ.

ഒരു കണ്ണാടി പോലെയാകണം, വിവേചനമില്ലാതെ. ഒരു കണ്ണാടി എല്ലാറ്റിനെയും പ്രതിഫലിപ്പിക്കുന്നു; അതില്‍ ഒന്നും പറ്റിപ്പിടിക്കുന്നില്ല, ഒന്നും അവശേഷിക്കുന്നില്ല, അത് പ്രതിഫലിപ്പിക്കുന്നതിന്റെ ശരിയായ യോഗ്യതയെ അതൊരുതരത്തിലും അന്വേഷിക്കുന്നില്ല; അത് ആരെയും സുന്ദരനാക്കുന്നില്ല, ആരെയും വികൃതനാക്കുന്നില്ല; അത് വെറുതെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളുടെ മനസ് ഇതുപോലെയാകുമ്പോള്‍... നിങ്ങളുടെ ബുദ്ധി ഇതുപോലെയാകുമ്പോള്‍... നിങ്ങള്‍ സമാധിയുടെ ഒരു അവസ്ഥയിലാകും. അങ്ങനെ നിങ്ങള്‍ ഒരിക്കല്‍ സമാധിയുടെ അവസ്ഥയിലായാല്‍, പിന്നെ ഇതെന്നോ അതെന്നോ ഇല്ല... ഇതൊന്നുമല്ലാത്ത മറ്റെന്തോ നിലവില്‍ വരും!

No comments:

Post a Comment